Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം എന്ന ആഹ്വാനമൊക്കെ കൊള്ളാം! ഭാരവാഹി പട്ടികയിൽ വി.മുരളീധരൻ പക്ഷം കേമന്മാരായത് പൊറുക്കാനാവില്ല; കെ.സുരേന്ദ്രനെ ക്ഷീണിപ്പിക്കാൻ എം ടി.രമേശ് സ്പ്രിൻക്ലർ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഫേസ്‌ബുക്ക് പേജിൽ; കോൺഗ്രസിനും ചെന്നിത്തലയ്ക്കും സ്പിൻക്ലർ ലോട്ടറിയായപ്പോൾ ബിജെപിയിൽ പടപ്പുറപ്പാട്; പാർട്ടി വിഭാഗീയതയിൽ അണികൾക്ക് അമർഷവും നിരാശയും

ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം എന്ന ആഹ്വാനമൊക്കെ കൊള്ളാം! ഭാരവാഹി പട്ടികയിൽ വി.മുരളീധരൻ പക്ഷം കേമന്മാരായത് പൊറുക്കാനാവില്ല; കെ.സുരേന്ദ്രനെ ക്ഷീണിപ്പിക്കാൻ എം ടി.രമേശ് സ്പ്രിൻക്ലർ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഫേസ്‌ബുക്ക് പേജിൽ; കോൺഗ്രസിനും ചെന്നിത്തലയ്ക്കും സ്പിൻക്ലർ ലോട്ടറിയായപ്പോൾ ബിജെപിയിൽ പടപ്പുറപ്പാട്; പാർട്ടി വിഭാഗീയതയിൽ അണികൾക്ക് അമർഷവും നിരാശയും

എം മനോജ് കുമാർ

തിരുവനന്തപുരം: ഗ്രൂപ്പുകളും ഗ്രൂപ്പുകളിലെ ഗ്രൂപ്പുകളുമായി പരസ്പരം പോരടിച്ച് നിന്ന കോൺഗ്രസിനെ സ്പ്രിൻക്ലർ ഒരുമിപ്പിച്ചപ്പോൾ പ്രതിപക്ഷത്തുള്ള ബിജെപിയെ വിഘടിപ്പിക്കുന്നു. സിപിഎമ്മിനെ വിഷമ വൃത്തത്തിൽ ചാടിച്ച സ്പ്രിൻക്ലർ ഡാറ്റാ ഇടപാട് ബിജെപിയിലെ അണഞ്ഞുകിടന്നിരുന്ന ഗ്രൂപ്പ് പോരുകളെ ആളിക്കത്തിക്കുന്ന വിചിത്ര കാഴ്ചയാണ് ദൃശ്യമാകുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കെ.സുരേന്ദ്രൻ സിപിഎമ്മിനോട് പുലർത്തുന്ന മൃദു സമീപനമാണ് തത്ക്കാലം ഗ്രൂപ്പ് പോരുകളുടെ ആയുധമായി മാറുന്നത്. പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ വൻ രാഷ്ട്രീയ മൈലേജ് സ്പ്രിൻക്ലർ ഡാറ്റാ കൈമാറ്റത്തിൽ കോൺഗ്രസ് നേടിയപ്പോൾ മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ബിജെപി ഒന്നുമല്ലാത്ത അവസ്ഥയിലായി. സ്പ്രിൻക്ലർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സംഭവിച്ച പാളിച്ച കോൺഗ്രസ് രാഷ്ട്രീയ നേട്ടമാക്കി മാറ്റിയപ്പോൾ ബിജെപിക്ക് ഒരു രാഷ്ട്രീയ മുതലെടുപ്പിനും ഈ വിഷയത്തിൽ കഴിഞ്ഞില്ല. സുരേന്ദ്രനെ അടിക്കാനുള്ള ഒരു ആയുധമായി സ്പ്രിൻക്ലർ വിഷയം മാറ്റാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് സ്പ്രിൻക്ലർ ബിജെപിയിലും ഗ്രൂപ്പ് പോരിനുള്ള ആയുധമായി മാറുന്നത്. ഒരു ടീമായി തങ്ങൾ പ്രവർത്തിക്കില്ലെന്ന സന്ദേശം തന്നെയാണ് രമേശും എ.എൻ.രാധാകൃഷ്ണനും പുറത്തുവിട്ടിരിക്കുന്നത്. ബിജെപിയിൽ മുരളീധരൻ-കൃഷ്ണദാസ് പക്ഷങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തത്ക്കാലം ഇത് നിയന്ത്രിക്കാൻ ആളില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശും വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനുമാണ് സുരേന്ദ്രനെതിരെ ആഞ്ഞടിക്കുന്ന സമീപനവുമായി രംഗത്തുള്ളത്. ഒരു സംസ്ഥാന പ്രസിഡന്റ് എടുക്കുന്ന നിലപാടിനെ പാർട്ടി വേദിക്ക് പുറത്ത് വിമർശിക്കുന്ന എം ടി.രമേശിന്റെ നിലപാട് പാർട്ടിക്കുള്ളിൽ വിമർശന ശരം ഉയർത്തുന്നുണ്ട്. സ്പ്രിൻക്ലർ വിഷയത്തിൽ കെ.സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സിബിഐ അന്വേഷണമാണ് അല്ലാതെ വിജിലൻസ് അന്വേഷണമല്ല വേണ്ടത് എന്നാണ് രമേശ് ആവശ്യപ്പെട്ടത്. വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനും ഇതേ സമീപനം തന്നെയാണ് പിന്തുടർന്നത്. ഡാറ്റാ കൈമാറ്റം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയക്കുകയാണ് ചെയ്തത്.സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്ന പ്രശ്‌നത്തിലും ജില്ലാ അധ്യക്ഷന്മാരെ തീരുമാനിക്കുന്ന പ്രശ്‌നത്തിലും വന്ന വിഭാഗീയതയാണ് സ്പ്രിൻക്ലർ വിഷയത്തിൽ ബിജെപിയിൽ ആഞ്ഞുവീശുന്നത്. വി.മുരളീധരനു അടുപ്പമുള്ള ജില്ലാ-മേഖലാ ഭാരവാഹികൾ വന്നതിലും സംസ്ഥാന ഭാരവാഹികൾ വന്നതിലും കടുത്ത അമർഷമാണ് കൃഷ്ണദാസ് പക്ഷം പ്രകടിപ്പിക്കുന്നത്. ഇതിന്റെ അനുരണനങ്ങൾ തന്നെയാണ് എം ടി.രമേശിന്റെയും എ.എൻ.രാധാകൃഷ്ണന്റെയും സമീപനങ്ങളിൽ പ്രതിഫലിക്കുന്നത്. ചില ഭാരവാഹികൾ വേണോ എന്ന കാര്യത്തിൽ സുരേന്ദ്രൻ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡൽഹിൽ പോയി വന്നതോടെ സുരേന്ദ്രൻ നിലപാട് മാറ്റുകയായിരുന്നു. ഇതാണ് നിലവിലെ ഗ്രൂപ്പ് പോരുകൾക്ക് വഴിമരുന്നിട്ടത്. സ്പ്രിൻക്ലർ വിവാദം ഈ കണക്ക് തീർക്കാനുള്ള വേദിയായാണ് മാറ്റുന്നത്.

സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിനെ പരസ്യമായി എതിർക്കുന്ന സമീപനമാണ് രമേശ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിയായ രമേശ് പാർട്ടി വേദിയിലല്ല തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് സംസ്ഥാന പ്രസിഡന്റിനെ തള്ളിക്കളയുന്ന നിലപാട് സ്വീകരിച്ചത്. രമേശ് ഈ രീതിയിൽ നിലപാട് സ്വീകരിച്ചപ്പോൾ അതിനു സുരേന്ദ്രന് വിശദീകരണം നൽകേണ്ടി വന്നതും പൊതുവിൽ ബിജെപി സംഘടനാ സംവിധാനത്തിനു ക്ഷീണമായി. സ്പ്രിൻക്ലർ വലിയ രാഷ്ട്രീയ മൈലേജ് ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത്. പ്രശ്‌നം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത് പ്രതിപക്ഷ നേതാവായിരുന്നു. പരസ്പരം ഗ്രൂപ്പ് തിരിഞ്ഞു പോരാടിക്കൊണ്ടിരുന്ന കോൺഗ്രസ് ഒറ്റക്കെട്ടായി വർദ്ധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് സ്പ്രിൻക്ലർ വിഷയത്തിൽ കണ്ടത്. സിപിഎമ്മുമായി പ്രത്യേകിച്ച് പിണറായി വിജയനുമായി വലിയ അടുപ്പം പുലർത്തിയിരുന്ന കുഞ്ഞാലിക്കുട്ടി പോലും സ്പ്രിൻക്ലർ വിഷയത്തിൽ മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് വന്നു.

ലീഗിനുള്ളിലെ വിഭാഗീയതയാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് മാറ്റത്തിനു കാരണമായതെങ്കിലും ഫലത്തിൽ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി പിണറായിക്ക് എതിരായ നിലപാടുമായാണ് രംഗത്ത് വന്നത്. സ്പ്രിൻക്‌ളർ കാര്യത്തിൽ രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ല. ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ദുരിതാശ്വാസ ഫണ്ട് പ്രശ്‌നത്തിലും സ്പ്രിൻക്ലർ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന സമീപനവുമായി മുന്നോട്ടു പോയ കെ.എം.ഷാജിക്ക് ലീഗിനുള്ളിൽ ലഭിച്ച സ്വീകാര്യത കണ്ടതോടെയാണ് കുഞ്ഞാലിക്കുട്ടിയും സ്പ്രിൻക്ലർ ഇടപാടിൽ സിപിഎമ്മിനെതിരെ ശകതമായി രംഗത്ത് വന്നത്. എന്തായാലും കോൺഗ്രസിനെയും ലീഗിനേയും പൊതുവിൽ യുഡിഎഫിനേയും സ്പ്രിൻക്ലർ ഒരുമിപ്പിക്കുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. അപ്പോഴാണ് സ്പ്രിൻക്ലർ വലിയ പ്രശ്‌നമായി എടുത്ത് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിയിൽ ഇത് ഗ്രൂപ്പ് പോരുകൾക്കുള്ള ആയുധമായി മാറുന്നത്.

ലോക്ക് ഡൗൺ കാലത്ത് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് കെ.സുരേന്ദ്രൻ എത്തിയ കാര്യം വിവാദമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സുരേന്ദ്രനെ ന്യായീകരിച്ചാണ് സംസാരിച്ചത്. പ്രതിപക്ഷ പാർട്ടിയിലെ ഒരുന്നത നേതാവാണ് സുരേന്ദ്രൻ. അദ്ദേഹത്തിനു തിരുവനന്തപുരത്ത് വരേണ്ട കാര്യമുണ്ടാകും. പൊതുപ്രവർത്തകരെ ലോക്ക് ഡൗൺ കാലത്ത് ഇളവ് നൽകണം. ഈ രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നും വന്നത്. ആളിക്കത്തുമായിരുന്ന ലോക്ക് ഡൗൺ പ്രശ്‌നം മുഖ്യമന്ത്രിയുടെ ഒരു ഒരു പ്രതികരണത്തോടെ അപ്രത്യക്ഷമായി. സുരേന്ദ്രനെ വിമർശിച്ചു മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നുവെങ്കിൽ അത് സുരേന്ദ്രന് വലിയ ക്ഷീണമായി മാറുമായിരുന്നു. പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ഒരു സംസ്ഥാന അധ്യക്ഷൻ പ്രധാനമന്ത്രിയുടെ അനുശാസനം തന്നെ പരസ്യമായി തള്ളിക്കളഞ്ഞു എന്ന് വരുകയാണെങ്കിൽ അത് സുരേന്ദ്രനും കനത്ത തിരിച്ചടി സമ്മാനിക്കുകമായിരുന്നു. താനുമായി ബന്ധപ്പെട്ടു വരുന്ന വലിയ വിവാദത്തെ ഒരൊറ്റ പ്രതികരണം വഴി മുഖ്യമന്ത്രി നിഷ്പ്രഭമാക്കി. ഇത് സുരേന്ദ്രനേയും പ്രതിസന്ധിയിൽ ചാടിച്ചോ എന്ന സന്ദേഹമാണ് സുരേന്ദ്രന്റെ അടുത്ത പ്രതികരണം വഴി സൃഷ്ടിച്ചത്.

കൊറോണ കാലത്ത് പ്രശംസനീയമായ രീതിയിൽ കൊറോണ വ്യാപനത്തെ ചെറുക്കുന്ന പിണറായി സർക്കാരിനെ കാര്യമില്ലാതെ വിമർശിക്കുന്ന പ്രതിപക്ഷ സമീപനത്തെ രൂക്ഷമായ ഭാഷയിലാണ് തൊട്ടുപിന്നാലെ സുരേന്ദ്രൻ വിമർശിച്ചത്. രാവിലെ തന്നെ കുളിച്ച് കുറിയും തൊട്ട് വിമർശിക്കാൻ വരുന്ന പ്രതിപക്ഷം എന്ന സുരേന്ദ്രന്റെ വിമർശനം കേരളത്തിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും മറ്റു യൂത്ത് നേതാക്കളും സുരേന്ദ്രൻ ക്ഷമിക്കണം ഞങ്ങൾ സംസ്ഥാന സർക്കാരിനെ ഒന്ന് വിമർശിച്ചോട്ടെ എന്ന രീതിയിൽ പരിഹാസപരമായ പ്രതികരണങ്ങളുമായി രംഗത്ത് വരുകയും ചെയ്തു. കൊറോണ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിൽ പൊടുന്നനെ രൂപപ്പെട്ട ഈ ധാരണയെയാണ് ഗ്രൂപ്പ് പോരുകൾക്കുള്ള ആയുധമായി എം ടി.രമേശും എ.എൻ.രാധാകൃഷ്ണനും മാറ്റുന്നത്. അതുകൊണ്ട് തന്നെയാണ് സ്പ്രിൻക്ലർ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന പ്രസിഡന്റിനെ തിരുത്തി സിബിഐ അന്വേഷണം വേണമെന്നു എം ടി.രമേശ് ആവശ്യപ്പെട്ടത്. എന്തായാലും ബിജെപിയിൽ അണഞ്ഞു കിടക്കുന്ന ഗ്രൂപ്പ് പോരുകളാണ് സ്പ്രിൻക്ലർ വിഷയത്തിൽ വീണ്ടും പുകഞ്ഞുതുടങ്ങുന്നത്. കേന്ദ്ര ഭരണത്തിന്റെ തണലിൽ മുന്നോട്ടു പോകുമെന്ന് കരുതിയ ബിജെപിയിൽ വീണ്ടും വിഭാഗീയതയുടെ കനലുകൾ എരിയുമ്പോൾ നിരാശരാകുന്നത് ബിജെപിയിൽ പ്രതീക്ഷയർപ്പിച്ച് പ്രവർത്തിക്കുന്ന സാധാരണക്കാരായ അണികൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP