Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം വെള്ളിമൂങ്ങ ചമഞ്ഞ ആർവൈഎഫ് ദേശീയ സെക്രട്ടറിക്ക് മുട്ടൻ പണി; സീറ്റ് വാഗ്ദാനത്തിൽ വീണ് കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയ സലിം പി ചാക്കോയ്ക്ക് കസേര പോയിട്ട് നിൽക്കാൻ ഇടം പോലും കിട്ടില്ല; പ്രേമചന്ദ്രനെ വിമർശിച്ച് ആർഎസ്‌പി വിട്ടെത്തിയ നേതാവിനെതിരെ കോൺഗ്രസിൽ അമർഷം പെരുകി

സ്വയം വെള്ളിമൂങ്ങ ചമഞ്ഞ ആർവൈഎഫ് ദേശീയ സെക്രട്ടറിക്ക് മുട്ടൻ പണി; സീറ്റ് വാഗ്ദാനത്തിൽ വീണ് കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയ സലിം പി ചാക്കോയ്ക്ക് കസേര പോയിട്ട് നിൽക്കാൻ ഇടം പോലും കിട്ടില്ല; പ്രേമചന്ദ്രനെ വിമർശിച്ച് ആർഎസ്‌പി വിട്ടെത്തിയ നേതാവിനെതിരെ കോൺഗ്രസിൽ അമർഷം പെരുകി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സീറ്റ് മോഹിച്ച് വെള്ളിമൂങ്ങ രാഷ്ട്രീയം കളിച്ച ആർവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും ആർഎസ്‌പി സംസ്ഥാന കമ്മറ്റിയംഗവുമായിരുന്ന സലിം പി ചാക്കോക്ക് മുട്ടൻ പണി കിട്ടി. ആറന്മുള സീറ്റ് മോഹിച്ച് എൻകെ പ്രേമചന്ദ്രനെ തെറിപറഞ്ഞ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ സലിമിന് കോൺഗ്രസുകാർ തന്നെയാണ് ഇപ്പോൾ മുട്ടൻ പണി കൊടുത്തിരിക്കുന്നത്. ഇതോടെ കക്ഷത്തിൽ ഇരുന്നതും പോയി, ലക്ഷ്യമിട്ടത് കിട്ടുകയുമില്ലെന്ന അവസ്ഥയിലായി സ്ഥാനമോഹിയായ ഈ നേതാവ്. ഇത്രയും കാലം ആർഎസ്‌പി നേതാവെന്ന് പറഞ്ഞ് കിട്ടിയ ചെറിയ സ്ഥാനമാനങ്ങൾ ലഭിച്ചിരുന്നു സലീമിന്. എന്നാൽ, ഇപ്പോൾ ഒന്നും കിട്ടാത്ത അവസ്ഥയിലേക്കാണ് സ്വയം ഈ നേതാവ് എടുത്തുചാടിയിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പിൽ ആറന്മുള സീറ്റ് നൽകാമെന്ന മോഹന സുന്ദര വാഗ്ദാനത്തിൽ മയങ്ങിയാണ് കഴിഞ്ഞ ദിവസം സലിം പി ചാക്കോ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. എൻകെ പ്രേമചന്ദ്രൻ എംപിക്കെതിരേ രൂക്ഷമായ ആരോപണം അഴിച്ചു വിട്ട സലിം ഏറെ നാളായി കോൺഗ്രസിലേക്ക് ചാടാൻ കച്ചമുറുക്കിയിരിക്കുകയായിരുന്നു. എന്നാൽ, പ്രേമചന്ദ്രനെ വിമർശിച്ച് മറുകണ്ടം ചാടിയ സലിം ചാക്കോയെ നിലം തൊടീക്കില്ലെന്ന് ഉറപ്പിച്ചിരിക്കയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. സലീമിനെ പോലെ നാലാളെ കൂട്ടാൻ കഴിവില്ലാത്ത നേതാക്കളെ എന്തിനാണ് കോൺഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് നേതാക്കളും അണികളും ചോദിക്കുന്നത്.

അടുത്ത തവണ ആറന്മുളയിൽ വീണാ ജോർജ് തന്നെ മൽസരിച്ചാൽ സലിമിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് വാഗ്ദാനം. ഈ വാഗ്ദാനം നൽകിയത് ഇപ്പോഴത്തെ ഡിസിസി നേതൃത്വമാണ്. എന്നാൽ, ഇതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് നിലവിലെ ഡിസിസി നേതൃത്വത്തെ എതിർക്കുന്നവർ പറുന്നത്. ഡിസിസി പ്രസിഡന്റ് ബാബു ജോർജിന് വേണ്ടി സലിം ഫ്ളക്് ബോർഡ് പോലും സ്ഥാപിച്ച് സോപ്പിടൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്തായാലും തനിക്ക് വേണ്ടി ഫ്‌ലക്‌സ് സ്ഥാപിച്ച നേതാവിനെ പിന്തുണക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ബാബു ജോർജ്ജും. സീറ്റ് വാഗ്ദാനം നൽകിത് ആരോട് ആലോചിച്ചാണ് എന്ന ചോദ്യമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 25,26 തീയതികളിൽ തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ആർവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച സലിം പി ചാക്കോ പ്രേമചന്ദ്രനെയും അസീസിനെയും വേദിയിലിരുത്തി രൂക്ഷവിമർശനമാണ് നടത്തിയത്. അപ്പോൾ തന്നെ അസീസ് വേദിയിൽ പ്രതികരിക്കുകയും സലിം തന്റെ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പിൻവലിക്കുകയും ചെയ്തു. തുടർന്ന് ചേർന്ന പ്രിസീഡിയത്തിൽ നിന്ന് ദേശീയ സെക്രട്ടറിയായിരുന്നിട്ടും സലിമിനെ മാറ്റി നിർത്തുകയാണുണ്ടായത്.

എൻ.കെ പ്രേമചന്ദ്രൻ എംപി ഏകാധിപധിയാണെന്ന വിധത്തിലാണ് സലിം വിമർശനം ഉന്നയിച്ചത്. ആർഎസ്‌പി.യെ എൻകെപി ആക്കുവാനുള്ള നീക്കമാണ് പ്രേമചന്ദ്രൻ നടത്തുന്നത്. സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി ഏത് അജണ്ടയും കൃത്യമായി നടപ്പിലാക്കാൻ അദ്ദേഹത്തിനറിയാം. ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിച്ചതു പോലെ പാർട്ടിയിലെ നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം നേടിയെടുക്കുന്ന അവനവനിസമാണ് അദ്ദേഹത്തിന്റെ പ്രധാന ശൈലിയെന്നുമായിരുന്നു സലീമിന്റെ വിമർശനം. എന്നാൽ, പ്രേമചന്ദ്രനെ പോലെ ജനകീയനായ നേതാവിനെതിരായ വിമർശനം കോൺഗ്രസിനും സുഖിച്ചിട്ടില്ല.

പത്തൊൻപത് വർഷം മുമ്പ് സിപിഎമ്മിൽ നിന്നും ആർഎസ്‌പിയിൽ എത്തിയ തനിക്ക് മാന്യമായ പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. പലപ്പോഴും ആർഎസ്‌പിയിൽ വിഭാഗീയത ഉണ്ടായപ്പോൾ അതിൽ കക്ഷി ചേരാതെ ഞാനുൾപ്പടെയുള്ള ആർവൈഎഫ് നേതാക്കൾ പാർട്ടി തീരുമാനത്തിനൊപ്പം നിന്നവരാണ്. തുടങ്ങിയ വാദങ്ങളും സലീം ചാക്കോ ഉന്നയിക്കുന്നുണ്ട്. എന്തായാലും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അനുയായി സ്വയം ചമഞ്ഞെത്തിയ സലീമിനെ അടുപ്പിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

നേരത്തേ ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ നിന്ന് ബാബു ജോർജിനോട് മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ സലിം അദ്ദേഹത്തിന് എതിരേ രൂക്ഷമായ വിമർശനമാണ് അഴിച്ചു വിട്ടിരുന്നത്. ബാബു ജോർജ് ഡിസിസി പ്രസിഡന്റാകുമെന്ന് അറിഞ്ഞ് സലിം അദ്ദേഹത്തോട് അടുപ്പം കാട്ടിത്തുടങ്ങി. ബാബു ജോർജ് പ്രസിഡന്റായതോടെ അദ്ദേഹത്തിന്റെ ഈവന്റ് മാനേജരായി സലിം മാറി. ഇത് പാർട്ടിയിൽ രൂക്ഷവിമർശനത്തിന് ഇടയാക്കി.

അടുത്തിടെ ജില്ലാ കമ്മറ്റിയോഗത്തിനിടെ ഒരു യുവനേതാവ് ഇയാളെ അടിക്കാൻ കസേര പൊക്കിയെടുത്തിരുന്നു. അന്ന് സലിം ഓടി രക്ഷപ്പെടുകയായിരുന്നുവത്രേ. അത്രയ്ക്കുണ്ട് സലിമിനോടുള്ള വിരോധം. ആറന്മുള സീറ്റ് കൊടുക്കാമെന്ന വാഗ്ദാനത്തിൽ ഇപ്പോൾ സ്വയം കുഴി തോണ്ടിയിരിക്കയാണ് സലിം. ഓർത്തഡോക്സുകാരനായതു കൊണ്ട് സലിമിന് സീറ്റ് കൊടുക്കാമെന്ന് പറഞ്ഞുവെന്നാണ് അറിയുന്നത്. 12 പേരാണ് കോൺഗ്രസിൽ നിന്ന് ആറന്മുള നോട്ടമിട്ടിരിക്കുന്നത്. കോൺഗ്രസിൽ പയറ്റിത്തെളിഞ്ഞവർ തന്നെയുണ്ട്. അതിനിടെയാണ് സലിമിന്റെ രംഗപ്രവേശം. സലിമിനെ ഓടിക്കുമെന്നാണ് കോൺഗ്രസുകാർ ഒരേ സ്വരത്തിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP