Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് ഭരണം മടുത്തു; ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ എളുപ്പം; മുഖ്യധാരയിലേക്ക് കടക്കാൻ ചീഫ് വിപ്പിന്റെ മകന്റെ വെടിപൊട്ടിക്കൽ!

യുഡിഎഫ് ഭരണം മടുത്തു; ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ എളുപ്പം; മുഖ്യധാരയിലേക്ക് കടക്കാൻ ചീഫ് വിപ്പിന്റെ മകന്റെ വെടിപൊട്ടിക്കൽ!

കോട്ടയം: കെ എം മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ കേരള കോൺഗ്രസിലെ പ്രമുഖന്റെ മകൻ ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടു. ബിജെപി സഖ്യത്തിലേക്കുള്ള കേരള കോൺഗ്രസിന്റെ ആദ്യ ചുവടുവയ്പാണോ എന്ന നിലയിൽ രാഷ്ട്രീയ കേരളം ഇതിനകം തന്നെ ചർച്ച തുടങ്ങിക്കഴിഞ്ഞു.

ചീഫ് വിപ്പ് പി സി ജോർജിന്റെ മകൻ ഷോൺ ജോർജാണ് കോട്ടയത്ത് ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. യൂത്ത് ഫ്രണ്ട് എം നേതാവുകൂടിയായ ഷോൺ കോട്ടയത്ത് യുവമോർച്ച സംഘടിപ്പിച്ച ലഹരിവിരുദ്ധ വാഹനജാഥയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പങ്കെടുത്തത്. ചടങ്ങിൽ തീപ്പൊരി പ്രസംഗം നടത്തിയ ഷോൺ ജോർജ് യുഡിഎഫിനെതിരെ ആഞ്ഞടിച്ചു. യുഡിഎഫ് ഭരണം മടുത്തെന്നാണ് ഷോൺ പറഞ്ഞത്. സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാനാകുമെങ്കിൽ ബിജെപിക്ക് കേരളം ഭരിക്കാനാകുമെന്നും ഷോൺ പറഞ്ഞു. പ്രാദേശിക വികാരങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോയാൽ കേരളം ബിജെപിക്കൊപ്പം നിൽക്കും. അത്തരത്തിലുള്ള ഒരു പാർട്ടിക്കൊപ്പമാകും കേരള കോൺഗ്രസ് നിൽക്കുകയെന്നും ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, മകൻ പ്രകടിപ്പിച്ചത് കേരള യുവത്വത്തിന്റെ വികാരമാണെന്ന് പി സി ജോർജ് പ്രതികരിച്ചു. മുമ്പ് ബിജെപി വേദിയിൽ പി സി ജോർജ് പങ്കെടുത്തതും വിവാദമായിരുന്നു. സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ നിർമ്മാണത്തിന്റെ പ്രചാരണാർഥം കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് പി സി ജോർജ് പങ്കെടുത്തത്. അന്ന് നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ട് പി സി ജോർജ് ധരിച്ചത് വൻ വിവാദമായിരുന്നു.

കെ എം മാണിക്ക് മുഖ്യമന്ത്രിസ്ഥാനമോഹമുണ്ടെന്നും അതിനായി എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ പോകുമെന്നും ചർച്ചകൾ സജീവമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം മാണിക്ക് നൽകണമെന്ന് ചില കേരള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ പന്തളം സുധാകരനുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി കെ എം മാണി ഫോണിൽ ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് പിന്നീട് നേതാക്കൾ വാർത്താക്കുറിപ്പും ഇറക്കി. വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് പി സി ജോർജിന്റെ മകൻ ബിജെപി വേദിയിൽ എത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ മാറ്റത്തിനുള്ള ആദ്യ ചുവടവയ്പാണിതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP