Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുവിക്കരയോട് നോ പറഞ്ഞ് സുരേഷ് ഗോപി; എന്തിനും തയ്യാറായി വിജയകുമാർ; മറുപടി പറയാതെ ടീച്ചറും; സഹതാപത്തിൽ ജയിക്കാൻ കോൺഗ്രസ്; അഴിമതിയും രാഷ്ട്രീയവും ഉർത്തി വോട്ട് പിടിക്കാൻ സിപിഐ(എം); ത്രികോണത്തിന്റെ ചൂടിൽ വോട്ട് കൂട്ടാൻ ബിജെപിയും; അരുവിക്കരയിലേക്ക് തന്ത്രങ്ങൾ തയ്യാർ; ആരാകും സ്ഥാനാർത്ഥികൾ?

അരുവിക്കരയോട് നോ പറഞ്ഞ് സുരേഷ് ഗോപി; എന്തിനും തയ്യാറായി വിജയകുമാർ; മറുപടി പറയാതെ ടീച്ചറും; സഹതാപത്തിൽ ജയിക്കാൻ കോൺഗ്രസ്; അഴിമതിയും രാഷ്ട്രീയവും ഉർത്തി വോട്ട് പിടിക്കാൻ സിപിഐ(എം); ത്രികോണത്തിന്റെ ചൂടിൽ വോട്ട് കൂട്ടാൻ ബിജെപിയും; അരുവിക്കരയിലേക്ക് തന്ത്രങ്ങൾ തയ്യാർ; ആരാകും സ്ഥാനാർത്ഥികൾ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഗ്ലാമർ താരമാകാൻ സുരേഷ് ഗോപിയെത്തില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി ബിജെപി നേതാക്കളെ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 7000 വോട്ട് മാത്രം നേടിയ മണ്ഡലത്തിൽ ഭാഗ്യപരീക്ഷണത്തിനില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. അരുവിക്കരയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി എം വിജയകുമാർ തന്നെ എത്തുമെന്നാണ് സൂചന. വിജയകുമാറും മത്സരത്തിന് തയ്യാറാണെന്ന് നേതൃത്വത്തോട് വ്യക്തമാക്കി കഴിഞ്ഞു. സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തിലൂടെ ഒഴിവ് വന്ന അരുവിക്കരയിൽ അദ്ദേഹത്തിന്റെ ഭാര്യ എം ടി സുലേഖയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന് താൽപ്പര്യം. എന്നാൽ മത്സര കാര്യത്തിൽ സുലേഖ മനസ്സ് തുറന്നിട്ടില്ല. നോ പറയാത്ത സാഹചര്യത്തിൽ സുലേഖ തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചാണ് കെപിസിസിയുടെ നീക്കം.

അരുവിക്കരിയിൽ സുരേഷ് ഗോപിയെ നിറുത്തി മത്സരം കടുപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുരേഷ് ഗോപിക്കുള്ള അടുപ്പം രാഷ്ട്രീയ നേട്ടമാക്കി മാറ്റാനായിരുന്നു നീക്കം. എന്നാൽ സുരേഷ് ഗോപിയുമായി സംസാരിച്ച സംസ്ഥാന നേതാക്കളോട് അരുവിക്കരയിലെ ബിജെപിയുടെ ജയസാധ്യതകളിൽ സുരേഷ് ഗോപി സംശയം പ്രകടിപ്പിച്ചു. ബിജെപി ടിക്കറ്റിൽ ഉചിതമായ സ്ഥലത്ത് ഉചിതമായ സമയത്ത് താൻ മത്സരിക്കുമെന്ന സൂചനയാണ് സുരേഷ് ഗോപി നൽകിയത്. തൽക്കാലം അത് അരുവിക്കരയിൽ വേണ്ടെന്നും വിശദീകരിച്ചു. ഉടൻ പാർട്ടി അംഗത്വം സ്വീകരിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇതോടെ ത്രികോണ മത്സരത്തിലൂടെ നേട്ടമുണ്ടാക്കാൻ കഴിയുന്ന മറ്റ് പേരുകളിലേക്ക് ബിജെപി അന്വേഷണം തുടങ്ങി. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ മുന്നേറുന്ന കെ സുരേന്ദ്രനെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ഒരു വിഭാഗം പ്രവർത്തകരിലുണ്ട്. എതായാലും വോട്ട് പിടിക്കാൻ സുരേഷ് ഗോപിയെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നീക്കങ്ങൾ.

എന്നാൽ മോദിയുടേയും അമിത് ഷായുടേയും സമ്മർദ്ദത്തിലൂടെ സുരേഷ് ഗോപിയെ അരുവിക്കരയിൽ മത്സരിപ്പിക്കാൻ ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ അയ്യായിരത്തിൽ നിന്ന് രാജഗോപാലിനെ നിറുത്തി വോട്ട് മുപ്പതിനായിരമാക്കി. നിലവിലെ സാഹചര്യത്തിൽ അരുവിക്കരയിൽ സുരേഷ് ഗോപിയെത്തിയാൽ അൽഭുതമുണ്ടാകുമെന്ന് കരുതുന്നവരും ഏറെയുണ്ട്. ആ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതരുടെ നീക്കങ്ങൾ. മോദി പറഞ്ഞാൽ താൻ അനുസരിക്കുമെന്ന് പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ അവസാന നിമിഷം വരെ ശ്രമിക്കണമെന്ന അഭിപ്രായം ബിജെപിയിൽ സജീവമാണ്.

കെപിസിസി അധ്യക്ഷൻ വി എം സുധീരനാണ് കാർത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കാൻ ഈ ഘട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കാർത്തികേയന്റെ സാധ്യതകൾ വെട്ടിയാണ് സുധീരൻ എത്തിയത്. മന്ത്രിയാകണമെന്നും കാർത്തികേയൻ ആഗ്രഹിച്ചു. അതും നടന്നില്ല. ഈ സാഹചര്യത്തിൽ കാർത്തികേയനോട് നീതികാട്ടാൻ സുലേഖയെ സ്ഥാനാർത്ഥിയാക്കിയേ മതിയാകൂ എന്നാണ് സുധീരന്റെ നിലപാട്. കാർത്തികേയന്റെ അടുത്ത അനുയായി ആയി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സുലേഖ ടീച്ചറെ സ്ഥാനാർത്ഥിയാക്കണമെന്ന് പറയുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ പക്ഷക്കാരൻ. മൂന്നു പേരും ഒന്നിച്ചു പോയി സ്ഥാനാർത്ഥിയാകണമെന്ന് സുലേഖയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർ ഇതുവരെ ഒന്നും പറഞ്ഞില്ല. രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് എതിരാണെന്ന് സുലേഖയ്ക്ക് അറിയാം. ഈ സാഹചര്യത്തിൽ മത്സരിക്കണമോ എന്ന് പലവട്ടം ചന്തിക്കുകയാണ് ഈ മുൻ കോളേജ് അദ്ധ്യാപിക.

എന്നാൽ സുലേഖ തന്നെയാകും സ്ഥാനാർത്ഥിയെന്ന നിലയിലാണ് അരുവിക്കരയിൽ കോൺഗ്രസ് കാര്യങ്ങൾ നീക്കുന്നത്. അരുവിക്കര സീറ്റ് അർഹതപ്പെട്ട കോൺഗ്രസുകാരിൽ പ്രധാനിയായ മോഹൻകുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കി. മോഹൻകുമാറിന്റെ ഒഴിവിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കി കരകുളം കൃഷ്ണപിള്ളയേയും മാറ്റി. കരകുളവും അരുവിക്കര സീറ്റിൽ കണ്ണുവച്ചിരുന്ന നേതാവാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രമുഖർ ആരും അരുവിക്കരയിൽ അവകാശവാദം ഉന്നയിക്കില്ല. മണക്കാട് സുരേഷ്, അൻസജിതാ റസലും സീറ്റ് മോഹിച്ച് പോസ്റ്റർ പ്രചരണം നടത്തിയെങ്കിലും രണ്ടു പേർക്കും സീറ്റ് നൽകില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാർത്തികേയന്റെ സ്മരണ നിർത്താൻ സുലേഖയാണ് നല്ലതെന്നാണ് അഭിപ്രായം.

സുലേഖയ്ക്ക് രാഷ്ട്രീയ പരിചയമില്ലെന്ന് പറയാനാകില്ല. കഴിഞ്ഞ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സുലേഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി മത്സരിപ്പിക്കാൻ പോലും ആലോചിച്ചിരുന്നു. എന്നാൽ കാർത്തികേയനാണ് അത് അന്ന് തടഞ്ഞത്. തലസ്ഥാനത്തെ പ്രമുഖ അദ്ധ്യാപികയായി അറിയപ്പെടുന്ന സുലേഖയ്ക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ അവർ നിലപാട് വിശദീകരിക്കാത്തതിൽ ചെറിയ അങ്കലാപ്പുമുണ്ട്. എകെആന്റണിയെ കൊണ്ട് സുലേഖയെ സമ്മതിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ ആന്റണി എത്തുമെന്നും വ്യക്തമാക്കും. ആന്റണിയുടെ ഗ്ലാമറിൽ രാഷ്ട്രീയ പ്രതികൂലാവസ്ഥ മറികടക്കും. സഹതാപം കൂടിയാകുമ്പോൾ ജയിക്കുകയും ചെയ്യാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.

സിപിഎമ്മിന് അരുവിക്കര ജയിച്ചേ പറ്റൂ. സോളാറും ബാർ കോഴയുമുണ്ടാക്കിയ രാഷ്ട്രീയ അനുകൂലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്തണം. ഇതിന് എം വിജയകുമാറിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനാണ് നീക്കം. എന്നാൽ പുതുമുഖത്തെ ഇറക്കി അരുവിക്കര പിടിക്കണമെന്ന അഭിപ്രായം സജീവമാണ്. വികെ മധു, ഐബി സതീഷ് തുടങ്ങിയ പേരുകൾ പരിഗണിക്കുന്നു. യുവത്വത്തിന് മുൻഗണന നൽകാൻ തീരുമാനിച്ചാൽ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറിയായ ഐബി സതീഷ് സ്ഥാനാർത്ഥിയാകാനും സാധ്യത ഏറെയാണ്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കാനാണ് സിപിഐ(എം) സംസ്ഥാന സമിതിയുടെ തീരുമാനം. ആർ ബാലകൃഷ്ണ പിള്ളയുടേയും പിസി ജോർജിന്റെയും യുഡിഎഫിനെതിരായ ആരോപണങ്ങളുടെ ചൂടിൽ സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കി ജയിച്ച് കയറാമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP