Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; എംപിമാരുടെ അറസ്റ്റിൽ തൃണമൂലിന്റെ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും; പ്രകോപനമില്ലാതെ പൊലീസ് പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്‌തെന്നും ആരോപണം

മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; എംപിമാരുടെ അറസ്റ്റിൽ തൃണമൂലിന്റെ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും; പ്രകോപനമില്ലാതെ പൊലീസ് പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്‌തെന്നും ആരോപണം

ന്യൂഡൽഹി: റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ പാർട്ടി എംപിമാരെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരേ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രവാക്യം വിളിച്ചായിരുന്നു പാർട്ടി എംപിമാരുടേയും പ്രവർത്തകരുടേയും പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച 30ലധികം വരുന്ന പാർട്ടി എംപിമാർക്കു നേരേ പ്രകോപനമൊന്നും കൂടാതെ പൊലീസ് ലാത്തി വീശിയെന്ന് തൃണമൂൽ കോൺഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചു. ലാത്തിചാർജ്ജിൽ നിരവധി എംപിമാർക്ക് പരുക്കേറ്റെന്നും പാർട്ടി അറിയിച്ചു.

പാർട്ടി എംപിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെമ്പാടും തൃണമൂൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ വസതിക്ക് മുമ്പിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

15,000 കോടി രൂപയുടെ റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ എംപി സുധീപ് ബന്ധോപാധ്യായയെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ തൃണമൂൽ കോൺഗ്രസ് എംപിയാണ് സുധീപ് ബന്ധോപധ്യായ. മറ്റൊരു എംപി തപസ് പാൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് അറസ്റ്റെന്ന് മമതാ ബാനർജി അന്ന് ആരോപിച്ചിരുന്നു.

അറസ്റ്റിലായ എംപി സുധീപ് ബന്ധോപധ്യായയുടെ ഭാര്യ സിബിഐക്കെതിരെ ബിധാൻ നഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അറസ്റ്റിനെക്കുറിച്ച് സിബിഐ തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് അവരുടെ ആരോപണം.

സുധീപിന്റെ അറസ്റ്റിലെ പ്രതിഷേധം രേഖപ്പെടുത്താൻ ബംഗാൾ ധനകാര്യമന്ത്രി അമിത് മിത്ര പൊതുബജറ്റിന് മുന്നോടിയായുള്ള കേന്ദ്ര യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നും ഭയപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം ബംഗാളിൽ വ്യാപക പ്രതിഷേധം നടത്തിയ തൃണമൂൽ പ്രവർത്തകർ കോൽക്കത്തയിലെ ബിജെപി ഹെഡ്ക്വാട്ടേഴ്‌സ് ആക്രമിച്ചിരുന്നു. പ്രതിഷേധക്കാരുടെ കല്ലേറിൽ ഏതാനും പേർക്കു പരിക്കേറ്റു. പ്രദേശത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങളും പ്രതിഷേധക്കാർ അടിച്ചുതകർത്തു. തുടർന്ന് ബിജെപി ഓഫീസിന് സിആർപിഎഫ് കാവലേർപ്പെടുത്തുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP