വട്ടിയൂർക്കാവിലെ മിന്നും വിജയത്തിന്റെ ആരവം അടങ്ങും മുമ്പേ വി കെ പ്രശാന്തിനെ കടകംപള്ളി വെട്ടിനിരത്തിയെന്ന് ആരോപണം; സിപിഎമ്മിനു മേൽക്കൈയുള്ള സർക്കിൾ സഹകരണ യൂണിയനിൽ അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതിൽ പാർട്ടി നേതൃത്വത്തിന്റെ ഇടപെടലെന്ന് ആക്ഷേപം; എംഎൽഎ ബ്രോയുടെ ചിത്രം വെച്ച് പോസ്റ്റർ അടിച്ച ശേഷം ഒഴിവാക്കിയതിൽ ആശയക്കുഴപ്പത്തിൽ അണികളും; ആരോപണം തെറ്റെന്നും താൻ അസൗകര്യമറിയിച്ചപ്പോൾ അവർ മറ്റൊരു ഉദ്ഘാടകനെ നിയോഗിച്ചതെന്നും വി കെ പ്രശാന്ത്
November 17, 2019 | 09:23 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഇടതു മുന്നണിയുടെ മിന്നുന്ന വിജയത്തിന് പിന്നാലെ വി കെ പ്രശാന്തിനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ ശ്രമം തുടങ്ങിയോ? സിപിഎമ്മിനു മേൽക്കൈയുള്ള സർക്കിൾ സഹകരണ യൂണിയനിൽ അവസാന നിമിഷം ഉദ്ഘാടകനായി നിശ്ചയിച്ച വികെ പ്രശാന്തിനെ മാറ്റിയതാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്. ഇതിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പിസമാണെന്നാണ് പുറത്തുവന്ന വാർത്ത. വികെ പ്രശാന്തിനെ മാറ്റി കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷിനെ ഉദ്ഘാടകനാക്കിയതിന് പിന്നിൽ കടകംപള്ളിയുടെ ഇടപെടലാണെന്ന വാർത്ത പുറത്തുവിട്ടത് മനോരമയാണ്.
സഹകരണ വാരാഘോഷത്തിന്റെ താലൂക്കുതല സമ്മേളനം ഇന്നലെ സതീഷാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മിനു മേൽക്കൈയുള്ള സർക്കിൾ സഹകരണ യൂണിയനിൽ അവസാനനിമിഷം ഉദ്ഘാടകനെ മാറ്റാൻ കാരണം പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപടലെന്നാണു സൂചന. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ പ്രശാന്തിനെ ഒഴിവാക്കി ജില്ലാ കമ്മിറ്റി അംഗം സതീഷിനെ നിശ്ചയിക്കാൻ നിർദേശിക്കുകയായിരുന്നു. സഹകരണ മന്ത്രി കടകംപള്ളിയുടെ അനിഷ്ടമാണ് ഇതിന് ഇടയാക്കിയതെന്നുമാണ് പ്രധാന ആക്ഷേപം.
വി.കെ.പ്രശാന്തിനെ ഉദ്ഘാടകനാക്കി ആദ്യം നോട്ടിസുകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. സതീഷ് ഉദ്ഘാടകനായതോടെ ഏതാനും നോട്ടിസുകൾ മാറ്റി അച്ചടിച്ചു. 2 നോട്ടിസുകളുടെയും മുൻ പേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎമ്മിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും നേതാവായ കോലിയക്കോട് കൃഷ്ണൻനായർ എന്നിവരുടെ ചിത്രങ്ങളുണ്ട്. ഇവർക്കൊപ്പമുള്ള ഉദ്ഘാടകരുടെ ചിത്രങ്ങൾക്കല്ലാതെ ഉൾപ്പേജിലെ കാര്യപരിപാടിക്കും പ്രസംഗകർക്കും നോട്ടിസുകളിൽ മാറ്റമില്ല. ഉദ്ഘാടനച്ചടങ്ങിനു ശേഷം, 'സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ' പ്രബന്ധ അവതരണവും ചർച്ചയും നടത്തിയാണു പരിപാടി സമാപിച്ചത്.
തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയനിലെ ഉൾപ്പോരും രണ്ടു തരം നോട്ടിസുകളും സിപിഎം പ്രവർത്തകരെയും സഹകാരികളെയും ആശയക്കുഴപ്പത്തിലാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരിക്കുന്ന സഹകരണ വകുപ്പിലാണു നടപടികളെന്നതും ചർച്ചയായിട്ടുണ്ട്. അതേസമയം ഇത് സംബന്ധിച്ച മാധ്യമ വാർത്ത അസംബന്ധമാണെന്നാണ് വി കെ പ്രശാന്ത് പറയുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ താൻ അസൗകര്യമറിയിച്ചപ്പോൾ അവർ മറ്റൊരു ഉദ്ഘാടകനെ നിയോഗിക്കുകയായിരുന്നെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് താൻ നേരത്തെ ഏറ്റിരുന്നതാണെന്ന് പ്രശാന്ത് വ്യക്തമാക്കിയത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള വാഹന ജാഥയും മണ്ഡല പര്യടനവും ഉള്ളതിനാൽ വൈകിയാണ് അസൗകര്യം അറിയിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. ഉദ്ഘാടകനെ മാറ്റിയതിന് പിന്നിൽ മറ്റ് യാതൊരു കാരണങ്ങളുമില്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.
