Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതി ആവശ്യപ്പെടാതെ റിപ്പോർട്ട് കൊടുത്താൽ തിരിച്ചടിയാകുമോ? ദേവസ്വം ബോർഡിൽ ആശയക്കുഴപ്പം തുടരുന്നു; റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം ചൊവ്വാഴ്ചത്തെ യോഗത്തിൽ; നിയമവിദഗ്ധരുമായി കൂടിയാലോചന തുടരുകയാണെന്നും വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; വിഷയത്തിൽ ചെകുത്താനും കടലിനും ഇടയിലാണ് സർക്കാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതി ആവശ്യപ്പെടാതെ റിപ്പോർട്ട് കൊടുത്താൽ തിരിച്ചടിയാകുമോ? ദേവസ്വം ബോർഡിൽ ആശയക്കുഴപ്പം തുടരുന്നു; റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം ചൊവ്വാഴ്ചത്തെ യോഗത്തിൽ; നിയമവിദഗ്ധരുമായി കൂടിയാലോചന തുടരുകയാണെന്നും വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; വിഷയത്തിൽ ചെകുത്താനും കടലിനും ഇടയിലാണ് സർക്കാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ മുൻ നിലപാടിൽ മാറ്റം വരുത്തി ദേവസ്വം ബോർഡ്. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ദേവസ്വം ബോർഡ് കാണുന്നത്. ദോഷകരമാവാത്ത വിധത്തിൽ സുപ്രീംകോടതിയിൽ എന്താണു ചെയ്യാനാവുകയെന്നാണു പരിശോധിക്കുന്നതെന്നും പത്മകുമാർ പറഞ്ഞു.

നിയമവിദഗ്ധരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ ദേവസ്വംബോർഡ് കൃത്യമായി ഇടപെടുമെന്നും എ. പത്മകുമാർ വ്യക്തമാക്കി. മുൻ നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ബോർഡ് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉൾക്കൊള്ളിക്കാനാകുമെന്ന കാര്യത്തിൽ നാളത്തെ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

വിഷയത്തിൽ ബോർഡ് കൃത്യമായി ഇടപെടും. വിശ്വാസം സംരക്ഷിക്കുന്നതിനായിരിക്കും മുൻതൂക്കം. നിലവിലെ സ്ഥിതിയെക്കുറിച്ചു സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെന്നും പത്മകുമാർ വ്യക്തമാക്കി.

നിലവിലെ സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്ത് ബോർഡ് ഒരു റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഇതു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തേക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചർച്ച നടത്തിയിരുന്നു. സ്ഥിതി റിപ്പോർട്ട് നൽകിയില്ലെങ്കിലും കോടതി വിധിക്കെതിരെ വിവിധ സംഘടനകൾ നൽകിയ 25 പുനഃപരിശോധനാ ഹർജികളിൽ ദേവസ്വം ബോർഡിനു നിലപാടു വിശദീകരിക്കാൻ അവസരമുണ്ടാകും.

സ്ത്രീപ്രവേശനവിധിക്കുശേഷമുള്ള ഗുരുതര സാഹചര്യം സംബന്ധിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോടതി ആവശ്യപ്പെടാതെ റിപ്പോർട്ട് ഫയൽ ചെയ്യാൻ നടപടിക്രമം ഇല്ലെന്നും അങ്ങനെ ചെയ്യുന്നത് തിരിച്ചടിയാകുമെന്നും നിയമ വിദഗ്ദ്ധർ ഉപദേശം നൽകിയ സാഹചര്യത്തിലാണ് ബോർഡ് നിലപാടിൽ മാറ്റം വരുത്തിയത്.

നാളെ ചേരുന്ന യോഗത്തിന് ശേഷം ദേവസ്വം കമ്മീഷണർ നേരിട്ട് ഡൽഹിയിലെത്തി അഭിഭാഷകരുമായി ചർച്ച ചെയ്ത് സുപ്രീംകോടതിയിൽ എടുക്കേണ്ട നിലപാടിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കും. എല്ലാ നടപടികൾക്കും മേൽനോട്ടം വഹിക്കാൻ ദേവസ്വം കമ്മീഷണർ ഡൽഹിയിലുണ്ടാകും. മുമ്പ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയെ ത്തന്നെ നിയോഗിക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. 26 പുനഃപരിശോധനാഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലെല്ലാം ദേവസ്വം ബോർഡ് സ്വാഭാവികമായും കക്ഷിയാണ്. അതുകൊണ്ടുതന്നെ എല്ലാ ഹർജികളിലും കോടതിയിൽ ബോർഡിന് നിലപാടും അറിയിക്കേണ്ടി വരും.

അതേസമയം, ശബരിമല വിഷയത്തിൽ ചെകുത്താനും കടലിനും ഇടലിയാണ് സർക്കാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മർദം ചെലുത്തുന്‌പോൾ മറുഭാഗത്ത് ഭക്തരുടെ വേഷത്തിൽ ബിജെപി നാട്ടിൽ കലാപം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ പ്രവർത്തകർക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നു. ഫാസിസം അഴിഞ്ഞാടുകയാണ്. ദേവസ്വംബോർഡ് യോഗം ചേരുന്നത് പതിവാണെന്നും മന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP