Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയിക്കാനല്ല' ശ്രീശാന്ത് പോരാടുന്നത് 'കളിക്കാൻ': ലക്ഷ്യം ബിസിസിഐ വിലക്ക് നീക്കൽ; ഐപിഎൽ അടുത്ത സീസണിൽ മടങ്ങിവരവിനും ശ്രമം; സ്ഥാനാർത്ഥിയായതിന് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന സമ്മാനം, ഉറപ്പ് നൽകിയത് മോദി

ജയിക്കാനല്ല' ശ്രീശാന്ത് പോരാടുന്നത് 'കളിക്കാൻ': ലക്ഷ്യം ബിസിസിഐ വിലക്ക് നീക്കൽ; ഐപിഎൽ അടുത്ത സീസണിൽ മടങ്ങിവരവിനും ശ്രമം; സ്ഥാനാർത്ഥിയായതിന് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന സമ്മാനം, ഉറപ്പ് നൽകിയത് മോദി

തിരുവനന്തപുരം : ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ക്രിക്കറ്റ് മോഹം തന്നെ. ഐപിഎൽ വാതുവയ്‌പ്പ് കേസിനെത്തുടർന്ന് ബിസിസിഐ തനിക്കേർപ്പെടുത്തിയ വിലക്കു നീക്കാൻ സഹായിക്കണമെന്ന ആവശ്യം നേടിയെടുത്തശേഷമാണ് ശ്രീശാന്ത് തെരഞ്ഞെടുപ്പ് ഗോദയിൽ അരങ്ങേറ്റം കുറിച്ചതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത്ഷാ എന്നിവരിൽനിന്നാണ് തന്റെ ക്രിക്കറ്റ് ജീവിതം സുരക്ഷിതമാക്കാനുള്ള ഉറപ്പ് ശ്രീശാന്ത് നേടിയെടുത്തത്.

തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകണം എന്നുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർത്ഥന തള്ളിക്കളഞ്ഞ് ശ്രീശാന്തിനെ അമിത്ഷായും നരേന്ദ്ര മോദിയും ഇടപെട്ട് ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ് തന്റെ ആഗ്രഹം ശ്രീശാന്ത് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ശ്രീയുടെ ആവശ്യം ഇരുവരും അംഗീകരിക്കുകയും അടുത്ത ഐപിഎല്ലിൽ അവസരമൊരുക്കാമെന്ന് സമ്മതിക്കുകയും ചെയ്തുവെന്നുമാണ് സൂചന.

ഐപിഎൽ വാതുവയ്‌പ്പ് കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു എന്ന് എല്ലാവരും വിധിയെഴുതിയിരുന്നു. കുറ്റവിമുക്തനാകും എന്ന് ഉറപ്പുണ്ടായിരുന്നിട്ടും ക്രിക്കറ്റിനോട് വിടപറഞ്ഞ് സിനിമയിലേക്ക് ചേക്കേറാനായിരുന്നു ശ്രീശാന്തിന്റെ തീരുമാനം. എന്നാൽ കഴിഞ്ഞവർഷം എസ് ശ്രീശാന്ത്, അജിത് ചാണ്ഡില, അങ്കിത് ചവാൻ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. അതിനുശേഷമാണ് തന്റെ ക്രിക്കറ്റ് മോഹം ശ്രീശാന്ത് വീണ്ടും പൊടിതട്ടിയെടുത്തത്. അതേസമയത്തുതന്നെ ബിജെപിയുടെ
സീറ്റ് വാഗ്ദാനവും ലഭിച്ചു. ക്രിക്കറ്റിലും സിനിമയിലുമായി തുടരാനായിരുന്നു ശ്രീയുടെ തീരുമാനം. തൃക്കാക്കര സീറ്റുമായി ചെന്ന ബിജെപി സംസ്ഥാന നേതാക്കളോട് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞ് ഒഴിവാകുകയും ചെയ്തു.

പക്ഷേ പിന്നാലെ ഡൽഹിയിൽനിന്ന് വിളിവന്നു. അടുത്ത ദിവസം ശ്രീശാന്ത് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി. കാത്തിരുന്നത് സാക്ഷാൽ നരേന്ദ്ര മോദിയും അമിത്ഷായും. ആദ്യ ഓഫർ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ അവസരം നൽകാമെന്നായിരുന്നു. അടുത്ത ഐപിഎല്ലിൽ ഏതെങ്കിലുമൊരു ടീമിൽ ഇടം നൽകാമെന്ന ഉറപ്പോടെയാണ് ശ്രീശാന്ത് തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയത്. ശ്രീശാന്തിന് ഇപ്പോൾ 32 വയസുണ്ട്. ബിസിസിഐ വിലക്ക് നീക്കിയാലും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഐപിഎൽ വാതുവെപ്പിന്റെ പേരിൽ നഷ്ടമായ തന്റെ നല്ലകാലം തിരിച്ചുപിടിക്കാനാകില്ലെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ, അതും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ സഹായത്തോടെ തന്നെ കുടുക്കിയവർക്ക് മറുപടി നൽകാനാണ് ശ്രീശാന്ത് ലക്ഷ്യമിടുന്നത്.

അതിനിടെ ശ്രീശാന്തിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരേ തിരുവനന്തപുരം മണ്ഡലത്തിൽ അമർഷം ശക്തമാകുന്നുണ്ട്. സെലിബ്രിറ്റി സ്ഥാനാർത്ഥിയായതുകൊണ്ട് മണ്ഡലത്തിൽ സ്ഥിരമായി എത്തുന്നില്ല എന്നാണ് പ്രവർത്തകരുടെ പരാതി. മാത്രമല്ല, തെരഞ്ഞെടുപ്പ് പര്യടനത്തിന് വിട നൽകി താൻ സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്ന് ഒരു ചാനലിനോട് ശ്രീശാന്ത് പറഞ്ഞതും പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP