Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസ് മുതലാളിയുടെ ഗുണ്ടായിസവും പിള്ളയുടെ മാടമ്പിത്തരവും കൈമുതലാക്കി എംഎൽഎയാകാനുള്ള ശരണ്യാ മനോജിന്റെ മോഹം പൊളിഞ്ഞു; ബാലകൃഷ്ണപിള്ളയെ പുലഭ്യം വിളിച്ച് വിവാദ ബസ് ഉടമ രംഗത്ത്

ബസ് മുതലാളിയുടെ ഗുണ്ടായിസവും പിള്ളയുടെ മാടമ്പിത്തരവും കൈമുതലാക്കി എംഎൽഎയാകാനുള്ള ശരണ്യാ മനോജിന്റെ മോഹം പൊളിഞ്ഞു; ബാലകൃഷ്ണപിള്ളയെ പുലഭ്യം വിളിച്ച് വിവാദ ബസ് ഉടമ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. പിള്ളയുടെ കരുത്തിൽ സ്വകാര്യ ബസുടമായ വ്യക്തി. പെർമിറ്റുകളില്ലാതെ കൈക്കരുത്തിൽ ബസുകളോടിച്ച് പണം കൈയുന്ന വിരുതൻ. അമ്മാവനൊപ്പം നിന്ന് എങ്ങനേയും നിയമസഭയിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അതു നടന്നില്ല. ഇതോടെ തന്റെ എല്ലാമെല്ലാമായ അമ്മാവനേയും ശരണ്യാ ബസുകളുടെ ഉടമയായ മനോജ് തള്ളിപ്പറയുന്നു. പിള്ളയേയും മകൻ ഗണേശ് കുമാറിനേയും തെറ്റിക്കുന്നതിന് പിന്നിലെ യഥാർത്ഥ വ്യക്തിയെന്ന് ഏവരും കരുതുന്ന മനോജ് എല്ലാവരേയും തള്ളിപ്പറഞ്ഞ് പുറത്ത് പോവുകയാണ്. കേരളാ കോൺഗ്രസ് ബിയുടെ സെക്രട്ടറി സ്ഥാനം മനോജ് രാജിവച്ചു. ചിലത് തുറന്നു പറയുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കേയാണ് കേരളാ കോൺഗ്രസ് ബി യിൽ പൊട്ടിത്തെറി. പാർട്ടി ചെയർമാൻ ബാലകൃഷ്ണപിള്ളയ്ക്കും മകൻ ഗണേശ്കുമാർ എംഎൽഎയ്ക്കും എതിരേ രൂക്ഷ വിമർശനവുമായി ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ ബന്ധുവും ജനറൽ സെക്രട്ടറിയുമായ മനോജ് കുമാർ രംഗത്ത് വന്നു. രണ്ടു സീറ്റുകൾ നൽകാൻ എൽഡിഎഫ് തയ്യാറായിട്ടും പാർട്ടി ചെയർമാൻ സ്വീകരിച്ചില്ല. ഗണേശും ചില ബന്ധുക്കളും കുടുംബത്തിൽ പെട്ടവർക്ക് വേണ്ടി സീറ്റ് ആവശ്യപ്പെട്ടു.പാർട്ടിയുടെ സംഘടനാഘടനയിൽ വീഴ്ച പറ്റിയിട്ടുണ്ട്. താൻ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും മനോജ്കുമാർ പറഞ്ഞു. പാർട്ടി പ്രവർത്തകരെ പൊതുവേദികളിൽ പോലും ഗണേശ് ആക്ഷേപിക്കുകയാണ്. താനല്ലാതെ മറ്റാരും പാർട്ടിയിൽ വേണ്ടെന്നതാണ് ഗണേശിന്റെ നിലപാടെന്നും കുറ്റപ്പെടുത്തി.

പിള്ളയും മകൻ ഗണേശ് കുമാറുമല്ലാതെ മറ്റാരും വളർന്നുവരാൻ അവർ അനുവദിക്കില്ലെന്നു മനോജ് ആരോപിച്ചു. ഇടതുമുന്നണിയിൽ പാർട്ടിക്കു കിട്ടുമെന്ന് ഉറപ്പായിരുന്ന രണ്ടാമത്തെ സീറ്റ് പിള്ളയുടെ സഹോദരീപുത്രിയുടെ ഭർത്താവിനു നൽകാൻ ശ്രമിച്ചു. അതിനു താൻ സാക്ഷിയായിരുന്നുവെന്നു മനോജ് പറഞ്ഞു. ആ ശ്രമം പരാജയപ്പെട്ടപ്പോഴാണ് എന്നാൽ ഒരു സീറ്റ് മതിയെന്ന നിലപാടിലേക്കു പിള്ളയും ഗണേശും എത്തിയതെന്നും മനോജ് ആരോപിച്ചു. ഇതിൽ ചില സത്യമുണ്ട് താനും. പിള്ള മത്സരിക്കാതിരുന്നാൽ രണ്ട് സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ സിപിഐ(എം) തയ്യാറായിരുന്നു. എന്നാൽ പിള്ളയുടെ മകളുടെ ഭർത്താവിനെ ഇടതുപക്ഷം അംഗീകരിച്ചതുമില്ല. ഇതോടെയാണ് സീറ്റ് വേണ്ടെന്ന് പിള്ള പറഞ്ഞത്. ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.

യുഡിഎഫിൽ നിന്ന് പിള്ള അടർന്ന് മാറിയതു മുതൽ പാർട്ടിയിൽ കൊഴിഞ്ഞു പോക്കായിരുന്നു. ഇതോടെ ശരണ്യ മനോജ് പാർട്ടിയിലെ പ്രധാനിയായി. ഇടതുമുന്നണിയുമായുള്ള ചർച്ചയിലും പിള്ളയ്‌ക്കൊപ്പം മനോജ് എത്തി. ഇതിനിടെ പലപ്പോഴും ഏതെങ്കിലും ഒരു സീറ്റ് തനിക്കും കിട്ടുമെന്ന് ഇയാൾ കരുതി. എന്നാൽ പിള്ളയുടെ മനസ്സിൽ മകനും മരുമകനും മാത്രമേ ഉള്ളൂവെന്ന് അറിഞ്ഞതോടെ മനോജ് നിരാശനായി. പിള്ളയുടെ രാഷ്ട്രീയ കരുത്തിലാണ് ശരണ്യാ എന്ന ബസ് ഗ്രൂപ്പിന്റെ ഉടമ തെക്കൻ കേരളത്തിൽ വിലസിയത്. അമ്മാവന്റെ മാടമ്പി സ്വഭാവത്തിനൊപ്പം മനോജിന്റെ ഗുണ്ടായിസം കൂടിയായപ്പോൾ കൊട്ടാരക്കരയിലെ പ്രധാനിയായി മാറി. ഈ കോമ്പിനേഷനിലൂടെ എംഎൽഎ ആകാനുള്ള ശ്രമമാണ് പാളിപോയത്.

ബാർ കോഴയിലും സോളാറിലുമെല്ലാം പിള്ളയ്ക്കായി ഇടപെടൽ നടത്തിയത് മനോജ് ആണെന്നാണ് വയ്പ്. സരിതാ നായരെ സ്വാധീനിക്കാനും തെളിവുകൾ ശേഖരിക്കാനും മറ്റും മനോജും മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന തനിക്ക് അമ്മാവൻ മത്സരിക്കാൻ സീറ്റ് തരപ്പെടുത്തുമെന്നും കരുതി. എന്നാൽ പിള്ള ഒരിക്കലും അതിന് ശ്രമിച്ചില്ല. വിശ്വസ്തനായ ഡ്രൈവറുടെ പദവി മാത്രമേ തനിക്ക് നൽകിയുള്ളൂ. അതുകൊണ്ട് തന്നെ ഇനി കൂടെ നിൽക്കാനില്ലെന്ന് വ്യക്തമാക്കുകയാണ് ശരണ്യാ മനോജ്. വലിയ ഗൂഢാലോചനയുടെ ഫലമാണ് തനിക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിന് പിന്നിലെന്നാണ് മനോജിന്റെ പക്ഷം.

ഗണേശ് കുമാറിന്റെ നീക്കമാണ് ഇതിന് കാരണമെന്നാണ് മനോജിന്റെ വിലയിരുത്തൽ. ഇതിന് പിള്ളയും കൂട്ടുപിടിച്ചു. അങ്ങനെ തന്നെ എംഎൽഎയാക്കാത്ത അമ്മാവനുമായി ഇനി അടുപ്പമില്ലെന്നാണ് മനോജ് വ്യക്തമാക്കുന്നത്. യുഡിഎഫിൽ നിന്ന് പിരിയുമ്പോൾ മനോജിനും കോൺഗ്രസുമായി അടുക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെ പിള്ളയെ വിട്ടുവന്നവരെയെല്ലാം യുഡിഎഫ് പഞ്ചായത്തിലൊക്കെ മത്സരിപ്പിച്ചു ജയിപ്പിക്കുകയെങ്കിലും ചെയ്തു. നിലവിലെ സാഹചര്യത്തിൽ യുഡിഎഫും മനോജിനെ അടുപ്പിക്കില്ല. അതുകൊണ്ട് തന്നെ പിള്ളയുമായി അകന്നതോടെ മനോജിന്റെ രാഷ്ട്രീയവും തീരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP