Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസ്സിൽ സ്ത്രീകൾ വിറകുവെട്ടികളും വെള്ളംകോരികളും; തോൽക്കുന്ന സീറ്റുകൾ മാത്രമേ നൽകൂ; സിപിഎമ്മിന്റെ മാതൃക കണ്ടുപഠിക്കണം; കോൺഗ്രസ് യോഗത്തിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ ബിന്ദുകൃഷ്ണയ്ക്കും ഷാനിമോൾ ഉസ്മാനും പറയാനുള്ളത്

കോൺഗ്രസ്സിൽ സ്ത്രീകൾ വിറകുവെട്ടികളും വെള്ളംകോരികളും; തോൽക്കുന്ന സീറ്റുകൾ മാത്രമേ നൽകൂ; സിപിഎമ്മിന്റെ മാതൃക കണ്ടുപഠിക്കണം; കോൺഗ്രസ് യോഗത്തിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ ബിന്ദുകൃഷ്ണയ്ക്കും ഷാനിമോൾ ഉസ്മാനും പറയാനുള്ളത്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വനിതകളെ കണ്ടത് വിറകുവെട്ടികളും വെള്ളംകോരികളുമായാണെന്ന് ഷാനി മോൾ ഉസ്മാനും ബിന്ദുകൃഷ്ണയും. കെപിസിസിയോഗത്തിൽ പരാതികളുടെ പ്രവാഹമായപ്പോൾ അക്കാര്യത്തിൽ യോഗത്തിൽ ചർച്ച വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ദേഷ്യപ്പെട്ട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ ഇരുവരും കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു.

കേരളത്തിലെ കോൺഗ്രസിൽ പുരുഷാധിപത്യമാണുള്ളതെന്നു പറഞ്ഞ ഇരുവരും മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. തോൽക്കുന്നിടത്ത് മത്സരിക്കാനും രാവും പകലും നോക്കാതെ പണിയെടുക്കാനുമുള്ളവരാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരെന്ന ധാരണയാണ് ഇവിടെ. ഇത് മാറിയേ തീരൂ. രണ്ട് വനിതകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി സിപിഐഎം ചരിത്രം കുറിക്കുമ്പോൾ കോൺഗ്രസ് വനിതകളെ തഴഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ചെയ്യാതെ കെപിസിസി എക്‌സിക്യൂട്ടീവ് പിരിഞ്ഞത് ശരിയായില്ല. കോൺഗ്രസ് മത്സരിപ്പിച്ച വനിതാ സ്ഥാനാർത്ഥികൾ തോൽക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്ന മഹിളാ കോൺഗ്രസിന്റെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഈ വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും ബിന്ദുവും ഷാനിമോളും വ്യക്തമാക്കി.

തോൽവിയുടെ വിശദാംശങ്ങൾ ചർച്ചചെയ്യാൻ ചേർന്ന കെപിസിസി യോഗം അതിന് തയ്യാറാകാത്തതിൽ അമർഷംപൂണ്ടാണ് വനിതാനേതാക്കൾ യോഗം ബഹിഷ്‌കരിച്ചത്. ചാത്തന്നൂർ മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്തം ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ബിന്ദുകൃഷ്ണയുടെ കോലം കത്തിച്ചിരുന്നു. പാർട്ടിക്ക് കൊല്ലത്ത് നേരിട്ട വൻ പരാജയം ചർച്ചചെയ്യാൻ ചേർന്ന ഡിസിസി യോഗത്തിൽ ബിന്ദുകൃഷ്ണക്കെതിരെ വൻ ആരോപണങ്ങൾ ഉയരുകയും ചെയ്തു. ആരോപണങ്ങൾ പ്രതിരോധിക്കാനാകാതെ പൊട്ടിക്കരഞ്ഞുപോയ ബിന്ദുകൃഷ്ണ ഇക്കാര്യങ്ങൾ കെപിസിസിയിൽ ഉന്നയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. അതു നടക്കാതെ വന്നതോടെ രോഷാകുലയായി അവർ ഷാനിമോൾ ഉസ്മാനൊപ്പം കെപിസിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വൻ തോൽവിക്കു പിന്നാലെ അതിന്റെ കാരണങ്ങളെച്ചൊല്ലി പഴിചാരലും പരാതിയും തുടരുകയാണ്. കനത്ത തോൽവിയുടെ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ശശിതരൂർ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദർശിച്ചു. കേരളത്തിലെ കനത്ത തോൽവിയുടെ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ശശിതരൂർ ഡൽഹിയിൽ സോണിയാഗാന്ധിയെ വസതിയിൽ ചെന്നു കണ്ടത്. കേരളത്തിൽ പാർട്ടിക്കുണ്ടായ തോൽവി ഗൗരവത്തോടെ കാണണമെന്ന് തരൂർ സോണിയയോട് ആവശ്യപ്പെട്ടു. രാവിലെ പത്തരയ്ക്കായിരുന്നു സന്ദർശനം. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്നായിരുന്നു തരൂരിന്റെ നിർദ്ദേശം. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ എല്ലാ ഘട്ടങ്ങളിലും പാളിച്ചകൾ പറ്റി. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ വേണ്ടതു പോലെ പ്രതിരോധിക്കാൻ നേതാക്കൾക്കാർക്കും കഴിഞ്ഞില്ല. വികസന നേട്ടങ്ങൾ അഴിമതി ആരോപണങ്ങളിൽ മുങ്ങി. സർക്കാരിന്റെ അവസാന കാലത്ത് ഉയർന്ന ഭൂമി വിവാദവും വൻ തിരിച്ചടിയായെന്നും തരൂർ സോണിയയെ ബോധ്യപ്പെടുത്തി. കേരളത്തിലെ ഇരുഗ്രൂപ്പു നേതാക്കൾക്കുനേരെയും സുധീരനെതിരെയും ഒളിയമ്പുകളുമായായിരുന്നു തരൂരിന്റെ വിമർശനം. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കണമെന്നും ശക്തമായ നടപടിവേണമെന്നും ആവശ്യപ്പെട്ടതായി തരൂർ പിന്നീട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് അതേസമയം, മദ്യനയത്തെച്ചൊല്ലി കെപിസിസി അധ്യക്ഷൻ വി എം സുധീരനും മുൻ എക്‌സൈസ് മന്ത്രി കെ ബാബുവും തമ്മിലും ഒളിയമ്പുകളുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിൽ മദ്യ നയം തിരിച്ചടിയായില്ലെന്ന് പറഞ്ഞ സുധീരൻ അത്തരം പ്രചാരണങ്ങൾ മദ്യലോബികളുടേതാണെന്നും കെപിസിസി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെ. ബാബുവിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും പരാജയം പരാജയം തന്നെയാണെന്നും കാരണങ്ങൾ പരിശോധിക്കുമെന്നും സുധീരൻ വ്യക്തമാക്കി. ബാബുവിനെ മുൾമുനയിൽ നിർത്തിയതാരാണെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും സുധീരൻ പ്രതികരിച്ചു. തന്നെ ബാർകോഴ വിവാദവുമായി ബന്ധപ്പെട്ട് മുൾമുനയിൽ നിർത്താൻ ശ്രമിച്ചവരെ ഇപ്പോൾ കാണാനില്ലെന്ന ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.

ഏതായാലും പതിവുമട്ടിൽ തോൽവിയുടെ കാരണമറിയാൻ തെളിവെടുപ്പും മറ്റുമായി പതിയെ നീങ്ങാൻ തന്നെയാണ് കെപിസിസിയുടെ തീരുമാനം. ഓരോ തലത്തിലും ഉയരുന്ന പരാതികളും വിമർശനങ്ങളും ഈ ഘട്ടത്തി്ൽ പരിശോധിക്കും. തോൽവിയെ കുറിച്ച് വിശദമായ ചർച്ച ജൂൺ 4, 5 തീയതികളിൽ നെയ്യാർ ഡാമിൽ നടത്താൻ കെപിസിസി യോഗം തീരുമാനിച്ചു. തോൽവിയുടെ കാരണം പഠിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി എല്ലാ ജില്ലകളിലും സന്ദർശിച്ച് നേതാക്കന്മാരുമായും പ്രവർത്തകരുമായും ആശയ വിനിമയം നടത്തും. മൂന്നംഗ കമ്മിറ്റിയെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവർ ചേർന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ദിരാ ഭവനിൽ ഇന്ന് നടന്ന കെപിസിസി യോഗത്തിൽ വിശദമായ വിലയിരുത്തലുകൾ നടന്നില്ല. ഇതാണ് ബിന്ദുകൃഷ്ണയെയും ഷാനിമോളെയും ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ജില്ലാ കോൺഗ്രസ് പ്രസിഡന്റുമാർ പ്രാഥമിക റിപ്പോർട്ടിങ് നടത്തി. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മാത്രമേ സംസരിച്ചുള്ളൂ. അധ്യക്ഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു പരാജയം ഗൗരവമായി കാണണമെന്ന് പറഞ്ഞ സുധീരൻ വിശദമായ പ്രസംഗത്തിന് തയ്യാറായില്ല. വികസനം മുൻനിർത്തി ജനങ്ങൾ വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഉമ്മൻ ചാണ്ടി യോഗത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP