Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായമാകുന്നത് ഒരുകുറ്റമാണോ? രാജ്യസഭയിൽ വൃദ്ധന്മാർ പോയതുകൊണ്ടാണോ കെഎസ് യുവും യൂത്ത് കോൺഗ്രസും ഇപ്പോഴത്തെ അവസ്ഥയിലായത്? രാജ്യസഭാ സീറ്റ് പ്രശ്‌നത്തിൽ കോൺഗ്രസിലെ യുവനേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പി.ജെ.കുര്യൻ; കെ.മുരളീധരനെതിരെയും വിമർശനവുമായി നേതാക്കൾ എത്തിയതോടെ പരസ്യ വിഴുപ്പലക്കലിന് ഹൈക്കമാൻഡ് വിലക്കേർപ്പെടുത്തണമെന്ന് മുറവിളി; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് കോൺഗ്രസിൽ ശമനമില്ല

പ്രായമാകുന്നത് ഒരുകുറ്റമാണോ? രാജ്യസഭയിൽ വൃദ്ധന്മാർ പോയതുകൊണ്ടാണോ കെഎസ് യുവും യൂത്ത് കോൺഗ്രസും ഇപ്പോഴത്തെ അവസ്ഥയിലായത്? രാജ്യസഭാ സീറ്റ് പ്രശ്‌നത്തിൽ കോൺഗ്രസിലെ യുവനേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പി.ജെ.കുര്യൻ; കെ.മുരളീധരനെതിരെയും വിമർശനവുമായി നേതാക്കൾ എത്തിയതോടെ പരസ്യ വിഴുപ്പലക്കലിന് ഹൈക്കമാൻഡ് വിലക്കേർപ്പെടുത്തണമെന്ന് മുറവിളി; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് കോൺഗ്രസിൽ ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

 ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കടുത്ത തോൽവിക്ക് ശേഷം യൂത്ത് കോൺഗ്രസുകാരും മുതിർന്ന കോൺഗ്രസുകാരും പരസ്പരം പഴിചാരലും ചെളിവാരിയെറിയലും തുടരുകയാണ്. കെ.മുരളീധരനെതിരെ കടുത്ത വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ എത്തിയപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആക്രമണങ്ങളെ പ്രതിരോധിച്ച് കെപിസിസി സെക്രട്ടറിമാരായ എം.എം നസീർ, അഡ്വ.പഴകുളം മധുവും രംഗത്തെത്തി.അതിനിടെ രാജ്യസഭാ സീറ്റിന്റെ പേരിൽ തനിക്കെതിരെ കലിതുള്ളുന്ന യുവനേതാക്കൾക്കെതിരെ പി.ജെ.കുര്യനും രംഗത്തെത്തി.

പി.ജെ.കുര്യന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എംഎ‍ൽഎ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എംഎ‍ൽഎ മാരൊക്കെ 25 -28 വയസ്സിൽ എംഎ‍ൽഎ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.

പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ 'പ്രഗത്ഭനൊന്നും' അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.

അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.

അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർത്ഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്.

രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.

രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ 'പ്രഗത്ഭനല്ലെങ്കിലും' ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?

ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു.വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ 'വൃദ്ധന്മാർ' പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?

എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എംഎ‍ൽഎ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്? ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.

കെ മുരളീധരനെതിരെ കടുത്ത ഭാഷയിലാണ് എൻ.സുബ്രമണ്യൻ തന്റെ ഫേസ്‌ബുക്കിലൂടെ വിമർശനമുന്നയിക്കുന്നത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമടക്കമുള്ള നിലവിലെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കാൻ കെ മുരളീധരന് എന്ത് യോഗ്യതയാണുള്ളതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചെങ്ങന്നൂരിൽ രമേശ് ചെന്നിത്തലയുടെ ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്നിലായതിൽ രമേശ് ചെന്നിത്തലയെ വിമർശിക്കാൻ കെ മുരളീധരന് എന്താണ് യോഗ്യതയെന്നാണ് എൻ സുബ്രമണ്യൻ ചോദിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ വീടുൾപെടുന്ന കോഴിക്കോട്ടെ ബിലാത്തിക്കുളത്തെ ബൂത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പിഎം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് എംപിയായി വിജയിച്ച വിജയരാഘവനും കെ മുരളീധരന്റെ വീടുൾപെടുന്ന ബിലാത്തിക്കുളത്ത് പിറകിലായിരുന്നു. ഇതിനെല്ലാം പുറമേ കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ആകെയുള്ള വിരലിലണ്ണാവുന്ന സീറ്റുകളിലൊന്ന് കെ മുരളീധരന്റെ വീടുൾപെടുന്ന വാർഡാണ്. ഈ സമയത്തൊന്നും ആരും കെ മുരളീധരനെതിരെ രംഗത്ത് വന്നിട്ടില്ല. ഇങ്ങനെയായിരിക്കെ ഇപ്പോൾ രമേശ് ചെന്നിത്തലക്കെതിരെ വിമർശനമുന്നയിക്കാൻ എന്ത് യോഗ്യതയാണ് കെ മുരളീധരനെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മാത്രമല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടി നേരിട്ട രണ്ട് പ്രാധാന പിളർപ്പുകളിലൊന്നിന് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിരുന്നു വിത്തിട്ടയാളാണ് കെ മുരളീധരനെന്നും അദ്ദേഹവും പിതാവ് കരുണാകരനും കൂടി ആദ്യം ഡിഐസി രൂപീകരിച്ചും പിന്നീട് എൻസിപിയിലേക്ക് ചുവട്മാറ്റിയുമൊക്കെ സിപിഎമ്മിന് നിരവധി പ്രവർത്തകരെയും സഹകരണ സ്ഥാപനങ്ങളെയും സംഭാവന ചെയ്തവരാണെന്നും ഇദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. മദാമ്മ കോൺഗ്രസെന്നും, ഉമ്മൻ കോൺഗ്രസെന്നുമൊക്കെ രാജ്യത്തെ കോൺഗ്രസ് പാർട്ടിയെ കളിയാക്കിയവർക്ക് ജീവിതകാലം മുഴുവൻ കോൺഗ്രസിന് വേണ്ടി പണിയെടുത്തവരെ വിമർശിക്കാൻ യോഗ്യതയുണ്ടോ എന്ന് സ്വയം വിമർശനം നടത്തേട്ടെയെന്നും കെപിസിസി ജനറൽ സെക്രട്ടറിയായ എൻ സുബ്രഹ്മണ്യം പറയുന്നു. 

അതേസമയം, കൃത്യമായ ഇടവേളകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് അധിക്ഷേപം ചൊരിയുന്നതിനു പിന്നിൽ പാർട്ടിയിലെ ഉന്നത ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്നും ഈ വൈകിയ വേളയിലെങ്കിലും വിവേകമുദിച്ചു സ്വന്തം സൈബർ ഗുണ്ടകളെ നിലക്ക് നിർത്തണമെന്നും കെപിസിസി സെക്രട്ടറിമാരായ എം.എം നസീർ,അഡ്വ.പഴകുളം മധു എന്നിവർ ആവശ്യപ്പെട്ടു..ഗൾഫ് രാജ്യങ്ങളിലെ ചില ബിനാമികളെക്കൊണ്ടു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് അപകീർത്തികരമായ ഇത്തരം പോസ്റ്റുകൾ നൽകുന്നത്.

ഇത്തരക്കാരെ സൈബർ പോരാളികൾ എന്ന് വിളിക്കുന്നത് നിർത്തി സൈബർ ഗുണ്ടകൾ എന്ന് തന്നെയാണ് വിളിക്കേണ്ടത്.മറ്റു അവസരങ്ങളിലെല്ലാം ഇവർ 'ചില നേതാക്കന്മാരുടെ മാത്രം' കുഴലൂത്തുകാരായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നവരായതുകൊണ്ടു അവരുടെ ''കുലവും ഗോത്രവും''തിരിച്ചറിയാൻ എളുപ്പമാണ്.

ഇതെല്ലാം ചെന്ന് പതിക്കുന്നത് ചെന്നിത്തലയുടെ നെഞ്ചിലാണെന്നു കരുതി ഇരുട്ടിന്റെ മറവിലിരുന്നു ഊറിച്ചിരിക്കുന്ന നേതാക്കൾ പാർട്ടിയുടെ സർവ്വനാശത്തിനാണ് വിത്തും വളവും നൽകുന്നത്.യൂത്ത് കോൺഗ്രസ് പ്രസിഡന്റ്,കെ പി സി സി പ്രസിഡന്റ്,മന്ത്രി, എന്നീ സ്ഥാനങ്ങളിലെല്ലാം പാർട്ടിക്ക് പുതുജീവൻ നൽകിയ നേതാവാണ് ചെന്നിത്തല.ആ റെക്കോഡ് എത്ര നേതാക്കൾക്ക് കേരളത്തിൽ അവകാശപ്പെടാൻ കഴിയുമെന്ന് ഇത്തരക്കാർ ആത്മ വിമര്ശനം നടത്തട്ടെ.

ചെന്നിത്തല ഒരിക്കലും പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല.ഒരിക്കലും അദ്ദേഹം അച്ചടക്കം ലംഘിച്ചിട്ടില്ല. രമേശ് ചെന്നിത്തല ഒരിക്കലും പാർട്ടി വിട്ടുപോയിട്ടില്ല.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പുകൾ ജയിച്ചു കയറിയപ്പോൾ ഈ സൈബർ ഗുണ്ടകളും അവരുടെ 'പിന്നാമ്പുറ ശക്തികളും മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചവരാണ്.

രമേശ് ചെന്നിത്തല കേരളത്തിലെ സംഘപരിവാർ വളർച്ചയെ തടയുന്ന നേതാവായതുകൊണ്ടു സി പി എമ്മിനും ബി ജെ പ്പിക്കും അദ്ദേഹമാണ് മുഖ്യശത്രു.പാർട്ടിയെ എന്നും തള്ളിപ്പറഞ്ഞും സ്വന്തം സ്വാർത്ഥ താല്പര്യത്തിനുവേണ്ടി സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു പാർട്ടി പിളർത്തി ഒട്ടേറെ പ്രവത്തകരെ സി പി എമ്മിനും ബിജെപിക്കും സംഭാവനചെയ്തു ഗതികിട്ടാതെ തിരിച്ചുവന്നവർ മറ്റാരുടെയോ കോടാലി ആവുകയാണ്.

ഏതു നേതാവിനെതിരെ ഇത്തരം അക്രമം ഉണ്ടായാലും ഞങ്ങൾ അതിനെ എതിർക്കും.ഇത് പാർട്ടിയുടെ നന്മക്കുവേണ്ടിയാണ് ഞങ്ങൾ പറയുന്നത്.ഒരു നേതാവിനും ഈ പ്രവർത്തികളിൽ പങ്കില്ലെങ്കിൽ അതവർ തുറന്നു പറയട്ടെ.സാങ്കേതിക വിദ്യയുടെ സൗകര്യം ഉപയോഗപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടിയെ നാണം കെടുത്തുന്ന വ്യക്തികൾ സ്വയം ഇളിഭ്യരായി പിന്മാറട്ടെ.ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമെല്ലാം നമ്മുടെ നേതാക്കന്മാരാണ്.അവരെ ഒറ്റ തിരിഞ്ഞാക്രമിക്കുമ്പോൾ നമുക്ക് ഒരുപോലെ നോവണം.കാരണം അവർ വ്യക്തിപരമായി അക്രമിക്കപ്പെടുക മാത്രമല്ല, നമ്മുടെ മഹത്തായ പ്രസ്ഥാനം ശരിക്കും തകർക്കപ്പെടുകയാണ്.

ചെങ്ങന്നൂരിൽ ബിജെപിയുടെ സ്വപ്നം തകർത്തു ഇനി തിരിച്ചുവരാൻ കഴിയാത്തവിധം സംഘപരിവാർ ശക്തികളെ മൂലക്കിരുത്താൻ കഴിഞ്ഞ കാര്യം പ്രചരിപ്പിക്കുന്നതിന് പകരം ചെന്നിത്തലയുടെ മേൽ കുതിര കയറുന്നതു നിർത്താൻ സൈബർ ഗുണ്ടകളെ യജമാനന്മാർ ഉപദേശിക്കണം.അല്ലെങ്കിൽ തിരിച്ചും ആക്രമിക്കും.

പാർട്ടിയെ നിലനിർത്താനും അച്ചടക്കം പാലിക്കാനും ഉത്തരവാദിത്വം ചെന്നിത്തലക്കും സുഖസൗകര്യങ്ങൾ അനുഭവിക്കാനും നേട്ടം കൊയ്യാനും അവകാശം മറ്റു ചിലർക്കും എന്ന രീതി അംഗീകരിക്കില്ല.പരസ്യ വിഴുപ്പലക്കൽ നിർത്താൻ ഹൈക്കമാൻഡ് അന്തിമ വിലക്കേർപ്പെടുത്തണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP