Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പ്രിങ്‌ളർ കരാർ വിവാദം: സർക്കാരിന് ഒരുഒളിച്ചുകളിയുമില്ലെന്ന് മുഖ്യമന്ത്രി; മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനി വിവരവിശകലനത്തിൽ പ്രാവീണ്യമുള്ളവർ; സേവനം സൗജന്യം; സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല; വ്യക്തിഗത വിവരങ്ങൾ സിഡിറ്റിന്റെ പൂർണ നിയന്ത്രണത്തിൽ; റേഷൻ കാർഡ് വിവരങ്ങൾ ആർക്കും നൽകിയിട്ടില്ല; കരാർ പൂർണമായും നിയമവിധേയം; മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നതിന്റെ ഭാഗമാണ് കരാർ; നമ്മുടെ നാട്ടിൽ കുരുട്ടുബുദ്ധികൾ പലരുണ്ടെന്നും വിശദീകരണത്തിൽ പിണറായി

സ്പ്രിങ്‌ളർ കരാർ വിവാദം: സർക്കാരിന് ഒരുഒളിച്ചുകളിയുമില്ലെന്ന് മുഖ്യമന്ത്രി; മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനി വിവരവിശകലനത്തിൽ പ്രാവീണ്യമുള്ളവർ; സേവനം സൗജന്യം; സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല; വ്യക്തിഗത വിവരങ്ങൾ സിഡിറ്റിന്റെ പൂർണ നിയന്ത്രണത്തിൽ; റേഷൻ കാർഡ് വിവരങ്ങൾ ആർക്കും നൽകിയിട്ടില്ല; കരാർ പൂർണമായും നിയമവിധേയം; മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നതിന്റെ ഭാഗമാണ് കരാർ; നമ്മുടെ നാട്ടിൽ കുരുട്ടുബുദ്ധികൾ പലരുണ്ടെന്നും വിശദീകരണത്തിൽ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിങ്‌ളർ ഇടപാടിൽ പ്രതിപക്ഷം ആരോപണം കടുപ്പിച്ച പശ്ചാത്തലത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഇക്കാര്യത്തിൽ ഒരുഒളിച്ചുകളിയുമില്ല. മലയാളിയുടെ കമ്പനിയാണ് സ്പ്രിങ്‌ളർ. വിവരവിശകലനത്തിൽ പ്രാവീണ്യമുള്ളവരാണ് കമ്പനി. വിവര ചോർച്ചയ്ക്ക് വിദൂര സാധ്യതയുമില്ല. കമ്പനിയുടെ സേവനം സൗജന്യമാണ്. കരാർ മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നതിന്റെ ഭാഗമായാണ്. സർക്കാരിന് ഒരുസാമ്പത്തിക ബാധ്യതയുമില്ല. വ്യക്തിഗത വിവരങ്ങൾ സിഡിറ്റിന്റെ പൂർണനിയന്ത്രണത്തിലാണ്. റേഷൻ കാർഡ് വിവരങ്ങൾ ആർക്കും നൽകിയിട്ടില്ല. സ്പ്രിങ്‌ളറുമായുള്ള കരാർ പൂർണായും നിയമവിധേയമാണ്. കാലാവധി നീട്ടുകയാണെങ്കിൽ മാത്രമേ പണം നൽകേണ്ടതുള്ളു. ഐടി വകുപ്പ് ഇക്കാര്യത്തിൽ മതിയായ വിശദീകരണം നൽകി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19നെ പ്രതിരോധിക്കാനായി എല്ലാ വകുപ്പുകളും പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ, പെട്ടെന്ന് വിശകലനം ചെയ്ത് മുൻകരുതൽ സ്വീകരിച്ചാൽ മാത്രമേ രോഗപ്രതിരോധം സാധ്യമാകും. ശാസ്ത്ര- സാങ്കേതിക ലോകത്ത് വലിയ വികാസം പ്രാപിച്ച കാലമാണിത്. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ്, ഫോൺകോളുകൾ, ഇ മെയിൽ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് കഴിവുള്ള സ്ഥാപനമാണ് സ്പ്രിങ്‌ളർ. മലയാളിയായ രാജി തോമസാണ് ഉടമ. ഇവരുടെ സാങ്കേതിക വിദ്യയെ ഉപയോഗിക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്.

അനാവശ്യമായ ചർച്ചയാണ് നടക്കുന്നതെന്നും ക്രമക്കേടോ വിവര ചോർച്ചയോ ഉണ്ടാകാതിരിക്കാനുള്ള ശ്രമം ഉണ്ടെന്നും വിവാദമുണ്ടായ ആദ്യ ദിവസം തന്നെ അറിയിച്ചതാണ്. കരാറിന് പിന്നിലെ വിവരങ്ങൾ പൊതുസമൂഹത്തെ അറിയിച്ചുകഴിഞ്ഞു. വിവര ചോർച്ചയ്ക്കുള്ള വിദൂര സാധ്യത പോലും ഇല്ലാതാക്കാനുള്ള നടപടി സ്വകരിച്ചിട്ടുണ്ട്. വിവാദ പ്രചാരണങ്ങൾ ഗുണപരമല്ല, സർക്കാരിന് ഒളിച്ചുകളിയില്ല. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എന്ത് നിർദ്ദേശവും സ്വീകരിക്കാൻ ശ്രമിക്കുന്നതാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:

കോവിഡ്-19നെ പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും അതിന്റെ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുകയാണ്. ലഭിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ പെട്ടെന്ന് വിശകലനം ചെയ്ത് ആവശ്യമായ മുൻകരുതലുകൾ എടുത്തെങ്കിൽ മാത്രമേ രോഗപ്രതിരോധം സാധ്യമാകുകയുള്ളൂ.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ലോകത്ത് എവിടെയുണ്ടായിട്ടുള്ള പുരോഗതിയെയും കണ്ടെത്തലുകളെയും ഇതിനായി സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്ട്‌സ് അപ്പിലൂടെയും ഇ-മെയിലൂടെയും ഫോൺകോളിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് വിവര വിശകലനത്തിൽ ഇത്തരത്തിൽ മികച്ച സംവിധാനം നിലവിലുള്ള സ്ഥാപനമാണ് സ്പ്രിങ്കളർ കമ്പനി. ഈ കമ്പനിയാവട്ടെ മലയാളിയായ രാഗി തോമസ് നടത്തുന്നതുമാണ്. രോഗബാധാ സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനും ഫലപ്രദമായ ഇടപെടലിനും വിവര ക്രോഡീകരണത്തിനും ഇവരുടെ സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

വിവര വിശകലനത്തിനുള്ള സോഫ്റ്റ് വെയർ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ഇതു അനാവശ്യമായ ചർച്ചയാണെന്നും ഒരു വിധത്തിലുമുള്ള ക്രമക്കേടോ വിവര ചോർച്ചയോ ഉണ്ടാകാതിരിക്കാനുള്ള പൂർണ്ണ ശ്രദ്ധ ഈ സർക്കാരിനുണ്ടെന്നും അറിയിച്ചതാണ്. തുടർന്ന് കഴിഞ്ഞ ദിവസം ചോദ്യങ്ങൾക്ക് മറുപടിയായി ഞാൻ പറഞ്ഞതുപോലെ വിവരങ്ങൾ പൂർണ്ണമായും പൊതുമണ്ഡലത്തിൽ ലഭ്യമാക്കാനും ഐടി വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ചെയ്തു കഴിഞ്ഞു.

ജനങ്ങളുടെ മനസ്സിൽ നിലവിലുണ്ടാക്കിയിട്ടുള്ള സംശയങ്ങൾ അകറ്റുന്നതിന് സർക്കാർ ഏജൻസിയായ സിഡിറ്റിനോട് ഈ ആവശ്യത്തിനുള്ള ആമസോൺ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കി പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാക്കാനും വിവര ശേഖരണത്തിനും, സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ് വെയറുകളും ഈ സൗകര്യത്തിനകത്ത് സിഡിറ്റിന്റെ പൂർണ്ണ ഉടമസ്ഥതയിൽ വിന്യസിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്പ്രിങ്കളർ സൗജന്യമായി നൽകുന്നSaaSഅപ്ലിക്കേഷനും ഈ രീതിയിലാണ് വിന്യസിക്കപ്പെടുക. ഈ സംവിധാനത്തിൽ വ്യക്തിഗത വിവരങ്ങളുടെയും പൂർണ്ണ നിയന്ത്രണവും വിശകലനവും സിഡിറ്റിനായിരിക്കും എന്നതിനാൽSaaSസർവ്വീസ് പ്രൊവൈഡറുടെ ഭാഗത്തുനിന്നുള്ള വിവര ചോർച്ചയ്ക്കുള്ള വിദൂര സാധ്യത പോലും പൂർണ്ണമായും ഇല്ലാതാകും.

നിലവിലുള്ള ഓർഡറിൽ തന്നെ താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

1. സർക്കാർ ഉടമസ്ഥതയിൽ തന്നെയായിരിക്കും വിവര ശേഖരം.
2. രാജ്യത്തിനകത്തുള്ള സെർവ്വറുകളിൽ തന്നെ ഡാറ്റ സൂക്ഷിക്കും.
3. ഈ വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തുകയില്ല.

വിവരം നൽകുന്ന വ്യക്തികൾക്കും അവർ നൽകുന്ന വിവരങ്ങൾ എന്തെല്ലാം കാര്യങ്ങൾക്കാണ് ഉപയോഗിക്കുക എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും അവരെ അറിയിക്കുകയും ചെയ്യും.

മനുഷ്യസമൂഹം നേരിടുന്ന ഒരു വലിയ വിപത്തിനെ പ്രതിരോധിക്കുന്നതിന് ലോകത്തെ ജനതയുടെ എല്ലാ അറിവുകളെയും ഉപയോഗപ്പെടുത്തേണ്ട ഘട്ടമാണ് ഇത്. അതിനുതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയും ഇതുമായി ബന്ധപ്പെട്ട മരുന്നുകളോ പ്രതിരോധ സംവിധാനങ്ങളോ ഉണ്ടെങ്കിൽ അവയും ഈ മഹാമാരിയെ ഇല്ലാതാക്കി സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

ലോകമാകെ യോജിച്ച് നിന്നുകൊണ്ട് പൊരുതുന്ന ഘട്ടത്തിൽ ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നത് ഗുണപരമല്ല. ഇക്കാര്യത്തിൽ സർക്കാരിന് ഒരു ഒളിച്ചുകളിയും ഇല്ല. സാങ്കേതികമായ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എന്തു നിർദ്ദേശമുണ്ടെങ്കിലും അത് സ്വീകരിക്കാൻ സർക്കാർ തയ്യാറാണ് താനും.

അടിയന്തരമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോൾ നേരത്തേയുള്ള നടപടിക്രമങ്ങൾ അതേപോലെ നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നത് പെട്ടെന്ന് കാര്യങ്ങൾ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കാനേ ഉതകൂ. അത് ജനങ്ങളുടെ ജീവന് പ്രതിസന്ധി സൃഷ്ടിക്കാനേ ഇടയാക്കൂ.

റേഷൻകാർഡ് വിവരം ചോർന്നുവെന്ന ആരോപണം

റേഷൻകാർഡ് സംബന്ധമായ ഒരു വിവരവും സർക്കാരിന് പുറത്തുള്ള ഒരു സ്ഥാപനത്തിനും കൈമാറിയിട്ടില്ല. ബിപിഎൽ റേഷൻ കാർഡുള്ളവരിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാത്ത ആൾക്കാർക്ക് ഒരു ധനസഹായം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി ബിപിഎൽ റേഷൻകാർഡ് വിവരശേഖരവും സാമൂഹ്യസുരക്ഷാ പെൻഷൻ വിവരശേഖരവും താരതമ്യം ചെയ്ത് അർഹരായവരെ കണ്ടെത്താൻ ധനവകുപ്പ് ഐടി വകുപ്പിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായIIITMKയെ ചുമതലപ്പെടുത്തിയിരുന്നു. ഈ പ്രവൃത്തി പൂർത്തീകരിച്ചത്IIITMKതന്നെയാണ്. പുറത്തുനിന്നുള്ള ഒരു കമ്പനിയുടെ സഹായവും ഇക്കാര്യത്തിൽ എടുത്തിട്ടില്ല. ഒരു ഡാറ്റാ കൈമാറ്റവും ഇക്കാര്യത്തിൽ നടന്നിട്ടുമില്ല.

ഡാറ്റാ തട്ടിപ്പ് കേസിൽ പ്രതിയായ കമ്പനി എന്ന ആരോപണം:

സാധാരണഗതിയിൽ തന്നെ പ്രമുഖ കമ്പനികൾക്ക് എതിരെ കേസുകളും നിയമ നടപടികളും ഉണ്ടാകാറുണ്ട്. എല്ലാ പ്രമുഖ കമ്പനികളിലും അതുകൊണ്ട് തന്നെ ശക്തമായ നിയമ വിഭാഗവും ഉണ്ട്. ഈ കമ്പനിയുടെ നിയമ വിഭാഗം ഒരു കേസ് രണ്ടു വർഷം മുമ്പ് ഫയൽ ചെയ്തത് നടന്നുവരികയാണ് എന്നും നിയമ പ്രക്രിയ നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല എന്നും അറിയിച്ചിട്ടുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ എല്ലാ പ്രമുഖ സ്ഥാപനങ്ങളും പല രീതിയിലുമുള്ള കേസുകൾ നേരിടുന്നുണ്ട്.

സൗജന്യസേവനമല്ല എന്ന ആരോപണം:

സെപ്റ്റംബർ 24-നാണ് നിലവിലുള്ള കരാർ കഴിയുന്നത്. ആ കാലാവധി വരെ സൗജന്യ സേവനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം തുടരണമെങ്കിൽ ഫീസ് കമ്പനി അറിയിക്കും. അതോടൊപ്പം സെപ്റ്റംബർ 24 വരെ നൽകേണ്ടിവരുമായിരുന്ന ഫീസും അറിയിക്കും. ഇത് അറിവിലേക്കായി മാത്രമാണ്. തുക നൽകേണ്ടതില്ല. കാലാവധി നീട്ടുകയാണെങ്കിൽ മാത്രം അതിനുശേഷമുള്ള തുക നൽകേണ്ടതുണ്ട്. അപ്പോൾ ആവശ്യപ്പെടുന്ന തുകയിൽ മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള തുക ഉൾപ്പെടുന്നില്ല എന്നുറപ്പാക്കാനാണ് ഈ ക്രമീകരണം. ഇത് ഒരു സാധാരഗതിയിലുള്ള നടപടിക്രമമാണ്.

സ്പ്രിങ്കളർ ഇടപാട് കോവിഡിന്റെ മറവിൽ അഴിമതി എന്നാരോപണം സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഒരു ബാധ്യതയും സർക്കാരിനില്ലാത്തതിനാൽ ഇവിടെ അഴിമതിയുടെ പ്രശ്‌നം ഉടലെടുക്കുന്നില്ല.

കരാറിന് ലീഗൽ സാന്റിറ്റിയില്ല എന്നാരോപണം:

നിയമസാധുതയുള്ള കരാറാണ്. അന്താരാഷ്ട്ര കരാറായിട്ടും നിയമവകുപ്പ് അറിഞ്ഞിട്ടില്ല എന്നാരോപണം സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തതിനാൽ സാധാരണ നിലയിൽ നിയമവകുപ്പ് കാണേണ്ടതില്ല.

പ്രതിപക്ഷ നേതാവിന്റെ വാദം

അതേസമയം, മുഖ്യമന്ത്രിക്കെതിരേയും ഐടി സെക്രട്ടറിക്കെതിരേയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രംഗത്തെത്തിയിരുന്നു. സ്പ്രിങ്ളർ കമ്പനിയുമായുള്ള കരാറിലൂടെ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ഈ കമ്പനിക്ക് കച്ചവടം ചെയ്തിരിക്കുകയാണെന്നും ഇത് വലിയ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് 19 കാലത്ത് ക്വാറന്റൈനിൽ കഴിയുന്ന ആളുകളുടെ ആരോഗ്യ വിവരങ്ങൾ വാർഡ് തലത്തിൽ ശേഖരിച്ച് keralafield covid.splinklr എന്ന പേരിലുള്ള വെബ്സൈറ്റിൽ നൽകണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. അത് സ്പ്രിങ്ളർന്റെ സെർവ്വറിൽ തന്നെ സ്റ്റോർ ചെയ്യുന്ന സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. അതിൽ കേരള സർക്കാരിന്റെ എംബ്ലവും ഉണ്ടായിരുന്നു.എന്നാൽ ഇക്കാര്യം ഉന്നയിക്കുകയും അത് വിവാദമാവുകയും ചെയ്തപ്പോൾ ഐ ടി വകുപ്പിലെ ഒരു ഉദ്യേഗസ്ഥൻ അത് www.housevisitkerala.in എന്ന പേരിൽ അത് തിരുത്തി മാറ്റുകയായിരുന്നു. വെബ്സൈറ്റിന്റെ പേരിൽ മാറ്റം വന്നെങ്കിലും വിവരങ്ങൾ ഇപ്പോഴും സ്പ്രിങ്‌ളറിന്റെ സർവ്വറിലേക്കാണ് പോകുന്നത്.

എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തദ്ദേശ മന്ത്രിക്കോ ആരോഗ്യ വകുപ്പിനോ മന്ത്രിക്കോ അറിയില്ലെന്നാണ് പ്രതികരണം. ഇക്കാര്യത്തെക്കുറിച്ച് ഐ ടി സെക്രട്ടറി മറുപടി നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തുടർന്ന് സ്പ്രിങ്ളർ കമ്പനിയുമായുള്ള കരാറിന്റെ മുഴുവൻ വിവരങ്ങളും പകർപ്പും ചോദിച്ച് മുഖ്യമന്ത്രിക്ക് ഏപ്രിൽ 13 ന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി തന്നില്ല. കേരളത്തിലെ ആരോഗ്യ രംഗത്ത് ഉണ്ടായിരിക്കുന്ന നേട്ടങ്ങളുടെ ക്രഡിറ്റ് ഈ കമ്പനിക്ക് നൽകി അവരെ മഹത്വ വൽക്കരിക്കുന്ന നടപടിയാണ് ഐ.ടി സെക്രട്ടറി ചെയ്തത്.

അതേസമയം വെള്ളപ്പൊക്കക്കാലത്ത് സ്പ്രിങ്ളർ കമ്പനി നമുക്ക് വേണ്ടി പ്രവർത്തിച്ചുവെന്നാണ് മന്ത്രി എ സി മൊയ്തീൻ പറയുന്നത്. എന്നാൽ ഇവർ വെള്ളപ്പൊക്കക്കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് മാധ്യമങ്ങൾക്കോ റീ ബിൽഡ് കേരളയിൽ അംഗമായ എനിക്കോ നിയമസഭയ്ക്കോ ആർക്കും അറിയില്ല. രഹസ്യമായി എന്തു പ്രവർത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.

റേഷൻ കാർഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങൾ ഇവർക്ക് പോയിട്ടുണ്ടെന്നാണ് അറിയൻ കഴിയുന്നത്. ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ഈ കമ്പനിക്ക് കച്ചവടം ചെയ്തിരിക്കുകയാണെന്നും ഇത് വലിയ അഴിമതിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഈ കമ്പനി അമേരിക്കയിൽ രണ്ടു വർഷമായി ഒരു തട്ടിപ്പ് കേസ് നേരിടുകയാണ്. 50 മില്ല്യൺ (350 കോടി രൂപ)യുടെ നഷ്ടപരിഹാരം ചോദിച്ച് ഈ കമ്പനിയുടെ പാർടണർ നൽകിയ കേസാണിത്. അമേരിക്കയിലെ ഓറിഗൺ കോടതിയിലെ 3/18/CV/01192 എന്നതാണ് കേസ്. ഡാറ്റാ തട്ടിപ്പിന് നിയമ നടപടി നേരിടുന്ന ഒരു കമ്പനി ഇവിടെ സർക്കാരുമായി കരാർ ഉണ്ടാക്കുകയും ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അവർക്ക് നൽകുകയും ചെയ്യുന്നത് അതീവ ഗുരുതരമായ കാര്യമാണ്.

ഈ കമ്പനി സൗജന്യമായാണ് സേവനം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ സർക്കാർ പുറത്തു വിട്ട രേഖകൾ പ്രകാരം ഈമെയിൽ സന്ദേശങ്ങൾ മാത്രമാണ്. അതിൽ ഒരു രേഖ അനുസരിച്ച് സ്പ്രിംഗളറിന്റെ സേവനം സൗജന്യമല്ല. ഓർഡർ ഫോം രണ്ടാം പേജിൽ പറയുന്നത്. കോവിഡ് 19 ന് ശേഷം കേരള സർക്കാരുമായി ചർച്ച് ചെയ്ത് ഫീസ് തീരുമാനിക്കാം എന്നാണ് . അപ്പോൾ സ്പിംഗളർ സേവനം സൗജന്യം അല്ല. ആ വാചകം ഇങ്ങനെയാണ്: customer is under no obligation to pay the sprinklr service herein during the covid pandamic. Upon the conclusion of scoping and implimentation Sprinklr will provide customer ( customer means government of Kerala) with the pricing for the necessary Sprinklr service.- കോവിഡ് കഴിഞ്ഞാൽ സ്പിങ്ളർ നൽകുന്ന സേവനത്തിന് എന്തു തുക നൽകണമെന്ന് തീരുമാനിക്കും എന്നാണ് കരാർ. എന്തു തുക നൽകാമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് അടുത്ത വാചകത്തിലും പറയുന്നു. അപ്പോൾ സേവനം സൗജന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റല്ലേ? പ്രായമായ അച്ഛനമ്മമാർക്ക് സംസ്ഥാനം നൽകുന്ന സംരക്ഷണം കണ്ട് സേവിക്കാൻ വന്നവർ അല്ലെന്ന് മനസിലായല്ലോ? അവരുടെ സേവനത്തിന് പണം നൽകണം.

സർക്കാർ പുറത്തു വിട്ട കരാർ ആരുണ്ടാക്കിയതാണ്. ഞാൻ രണ്ടു ദിവസമായി ഐ.ടി വകുപ്പ്, ആരോഗ്യ വകുപ്പ് , റവന്യൂ വകുപ്പ് എന്നിവിടങ്ങളിൽ കരാർ അന്വേഷിച്ചു ആർക്കും അറിയില്ല. ഈ കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു. അതും അറിയില്ല. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫയൽ ഐ.ടി വകുപ്പിൽ ഉണ്ടോ? അതും ഇല്ല എന്നറിയുന്നു. സാധാരണ ഒരു കരാർ ഒപ്പിടണമെങ്കിൽ ആ ഉദ്യോഗസ്ഥനെ മന്ത്രി ചുമതലപ്പെടുത്തണം. ഇവിടെ കരാർ ഒപ്പിടാൻ മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയ ഫയൽ ഉണ്ടെങ്കിൽ തന്നെ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP