Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് തുഷാർ വെള്ളാപ്പള്ളി; സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യം; നടപടി എസ്എൻഡിപി യോഗത്തെയും എസ്എൻ ട്രസ്റ്റിനെയും പാർട്ടിയെയും അവഹേളിച്ചതിനാലെന്നും വിശദീകരണം; താൻ ഇപ്പോഴും പാർട്ടി പ്രസിഡന്റ് തന്നെയെന്ന് സുഭാഷ് വാസു; ബിഡിജെഎസിൽ അധികാര തർക്കം അവസാനിക്കുന്നില്ല

സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് തുഷാർ വെള്ളാപ്പള്ളി; സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യം; നടപടി എസ്എൻഡിപി യോഗത്തെയും എസ്എൻ ട്രസ്റ്റിനെയും പാർട്ടിയെയും അവഹേളിച്ചതിനാലെന്നും വിശദീകരണം; താൻ ഇപ്പോഴും പാർട്ടി പ്രസിഡന്റ് തന്നെയെന്ന് സുഭാഷ് വാസു; ബിഡിജെഎസിൽ അധികാര തർക്കം അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്നാരോപിച്ച് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എസ്എൻഡിപി യോഗത്തെയും എസ്എൻ ട്രസ്റ്റിനെയും പാർട്ടിയെയും അവഹേളിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്നും തുഷാർ ആലപ്പുഴയിൽ പറഞ്ഞു. സുഭാഷ് വാസുവിന് പകരം പുതിയ രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

പാർട്ടിയുടെ തണലിൽ ലഭിച്ച സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് സുഭാഷ് വാസുവിനോട് ആവശ്യപ്പെടും. അതിന് തയാറാകുന്നില്ലെങ്കിൽ ബിഡിജെഎസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കും. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നും എസ്എൻഡിപി യൂണിയന്റെ പേരിലുള്ള കോടികൾ അദ്ദേഹം തട്ടിയെടുത്തുവെന്നും തുഷാർ ആരോപിച്ചു.

വ്യാജ രേഖ ചമച്ചാണ് സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയത്. കായംകുളം കട്ടച്ചിറ കോളേജിന്റെ പേരിൽ നടത്തിയത് വലിയ ക്രമക്കേടാണ്. വ്യാജ ഒപ്പിട്ട് ബാങ്കിൽ നൽകുകയായിരുന്നു. തനിക്ക് പോലും ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ കഴിയാത്ത അവസ്ഥയിലാക്കി. യൂണിയന്റെ പേരിലുള്ള ആശുപത്രി പണയം വച്ച് ലഭിച്ച പണം വീട്ടിൽക്കൊണ്ടുപോയ ആളാണ് സുഭാഷ് വാസു. വിദ്യാസാഗറിന്റെയും ഗോകുലം ഗോപാലന്റെയും മക്കൾ മരിച്ചതിൽ വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്ന ആരോപണം സത്യവിരുദ്ധമാണ്. മരിച്ചയാളുകളുടെ കുടുംബം പറയാത്ത ആരോപണങ്ങളാണ് സുഭാഷ് വാസു ഉന്നയിക്കുന്നതെന്നും തുഷാർ കുറ്റപ്പെടുത്തി.

പാർട്ടി പ്രസിഡന്റ് താനാണ് എന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണ് എന്നും തുഷാർ ചൂണ്ടിക്കാട്ടി. ആദ്യ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എന്നാണ് ഒപ്പിട്ടത്. ഏറ്റവും വലിയ തെറ്റാണ് സുഭാഷ് വാസുവിനെ പാർട്ടിയിൽ കൊണ്ടു വന്നത്. ബിജെപി കേന്ദ്രങ്ങളുടെ ഒരു പിന്തുണയും സുഭാഷ് വാസുവിന് ഇല്ല. അടുത്ത എൻഡിഎ യോഗത്തിൽ വച്ച് സുഭാഷ് വാസുവിനെ നേതൃത്വം തള്ളിപ്പറയും. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടി വന്ന ശേഷം അത് നടക്കും. സുഭാഷ് വാസുവിനെ ഒരാൾക്ക് പോലും അറിയില്ല. പുതിയ സ്‌പൈസസ് ബോർഡ് ചെയർമാനെ വൈകാതെ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

സെൻകുമാറും സുഭാഷ് വാസുവും വാർത്താസമ്മേളനം നടത്തിയത് ഗുണ്ടകളെ കൂട്ടിയാണ് എന്നും തുഷാർ ചൂണ്ടിക്കാട്ടി. എസ്എൻ ട്രസ്റ്റ് കോളേജുകളിൽ നിയമനത്തിന് പണം വാങ്ങുന്നു എന്നുള്ളത് പഴയ ആരോപണമാണ്. അതിന് ഒരടിസ്ഥാനവുമില്ല. എസ്എൻഡിപി യൂണിയനിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിൽ ഡിജിപിയായിരുന്നപ്പോൾ സെൻകുമാറിന് അന്വേഷണം നടത്താൻ പറ്റുമായിരുന്നില്ലെ എന്നും തുഷാർ വെള്ളാപ്പള്ളി ചോദിച്ചു. ടി.പി.സെൻകുമാർ മകന്റെ കല്യാണത്തിന് വേണ്ടി എസ്എൻഡിപി അംഗത്വം സ്വീകരിച്ചയാളാണ്. ഇയാൾ പറയുന്ന വിവരക്കേടുകൾക്കൊന്നും താൻ മറുപടി പറയുന്നില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ബിഡിജെഎസിൽ നിന്ന് തന്നെ പുറത്താക്കിയത് നിയമപരമായല്ലെന്ന് സുഭാഷ് വാസു പ്രതികരിച്ചു. ചട്ട പ്രകാരം താൻ ഇപ്പോഴും ബിഡിജെഎസ് പ്രസിഡന്റ് ആണ്. ഈ മാസം 27 നു താൻ പാർട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്. കമ്മിറ്റി യോഗത്തിൽ തുടർ നടപടി തീരുമാനിക്കുമെന്നും സുഭാഷ് വാസു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP