Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരേയും പിണക്കി കേരളത്തിൽ ഇനിയുമൊരു പരീക്ഷണത്തിന് രാഹുൽ ഇല്ല; ഉമ്മൻ ചാണ്ടിയെ തന്നെ കെപിസിസി അധ്യക്ഷനാക്കണമെന്ന നിലപാടിൽ കോൺഗ്രസ് ഉപാധ്യക്ഷൻ; മുൻ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാനുള്ള ദൗത്യം ശശി തരൂരിന്; പാർട്ടിയുടെ 'നല്ല ഭാവിക്കായി' ഉമ്മൻ ചാണ്ടി വഴങ്ങുമെന്ന പ്രതീക്ഷയിൽ ഹൈക്കമാണ്ട്; കെവി തോമസിനെ എതിർത്ത് ചെന്നിത്തലയും

ആരേയും പിണക്കി കേരളത്തിൽ ഇനിയുമൊരു പരീക്ഷണത്തിന് രാഹുൽ ഇല്ല; ഉമ്മൻ ചാണ്ടിയെ തന്നെ കെപിസിസി അധ്യക്ഷനാക്കണമെന്ന നിലപാടിൽ കോൺഗ്രസ് ഉപാധ്യക്ഷൻ; മുൻ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാനുള്ള ദൗത്യം ശശി തരൂരിന്; പാർട്ടിയുടെ 'നല്ല ഭാവിക്കായി' ഉമ്മൻ ചാണ്ടി വഴങ്ങുമെന്ന പ്രതീക്ഷയിൽ ഹൈക്കമാണ്ട്; കെവി തോമസിനെ എതിർത്ത് ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ശശി തരൂരിന്റെ ഇടപെടലാണ് രാഹുൽ ഗാന്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഏത് വിധേനയും ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്നതാണ് ശശി തരൂരിന്റെ നിലപാട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയാണ് ഏറ്റവും അനുയോജ്യനെന്ന് തരൂർ രാഹുലിനോട് കാര്യകാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. മികച്ച നേതാവിനെ തന്നെ ഉയർത്തിക്കാട്ടി കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് തരൂർ ആവശ്യപ്പെട്ടത്. ജനസ്വാധീനമുള്ള ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കുന്നതിനോട് രമേശ് ചെന്നിത്തലയ്ക്കും അനുകൂല നിലപാടാണ്. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കുന്നത് സംബന്ധിച്ച കൂടിയാലോചനകൾ രാഹുൽ വീണ്ടും സജീവമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു. ഇതോടെയാണ് ചെന്നിത്തല ആ പദവിയിലെത്തിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വി എം സുധീരന്റെ രാജിയോടെ പകരക്കാരനായി ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ടതും ഉമ്മൻ ചാണ്ടിയുടെ പേരായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ സാഹചര്യത്തിൽ അഞ്ച് വർഷത്തേക്ക് ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടും വഴങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ കെവി തോമസ്, കെസി വേണുഗോപാൽ, പിസി ചാക്കോ, പിടി തോമസ്, വിഡി സതീശൻ എന്നിവരിലേക്ക് ചർച്ചയെത്തി. ഇതിൽ സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള കെവി തോമസിലേക്ക് അടുത്തിടെ ചർച്ച ചുരുങ്ങുകയും ചെയ്തു. കെവി തോമസ് പദവി ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ശശി തരൂരിന്റെ നിർണായക ഇടപെടൽ.

നിലവിലെ സാഹചര്യത്തിൽ കേരളം കോൺഗ്രസിന് ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കരുത്തു കാട്ടാൻ കോൺഗ്രസിന് കേരളത്തിലെ പരമാവധി സീറ്റുകളിൽ വിജയിക്കണം. ഇതിനായി ഉറച്ച നേതൃത്വം അനിവാര്യമാണ്. അതിന് യോഗ്യൻ ഉമ്മൻ ചാണ്ടിയാണെന്നാണ് തരൂർ രാഹുലിനെ ധരിപ്പിച്ചത്. താൻ അനുനയ ദൗത്യം ഏറ്റെടുക്കാമെന്നും തരൂർ രാഹുലിനെ അറിയിച്ചു. ഇതിന് ശേഷം ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തു. പാർട്ടിയെ രക്ഷിക്കാൻ കടുംപിടിത്തം ഉപേക്ഷിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയോട് തരൂർ ആവശ്യപ്പെട്ടത്. പാർട്ടിയെ എല്ലാ അർത്ഥത്തിലും നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വം വേണമെന്നത് ഹൈക്കമാണ്ടിന്റെ ഉറച്ച നിലപാടാണെന്നും അറിയിച്ചു. രാഹുൽ ഗാന്ധി ബന്ധപ്പെടുമെന്നും അപ്പോൾ കെപിസിസി അധ്യക്ഷനാകാൻ പറ്റില്ലെന്ന് പറയരുതെന്നുമായിരുന്നു തരൂരിന്റെ ആവശ്യം. ഇതിനോട് പറ്റില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടില്ല. ഇതിനെ അനുകൂല സാഹചര്യമായി ഹൈക്കമാണ്ടും വിലയിരുത്തുന്നു.

അതേസമയം തരൂരിന്റെ ഈ അപ്രതീക്ഷിത നീക്കം കെവി തോമസിന്റെ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. അതിനിടെ രാഹുൽ ഗാന്ധിയെ കണ്ട രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയാണ് മികച്ചതെന്ന് പറയുകയും ചെയ്തു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ പേരിനെ ഐ ഗ്രൂപ്പും അനുകൂലിക്കുന്ന സ്ഥിതി വന്നു. എന്നാൽ കെവി തോസും പിടി തോമസും വിഡി സതീശനുമൊന്നും എല്ലാവരുടേയും പിന്തുണയില്ല. കെ സുധാകരനേയും കെ മുരളീധരനേയും എതിർക്കുന്നവരുമുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി നിലകൊള്ളുന്നതിനാൽ വീണ്ടും ഹൈക്കമാണ്ട് ആശയ വിനിമയം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഇക്കാര്യത്തിൽ ഇടപെടും. അതിനിടെ എ ഗ്രൂപ്പിലെ വലിയൊരു വിഭാഗവും ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം തുടരുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ എയുടെ സാധ്യതകൾ അടയാതിരിക്കാൻ ഉമ്മൻ ചാണ്ടി പിടിവാശി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലുള്ളവർ.

എ ഗ്രൂപ്പ് മുന്നോട്ട് വച്ച കെസി ജോസഫ്, ബെന്നി ബെഹന്നാൻ, എംഎം ഹസ്സൻ എന്നിവരെ ഹൈക്കമാണ്ട് ഒരു കാരണവശാലും പിന്തുണക്കില്ലെന്നും തിരുവഞ്ചൂരിനെ പോലുള്ളവർക്ക് ബോധ്യമുണ്ട്. ഇതും ഉമ്മൻ ചാണ്ടിക്കുമേൽ കടുത്ത സമ്മർദ്ദമായി മാറുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ശശി തരൂർ രാഹുൽ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിച്ചത്. ഇതോടെ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് ഒരു വട്ടം കൂടി ഉമ്മൻ ചാണ്ടിയോട് ആലോചിച്ചിട്ട് മതിയെന്ന നിലപാടിൽ ഹൈക്കമാണ്ട് എത്തി. ഉമ്മൻ ചാണ്ടി വഴങ്ങിയില്ലെങ്കിലും കെപിസിസി അധ്യക്ഷനായി അദ്ദേഹത്തെ തന്നെ നിശ്ചയിച്ച് പ്രഖ്യാപനം നടത്താനും സാധ്യതയുണ്ട്. ഇത്തരത്തിൽ തീരുമാനമെടുത്താൽ ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് തന്നെയാണ് സൂചന.

കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയല്ലാതെ ആരെത്തിയാലും ചെന്നിത്തലയുമായി ഈഗോക്ലാഷ് ഉണ്ടാക്കും. ഇത് പാർട്ടിയെ രണ്ട് തട്ടിലാക്കുമെന്നാണ് ഹൈക്കമാണ്ടിന്റേയും വിലയിരുത്തൽ. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരേ തരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാക്കളാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. ഉമ്മൻ ചാണ്ടി നിയമസഭാ കക്ഷിനേതാവും ചെന്നിത്തല കെപിസിസി അധ്യക്ഷനുമായിരുന്നപ്പോൾ മികച്ച രീതിയിലാണ് ഇരുവരും ഇടപെടൽ നടത്തിയത്. ഈ മാതൃക വീണ്ടും കേരളത്തിൽ ആവർത്തിക്കണമെന്നാണ് ശശി തരൂർ ഹൈക്കമാണ്ടിനോട് നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ കെവി തോമസിനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാണ്ട് ഇക്കാര്യത്തിൽ ആശയ വിനിമയം പൂർത്തിയാക്കി തീരുമാനം ഇന്ന് പ്രഖ്യാപിക്കാനിരുന്നതാണ്.

എന്നാൽ സോണിയയുമായുള്ള ബന്ധത്തിന്റെ പേരിൽ കെവി തോമസിനെ കെട്ടിയിറക്കുന്നത് ദോഷകരമാകുമെന്ന ഉപദേശവും ഇതിനിടെ രാഹുലിന് ലഭിച്ചു. പാർട്ടി അണികളെ ഇത് നിരാശരാക്കും. അതുകൊണ്ട് എയിൽ നിന്നോ ഐയിൽ നിന്നോ ഉള്ള നേതാവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്ക് എത്താൻ കാരണമായി. പൊതു സ്വീകാര്യനെന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത തന്നെയാണ് ഇതിന് കാരണം. സാമുദായിക പരിഗണനകളും അനുകൂലമാകും. ചെന്നിത്തല പ്രതിപക്ഷ നേതാവാതിനാൽ ക്രൈസ്തവ നേതാക്കളിൽ ഒരാളെ കെപിസിസി അധ്യക്ഷനാക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യമാണ് കെവി തോമസിന് അനുകൂലമായത്. ഉമ്മൻ ചാണ്ടി അധ്യക്ഷനാവാൻ തീരുമാനിച്ചാലും ഈ ഫോർമുലയിൽ പ്രശ്‌നമുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP