Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണോ വേണ്ടയോ എന്ന് റിട്ടേണിങ് ഓഫീസർക്ക് തീരുമാനിക്കാം എന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ; അവകാശവാദം ഉന്നയിക്കാനാകുക പാർട്ടി ഭാരവാഹികൾക്ക്; തീരുമാനം നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം എന്നും ടിക്കാറാം മീണ

രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണോ വേണ്ടയോ എന്ന് റിട്ടേണിങ് ഓഫീസർക്ക് തീരുമാനിക്കാം എന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ; അവകാശവാദം ഉന്നയിക്കാനാകുക പാർട്ടി ഭാരവാഹികൾക്ക്; തീരുമാനം നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം എന്നും ടിക്കാറാം മീണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടില ചിഹ്നത്തിനായുള്ള കേരള കോൺഗ്രസ് എമ്മിലെ തർക്കത്തിനിടെ തീരുമാനം റിട്ടേണിങ് ഓഫീസർക്ക് വിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്ന തർക്കത്തിൽ റിട്ടേണിങ് ഓഫീസർക്ക് തീരുമാനമെടുക്കാമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. നാമനിർദേശപത്രികയുടെ പരിശോധന കഴിഞ്ഞ ശേഷമാകും തീരുമാനമുണ്ടാകുക. അവകാശവാദം ഉന്നയിക്കാൻ അധികാരം പാർട്ടി ഭാരവാഹികൾക്ക് മാത്രമായിരിക്കും. റിട്ടേണിങ് ഓഫീസർക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം ഇടപെടുമെന്നും മീണ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വം ഇടപെട്ടിട്ടും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകില്ലെന്ന നിലപാടിലാണ് പി.ജെ.ജോസഫ്. കേരള കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മാത്രമാണ് ജോസ് ടോമെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു. എന്നാൽ ജോസ് ടോം സ്വതന്ത്ര സ്ഥാനാർത്ഥിയല്ലെന്നും കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ചിഹ്നം വേണ്ടെന്ന് പറഞ്ഞയാൾക്ക് എന്തിന് ചിഹ്നം കൊടുക്കണമെന്ന ചോദ്യമാണ് ജോസഫ് ഉന്നയിക്കുന്നത്. ഒരുപടി കടന്ന് ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ലെന്നും പറഞ്ഞു പി.ജെ.ജോസഫ്. പിന്നാലെ കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് പക്ഷേ ജോസഫിന്റെ നിലപാട് തള്ളി. ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെയെന്നും രണ്ടില ചിഹ്നം ജോസിന് കിട്ടുന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചിഹ്നത്തെ ചൊല്ലി ആശയക്കുഴപ്പമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതായിരുന്നു കെ പി സി സി പ്രസിഡന്റിന്റെയും , യു ഡി എഫ് കൺവീനറുടെയും പ്രസ്താവനകൾ. ചിഹ്നത്തിന്റെ കാര്യത്തിലെ തീരുമാനം യു ഡി എഫിന്റേതെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.

എന്നാൽ, രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രതികരണം. വിജയിക്കാൻ പി.ജെ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. കെ.എം മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താൻ അത് അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചിഹ്നം ജോസഫിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ജോസ് ടോം പറഞ്ഞിരുന്നു. ചിഹ്നം ആവശ്യമില്ലെങ്കിൽ ചിഹ്നം നൽകുന്നത് സംബന്ധിച്ച് ചർച്ചകളുടെ ആവശ്യമില്ലെന്ന് ജോസഫും പ്രതികരിച്ചിരുന്നു.

പത്രികാ സമർപ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നിരിക്കെ ചിഹ്നത്തിന്റെ കാര്യത്തിൽ ജോസഫിൽ നിന്നൊരു അനുകൂല നിലപാട് ഇനി യുഡിഎഫ് നേതാക്കൾ പ്രതീക്ഷിക്കുന്നില്ല. അതു കൊണ്ടു തന്നെ രണ്ടിലയ്ക്കു പകരം മറ്റാരു ചിഹ്നത്തെ കുറിച്ചുള്ള ആലോചനകൾ ഐക്യമുന്നണി നേതൃത്വം തുടങ്ങുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP