Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുധീരൻ പൊട്ടിത്തെറിച്ചിട്ടും പ്രയോജനമുണ്ടായില്ല; കേരള കോൺഗ്രസും ലീഗും അയഞ്ഞ നിലപാടെടുത്തു; ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കും; ബിയർ വൈൻ പാർലറുകൾ അനുവദിക്കും

സുധീരൻ പൊട്ടിത്തെറിച്ചിട്ടും പ്രയോജനമുണ്ടായില്ല; കേരള കോൺഗ്രസും ലീഗും അയഞ്ഞ നിലപാടെടുത്തു; ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കും; ബിയർ വൈൻ പാർലറുകൾ അനുവദിക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അവഗണിച്ചു മദ്യനയത്തിൽ പ്രായോഗിക തിരുത്തൽ വരുത്താൻ നീക്കം. ഇന്നലെ ചേർന്ന യുഡിഎഫ് യോഗമാണ് നയത്തിൽ പ്രായോഗിക തീരുത്തൽ നടത്താൻ മന്ത്രിസഭയ്ക്ക് അനുമതി നൽകിയത്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കടുത്ത എതിർപ്പ് ഉയർത്തിയെങ്കിലും ഇതു മറികടന്നാണ് തീരുമാനം. ഇതോടെ എന്തൊക്കെ തിരുത്തലുകളാണണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മന്ത്രിസഭയ്ക്കു ലഭിച്ചു.

ഞായറാഴ്ചകളിലെ ഡ്രൈ ഡേ തുടരുന്ന കാര്യവും ബിയർ, വൈൻ പാർലറുകളുടെ അനുമതിയും ഇനി മന്ത്രിസഭ തീരുമാനിക്കും. പുതിയ മദ്യനയം ടൂറിസം മേഖലയെ എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്ന് പരിശോധിച്ചും ,കോടതി വിധി അനുസരിച്ചും തിരുത്തലുകളുണ്ടാവും. ക്‌ളബ്ബുകളുടെ മദ്യവ്യാപാര ലൈസൻസ്, സത്ക്കാരത്തിനായി ഒരു ദിവസത്തേക്ക് നൽകുന്ന മദ്യ പെർമിറ്റ് തുടങ്ങിയവയുടെ കാര്യത്തിലും മന്ത്രിസഭ തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസം വൈകിട്ടു മൂന്നര മണിക്കൂറോളം നീണ്ട യുഡിഎഫ് യോഗത്തിനു ശേഷമാണ് തീരുമാനം. മദ്യവിഷയത്തിൽ ചൂടേറിയ വാദപ്രതിവാദമാണുണ്ടായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം.സുധീരനും നേർക്കുനേർ ഏറ്റുമുട്ടിയെന്നാണ് വിവരം. ഇപ്പോൾ നടപ്പാക്കിയ മദ്യനയത്തിൽ ചെറിയ തിരുത്തലുകൾ പോലും പാടില്ലെന്ന് സുധീരൻ ശക്തിയായി വാദിച്ചു. എന്നാൽ, അടിസ്ഥാന ഘടകങ്ങൾ മാറ്റാതെ പ്രയോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചില്ലറ തിരുത്തലുകൾ നടത്തിയാലേ പുതിയ മദ്യനയം ഫലപ്രദമാവൂ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എങ്കിൽ, തന്റെ എതിർപ്പ് മുഖ്യമന്ത്രി തന്നെ വാർത്താ സമ്മേളനത്തിൽ അറിയിക്കണമെന്ന് സുധീരൻ നിബന്ധന വച്ചു. മുഖ്യമന്ത്രി അത് സമ്മതിച്ചു. മുസ്‌ളീം ലീഗും, പിള്ള ഗ്രൂപ്പും മദ്യനയത്തിലെ തിരുത്തലുകളിൽ എതിർപ്പ് അറിയിച്ചു.

പത്തോളം തൊഴിലാളികൾ ആത്മഹത്യചെയ്യുകയും , ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും, കോടതി വിധികളുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രായോഗിക മാറ്റങ്ങൾക്ക് മന്ത്രിസഭയെ ചുമതലപ്പെടുത്തിയതെന്ന് യുഡിഎഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ മദ്യനയത്തിന്റെ പ്രത്യാഘാത പഠനത്തിന് നിയോഗിച്ച് ടൂറിസം , തൊഴിൽ സെക്രട്ടറിമാരുടെ റിപ്പോർട്ട് കൂടി പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക.

മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനെ വി എം സുധീരൻ എതിർത്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം, തൊഴിൽ സെക്രട്ടറിമാരുടെ പഠനം മാത്രമല്ല, സമഗ്രമായ മറ്റൊരു പഠനവും വേണമെന്നാണ് സുധീരൻ ആവശ്യപ്പെട്ടത്. പക്ഷേ, അതിന് കാലതാമസമുണ്ടാവുമെന്നതിനാൽ യോഗം സ്വീകരിച്ചില്ല. മുസ്‌ളീം ലീഗ് എല്ലാ കാലത്തും മദ്യ നിരോധനത്തിന് വേണ്ടി നില കൊള്ളുന്നവരാണ്. അതിൽ ഉറച്ചു നിന്നുള്ള നടപടികളേ പാടുള്ളുവെന്ന് ലീഗും ആവശ്യപ്പെട്ടു. ബാർ കോഴക്കേസിൽ പ്രതിയാക്കപ്പെട്ട കെ.എം.മാണിക്ക് യുഡിഎഫ് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, നിയമസഭയിൽ മുന്നണി മര്യാദകൾ ലംഘിച്ച് മുസ്‌ളീംലീഗ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണമുന്നയിച്ച കെ.ബി.ഗണേശ് കുമാറിനെ യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും യോഗം തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP