Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളിയും അഴിമതിഭരണവും ഒക്കെ രണ്ടാമതേ വരൂ; യുഡിഎഫിനെ തകർത്ത പ്രധാന ശക്തി റിബലുകൾ തന്നെ; 70 പഞ്ചായത്തുകളും എട്ടു ബ്ലോക്ക് പഞ്ചായത്തുകളും നിരവധി നഗരസഭകളും തോറ്റത് റിബലുകൾ മൂലം; വിജയക്കൊടി പാറിച്ച കോട്ടയത്തു പോലും റിബലുകൾ ചതിച്ചു

വെള്ളാപ്പള്ളിയും അഴിമതിഭരണവും ഒക്കെ രണ്ടാമതേ വരൂ; യുഡിഎഫിനെ തകർത്ത പ്രധാന ശക്തി റിബലുകൾ തന്നെ; 70 പഞ്ചായത്തുകളും എട്ടു ബ്ലോക്ക് പഞ്ചായത്തുകളും നിരവധി നഗരസഭകളും തോറ്റത് റിബലുകൾ മൂലം; വിജയക്കൊടി പാറിച്ച കോട്ടയത്തു പോലും റിബലുകൾ ചതിച്ചു

തിരുവനന്തപുരം: കോൺഗ്രസിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകുവാനായുള്ള കാരണമായി പുറത്തുവന്നത് കോൺഗ്രസിന്റെ അഴിമതി ഭരണവും വെള്ളാപ്പള്ളിയും ബിജെപിയുമായുള്ള സഖ്യവും മാണിയുടെ ബാർ കോഴ കേസുമെല്ലാമാണ്. എന്നാൽ ഈ പ്രശ്‌നങ്ങളെയെല്ലാം കടത്തി വെട്ടി കോൺഗ്രസിന് തലവേദന സൃഷ്ടിച്ചത് റിബലുകളും സൗഹൃദമത്സരവുമാണ്.

70 പഞ്ചായത്തുകളും എട്ടു ബ്ലോക്ക് പഞ്ചായത്തുകളും നിരവധി നഗരസഭകളും തോറ്റത് കോൺഗ്രസ് വിമതർ മത്സരിച്ചത് മൂലമാണെന്നാണ് സൂചന. യു.ഡി.എഫിനു മേൽക്കൈ ലഭിച്ച കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്തിലടക്കം റിബലുകൾ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയത്തിലേക്കു നയിച്ചു. കോൺഗ്രസ് -കേരളാ കോൺഗ്രസ്, കോൺഗ്രസ്- മുസ്ലീലീഗ് സൗഹൃദ മത്സരവും മൂന്നു നഗരസഭകളുടെ ഭരണവും പ്രതിസന്ധിയിലാക്കി.

ത്രിതല പഞ്ചായത്തുകളിലും കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവയിലുമായുള്ള 21,865 വാർഡുകളിൽ 8849 വാർഡുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ അഞ്ഞൂറിലേറെ വാർഡുകളിൽ റിബൽ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികളുടെ പരാജയത്തിനു കാരണമായി. 360 വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികൾ വിജയിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇത്രയേറെ വിമതന്മാർ വിജയിക്കുന്നത്. കോട്ടയം ജില്ലയിൽ ചങ്ങനാശേരി,വൈക്കം, ഏറ്റുമാനൂർ നഗരസഭകളുടെ ഭരണവും പ്രതിസന്ധിയിലാക്കിയത് വിമതർ തന്നെ. ഈ മൂന്നിടങ്ങളിലും യു.ഡി.എഫിനു ഭരിക്കണമെങ്കിൽ വിമതരുടെ പിന്തുണ തേടേണ്ടിവരും. സംസ്ഥാനത്തു നൂറോളം പഞ്ചായത്തുകളിൽ ഭരണം ത്രിശങ്കുവിലാണ്. കോട്ടയത്തു മാത്രം 11 പഞ്ചായത്തുകളുടെ ഭരണം തീരുമാനിക്കുന്നതു റിബലുകളും സ്വതന്ത്രന്മാരുമായിരിക്കും. എൽഡിഎഫിനു വോട്ടുകൾ കൂടുതൽ നേടാനും ഒരു പരിധിവരെ വിമതന്മാർ സഹായിച്ചു.

തെരെഞ്ഞെടുപ്പിന് മുമ്പ് തന്നെ വിമതന്മാരുടെ നിലപാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെ വിമതരായി മത്സരിച്ചവരെ കെപിസിസി. പ്രസിഡന്റ് വി എം. സുധീരന്റെ നിർദ്ദേശ പ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തിരുന്നു. സീറ്റ് വിഭജനത്തിലുൾപ്പെടെ യുഡിഎഫിൽ പ്രതിസന്ധിയായിരുന്നു. യുഡിഎഫിന് ജയം സുനിശ്ചിതമായ മലപ്പുറത്തും കോട്ടയത്തും സൗഹൃദ മത്സരങ്ങളും കോൺഗ്രസിന് വിനയായി. മുസ്ലിം ലീഗും കേരളാ കോൺഗ്രസും പിണങ്ങിയതിനൊപ്പം കോൺഗ്രസിനുള്ളിലും കലാപമായി. മിക്കയിടത്തും വിമതർ അല്ലെങ്കിൽ സൗഹൃദ മത്സരങ്ങൾ നടന്നത് കോൺഗ്രസ് പരാജയത്തിന് അവസാന ആണിയായി.

80 പഞ്ചായത്തു വാർഡുകളിലും നാലു നഗരസഭാ വാർഡുകളിലും മൂന്നു ബ്ലോക്ക് പഞ്ചായത്തു വാർഡുകളിലും ഒരു ജില്ലാ പഞ്ചായത്തു വാർഡിലുമാണ് കോൺഗ്രസ്- കേരളാ കോൺഗ്രസ് സൗഹൃദമത്സരം നടന്നത്. കോൺഗ്രസ് -ലീഗ് മത്സരം നടന്ന മലപ്പുറത്ത് ഇരുപതോളം വാർഡുകൾ യു.ഡി.എഫിനു നഷ്ടമായി. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ഘടകകക്ഷികളായ ജനതാദൾ, ആർ.എസ്‌പി, കേരളാ കോൺഗ്രസ് (ജേക്കബ്)പാർട്ടികളും പല വാർഡുകളിലും റിബലുകളായി മത്സര രംഗത്തുണ്ടായിരുന്നു. ഇവിടങ്ങളിലും ചില വാർഡുകൾ യു.ഡി.എഫിനു നഷ്ടമായി.

എന്നാൽ, ഭരണം നിലനിർത്തുന്നതിനോ അധികാരം പിടിച്ചെടുക്കുന്നതിനോ റിബലുകളായി മത്സരിച്ചു ജയിച്ചവരുടെ പിന്തുണ പാർട്ടി അനൗദ്യോഗികമായി തേടിയിട്ടുണ്ട്. തങ്ങൾക്കെതിരേയെടുത്ത നടപടി പിൻവലിച്ചാൽ മാത്രമേ പിന്തുണ നൽകൂവെന്ന നിലപാടിലാണ് പലയിടങ്ങളിലും റിബൽ സ്ഥാനാർത്ഥികൾ സ്വീകരിക്കുന്നത്. പ്രാദേശികതലങ്ങളിൽ കോൺഗ്രസിനുള്ളിൽ കടുത്ത വിഭാഗീയതയ്ക്ക് ഇതു കാരണമായിട്ടുണ്ട്. വിമതരായി ജയിച്ചവരുടെ പിന്തുണയോടെ ഭരണം നടത്തരുതെന്ന കർശന നിലപാടാണു കോൺഗ്രസിന്റെ പല ജില്ലാ കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP