Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ മുൾമുനയിൽ നിർത്തിയുള്ള വിലപേശൽ ഏറ്റില്ല; കുമ്മനം കിണഞ്ഞ് ശ്രമിച്ചിട്ടും തുഷാറിന്റെ പേരൊഴിവാക്കി ബിജെപിയുടെ രാജ്യസഭാ സീറ്റ് പട്ടിക; മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് വി.മുരളീധരനെ; തുഷാറിനെ ഒഴിവാക്കിയത് നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭയം; നാളെ തന്നെ എൻഡിഎ ബന്ധം ഉപേക്ഷിക്കാൻ ബിഡിജെഎസ് ആലോചന; ഇനി ശ്രമം യുഡിഎഫിൽ കയറിപ്പറ്റാൻ

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ മുൾമുനയിൽ നിർത്തിയുള്ള വിലപേശൽ ഏറ്റില്ല; കുമ്മനം കിണഞ്ഞ് ശ്രമിച്ചിട്ടും തുഷാറിന്റെ പേരൊഴിവാക്കി ബിജെപിയുടെ രാജ്യസഭാ സീറ്റ് പട്ടിക; മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് വി.മുരളീധരനെ; തുഷാറിനെ ഒഴിവാക്കിയത് നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭയം; നാളെ തന്നെ എൻഡിഎ ബന്ധം ഉപേക്ഷിക്കാൻ ബിഡിജെഎസ് ആലോചന; ഇനി ശ്രമം യുഡിഎഫിൽ കയറിപ്പറ്റാൻ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: ബിജെപി നേതാവ് വി.മുരളീധരൻ രാജ്യസഭാ സ്ഥാനാർത്ഥി. മഹാരാഷ്ട്രയിൽ നിന്നാണ് മുരളീധരൻ മൽസരിക്കുക. കർണാടകയിൽ നിന്ന് രാജീവ് ചന്ദ്രശേഖരൻ വീണ്ടും മൽസരിക്കും. 18 രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. തുഷാർ വെള്ളാപ്പള്ളിയെ തള്ളിയാണ് മുരളീധരനെ ബിജെപി ദേശീയ നേതൃത്വം തിരഞ്ഞെടുത്തത്. തുഷാറിനെ എംപിയാക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം സൂചന നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ കേരളത്തിലെ ബിജെപിക്കാർ ശക്തമായി രംഗത്തുവന്നു. തുഷാറിനെ എംപിയാക്കിയാൽ നായർ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകലുമെന്ന് ഇവർ നേതൃത്വത്തെ അറിയിച്ചു. ഇതോടെ തുഷാറിനെ എംപിയാക്കേണ്ടെന്ന നിലപാടിലേക്ക് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിച്ചേരുകയായിരുന്നു.

വി.മുരളീധരൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇതിന് വേണ്ടി ഇന്നുതന്നെ അദ്ദേഹം മുംബൈയ്ക്ക് തിരിക്കും.രാജ്യസഭാ സീറ്റ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് സഹായകരമാകുമെന്ന് മുരളീധരൻ പ്രതികരിച്ചു.മുരളീധരൻ കൂടി രാജ്യസഭയിൽ എത്തുന്നതോടെ, കേരളത്തിൽ നിന്ന് ബിജെപിക്ക് നാല് ബിജെപി എംപിമാർ ആകും. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, അൽഫോൻസ് കണ്ണന്താനം എന്നിവരാണ് മറ്റുള്ളലർ.

അതിനിടെ ബിഡിജെഎസ് ഇടഞ്ഞുനിൽക്കുന്നതുകൊണ്ട് ഞായറാഴ്ച ചെങ്ങന്നൂരിൽ ചേരാനിരുന്ന എൻഡിഎ യോഗം മാറ്റിവച്ചു.14 ന് ബിഡിജെഎസ് നേതൃയോഗം ചേരും. ഈ യോഗത്തിലായിരിക്കും ഭാവി കാര്യങ്ങൾ നിശ്ചയിക്കുക.രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്ത് പറ്റിക്കുന്നുവെന്ന തോന്നലാണ് ബിഡിജെഎസിനെ അലട്ടുന്നത്.രാജ്യസഭയിലേക്ക് മൽസരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ടത് തിങ്കളാഴ്ചയാണെന്ന് ഇരിക്കെ തങ്ങൾക്ക് സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ ബിഡിജെഎസിന് കടുത്ത ആശങ്കയുണ്ട്.മുന്നണി വിടുമെന്ന് കടുപ്പിച്ചുപറയാൻ തുഷാർ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചതും ഈ ഘടകമാണ്.

രാജ്യസഭാ സീറ്റും മറ്റു പ്രതിനിധികൾക്കു ബോർഡ്, കോർപറേഷനുകളിൽ പദവികളുമാണു ഘടകകക്ഷികൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസിനെ തഴഞ്ഞു. ഘടകകക്ഷികളുടെ സ്ഥാനാർത്ഥി പട്ടിക പിന്നീടു പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പ്രശ്നം സങ്കീർണ്ണമായത്. ചെങ്ങന്നൂരിൽ ബിഡിജെഎസിനും ഘടക കക്ഷികൾക്കും സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ബിഡിജെഎസ് ഭാരവാഹികളുമായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി ദേശീയ നേതാവ് ബി.എൽ.സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഘടകകക്ഷിയാണെന്നും നേതൃത്വ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തിൽ കടുത്ത അതൃപ്തിയാണ് ഉണ്ടായത്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ പോലും അവഗണിച്ച് പദവികൾ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. വാഗ്ദാനം ചെയ്ത പദവികൾ നൽകിയില്ലെങ്കിൽ മുന്നണിവിടുമെന്ന് ബിഡിജെഎസും അന്ത്യശാസനം നൽകി. നാളികേര വികസന ബോർഡിലേക്ക് മുതിർന്ന നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായ കെപി ശ്രീശന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം നൽകിയിരുന്നത്,റബ്ബർ ബോർഡിലേക്ക് മുൻ അധ്യക്ഷൻ സികെ പത്മനാഭന്റെയും പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷം ഈ പദവികൾ കേന്ദ്രനേതൃത്വം ഒഴിച്ചിട്ടു. സ്പൈസസ് ബോർഡ് ചെയർമാൻ പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും േകരളത്തിന് നൽകിയെങ്കിലും പാർട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്നം.

തുഷാർവെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നൽകിയാൽ പാർട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയിൽ ശക്തരായ ഈഴവ നേതാക്കൾ ഉണ്ടായിരുന്നിട്ടും ബിഡിജെഎസിനെ പരിഗണിക്കേണ്ടതില്ലെന്നും മുതിർന്ന നേതാക്കൾ അമിത് ഷായെ അറിയിച്ചു.

കേരളം ഉൾപ്പടെ 17 സംസ്ഥാനങ്ങളിലായി ഒഴിവുവന്ന 59 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 23 ന് നടക്കും.58 സീറ്റുകളിൽ ഭൂരിപക്ഷം സീറ്റുകളും ഒഴിവ് വരുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഉത്തർ പ്രദേശിൽ നിന്നും പത്ത് രാജ്യസഭാ അംഗങ്ങളും മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ നിന്നും ആറ് ഒഴിവുകളിലേയ്ക്കുമാണ് മൽസരം നടക്കുക. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലും അഞ്ച് സീറ്റുകളിലേയ്ക്ക് വീതമാണ് മൽസരം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും നാല് സീറ്റുകൾ വീതമാണ് ഒഴിയുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റ് വീതമാണ് ഒഴിയുന്നത്.

നിലവിൽ രാജ്യസഭയിലെ ഒറ്റകക്ഷിയായ ബിജെപിക്ക് 58 അംഗങ്ങളും, കോൺഗ്രസിന് 54 അംഗങ്ങളുമാണ് ഉള്ളത്. ലോക്സഭയിൽ ബില്ലുകൾ എളുപ്പത്തിൽ പാസ്സാക്കിയെടുക്കുന്ന ബിജെപിക്ക് രാജ്യസഭ ബാലികേറാ മലയായി തുടരുകയായിരുന്നു. അതുകൊണ്ടുതന്നെ രാജ്യസഭാ സീറ്റുകൾ എന്തു വിലകൊടുത്തും വിജയിക്കാനായിരിക്കും ബിജെപി ശ്രമിക്കുക.

ബിജെപിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനു സാധിക്കുമോ എന്നത് കാത്തിരുന്നു കാണണം. കാരണം എൻഡിഎ മുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ ശിവസേന, ചന്ദ്രബാബുവിന്റെ ടിഡിപി യുമായും ബിജെപി നല്ല ബന്ധത്തിലല്ല. വൈഎസ്ആർ കോൺഗ്രസും, ടിആർഎസും, ബിജെപിയോട് ഇടഞ്ഞ് തന്നെ നിൽക്കുന്നു. അണ്ണാഡിഎംകെയും ബിജെഡിയും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നിലപാടായിരിക്കും സ്വീകരിക്കാൻ സാധ്യത.

മാർച്ച് 23നാണ് വോട്ടെടുപ്പ്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ്. സൂക്ഷ്മപരിശോധന 13ന് നടക്കും. 15 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. 23ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുമണിവരെയാണ് വോട്ടിങ് സമയം. അന്നു വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP