Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ അയ്യൻെ പേരിൽ... നമ്മുടെ അയ്യപ്പന്റെ പേരിൽ ഞാൻ വോട്ട് ചോദിക്കുന്നു.... മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുകാലു പോലും ബാക്കിയുണ്ടാവില്ല, കിരാത ഭരണക്കാരെ; കളക്ടർ അനുപമയുടെ ഉഗ്രകോപത്തിൽ സുരേഷ് ഗോപി പെട്ടുപോയത് ഈ പരാമർശം മൂലം; ഭഗവാൻ അയ്യപ്പന്റെ പേരിൽ മനപ്പൂർവ്വം വോട്ട് ചോദിച്ച സുരേഷ് ഗോപിക്കെതിരെ നിലപാട് കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും; തൃശൂരിനെ ഉഷാറാക്കി ശബരിമല പ്രചരണ വിവാദവും

എന്റെ അയ്യൻെ പേരിൽ... നമ്മുടെ അയ്യപ്പന്റെ പേരിൽ ഞാൻ വോട്ട് ചോദിക്കുന്നു.... മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുകാലു പോലും ബാക്കിയുണ്ടാവില്ല, കിരാത ഭരണക്കാരെ; കളക്ടർ അനുപമയുടെ ഉഗ്രകോപത്തിൽ സുരേഷ് ഗോപി പെട്ടുപോയത് ഈ പരാമർശം മൂലം; ഭഗവാൻ അയ്യപ്പന്റെ പേരിൽ മനപ്പൂർവ്വം വോട്ട് ചോദിച്ച സുരേഷ് ഗോപിക്കെതിരെ നിലപാട് കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും; തൃശൂരിനെ ഉഷാറാക്കി ശബരിമല പ്രചരണ വിവാദവും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയ്യപ്പന്റെ പേരിൽ വോട്ട് തേടിയതിനു തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഊരാക്കുടുക്കിൽ. തൃശൂരിലെ ജില്ലാ കളക്ടർ ടിവി അനുപമയാണ്. അതുകൊണ്ട് തന്നെ ജനപ്രാതിനിധ്യ നിയമത്തിലെ 23-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പിന്റെ ലംഘനം സൂപ്പർസ്റ്റാറിന് വിനയാണ്. മതത്തിന്റേയും ജാതിയുടേയും പ്രാദേശികതയുടേയും പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് കളക്ടർ കണ്ടെത്തുന്നത്. തന്റെ പരിധിയിൽ ഇതൊന്നും അനുവദിക്കില്ലെന്ന് ടിവി അനുപമ നിലപാട് എടുക്കുമ്പോൾ മറുപടി നൽകാൻ സുരേഷ് ഗോപി കുറച്ചൊന്നു വിയർക്കും. എന്തു പറഞ്ഞാലും വീഡിയോ തെളിവുകളെ എങ്ങനെ സുരേഷ് ഗോപി ഖണ്ഡിക്കുകയെന്നതാണ് ഉയരുന്ന ചോദ്യം. വിവാദത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കലക്ടർ ടി.വി.അനുപമ നിർദ്ദേശിച്ചിട്ടുണ്ട്.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ശബരിമലയുടെയും അയ്യപ്പന്റേയും പേരു പറഞ്ഞ് പ്രചരണം നടത്തിയതെന്നു കലക്ടറുടെ നോട്ടിസിൽ പറയുന്നു. 'അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. ശബരിമലയെ പ്രചാരണ ആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങൾ ചർച്ച ചെയ്യുന്നത് ഇതാണ്'- കൺവെൻഷനിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇതായിരുന്നു. ഇതിനൊപ്പം പല സ്ഥലത്തും വോട്ട് അഭ്യർത്ഥിക്കുമ്പോൾ സുരേഷ് ഗോപി അയ്യപ്പനേയും ശബരിമലയേയും ചർച്ചയാക്കുന്നുണ്ട്. ഇതും അനുപമയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിനിടെയാണ് എൻ ഡി എ കൺവെൻഷനിലെ വിവാദ വീഡിയോ കളക്ടർക്ക് കിട്ടിയത്. ശബരിമല തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ രാഷ്ട്രീയപാർട്ടികൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു.

അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദമായത്. തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളിക്ക് പകരമായാണ് രാജ്യസഭാ എംപി.യും നടനുമായ സുരേഷ് ഗോപി എൻ.ഡി.എ. സ്ഥാനാർത്ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ആദ്യം ബി.ഡി.ജെ.എസിന് നൽകിയെങ്കിലും അദ്ദേഹത്തെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയതോടെ ബിജെപി. സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സുരഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അനുപമ നിലപാട് കുടുപ്പിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സുരേഷ് ഗോപിക്ക് അയോഗ്യത വരാൻ സാധ്യതയുണ്ട്. പ്രത്യക്ഷത്തിൽത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ കൺവെൻഷന്റെ അവസാനം ഞാൻ ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കുന്നില്ല എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാകും സുരേഷ് ഗോപിയുടെ വിശദീകരണം എന്നാണ് സൂചന.

സിനിമയോട് താൽകാലിക വിട പറഞ്ഞ്് രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയ താരം ഇപ്പോൾ പഞ്ച് ഡയലോഗുകൾ കൊണ്ട് വിസ്മയം തീർക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണ വേദികളിലാണ്. രാഷ്ട്രീയത്തിലിറങ്ങുകയും രാജ്യസഭ എംപിയാവുകയും ചെയ്തതോടെ രാഷ്ട്രീയപരമായി അകൽച്ചകൾ സംഭവിച്ചെങ്കിലും എക്കാലത്തെയും ആക്ഷൻ ഹീറോ എന്ന നിലയിൽ സുരേഷ് ഗോപി മലയാളികളുടെ ഹൃദയത്തിൽ കുടിയിരുന്നു കഴിഞ്ഞു. അതിനുള്ള തെളിവായിരുന്നു അദ്ദേഹത്തിന്റെ തൃശ്ശൂരിലെ നാമനിർദ്ദേശ പത്രികാ സമർപ്പണം. ബിജെപി അനുഭാവികൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ ആരാധക വൃന്ദങ്ങളും അണിനിരന്നിരുന്നു.. പഞ്ച് ഡയലോഗ് പ്രസംഗങ്ങത്തിനായി കാതോർത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും സമൃദ്ധമായിരുന്നു. പക്ഷെ ഇത്തവണ സുരേഷ് ഗോപി പഞ്ച് ഡയലോഗിൽ പെട്ടു എന്നുതന്നെയാണ ്എതിർ പാർട്ടികൾ ആരോപിക്കുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെ നെടുനീളൻ പ്രസംഗം ഇങ്ങനെയായിരുന്നു.

എന്റെ അയ്യൻ നമ്മുടെ അയ്യൻ അതൊരു വികാരമെങ്കിൽ ഈ കിരാത സർക്കാരിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ ഭാരതത്തിലെ അയ്യപ്പഭക്തർ നൽകും മുട്ടുമടങ്ങി വീഴാൻ മുട്ടുകാലുണ്ടാവില്ല എന്ന് പഞ്ച് ഡയലോഗും..പ്രചരണ വേളയിൽ ശബരിമല ചർച്ചയാവേണ്ടത് ഓരോ വീടുകളിലും ഹിന്ദു വീടുകൾ മാത്രമല്ല ഏകമത വിശ്വാസങ്ങളുടേയും സംസ്‌കാരത്തിനു നേരെ ഓങ്ങിയ കഠാര തവിടുപൊടിയാക്കാൻ വിശ്വാസ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം ആഞ്ഞടിച്ചപ്പോൾ ശരണംവിളികളും കയ്യടികളുമായിരുന്നു മറുപടി. ജനപ്രാതിനിധ്യ നിയമത്തിലെ 23ാം വകുപ്പിലെ 3ാം ഉപവകുപ്പ് അനുസരിച്ച് മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ പ്രാദേശികതയുടെ പേരിലോ ഭാഷയുടെ പേരിലോ ഒക്കെ ആരെങ്കിലും വോട്ട് ചോദിച്ചാൽ അത് നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി വ്യാഖ്യാനിച്ചതിന്റെ ചുവട് പിടിച്ച് ആണ് ടീകാ റാം മീണ ഈ പ്രസ്താവന ഇറക്കിയത്.

ഇതിനുമുമ്പ് ഇസ്ലാം മത വിശ്വാസിയല്ലാത്തവർക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതാണ്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉയർന്ന ആരോപണങ്ങൾ അടക്കമാണ് നികേഷ് കുമാർ ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു അഴീക്കോട് മണ്ഡലം. എൽഡിഎഫ് സ്ഥാനാർത്ഥിയായ മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറും യൂത്ത് ലീഗ് നേതാവായ കെ.എം ഷാജിയും തമ്മിലുള്ള മത്സരം പ്രചാരണഘട്ടം മുതൽ ഏറെ ആവേശത്തിലുമായിരുന്നു. മുമ്പ് എൻഡിഎ ബാനറിൽ ജയിച്ച പിസി തോമസിനും ഇതേ കാരണത്താൽ അയോഗ്യത എത്തിയ ചരിത്രമുണ്ട്.

എന്റെ അയ്യൻ നമ്മുടെ അയ്യൻ....സുരേഷ് ഗോപിയുടെ പ്രസംഗമിങ്ങനെ

തൃശ്ശൂർ ലോക്‌സഭ മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്നലെ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. എക്കാലത്തേയും പ്രിയപ്പെട്ട ലീഡർ കെ കരുണാകരൻ ,നന്മയുള്ള കമ്മ്യൂണിസ്റ്റ്കാരൻ സഖാവ് ഇ.കെ നായനാർ അവശേഷിക്കുന്നഏക കമ്മ്യൂണിസ്റ്റുകാർ പാദാരവിന്ദങ്ങളിലും തൊട്ട് നമസ്‌കരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നമസ്‌കരിച്ച്‌കൊണ്ട്... അമിത്ഷാ, വാജ്‌പേയ്, അദ്വാനി, മുരളീ മനോഹർ തുടങ്ങി ഭരണനട്ടെല്ലിന് ശക്തിപകർന്നവരുടേയെല്ലാം പാദങ്ങളിൽ നമസ്‌കരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങുന്നത്.

പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ: എന്റെ അയ്യൻ നമ്മുടെ അയ്യൻ ആ വികാരമാണെങ്കിൽ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ ഭാരതത്തില അയ്യന്റെ ഭക്തർ അലയടിപ്പിക്കും മുട്ടുമടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുകാലുണ്ടാവില്ല.. അത്തരത്തിൽ ചർച്ചയാവും. പ്രചരണ വേളയിൽ ഞാൻ ചർച്ചയാക്കില്ല. ചർച്ച നടക്കുന്നത് വീടുകളിലാണ് അത് ഹിന്ദു വീടുകളിൽ മാത്രമല്ല. എല്ലാ മതങ്ങളുടേയും വിശ്വാസ സംസ്‌കാരത്തിന് നേരെ ഓങ്ങിയ കഠാര തവിടുപൊടിയാക്കാൻ വിശ്വാസ സമൂഹമാണ് മുന്നോട്ട് വരാൻ പോകുന്നത്. വികാരങ്ങളുടെയും മുന്നിൽ വലിയ കയ്യടിയോടെയും ശരണവിളികളോടെയുമാണ് പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗം സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP