Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല നിലപാടുകൾ തിരിച്ചടിയാവുമെന്ന് മുൻകൂട്ടി കണ്ടില്ല; രാഹുൽ ഗാന്ധി ഘടകത്തെ വിലകുറച്ചു കണ്ടു; വി എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ നിന്നും ഒഴിച്ചു നിർത്തി; പാർലമെന്ററി സീറ്റുകളിൽ എംഎൽഎമാരെ അണിനിരത്തി; ലോക്‌സഭയിൽ തിരിച്ചടിക്കു വഴിവെച്ച പിണറായി വിജയന്റെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങൾ വിലയിരുത്തി ഇന്ത്യാ ടുഡേ ആർട്ടിക്കിൾ

ശബരിമല നിലപാടുകൾ തിരിച്ചടിയാവുമെന്ന് മുൻകൂട്ടി കണ്ടില്ല; രാഹുൽ ഗാന്ധി ഘടകത്തെ വിലകുറച്ചു കണ്ടു; വി എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ നിന്നും ഒഴിച്ചു നിർത്തി; പാർലമെന്ററി സീറ്റുകളിൽ എംഎൽഎമാരെ അണിനിരത്തി; ലോക്‌സഭയിൽ തിരിച്ചടിക്കു വഴിവെച്ച പിണറായി വിജയന്റെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങൾ വിലയിരുത്തി ഇന്ത്യാ ടുഡേ ആർട്ടിക്കിൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇത്തവണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ്. പല ഇടതു കോട്ടകളും തകർന്ന് വീണു അനായാസമായി വിജയിക്കുമെന്ന് കരുതിയിരുന്ന പാലക്കാടും ആറ്റിങ്ങലും ആലത്തൂരും ഇടതുപക്ഷത്തിന് നേരിട്ടത് വമ്പൻ തിരിച്ചടിയായിരുന്നു. സ്ഥാനാർത്ഥികളായി അണിനിരത്തിയിരുന്ന പല പ്രമുഖരും അമ്പേ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥി സി ദിവാകരൻ മൂന്നാം സ്ഥാനത്ത് കൂപ്പുകുത്തിയതും വലിയ തിരിച്ചടിയായിരുന്നു. മാത്രമല്ല പാർട്ടിയുടെ പല വോട്ടുബാങ്കുകളും നന്നായി ചോരുക കൂടി ചെയ്തതോടെ എക്കാലത്തേയും തിരിച്ചടിയായിരുന്നു പാർട്ടി ഏറ്റുവാങ്ങിയത്. അതിന്റെ ഫലമായി 20സീറ്റിൽ 19 സീറ്റിലും പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആലപ്പുഴയിൽ ആരിഫ് കടന്നു കൂടുകയായിരുന്നു എന്നു മാത്രം പറയേണ്ടി വരും.

2016ൽ 140 സീറ്റിൽ 90 നിയമസഭ സീറ്റുകളിൽ വിജയിച്ചാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. അതേസമയം 2019 ആകുമ്പോഴേയ്ക്കും സ്ഥിതിഗതികൾ നന്നായി മാറിമറിഞ്ഞു എന്നു വേണം വിലയിരുത്താൻ. മുഖ്യമന്ത്രിയുടെ നിലപാടുകൾ പലതും സർക്കാരിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി ബാധിക്കുന്നതാണ് നമ്മൾ കണ്ടത്. അതേസമയം കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോൽവിക്കു വഴിവെച്ച ഏഴ് കാരണങ്ങൾ നിരത്തുകയാണ് ഇന്ത്യാ ടുഡേ. ദ സെവൻ ഡഡ്ലി പൊളിറ്റിക്കൽ സിൻസ് ഓഫ് പിണറായി വിജയൻ' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെയാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തൽ.

ഇന്ത്യാ ടുഡേയുടെ വിലയിരുത്തലുകൾ

1. ശബരിമല നിലപാടുകൾ തിരിച്ചടിയാവുമെന്ന് മുൻകൂട്ടി കണ്ടില്ല

2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ഈ വിധിയെ ലിംഗസമത്വം ഉറപ്പാക്കാനും തന്റെ പരിഷ്‌കർത്താവ് 'ഇമേജ്' ഊട്ടിയുറപ്പിക്കാനുമാണ് പിണറായി വിജയൻ ഉപയോഗിച്ചതെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. എന്നാൽ ശബരിമല ഭക്തർ മറ്റൊരു രീതിയിലാണ് വിധിയെ കണ്ടത്. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ ക്രമസമാധാന പ്രശ്നമായാണ് പിണറായി വിജയൻ അതിനെ കൈകാര്യം ചെയ്തതെന്നും അതിന് വലിയ വിലനൽകേണ്ടിവന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പിണറായി വിജയൻ ധാർഷ്ഠ്യമായ നിലപാടുകൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായി പ്രതിഫലിച്ചു.

സിപിഐ.എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഈഴവ സമുദായം പോലും ഇടതുപക്ഷത്തെ കൈയൊഴിഞ്ഞു ബിജെപിയെയോ കോൺഗ്രസിനെയോ പിന്തുണച്ചെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും ഇന്ത്യാ ടുഡേ വിലയിരുത്തുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ കാസർകോട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ എന്നിവിടങ്ങൾ നഷ്ടപ്പെടാൻ ഇതു കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

2. രാഷ്ട്രീയ കൊലപാതകങ്ങൾ വേണ്ടരീതിയിൽ പരിശോധിച്ചില്ല

രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടുന്ന തന്റെ അണികളെ നിലയ്ക്കു നിർത്തുന്നതിൽ പിണറായി വിജയൻ അമ്പേ പരാജയപ്പെട്ടെന്നാണ് മറ്റൊരു വിലയിരുത്തൽ. അക്രമരാഷ്ട്രീയത്തോട് സാധാരണ ജനങ്ങൾക്കുള്ള എതിർപ്പ് പാർട്ടിക്ക് വലിയ കോട്ടമുണ്ടാക്കി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം മുതൽ ജനങ്ങൾക്കിടയിലുണ്ടായ രോഷം പെരിയ കൊലപാതകത്തോടെ അതിന്റെ ഔന്നത്യത്തിലെത്തി. ഈ രോഷത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലും കണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന പെരിയ ഇരട്ട കൊലപാതകത്തിലും പിടിയിലായത് ഇടപതുപക്ഷത്തിന്റെ പ്രദേശിക നേതാക്കളായിരുന്നു.

3. രാഹുൽ ഗാന്ധി ഘടകത്തെ വിലകുറച്ചു കണ്ടു

വയനാട്ടിൽ സ്ഥാനാർത്ഥിയായുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കടന്നുവരവിനെ പിണറായി വിജയൻ വിലകുറച്ചു കണ്ടു. രാഷ്ട്രീയ അഭയാർത്ഥിയായാണ് രാഹുലിനെ സിപിഐ.എം നേതാക്കൾ കണ്ടത്. രാഹുൽ ഇഫക്ട് മലബാറിൽ മാത്രം ഒതുങ്ങുമെന്നും അവർ കരുതി. എന്നാൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷങ്ങളിലും രാഹുൽ വിജയം നേടി. ഉത്തർപ്രദേശിലെ വോട്ടർമാരെ സ്വാധീനിക്കാൻ പ്രിയങ്ക പരാജയപ്പെട്ടിരിക്കാം. എന്നാൽ കേരളത്തിലെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ അവർക്കു കഴിഞ്ഞു. മറ്റെവിടെയും പോകാനില്ലെന്നതിനാൽ പ്രിയങ്കയും, രാഹുലും ഇടയ്ക്കിടെ കേരളത്തിലേക്ക് വന്നേക്കാം. ഇത് പിണറായിക്ക് വലിയ വെല്ലുവിളിയാവാനിടയുണ്ടെന്നും ലേഖനം വിലയിരുത്തുന്നു.

4. പാർലമെന്ററി സീറ്റുകളിൽ അണിനിരത്തിയത്് എംഎ‍ൽഎമാരെ

ലോക്സഭയിൽ പറ്റാവുന്നത്ര സീറ്റുകൾ നേടുകയെന്ന ലക്ഷ്യമിട്ട് പിണറായി വിജയൻ തന്നെയാണ് 20 എൽ.ഡി.എഫ് സ്ഥാനാർത്ഥികളെയും തീരുമാനിച്ചത്. അതിൽ ആറ് സിറ്റിങ് എംഎ‍ൽഎമാർ ഉൾപ്പെടും. പത്തനംതിട്ട എംഎ‍ൽഎ വീണ ജോർജ്, അരൂർ എംഎ‍ൽഎ എ.എം ആരിഫ്, കോഴിക്കോട് നോർത്തിലെ എംഎ‍ൽഎ എ പ്രദീപ് കുമാർ തുടങ്ങിയവരെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചു. സിപിഐ.എമ്മിന്റെ പാത സിപിഐയും പിന്തുടർന്നു. എന്നാൽ എംഎ‍ൽഎമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ കേരളത്തിലെ വോട്ടർമാർക്ക് അത്ര താൽപര്യമില്ലെന്നാണ് തോന്നുന്നതെന്നും ലേഖനം വിലയിരുത്തുന്നു.

എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക ദീർഘവീക്ഷണമില്ലാത്തതും ഓരോ മണ്ഡലത്തിനും യോജിച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്തതുമാണ്. എന്നാൽ ഇതേ തന്ത്രം കോൺഗ്രസിൽ ഫലം കാണുകയും ചെയ്തു. അടൂർ പ്രകാശ്, ഹൈബി ഈഡൻ, കെ. മുരളീധരൻ എന്നീ എംഎ‍ൽഎമാർ ലോക്സഭയിൽ ജയിക്കുകയും ചെയ്തു.

5. വി എസ് അച്യുതാനന്ദനെ പ്രചരണത്തിൽ നിന്നും മാറ്റി നിർത്തി

2016ൽ അധികാരത്തിലെത്തിയതിനു പിന്നാലെ പിണറായി വിജയൻ അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുകയും പാർട്ടിയിലെ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ഒതുക്കുകയും ചെയ്തു. ജനങ്ങളുമായി നല്ല ബന്ധമുള്ള, ഏറെ ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് 95 കാരനായ വി എസ് എന്നും ലേഖനം വിലയിരുത്തുന്നു. അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്താൻ പിണറായി വിജയൻ വി.എസിന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകി. പ്രചരണത്തിൽ നിന്നു പോലും ജനകീയനായ നേതാവിനെ മാറ്റി നിർത്തി.

6. ബിജെപി ഘടകത്തേയും ത്രികോണ മത്സരത്തേയും ഗൗനിച്ചില്ല

2016ൽ കേരളത്തിൽ എൻ.ഡി.എ 14.9% വോട്ടു ഷെയർ നേടിയിരുന്നു. അന്നത്തെ ത്രികോണ മത്സരത്തിൽ കോൺഗ്രസ് വോട്ടുകളാണ് ബിജെപിയിലേക്ക് പോയതെന്നതിനാൽ അത് സിപിഐ.എമ്മിനാണ് ഗുണം ചെയ്തതെന്ന് ലേഖനത്തിൽ വിലയിരുത്തുന്നു. അതിനാൽ 2019ൽ ഇത് ആവർത്തിക്കുമെന്ന് വിശ്വസിച്ച പിണറായിയോട് ക്ഷമിക്കാം. എന്നാൽ യഥാർത്ഥത്തിൽ ചില മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്തുകൊണ്ട് ബിജെപി വോട്ടർമാരെ സിപിഐ.എമ്മിനെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. സിപിഐ.എമ്മിനെയാണ് ഏറ്റവും വലിയ എതിരാളിയായി ബിജെപി കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനാൽ അവർ കോൺഗ്രസിനെ സഹായിച്ചിരിക്കാം. സിപിഐ.എമ്മിനെ ഒതുക്കിക്കഴിഞ്ഞാൽ കോൺഗ്രസിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്നും ഇന്ത്യാ ടുഡേ വിലയിരുത്തുന്നു.

7 പൊലീസിനെ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ

പൊലീസ് സേനയെ അമിതമായി ആശ്രയിക്കുന്നതും തിരിച്ചടിക്ക് കാരണമായി. പിണറായി വിജയനെ ഉപദേശിക്കുന്നതിൽ സർവ്വീസിലുള്ളതും വിരമിച്ചവരുമായ പൊലീസുകാരുണ്ടെന്നാണ് എതിരാളികൾ പറയുന്നത്. ശബരിമലയെ രാഷ്ട്രീയ, മതപരമായ വിഷയമായി കാണുന്നതിനു പകരം പിണറായി വിജയൻ ക്രമസമാധാന പ്രശ്നമായി കാണുകയും പൊലീസിനെ വലിയ തോതിൽ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തത് തിരിച്ചടിയായെന്നും ലേഖനം വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP