Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറുപ്പുടുത്ത് സഭയിലെത്തിയ ഒ രാജഗോപാൽ കെ സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ വാതുറന്നില്ല; പ്ലക്കാർഡേന്താനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ രാജേട്ടൻ; സഭയിൽ ആരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് താൻ പ്രതികരിച്ചില്ലെന്ന് വിചിത്രമായ ന്യായീകരണവും; അയ്യപ്പ വിശ്വാസം സംരക്ഷിക്കാൻ സമരത്തിനങ്ങിയ ബിജെപിയിൽ കൂടിക്കുഴയുന്നത് വിശ്വാസവും അവിശ്വാസവും; കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് അഴിയെണ്ണുമ്പോഴും ഒന്നും ചെയ്യാനില്ലേയെന്ന് അണികൾ; പിള്ളയുടെ അലംഭാവത്തെ പഴിച്ച് സുരേന്ദ്രൻ അനുകൂലികൾ

കറുപ്പുടുത്ത് സഭയിലെത്തിയ ഒ രാജഗോപാൽ കെ സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ വാതുറന്നില്ല; പ്ലക്കാർഡേന്താനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ രാജേട്ടൻ; സഭയിൽ ആരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് താൻ പ്രതികരിച്ചില്ലെന്ന് വിചിത്രമായ ന്യായീകരണവും; അയ്യപ്പ വിശ്വാസം സംരക്ഷിക്കാൻ സമരത്തിനങ്ങിയ ബിജെപിയിൽ കൂടിക്കുഴയുന്നത് വിശ്വാസവും അവിശ്വാസവും; കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് അഴിയെണ്ണുമ്പോഴും ഒന്നും ചെയ്യാനില്ലേയെന്ന് അണികൾ; പിള്ളയുടെ അലംഭാവത്തെ പഴിച്ച് സുരേന്ദ്രൻ അനുകൂലികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരിലാണ് ശബരിമല പ്രശ്‌നത്തിൽ ബിജെപി പ്രക്ഷോഭത്തിനു ഇറങ്ങിയതെങ്കിലും ഇപ്പോൾ ബിജെപിയിൽ വിശ്വാസവും അവിശ്വാസവും ഇടകലരുകയാണ്. ശബരിമല പ്രക്ഷോഭം ആരംഭിച്ച ശേഷമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എഎസ്.ശ്രീധരൻപിള്ളയുടെ വാക്കും ചെയ്തിയുമാണ് ബിജെപി അണികളിലും നേതാക്കളിലും വിശ്വാസവും അതോടൊപ്പം അവിശ്വാസവും നിറയ്ക്കുന്നത്. ശബരിമല തീർത്ഥാടനത്തിനു ഇറങ്ങി ജയിലും കേസുമായി കഴിയുന്ന കെ.സുരേന്ദ്രന്റെ അവസ്ഥയാണ് ദിവസങ്ങളായി ബിജെപിയിൽ വിവാദത്തിരകളായി പതയുന്നത്.

ബിജെപിയുടെ ഏക നിയമസഭാംഗമാണ് നേമത്തു നിന്നുള്ള പ്രതിനിധി ഒ രാജഗോപാൽ. പാർട്ടിയിലെ മുതിർന്ന നേതാവായ രാഷ്ട്രീയ സമരത്തിന്റെ പേരിൽ ജയിലിൽ അടക്കുകയും തുടർച്ചയായി കേസുകളിൽ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിലും ഈ വിഷയം അദ്ദേഹം ഇന്ന് നിയമസഭയിൽ ഉന്നയിച്ചില്ല. കുറത്ത വസ്ത്രം ധരിച്ച് ശബരിമല ഭക്തർക്കൊപ്പമാണെന്ന് ധാരണയുണ്ടാക്കിയ രാജഗോപാൽ സുരേന്ദ്രന് വേണ്ടി വാ തുറക്കാത്തതും ബിജെപി അണികളിൽ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാർ ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയ ഘട്ടത്തിലാണ് ബിജെപി എംഎൽഎയുടെ മൗനവും. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് രാജഗോപാൽ മറുപടി പറഞ്ഞത് സഭയിൽ ഇന്നാരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് പ്രതികരിച്ചില്ല.. എന്നായിരുന്നു. ബിജെപി എംഎൽഎ അല്ലാതെ മറ്റാരാണ് സുരേന്ദ്രന്റെ കാര്യം ഉന്നയിക്കുക എന്ന മറുചോദ്യവും ഇതോടെ ഉയരുന്നുണ്ട്.

സുരേന്ദ്രന്റെ ജയിൽവാസവുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നിലപാടുകൾ സംശയകണ്ണിലൂടെയാണ് അണികളും നേതാക്കളും നിരീക്ഷിക്കുന്നത്. വേണ്ട പിന്തുണ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടോ എന്നാണ് ബിജെപി അണികളിൽ നിന്നും ഉയരുന്ന ചോദ്യം. സുരേന്ദ്രന്റെ അറസ്റ്റിനോടും ജയിൽ വാസത്തോടും വളരെ ലാഘവ ബുദ്ധിയോടെയുള്ള സമീപനമാണ് ശ്രീധരൻപിള്ള അനുവർത്തിക്കുന്നത് എന്നാണ് ബിജെപിയിൽ നിന്നും ഉയരുന്ന ആക്ഷേപം. സുരേന്ദ്രൻ ആണെങ്കിൽ കേസിൽ നിന്നും കേസിലേക്കും ജയിലിൽ നിന്ന് ജയിലിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഒന്നിന് പിറകെ ഒന്നൊന്നായാണ് പ്രൊഡക്ഷൻ വാറണ്ട് പൊലീസ് ഹാജരാക്കുന്നത്. ഓരോ കേസിലും ജാമ്യം ലഭിക്കുമ്പോൾ പൊലീസ് പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കും. ആറു വാറന്റുകളാണ് ഇന്നലെ സുരേന്ദ്രനെ തേടി ജയിലിലെത്തിയത്. നെയ്യാറ്റിൻകര കോടതിയിലെ വാറന്റിൽ ഇന്നു രാവിലെ സുരേന്ദ്രനെ ഹാജരാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നു 2 വീതവും റാന്നിയിൽ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്. ഓരോ വാറന്റ് ഹാജരാക്കുമ്പോഴും തിരുവനന്തപുരം കണ്ണൂർ വരെ സുരേന്ദ്രനു യാത്രയ്ക്ക് അവസരമൊരുങ്ങുകയാണ്. ജില്ലകളിൽ നിന്ന് ജില്ലകളിലേക്കും കോടതികളിലേക്കുമുള്ള യാത്രകളിൽപ്പെട്ടു സുരേന്ദ്രൻ അവശതയിലാണ്. പക്ഷെ സുരേന്ദ്രന്റെ കാര്യത്തിൽ ബിജെപിയിൽ ഉയരുന്ന ശബ്ദങ്ങൾക്ക് മൂർച്ച കുറവാണ്.

ഇരട്ട നീതിയാണ് ശബരിമല പ്രശ്‌നത്തിൽ ബിജെപി പുറത്തെടുക്കുന്നത് എന്ന് അണികളും നേതാക്കളും ഒരേപോലെ ആരോപിക്കുന്നു. ശബരിമലയിൽ ശശികല ടീച്ചർ അറസ്റ്റിലായപ്പോൾ പാതിരാത്രിക്ക് ഹർത്താൽ പ്രഖ്യാപിച്ചവരാണ് സംഘപരിവാർ നേതാക്കൾ. ഇതേ പ്രശ്‌നത്തിൽ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ പരിവാറിന്റെ സമരവീര്യം കാണാനുമില്ല. ഇവിടെയാണ് സംശയത്തിന്റെ മുൾമുനകൾ പിള്ളയ്ക്ക് നേരെയും ഉയരുന്നത്. പിള്ളയ്ക്ക് നേരെ ഉയരുന്ന സംശയം വേറെ വിധത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നേരെയും ഉയരുന്നുണ്ട്. അമിത്ഷായ്ക്ക് നേരെ ഉയരുന്ന ആ സംശയം ഉയർത്തുന്നത് സംഘപരിവാർ അല്ല യുഡിഎഫ് ആണെന്ന വ്യത്യാസമുണ്ട്.

ബിജെപി അധ്യക്ഷൻ അമിത്ഷായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യധാരണയുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കേരളത്തിൽ ബിജെപിയെ വളർത്താൻ സിപിഎം ശ്രമിക്കുന്നു. യുഡിഎഫിനെ പിളർത്തി പകുതി നിയമസഭാ സീറ്റ് ബിജെപിക്ക് നേടിക്കൊടുക്കാനാണ് സിപിഎം നീക്കം. സംസ്ഥാനത്ത് പ്രതിപക്ഷമായ യുഡിഎഫിനെ തകർക്കുക. രണ്ടു പ്രതിപക്ഷ ഉദയങ്ങൾക്ക് തുടക്കം കുറിക്കുക. ശബരിമല പ്രശ്‌നത്തിൽ അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യ ധാരണയിൽ എത്തി എന്ന കാര്യത്തിൽ യുഡിഎഫിൽ അഭിപ്രായ വ്യത്യാസമില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കുന്നതിന് പകരം ലാവ്ലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കും.

ലാവ്‌ലിൻ കേസിൽ പിണറായിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയിൽ സിബിഐ കടുത്ത സമീപനം സുപ്രീംകോടതിയിൽ സ്വീകരിക്കില്ല. കഴിഞ്ഞ രണ്ടു തവണ സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ സിബിഐ അഭിഭാഷകർ കാണിച്ച ലാഘവ ബുദ്ധി യുഡിഎഫ് എടുത്തു കാണിക്കുകയും ചെയ്യുന്നു. യുഡിഎഫിന്റെ സംശയം ശബരിമല വിഷയത്തിൽ അമിത് ഷായ്ക്കും പിണറായി വിജയനും എതിരെ ഉയരുമ്പോൾ സുരേന്ദ്രൻ വിഷയത്തിൽ സംശയം ബിജെപി സംസ്ഥാന അധ്യക്ഷന് നേർക്ക് തന്നെയാണ് ബിജെപി അണികളും നേതാക്കളും ഉയർത്തുന്ന സംശയം ബിജെപിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ബഹിർസ്ഫുരണമാണോ പിള്ള സുരേന്ദ്രനോട് കാണിക്കുന്നത്.

അണികളും നേതാക്കളും ഈ സംശയം ഇപ്പോൾ ഒരുമിച്ച് ചോദിക്കുകയാണ്. കുറച്ചു കൂടി കടന്നു ശബരിമല പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധരൻ പിള്ളയും ധാരണയുണ്ടോ എന്നുവരെ ഇപ്പോൾ ബിജെപിയിൽ നിന്ന് ചോദ്യം ഉയരുന്നുണ്ട്. കാരണം കോടതി മുറികളിൽ നിന്ന് കോടതി മുറികളിലേക്കുള്ള സുരേന്ദ്രന്റെ യാത്രകൾ ഇപ്പോഴും തുടരുകയാണ്. കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്ന് സുരേന്ദ്രൻ അനുകൂലികൾ പറയുന്നു. പി ജയരാജൻ അടക്കമുള്ളവർ സിബിഐയുടെ പല കേസുകളിലും പ്രതികളാണ്. ഈ കേസുകളിൽ ഇപ്പോൾ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ പോലും സുരേന്ദ്രന് പുറത്തിറങ്ങാമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.

പ്രൊഡക്ഷൻ വാറന്റിന്റെ പേരിൽ ഒറ്റയടിക്ക് 900 കിലോമീറ്ററിലധികം സുരേന്ദ്രന് താണ്ടേണ്ടി വരുന്നുണ്ട്. ഈ യാത്രയിൽ നടുവേദന വന്നാണ് അൽപ്പസമയം ചേർത്തല പൊലീസ് സ്റ്റേഷനിൽ സുരേന്ദ്രന് വിശ്രമിക്കാൻ പൊലീസ് ഇന്നലെ അവസരം നൽകിയത്. സുരേന്ദ്രന്റെ കാര്യം പരിതാപകരമായി തുടരുമ്പോഴാണ് പാർട്ടിയിൽ നിന്നും ഈ കാര്യത്തിൽ സുരേന്ദ്രന് ലഭിക്കുന്ന പിന്തുണ വിവാദ വിഷയമായി തുടരുന്നത്. സുരേന്ദ്രൻ ജയിലിൽ ആയിട്ടും സുരേന്ദ്രന്റെ കുടുംബത്തിന് ആത്മവീര്യം നൽകുന്ന ഒരു നടപടിയും ശ്രീധരൻപിള്ളയുടെ ഭാഗത്ത് നിന്നും വന്നില്ല.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പിള്ള സുരേന്ദ്രന്റെ വസതി സന്ദർശിക്കുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ഒട്ടനവധി പേർ ബിജെപിയുമായി സജീവ ബന്ധം പുലർത്തുന്നവർ ആയിരിക്കെ അവരിൽ ഒരാളുടെ നിയമസഹായം പോലും പിള്ള സുരേന്ദ്രന് ആയി ഏർപ്പാടാക്കി നൽകിയില്ല. രാം കുമാറിനെ പോലുള്ള മുതിർന്ന അഭിഭാഷകരെ ഇപ്പോൾ ഏർപ്പെടുത്തി നൽകിയെങ്കിലും അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന ഈ നേരവും സുരേന്ദ്രൻ ജയിലഴികൾക്കുള്ളിലാണ്. ഇനി സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 30 നാണ്. അതുവരെ സുരേന്ദ്രൻ ജയിലിൽ കിടന്നാലേ മതിയാകൂ.

സുരേന്ദ്രൻ ജയിലിൽ കിടക്കുന്നത് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള കുറ്റങ്ങൾക്കാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് സുരേന്ദ്രന്റെ കാര്യത്തിൽ ബിജെപി പിന്തുടരുന്ന അലംഭാവം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നത്. ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിയമനം നടത്തുമ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുള്ള ഒരേ ഒരു പേര് സുരേന്ദ്രന്റെത് മാത്രമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായി ഇത്തവണ സുരേന്ദ്രൻ വരേണ്ടതായിരുന്നു. സുരേന്ദ്രന്റെ വഴിയടച്ചത് ആർഎസ്എസ് ആണെന്നാണ് ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകൾ പറഞ്ഞിരുന്നത്.. ഈ ഘട്ടത്തിലാണ് ശ്രീധരൻ പിള്ളയ്ക്ക് രണ്ടാം ഊഴമായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവി ലഭിക്കുന്നത്. വിശ്വാസ്യതയില്ലാത്ത നേതാവ് എന്നാണ് ശ്രീധരൻ പിള്ളയ്ക്ക് നേരെ ബിജെപിയിൽ നിന്നും ഉയരുന്ന ആരോപണം.

മുൻപ് മാറാട് കലാപസമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയായിരുന്നു. ആ സമയത്ത് ശ്രീധരൻ പിള്ള മുസ്ലിം ലീഗുമായി ഒത്തുകളിച്ചെന്നു ആരോപണം ഉയർന്നിരുന്നു. ഈ വിശ്വാസ്യതയില്ലായ്മ ഇപ്പോൾ രണ്ടാമത് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയപ്പോഴും പിള്ളയ്ക്ക് നേരെ ഉയർന്നു വരുന്നു. ശബരിമല പ്രക്ഷോഭ സമയത്തിന്റെ ഏറ്റവും നിർണായക സമയത്ത് പിള്ളയുടെ വാക്കുകൾ സംഘപരിവാർ പ്രക്ഷോഭത്തെ രണ്ടു തവണ തിരിഞ്ഞു കുത്തി. രഹനാ ഫാത്തിമയും കവിതയും അയ്യപ്പ ദർശനത്തിനു എത്തിയാൽ നടയടയ്ക്കും എന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് എടുത്ത തീരുമാനം തന്റെ നിർദ്ദേശ പ്രകാരം എന്നാണ് ശ്രീധരൻപിള്ള പറഞ്ഞത്. ഇത് പ്രക്ഷോഭത്തിന്റെ നിർണ്ണായക ഘട്ടത്തിൽ സിപിഎമ്മിനും സർക്കാരിനും സഹായകരമായി.

ശബരിമല തന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്തി എന്ന് സർക്കാരിനും പ്രതിപക്ഷത്തിനും ഒരുമിച്ച് പറയാനുള്ള അവസരം പിള്ള സൃഷ്ടിച്ചു നൽകി. ഇത് പ്രക്ഷോഭത്തെ പിന്നിൽ നിന്നും കുത്താൻ പര്യാപ്തമായിരുന്നു. ഇപ്പോൾ നടക്കുന്ന ശബരിമല പ്രക്ഷോഭ സമയത്ത് തന്നെ പിള്ള സർക്കാരിനും സിപിഎമ്മിനും രണ്ടാമതും വടി നൽകി. പിള്ള പറഞ്ഞത് ബിജെപി ശബരിമല പ്രശ്‌നത്തിൽ നടത്തുന്ന സമരം യുവതീപ്രവേശനത്തിനു എതിരേയല്ലെന്നും ശബരിമല തകർക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് എതിരെ ആയിരുന്നു എന്നുമാണ്. പിള്ളയുടെ രണ്ടു പ്രസ്താവനകളും ബിജെപിയുടെ ശബരിമല പ്രക്ഷോഭത്തെ, സംഘപരിവാർ പ്രക്ഷോഭത്തെ പിന്നിൽ നിന്നും കുത്താൻ പര്യാപ്തമായിരുന്നു.

ഈ വിശ്വാസക്കേട് തന്നെയാണ് സുരേന്ദ്രൻ പ്രശ്‌നത്തിലും പിള്ളയ്ക്ക് എതിരെ ബിജെപിയിൽ നിന്നും എതിർപ്പ് ഉയരാൻ കാരണമാകുന്നത്. നിലവിൽ പിള്ളയ്ക്ക് തലവേദനയായി ബിജെപിയിൽ തുടരുന്ന ഒരു ഒരു നേതാവ് കെ.സുരേന്ദ്രൻ ആണ്. ബിജെപിയിൽ ആണെങ്കിൽ കടുത്ത വിഭാഗീയത നിലനിൽക്കുകയുമാണ്. സുരേന്ദ്രന്റെ ജയിൽ വാസം പ്രതിരോധിക്കുന്ന കാര്യത്തിൽ എന്തുമാത്രം നീക്കങ്ങൾ പിള്ളയിൽ നിന്നും വന്നു എന്നാണ് ബിജെപി നേതാക്കളും അണികളും ഉറ്റുനോക്കുന്നത്. അപ്പോൾ കാര്യങ്ങൾ ആശാവഹമല്ലെന്നു അവർക്ക് മുന്നിൽ തന്നെ തെളിവുകൾ നിലനിൽക്കുന്നുമുണ്ട്. ഇതൊക്കെ കൊണ്ടു തന്നെയാണ് വിശ്വാസത്തിന്റെ പേരിൽ സമരത്തിന് ഇറങ്ങിയ ബിജെപിക്കുള്ളിൽ ഒരേ സമയം വിശ്വാസവും അവിശ്വാസവും തലപൊക്കുന്നത്. ഇത് ബിജെപിയും സംഘപരിവാറും നയിക്കുന്ന ശബരിമലഃ പ്രക്ഷോഭത്തെ അപ്പാടെ ബാധിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP