Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐപി ബിനുവിന് വിനയായത് കുമ്മനത്തിന്റെ ഓഫീസിൽ ബോംബ് എറിഞ്ഞ കേസു തന്നെ; വഞ്ചിയൂർ ബാബുവിനെ മറികടന്ന് ശ്രീകുമാർ മേയർ സ്ഥാനാർത്ഥിയാകുന്നത് ജില്ലാ സെക്രട്ടറിയേറ്റിനെ ബന്ധുബലത്തിൽ അനുകൂലമാക്കി; ജില്ലാ കമ്മറ്റിയിലെ ചർച്ചയെന്ന പതിവ് പോലും തെറ്റിച്ച് മേയർ സ്ഥാനാർത്ഥി പ്രഖ്യാപനം; ബിജെപിയുമായുള്ള രഹസ്യ ധാരണയും കടകംപള്ളിയുടെ ബന്ധുവിന് തുണയാകും; കോൺഗ്രസും സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ മേയർ ബ്രോ പ്രശാന്തിന്റെ പിൻഗാമിയായെത്തുക ശ്രീകുമാർ തന്നെ

ഐപി ബിനുവിന് വിനയായത് കുമ്മനത്തിന്റെ ഓഫീസിൽ ബോംബ് എറിഞ്ഞ കേസു തന്നെ; വഞ്ചിയൂർ ബാബുവിനെ മറികടന്ന് ശ്രീകുമാർ മേയർ സ്ഥാനാർത്ഥിയാകുന്നത് ജില്ലാ സെക്രട്ടറിയേറ്റിനെ ബന്ധുബലത്തിൽ അനുകൂലമാക്കി; ജില്ലാ കമ്മറ്റിയിലെ ചർച്ചയെന്ന പതിവ് പോലും തെറ്റിച്ച് മേയർ സ്ഥാനാർത്ഥി പ്രഖ്യാപനം; ബിജെപിയുമായുള്ള രഹസ്യ ധാരണയും കടകംപള്ളിയുടെ ബന്ധുവിന് തുണയാകും; കോൺഗ്രസും സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ മേയർ ബ്രോ പ്രശാന്തിന്റെ പിൻഗാമിയായെത്തുക ശ്രീകുമാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ അടുത്ത മേയറായി സിപിഎമ്മിന്റെ കെ ശ്രീകുമാർ എത്തുമെന്ന് ഉറപ്പായി. പ്രതിപക്ഷത്തിന്റെ പൊതു സമ്മത സ്ഥാനാർത്ഥിയെന്ന ആശയം നടക്കാതെ പോകുന്നതു കൊണ്ടാണ് ഇത്. ബിജെപിയുടെ എംആർ ഗോപനാകും മേയർ സ്ഥാനാർത്ഥി. ഇതോടെ താമരയ്ക്ക് വോട്ട ചെയ്യാൻ കഴിയാത്ത കോൺഗ്രസിനും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തേണ്ടി വരും. മൂന്ന് പേർ മത്സരിക്കുമ്പോൾ ആദ്യ വോട്ടെടുപ്പിൽ കൂടുതൽ വോട്ട് കിട്ടുന്ന രണ്ട് പേർ അന്തിമ മത്സരത്തിന് യോഗ്യത നേടും. അതായത് അംഗബലം അനുസരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ആദ്യ റൗണ്ടിൽ തന്നെ പുറത്താകും. അതിന് ശേഷം നടക്കുന്ന വോട്ടെടുപ്പിലും ബിജെപിക്ക് വോട്ട് ചെയ്യാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അവർ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കും. സിപിഎമ്മിന്റെ സ്ഥാനാർത്ഥി അംഗ ബലത്തിന്റെ കരുത്തിൽ ജയിക്കുകയും ചെയ്യും. ഇതോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നിലനിർത്താനും കഴിയും.

പൊതു സമ്മത സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ കുറിച്ച് കോൺഗ്രസ് ആശയം മുന്നോട്ട് വച്ചിരുന്നു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച ഒരാളെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി അവതരിപ്പിക്കാമെന്നതായിരുന്നു നിർദ്ദേശം. എങ്ങനേയും സിപിഎമ്മിനെ കോർപ്പറേഷൻ ഭരണത്തിൽ നിന്ന് പുറത്താക്കാനായിരുന്നു ഇത്. ബിജെപിയും ഇതിനെ പിന്തുണച്ചു. ഇടതു പക്ഷത്ത് നിന്നൊരു കക്ഷി നേതാവിനെ അടർത്തിയെടുത്ത് മത്സരിപ്പിക്കുന്നതു പോലും പരിഗണിച്ചു. എന്നാൽ ഇടയ്ക്ക് വച്ച് ബിജെപി നിലപാട് മാറ്റി. സിപിഎം മേയർ വന്നോട്ടെയെന്ന തീരുമാനം അവർ എടുത്തു. ഇതോടെയാണ് മേയർ സ്ഥാനാർത്ഥിയായി ശ്രീകുമാർ തന്നെ എത്താൻ സാഹചര്യമൊരുങ്ങുന്നതും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ ഭാര്യയുടെ അച്ഛനാണ് ശ്രികുമാർ. കടകംപള്ളിയുടെ ഇടപടെലാണ് ശ്രീകുമാറിനെ മേയർ ആക്കുന്നതെന്നും സൂചനയുണ്ട്. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ പോലും മേയർ സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്തില്ല. കടകംപള്ളിയെ പിന്തുണയ്ക്കുന്നവർ മാത്രമുള്ള ജില്ലാ സെക്രട്ടറിയേറ്റിനെ കൊണ്ട് തീരുമാനം എടുപ്പിക്കുകയായിരുന്നു.

ക്രിമിനൽ കേസിലെ പ്രതിയായ ഐപി ബിനുവിനെ സ്ഥാനാർത്ഥിയാക്കാനും മേയറാക്കാനും ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ ബിജെപി ഓഫീസിൽ ബോംബ് എറിഞ്ഞ കേസിലെ പ്രതി മേയറാകുന്നത് ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരിക്കെ നടത്തിയ ബോംബേറ് ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയിരുന്നു. കുമ്മനത്തെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് ബിജെപിയും ആരോപിച്ചു. സിസിടിവി തെളിവുള്ളതു കൊണ്ട് ബിനുവിനെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു. ഏറെ കാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ബിനുവിന് സിപിഎം അണികളിൽ വലിയ സ്വീകാര്യത കിട്ടി. ഇത് ജില്ലാ നേതാക്കളെ പോലും അത്ഭുതപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ബിനുവിനെ ജില്ലാ നേതാക്കൾ വെട്ടുന്നതും. ഇതിന് കുമ്മനത്തിനെ ആക്രമിച്ചുവെന്ന ആരോപണം അവർ തന്നെ പാർട്ടി ഫോറങ്ങളിൽ ഉയർത്തി. ഇതോടെയാണ് ശ്രീകുമാറിന്റെ മേയർ സ്ഥാനത്തേക്കുള്ള വരവ് അനായാസമാകുന്നത്.

ചാക്കയിൽ നിന്നുള്ള കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ് കെ. ശ്രീകുമാർ. മുതിർന്ന അംഗമെന്ന പരിഗണനയും കൗൺസിലർമാർക്കിടയിലെ സ്വാധീനവുമാണ് ശ്രീകുമാറിന് തുണയായത്. അതേസമയം അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ ഇനി മാറ്റാനും സാധ്യതയുണ്ട്. എന്നാൽ കടകംപള്ളിയുടെ ബന്ധുവിനെ ഇനിയാരും വെട്ടില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. വി.കെ പ്രശാന്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത്. 2015-ൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ ശ്രീകുമാറിനെ മേയർ സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ അന്ന് യുവ കൗൺസിലറായ വി.കെ പ്രശാന്തിന് നറുക്ക് വീഴുകയായിരുന്നു. അന്ന് മേയർ സ്ഥാനം വീതം വയ്ക്കാനുള്ള അനൗദ്യോഗിക ധാരണയും ഉണ്ടായിരുന്നു. എന്നാൽ പ്രശാന്തിന് ലഭിച്ച പിന്തുണ കാരണം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

നെടുംങ്കാട് വാർഡിൽ നിന്നും വിജയിച്ച എസ് പുഷ്പലതയാണ് നിലവിൽ പാർട്ടിയിലെ സീനിയർ കൗൺസിലർ. എന്നാൽ അടുത്ത തവണ മേയർ പദവി വനിതാ സംവരണമായതിനാൽ അവരെ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായം ജില്ലാ നേതാക്കൾ ചർച്ചയായി ഉയർന്നു വന്നു. പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി ശിവജി, വഞ്ചിയൂർ കൗൺസിലർ പി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് ജില്ലാ കമ്മിറ്റി സജീവമായി പരിഗണിച്ചിരുന്നു. ഇവർക്കൊന്നും ജില്ലാ സെക്രട്ടറിയേറ്റിലെ നേതാക്കളുടെ പിന്തുണയുണ്ടായില്ല. നേമം കൗൺസിലർ എം.ആർ ഗോപൻ ബിജെപി സ്ഥാനാർത്ഥിയാകും. യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. നവംബർ 12നാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പ്. മുൻ മേയർ വി.കെ പ്രശാന്ത് എംഎ‍ൽഎ ആയതിനെ തുടർന്നാണ് മേയർ സ്ഥാനം ഒഴിവുവന്നത്. നിലവിൽ എൽ.ഡി.എഫിന് 37, ബിജെപി 35, യു.ഡി.എഫ് 17 എന്നിങ്ങനെയാണ് കോർപ്പറേഷനിലെ സീറ്റ് നില. ഈ സാഹചര്യത്തിലാണ് പ്രശാന്തിന്റെ പിൻഗാമിയായി പ്രശാന്ത് എത്തുമെന്ന് ഉറപ്പാകുന്നത്. സിപിഐഎമ്മിന് നഗരസഭയിൽ തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

അഭിഭാഷകനായിരുന്ന പ്രശാന്ത് അപ്രതീക്ഷിതമായാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ.എന്നാൽ അധികം വൈകാതെ തന്നെ വികസന പ്രവർത്തനങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മേയർ തിരുവനന്തപുരത്തുകാർക്ക് പ്രിയപ്പെട്ടവനായി. മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസർക്കാറിന്റെ മാഹാനഗരപാലിക അവാർഡ്, മാലിന്യസംസ്‌കരണത്തിനുള്ള സ്വച്ഛത എക്സലൻസ് അവാർഡ് തുടങ്ങിയവ തിരുവനന്തപുരത്തെ തേടിയെത്തിയത് ഇദ്ദേഹത്തിന്റെ ഭരണമികവായി ഉയർത്തിക്കാട്ടപ്പെട്ടതും മണ്ഡലത്തിൽ പ്രശാന്തിന് സ്വാധീനം വർധിപ്പിച്ചു. 2019 ലെ മഹാപ്രളയമാണ് തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെ കേരളത്തിന്റെ തന്നെ 'മേയർ ബ്രോ' ആക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇടതടവില്ലാതെ ദുരിതാശ്വാസ സാമഗ്രികൾ ആവശ്യക്കാരിലെത്തിക്കുന്നതിനും മേയറുടെ നേതൃത്വത്തിൽ അഹോരാത്രം നടന്ന ശ്രമങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ജനപ്രിയത തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി പോരിനിറങ്ങിയ പ്രശാന്തിനെ വിജയത്തിലേക്ക് നയിച്ചതും.

സ്‌കൂൾ- കോളേജ് തലത്തിൽ എസ്എഫ്ഐ പ്രവർത്തകനായി തുടങ്ങിയ പ്രശാന്ത് ലോ അക്കാദമിയിലെ പഠന കാലത്താണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പഠനം പൂർത്തിയാക്കി അഭിഭാഷകനായി പ്രാക്ടീസ് തുടരുമ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിൽ നിന്നാണ് സിപിഎമ്മിനായി പ്രശാന്ത് ആദ്യമായി മത്സരിക്കാനിറങ്ങിയത്. കന്നിമത്സരത്തിൽ തന്നെ ജയം. പിന്നീട് കഴക്കൂട്ടം കോർപറേഷനിൽ ആയപ്പോഴും വീണ്ടും മത്സരിച്ച് കോർപ്പറേഷനിലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെ ജയം നിലനിർത്തി. പിന്നീടായിരുന്നു അപ്രതീക്ഷിതമായി മേയർ സ്ഥാനം പ്രശാന്തിനെ തേടിയെത്തിയത്. ആ സീറ്റിലിരുന്നു കൊണ്ടുള്ള ഭരണമികവ് ഇപ്പോൾ നിയമസഭയിലേക്കും വഴി തുറന്നു. ഇതാണ് ശ്രീകുമാറിനെ മേയറാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP