വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച മോദിയെ ഒടുവിൽ സുരേഷ് ഗോപി മുൾമുനയിൽ നിർത്തി നേടിയെടുത്തു; നിയമസഭാ സ്ഥാനാർത്ഥിയാകാൻ വിസമ്മതിച്ചത് വഴിത്തിരിവായി; അക്കൗണ്ട് തുറക്കാൻ ഗോപിയുടെ പ്രാധാന്യത്തിന് കഴിയുമെന്ന് അമിത് ഷായുടെ വിശ്വാസം; ഇനി ആവേശത്തോടെ നടൻ പ്രചരണത്തിന് ഇറങ്ങും
April 21, 2016 | 07:08 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രധാനമന്ത്രിയാകും മുമ്പേ നരേന്ദ്ര മോദിയെ അംഗീകരിച്ച കലാകാരനാണ് സുരേഷ് ഗോപി. മോദി പ്രധാനമന്ത്രിയാകേണ്ടത് ആവശ്യമാണെന്ന് നിലപാട് എടുത്ത നടൻ. പ്രധാനമന്ത്രിയായ ശേഷവും മോദിയെ പ്രകീർത്തിച്ച് രംഗത്ത് നിറഞ്ഞു. ഇതിനിടെയിൽ ഡൽഹി യാത്ര. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹം. മോദി ചിലത് സമ്മതിച്ചതായി സുരേഷ് ഗോപിയും സ്ഥിരീകരിച്ചു. ഇതോടെ രാജ്യസഭയിലേക്ക് നടൻ എത്തുമെന്ന അഭ്യൂഹമായി. എന്നാൽ ഒന്നും നടന്നില്ല. പിന്നാലെ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാകുമെന്ന സൂചനയെത്തി. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി സൂചന നൽകിയതായി സുരേഷ് ഗോപിയും പറഞ്ഞതോടെ എല്ലാം എല്ലാവരും ഉറപ്പിച്ചു. എന്നാൽ ഒരു പദവിയും സുരേഷ് ഗോപിക്ക് മോദി സർക്കാർ നൽകിയില്ല.
ഇതോടെ പതുകെ സുരേഷ് ഗോപി ബിജെപി ക്യാമ്പിൽ നിന്ന് അകന്നു. തന്നെ ബിജെപി പറഞ്ഞു പറ്റിച്ചതായുള്ള പരിഭവം ആർഎസ്എസ് നേതാക്കളോട് സുരേഷ് ഗോപി പറഞ്ഞതായും സൂചനകളെത്തി. എങ്കിലും ബിജെപി പക്ഷത്ത് നിന്ന് മാറിയില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ കരുക്കൾ നീക്കി. എന്നാൽ മത്സരത്തിനില്ലെന്ന് നടൻ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ കേരളം ഉടനീളം നടന്ന് ബിജെപിയുടെ പരിപാടികളുടെ മുഖ്യ ആകർഷണമായി. ഇത് അമിത് ഷായും അറിഞ്ഞു. സുരേഷ് ഗോപിയെ പറഞ്ഞു പറ്റിച്ചെന്ന പ്രചരണം നടന്നാൽ അത് ബിജെപിയുടെ മോഹങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിവുമെത്തി. ഇതോടെ പ്രധാനമന്ത്രിയും കണ്ണു തുറന്നു. സുരേഷ് ഗോപി ആഗ്രഹിച്ചത് തന്നെ നൽകി. രാജ്യസഭാ എംപി സ്ഥാനം. ഇനി കേന്ദ്ര മന്ത്രി പദവിയിലേക്കും സുരേഷ് ഗോപിക്ക് എത്താം.
ബിജെപി കേരളത്തിൽ മികവ് കാട്ടിയാൽ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുമെന്നാണ് സൂചന. ഇതും അമിത് ഷായുമായി നരേന്ദ്ര മോദി ചർച്ച ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം ഉടച്ചു വാർക്കും. ഗ്ലാമർ മുഖങ്ങളിലേക്ക് ബിജെപിയുടെ നേതൃത്വം മാറിയാൽ കേരളത്തിലും പച്ച പിടിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇനി മോദി കഴിഞ്ഞാൽ ബിജെപിയുടെ കേരളത്തിലെ പ്രധാന മുഖമായി സുരേഷ് ഗോപി മാറും. കലാകാരനെന്ന നിലയിലാണ് രാജ്യസഭയിൽ എത്തുന്നതെങ്കിലും പാർട്ടി അംഗത്വവും സുരേഷ് ഗോപി ഉടനെടുക്കുമെന്നാണ് സൂചന. സംസ്ഥാന നേതാക്കളിൽ പ്രസിഡന്റ് കുമ്മനം രാജശേഖരനോട് മാത്രമാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ നോമിനേഷനെ കുറിച്ച് മോദി സംസാരിച്ചത്. അതീവ രഹസ്യമായി കാര്യങ്ങൾ നീങ്ങണമെന്ന് അമിത് ഷായും കുമ്മനത്തോട് പറഞ്ഞു. അങ്ങനെ സുരേഷ് ഗോപി രാജ്യസഭാ അംഗമാവുകയാണ്.
സുരേഷ് ഗോപിയെ രാജ്യാസഭാംഗമായി നാമനിർദ്ദേശം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിപാർശ നൽകിയത്. രാഷ്ട്രപതിയുടെ അംഗീകാരം ഉടനുണ്ടാകുമെന്നാണ് സൂചന. കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണു സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം നൽകുന്നത്. ബിജെപി. കേന്ദ്രങ്ങളിൽനിന്നുള്ള അറിയിപ്പിനെത്തുടർന്നു ദുബായ് യാത്ര മാറ്റിവച്ച് സുരേഷ്‌ഗോപി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രണ്ടുദിവസം മുമ്പ് ഡൽഹിയിലെത്തിയ സുരേഷ് ഗോപി ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാമനിർദ്ദേശം കേരളത്തിന് പ്രധാനമന്ത്രിയുടെ സമ്മാനമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാൽ ഇതേക്കുറിച്ചുള്ള പ്രതികരണം തീരുമാനം വന്നശേഷം ആകാമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ഇനിയും നടപടി ക്രമങ്ങൾ പൂർത്തിയാകാനുണ്ട്. അതെല്ലാം ഉടൻ നടക്കുമെന്നാണ് സൂചന.
കേരളത്തെ പ്രധാനമന്ത്രി പ്രത്യേകമായി പരിഗണിക്കുന്നുണ്ടെന്ന സന്ദേശമാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ നോമിനേഷനിലൂടെ നൽകുന്നത്. വാജ്‌പേയ് സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ മധ്യപ്രദേശിൽ നിന്ന് രാജഗോപാലിനെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കിയിരുന്നു. ബിജെപിയുടെ വളർച്ചയിൽ അതിനിർണ്ണായകമായി ഇതിനെ പാർട്ടി വിലയിരുത്തുന്നു. ഇതേ മാതൃകയാണ് സുരേഷ് ഗോപിയിലും നടപ്പാക്കുക. കലാകാരനായതിനാൽ രാജ്യസഭയിലേക്ക് സുരേഷ് ഗോപിക്ക് മത്സരിക്കേണ്ടിയും വന്നില്ല. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് സുരേഷ് ഗോപിയെ നാമനിർദ്ദേശം ചെയ്തത്.
പുറ്റിങ്ങൽ ദുരന്തം നടന്നയുടൻ പ്രധാനമന്ത്രി കേരളത്തിലെത്തിയുരുന്നു. ഇതോടെ വലിയ മുൻതൂക്കം ബിജെപിക്ക് തെരഞ്ഞെടുപ്പിലുണ്ടായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് സ്ഥാനം നൽകി ചർച്ചകൾ കൂടുതൽ അനുകൂലമാക്കാനുള്ള തീരുമാനം.
