Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇങ്ങനെ പോയാൽ എങ്ങനെ പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ഉമ്മൻ ചാണ്ടി; കേരള കോൺഗ്രസിന് കുറച്ച് നേരത്തെ സീറ്റ് നൽകിയെന്ന് ചിന്തിച്ചാൽ പ്രതിഷേധം മാറുമെന്ന് സാന്ത്വനിപ്പിച്ച് ചെന്നിത്തല; നിങ്ങൾക്ക് എന്നോട് ഇത്രയും സ്‌നേഹം ബാക്കിയുണ്ടല്ലോ എന്ന് തമാശ പൊട്ടിച്ച് ലോട്ടറി അടിച്ച സന്തോഷത്തോടെ മാണി; സീറ്റ് അടിയറവ് വച്ചതിൽ മുഖം കറുപ്പിച്ച് ഇറങ്ങിപ്പോകുന്ന സുധീരൻ; കന്റോൺമെന്റ് ഹൗസിലെ രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ

ഇങ്ങനെ പോയാൽ എങ്ങനെ പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ഉമ്മൻ ചാണ്ടി; കേരള കോൺഗ്രസിന് കുറച്ച് നേരത്തെ സീറ്റ് നൽകിയെന്ന് ചിന്തിച്ചാൽ പ്രതിഷേധം മാറുമെന്ന് സാന്ത്വനിപ്പിച്ച് ചെന്നിത്തല; നിങ്ങൾക്ക് എന്നോട് ഇത്രയും സ്‌നേഹം ബാക്കിയുണ്ടല്ലോ എന്ന് തമാശ പൊട്ടിച്ച് ലോട്ടറി അടിച്ച സന്തോഷത്തോടെ മാണി; സീറ്റ് അടിയറവ് വച്ചതിൽ മുഖം കറുപ്പിച്ച് ഇറങ്ങിപ്പോകുന്ന സുധീരൻ; കന്റോൺമെന്റ് ഹൗസിലെ രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: പുറത്ത് പ്രവർത്തകർ തന്നെ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയുടെ യോഗത്തിനെതിരെ പ്രതിഷേധം നടത്തുന്നു. അകത്തും പുറമേയും സമൂഹ മാധ്യമങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ യുഡിഎഫ് യോഗം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. യോഗം ആരംഭിച്ചതിന് പിന്നാലെ രാജ്യ സഭാ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകി അവരെ യുഡിഎഫിലേക്ക് സ്വീകരിക്കാൻ ധാരണയായപ്പോൾ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിച്ച് ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയായ വി എം സുധീരൻ .യോഗം ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു. പിന്നാലെ വന്ന കെഎം മാണി ഒന്നും മിണ്ടാതെ കാറിൽ കയറി തിരികെ പോകുന്നു.ഇന്ന് ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യോഗത്തിന്റെ മൊത്തം ചിത്രം ഇങ്ങനെയായിരുന്നു.

സാധാരണഗതിയിൽ യുഡിഎഫ് യോഗം കഴിഞ്ഞാൽ കക്ഷി നേതാക്കൾ ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നതാണ് പതിവ്. എന്നാൽ ഇന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായിട്ടാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. യുഡിഎഫ് യോഗത്തിന് കെഎം മാണി എത്തുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി കന്റോൺമെന്റ് ഹൗസിലെത്തി. രാവിലെ കെപിസിസി ഓഫിസ് പരിസരത്തും ഇവർ പ്രതിഷേിച്ചിരുന്നു. ഇന്നലെ മുതൽ വ്യാപകമായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും നിരവധി കെപിസിസി സെക്രട്ടറിമാർ രാജിവെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചയ്ക്ക് നടന്ന യുഡിഎഫ് യോഗത്തിൽ പിജെ ജോസഫിനും ജോസ്.കെ മാണിക്കും ഒപ്പമാണ് കെഎം മാണി എത്തിയത്. എല്ലാവരുടേയും കാത്തിരിപ്പ് മാണിയെ തന്നെയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം യുഡിഎഫ് യോഗത്തിന് എത്തിയ മാണിയെ സന്തോഷത്തോടെയാണ് നേതാക്കൾ സ്വീകരിച്ചത്. അകതെത്തിയ മാണി നിങ്ങൾക്ക് എന്നോട് ഇത്രയും സ്നേഹം ബാക്കിയുണ്ടല്ലോ എന്ന തമാശ പറഞ്ഞാണ് പ്രവേശിച്ചത്. ഈ സമയത്ത് പുറത്ത് തടിച്ച് കൂടിയ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി പോവുകയും ചെയ്തിരുന്നു.

കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകാൻ ധാരണയായതിന് പിന്നാലെ വി എം സുധീരൻ തന്റെ എതിർപ്പ് പ്രകടമാക്കി പുറത്തേക്ക് വന്നു. പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരോട് താൻ മാറി നിൽക്കാൻ തീരുമാനിച്ച വിവരം സുധീരൻ വെളിപ്പെടുത്തുകയും ചെയ്തു. ഇതൊന്നും പാർട്ടി പ്രവർത്തകർക്ക് ദഹിക്കില്ലെന്നും അവരുടെ മനോവീര്യത്തെ തകർക്കുന്നതാണെന്നും പ്രസ്താവനയിൽ സുധീരൻ വ്യക്തമാക്കി. ഇതിൽ തനിക്ക് നിലവിലുള്ള എല്ലാ വിയോജിപ്പുകളും വ്യക്തമാക്കിയെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നാലെയാണ് കെഎം മാണി പുറത്തേക്ക് വന്നത്. എന്നാൽ വൻ മാധ്യമപടയെ കണക്കിലെടുക്കാതെ നേരേ വാഹനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.പിന്നീടാണ് ഉമ്മൻ ചാണ്ടി പുറത്തേക്ക് വന്നത്. മാധ്യമപ്രവർത്തകരെ കണ്ട ശേഷമാണ് അദ്ദേഹം പുറത്തേക്ക് പോയത്.മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് ഇത്തരമൊരു വിട്ടുവീഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.മാണിക്ക് സീറ്റ് നൽകുന്നതിലൂടെ മുന്നണി കൂടുതൽ ശക്തപ്പെടുമെന്നും കേരളത്തിൽ അധികാരം തിരിച്ച് പിടിക്കാൻ കഴിയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്രയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ വീണ്ടും അധികാരത്തിലേക്ക് മടങ്ങി വരാൻ കഴിയും എന്ന് തന്നെയാണോ താങ്കൾ കരുതുന്നത് എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് മറുപടിയില്ലായിരുന്നു.

പിജെ കുര്യൻ തനിക്കെതിരെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴും ഉമ്മൻ ചാണ്ടി ഒഴിഞ്ഞ് മാറുകയായിരുന്നു.കേരള കോൺഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നൽകിയത്. കാര്യങ്ങൾ മനസിലാക്കാത്തതിനാലാണ് വിമർശനങ്ങൾ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ് വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുതിർന്ന നേതാവ് പി ജെ കുര്യൻ ഉന്നയിച്ച ആരോപണങ്ങളെയും ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞു. പിജെ കുര്യൻ തനിക്കെതിരെ പറഞ്ഞത് കാര്യങ്ങൾ മനസിലാക്കാതെയെന്നായിരുന്നു പ്രതികരണം. പിജെ കുര്യനെതിരെ താൻ പരാതി പറയുകയാണെങ്കിൽ പറയേണ്ടത് കോൺഗ്രസ് പ്രസിഡന്റിനോടാണ്. കുര്യന് കോൺഗ്രസ് പ്രസിഡന്റിനോട് അന്വേഷിക്കാം താൻ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന്. അങ്ങനെ പരാതി പറയുന്നത് തന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടത്.കോൺഗ്രസ് സീറ്റ് ഘടകകക്ഷിക്ക് നൽകുന്നത് ആദ്യ സംഭവമല്ലെന്നും. തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് ബലി കൊടുത്തിട്ടില്ല.ജനങൾ ആഗ്രഹിക്കുന്ന തീരുമാനമാണിത്. സുധീരന്റെ കാലത്ത് ഏതു കമ്മിറ്റിയാണ് കൂടി തീരുമാനമെടുത്തത് ? ഞങ്ങൾ 3 പേർ ചേർന്ന് ഒപ്പിട്ടായിരുന്നു പല കാര്യങ്ങളും അന്ന് തീരുമാനമെടുത്തത്. അന്നൊന്നും ഒരു കമ്മിറ്റിയും ചേർന്നിട്ടില്ല. കുര്യൻ സാറിന് ഏത് സ്ഥാനം കിട്ടിയാലും ആദ്യം സന്തോഷിക്കുന്ന ആളാണ് ഞാൻ. 2021 ൽ കിട്ടേണ്ടത് കേരള കോൺഗ്രസ് എമ്മിന് കുറച്ച് നേരത്തെ നൽകിയെന്ന് വിചാരിച്ചാൽ മതി. അങ്ങനെ ചിന്തിച്ചാൽ പ്രതിഷേധം മാറും എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP