Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിഗണന പട്ടികയിൽ എന്നെ കൂടി ഉൾപ്പെടുത്തണം കേട്ടോ; മാധ്യമപ്രവർത്തകരുടെ ഫോണിലേക്ക് കോന്നിയിലെ കോൺഗ്രസുകാർ വിളിയോടു വിളി; പുറമെ താൽപര്യമില്ലെന്ന് പറഞ്ഞിട്ട് അണികളെ കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ട് ശ്രദ്ധ പിടിച്ച് പറ്റാൻ പഴകുളം മധുവും മോഹൻരാജും; അടൂർ പ്രകാശിന്റെ മനസ്സിൽ സന്തത സഹചാരിയായ റോബിൻ പീറ്റർ; അടൂർ പ്രകാശ് ആറ്റിങ്ങൽ വഴി ഡൽഹിക്ക് പോകുമ്പോൾ കോന്നിയിൽ നാല് പാടും സീറ്റ് മോഹികൾ

പരിഗണന പട്ടികയിൽ എന്നെ കൂടി ഉൾപ്പെടുത്തണം കേട്ടോ; മാധ്യമപ്രവർത്തകരുടെ ഫോണിലേക്ക് കോന്നിയിലെ കോൺഗ്രസുകാർ വിളിയോടു വിളി; പുറമെ താൽപര്യമില്ലെന്ന് പറഞ്ഞിട്ട് അണികളെ കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ട് ശ്രദ്ധ പിടിച്ച് പറ്റാൻ പഴകുളം മധുവും മോഹൻരാജും; അടൂർ പ്രകാശിന്റെ മനസ്സിൽ സന്തത സഹചാരിയായ റോബിൻ പീറ്റർ; അടൂർ പ്രകാശ് ആറ്റിങ്ങൽ വഴി ഡൽഹിക്ക് പോകുമ്പോൾ കോന്നിയിൽ നാല് പാടും സീറ്റ് മോഹികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂർ പ്രകാശിന്റെ ആറ്റിങ്ങലിലെ വിജയത്തെ തുടർന്ന് ഒഴിവു വന്ന കോന്നി നിയമസഭ സീറ്റിൽ സ്ഥാനാർത്ഥിയാകാൻ വേണ്ടി കോൺഗ്രസിൽ ഉന്തും തള്ളും. ഈ കോന്നി തനിക്ക് വേണ്ടെന്ന് പറയുന്ന കെപിസിസി സെക്രട്ടറി പഴകുളം മധു അടക്കം എട്ടു പേരാണ് സീറ്റിന് വേണ്ടി രംഗത്തുള്ളത്. കോൺഗ്രസിലേത് പോലെ പുറമേ അടിയില്ലെങ്കിലും സിപിഎമ്മിലുമുണ്ട് നാലോളം സ്ഥാനാർത്ഥി മോഹികൾ. നിലവിൽ എൻഡിഎയ്ക്ക് മാത്രമാണ് മൽസരാർഥികൾ രംഗത്ത് ഇല്ലാത്തത്.കോന്നി ഐ ഗ്രൂപ്പിന്റെ സീറ്റാണെന്നും അത് തങ്ങൾക്ക് കിട്ടണമെന്നും ഗ്രൂപ്പ് നേതാക്കളായ പഴകുളം മധുവും ഡിസിസി വൈസ് പ്രസിഡന്റായ വെട്ടൂർ ജ്യോതിപ്രസാദും പറയുന്നു.

രണ്ടു പേരും തങ്ങളുടെ പേര് സ്വയം സാധ്യതാ ലിസ്റ്റിൽ തിരുകിയിട്ടുമുണ്ട്. അണികളെ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ തങ്ങളെ കോന്നിയിലേക്ക് പരിഗണിക്കുന്നുവെന്ന് പോസ്റ്റിട്ട ശേഷം ഈ കോന്നിയോട് തനിക്ക് താൽപര്യമില്ല എന്നുള്ള തള്ളിനും കുറവില്ല. ഈ രണ്ടു നേതാക്കന്മാരാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അടൂർ പ്രകാശിനെതിരേ രംഗത്തുണ്ടായിരുന്നത്. സുധീരന്റെ നിർദേശ പ്രകാരം അടൂർ പ്രകാശിന് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചപ്പോൾ അത് പിടിച്ചു വാങ്ങി നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. ഇതോടെ പ്രകാശ് ഐ ഗ്രൂപ്പിൽ ഇല്ലെന്നും അദ്ദേഹം എ ഗ്രൂപ്പിൽ ചേർന്നുവെന്നും പറഞ്ഞ് ബഹളം കൂട്ടിയ നേതാക്കളാണ് ഇപ്പോൾ കോന്നി ഐ ഗ്രൂപ്പിന്റേതാണ് എന്ന് പറയുന്നത്.

പത്തനംതിട്ടയിലെ പ്രമുഖ നേതാക്കൾ എല്ലാം തന്നെ മാധ്യമപ്രവർത്തകരെ നേരിൽ ഫോണിൽ വിളിച്ച് സാധ്യതാ പട്ടികയിൽ എവിടെയെങ്കിലും തന്റെ പേരു കൂടി തിരുകാൻ പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. ഒരിക്കലും പട്ടികയിൽ കയറിക്കൂടാൻ യോഗ്യതയില്ലാത്തവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഈഴവ സമുദായത്തിന് ഏറെ വളക്കൂറുള്ള കോന്നി യഥാർഥത്തിൽ എൽഡിഎഫ് മണ്ഡലമാണ്. അടൂർ പ്രകാശിന്റെ പ്രവർത്തന മികവ് ഒന്നു കൊണ്ടു മാത്രമാണ് കഴിഞ്ഞ അഞ്ചു ടേം തുടർച്ചയായി അടൂർ പ്രകാശ് ഇവിടെ വിജയിച്ചത്. 1996 ൽ സിറ്റിങ് എംഎൽഎ എ പത്മകുമാറിനെ വെറും 600 വോട്ടിന് പരാജയപ്പെടുത്തിയായിരുന്ന പ്രകാശിന്റെ തുടക്കം. പത്മകുമാറിന്റെ വീഴ്ചകളായിരുന്നു പ്രകാശിന് നേട്ടമായത്. നേരിയ ഭൂരിപക്ഷത്തിന് കോന്നിയിൽ കയറിപ്പറ്റിയ പ്രകാശിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കാരണം, മണ്ഡലം അദ്ദേഹം സ്വർഗമാക്കി. അടൂരുകാരനായ പ്രകാശിന് വോട്ട് ചെയ്യാൻ കോന്നിയിലെ പാർട്ടിക്കാർ മൽസരിച്ചു. സിപിഎമ്മും ബിജെപിയും എല്ലാം ചെയ്ത വോട്ടു കൊണ്ടാണ് പ്രകാശ് ഓരോ തവണയും വിജയിച്ച് കയറിയത്.

2001 ൽ കടമ്മനിട്ട, 2006 ൽ വിആർ ശിവരാജൻ, 2011 ൽ എംഎസ് രാജേന്ദ്രൻ, 2016 ൽ ആർ സനൽകുമാർ എന്നിവർ പ്രകാശിനോട് തോറ്റു. ഈ നിരയിൽ ശക്തമായ ഒരു മൽസരം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് എംഎസ് രാജേന്ദ്രന് മാത്രമായിരുന്നു. എന്നിട്ടും അടുത്ത തവണ രാജേന്ദ്രന് സീറ്റ് നിഷേധിക്കപ്പെട്ടു.പഴകുളം മധു, പി മോഹൻരാജ്, എ സുരേഷ്‌കുമാർ, വെട്ടൂർ ജോ്യതി പ്രസാദ്, മാത്യു കുളത്തുങ്കൽ, സതീഷ് കൊച്ചുപറമ്പിൽ, സാമുവൽ കിഴക്കുപുറം, കെ ശിവദാസൻ നായർ എന്നിവർക്ക് പുറമേ ജ്യോതികുമാർ ചാമക്കാലായുടെ പേര് വരെ ഇവിടെ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ, അടൂർ പ്രകാശ് പറയുന്ന ആൾക്കായിരിക്കും ഇവിടെ സീറ്റ് കിട്ടുക.

പ്രമാടം പഞ്ചായത്ത് പ്രസിഡന്റും സന്തത സഹചാരിയുമായ റോബിൻ പീറ്റർ മാത്രമാണ് പ്രകാശിന്റെ ഓപ്ഷൻ. റോബിനെയല്ലാതെ ആരെയും താൻ നിർദേശിക്കില്ലെന്ന് പ്രകാശ് വ്യക്തമാക്കി കഴിഞ്ഞു. ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടിയ പ്രകാശ് പറയുന്നത് നേതൃത്വം അംഗീകരിക്കേണ്ടിയും വരും. കോന്നിയിൽ വിജയപരമ്പര തുടങ്ങിയ നാൾ മുതൽ അടൂർ പ്രകാശിന്റെ വലംകൈയാണ് റോബിൻ പീറ്റർ. ആ സ്ഥിതിക്ക് അദ്ദേഹംതന്നെയാകും ഇവിടെ സ്ഥാനാർത്ഥി. എന്നാൽ, റോബിൻ എ ഗ്രൂപ്പുകാരനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഐ വിഭാഗം എതിർപ്പ് ഉയർത്തുന്നത്. മാത്രവുമല്ല, റോബിൻ പ്രസിഡന്റായ പ്രമാടം പഞ്ചായത്തിൽ ഇക്കുറി ബിജെപി മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു വാദമുള്ളത് എസ്എൻഡിപിക്കാരനെ സ്ഥാനാർത്ഥിയാക്കണമെന്നാണ്. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന് അടൂർ പ്രകാശ് അല്ലാതെ വേറെ ഈഴവ എംഎൽഎ ഇല്ലെന്നും അതു കൊണ്ട് സീറ്റ് തനിക്ക് വേണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യം ഉന്നയിക്കുന്നു. ഈഴവന് സീറ്റ് കൊടുക്കാനാണെങ്കിൽ തിരുവല്ലയിൽ നിന്ന് സതീഷ് കൊച്ചുപറമ്പിലിനെ കെട്ടിയിറക്കാതെ പത്തനംതിട്ട മുൻനഗരസഭാ ചെയർപേഴ്സൺ രജനി പ്രദീപിനെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. കോന്നി മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിറ്റാറുകാരിയാണ് രജനി. മുൻ കെപിസിസി അംഗം ചിറ്റാർ രാജന്റെ സഹോദരിയുമാണ്. മാത്രവുമല്ല, ഇവർ ഇപ്പോൾ ഐ ഗ്രൂപ്പിലുമാണ്.

കോൺഗ്രസിൽ പ്രത്യക്ഷത്തിൽ സീറ്റിന് വേണ്ടി കടിപിടി മുറുകുന്നതിനിടെ സിപിഎമ്മിലും മൽസരം തുടങ്ങി കഴിഞ്ഞു. ആർ സനൽകുമാർ ഒരു രണ്ടാമൂഴത്തിന് ശ്രമിക്കുകയാണ്. എംഎസ് രാജേന്ദ്രനും അതിന് തന്നെ ശ്രമിക്കുന്നു. മണ്ഡലത്തിൽ നിന്നുള്ള ജില്ലാ കമ്മറ്റിയംഗമായ കെയു ജനീഷ്‌കുമാറിനും പൊടി നോട്ടമുണ്ട്. ഇതിനിടെയാണ് കൊല്ലത്തു നിന്ന് ബാലഗോപാൽ എത്തുന്നുവെന്ന് വാർത്ത വന്നിരിക്കുന്നത്. കോന്നിയിൽ എംഎസ് മൽസരിച്ചാൽ വിജയിക്കാൻ സാധ്യത ഉണ്ടെന്നൊരു അഭിപ്രായം പ്രവർത്തകർക്ക് ഇടയിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയിരിക്കുന്ന പിണറായിക്ക്, ശബരിമലയോട് ചേർന്നുള്ള കോന്നി യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞാൽ അതൊരു പിടിവള്ളിയാകും. അതു കൊണ്ടു തന്നെ സ്ഥാനാർത്ഥി നിർണയവും അതിന് അനുസരിച്ചായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP