Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു രമേശിന്റെ ആരോപണം ഏറ്റുപിടിച്ച് വി എസ് അരയും തലയും മുറുക്കി ഇറങ്ങുന്നു; ബാബു വാങ്ങിയത് പത്ത് കോടി; എക്‌സൈസ് മന്ത്രിയെ രക്ഷിക്കാൻ മുഖ്യമന്ത്രി വിൻസൻ എം പോളിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം; കോഴ വാങ്ങിയ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും: വീണ്ടും അങ്കം കുറിച്ച് പ്രതിപക്ഷ നേതാവ്

ബിജു രമേശിന്റെ ആരോപണം ഏറ്റുപിടിച്ച് വി എസ് അരയും തലയും മുറുക്കി ഇറങ്ങുന്നു; ബാബു വാങ്ങിയത് പത്ത് കോടി; എക്‌സൈസ് മന്ത്രിയെ രക്ഷിക്കാൻ മുഖ്യമന്ത്രി വിൻസൻ എം പോളിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം; കോഴ വാങ്ങിയ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും: വീണ്ടും അങ്കം കുറിച്ച് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണി രാജിവച്ചെങ്കിലും കാര്യങ്ങൾ അവിടം കൊണ്ടി നിൽക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി. മാണിയെ വീഴ്‌ത്തിയതിന് പിന്നാലെ എക്‌സൈസ് മന്ത്രി കെ ബാബുവിനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ലക്ഷ്യം വച്ചാണ് വി എസ് രംഗത്തുവന്നത്. ബാറുടമാ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് വി എസ് വിഷയം ഏറ്റുപിടിച്ച് രംഗത്തുവന്നത്.

ബാർ കോഴക്കേസ് ശരിയായി അന്വേഷിച്ചാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുങ്ങുമെന്ന് വി എസ് അച്യുതാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാനും മുഖ്യമന്ത്രി ഇടപെട്ടതായും ബാബുവിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാണിക്കൊപ്പം കൈക്കൂലി വാങ്ങിയ ആളാണ് കെ ബാബു. കെ ബാബു പത്തുകോടി രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇതിൽ അമ്പതു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിൽ നേരിട്ടു കൊടുത്തെന്നു ബിജു രമേശ് മജിസ്‌ട്രേറ്റിനു മുമ്പാകെ 164ാം വകുപ്പ് അനുസരിച്ചു മൊഴി നൽകിയിരുന്നു.

വിൻസൻ എം പോളിന്റേതായി കഴിഞ്ഞദിവസം ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന അഭിമുഖത്തിൽ കേസിൽ മുഖ്യമന്ത്രി ഇടപെട്ടതായി പറഞ്ഞിരുന്നു. മുഖ്യമന്ത്രി അതു നിഷേധിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിൽ പങ്കുണ്ടാകാതിരിക്കാനാവില്ല. ബാബുവിനെതിരായ അന്വേഷണം നടത്താൻ വിജിലൻസിന് കത്തു നൽകിയിട്ടുണ്ട്. ഇതിൽ കാലവിളംബമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും വി എസ് വ്യക്തമാക്കി.

കോടതിയിൽ നിന്ന് പ്രതികൂല പരാമമർശം ഏറ്റുവാങ്ങി രാജി വയ്‌ക്കേണ്ട വന്ന മാണിയെ ഉമ്മൻ ചാണ്ടി താലോലിച്ചു നടക്കുകയാണ്. താനും കുടുങ്ങുമെന്ന് ഭയന്നാണ് ഉമ്മൻ ചാണ്ടി മാണിയെ ന്യായീകരിക്കുന്നത്. മാണിയെ സ്വീകരിച്ചു കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട് നാണം കെട്ടവനും ആലും തമ്മിലുള്ള ബന്ധമാണ് ഓർമിപ്പിക്കുന്നതെന്നും വി എസ് പറഞ്ഞു. മാണിയുടെ രാജികൊണ്ട് മാത്രം ബാർകോഴ കേസ് ഒതുങ്ങില്ലെന്ന വ്യക്തമായ സൂചനയാണ് വി എസ് നൽകുന്നത്. വരും ദിവസങ്ങളിൽ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും പുറത്തുവരുമെന്നാണ് സൂചനകൾ.

സെക്രട്ടറിയേറ്റിൽ കൊണ്ടുപോയി കെ ബാബുവിന് പണം കൊടുത്തുവെന്നാണ് നേരത്തെ ബിജു രമേശ് ആരോപിച്ചിരുന്നത്. രണ്ടു ഘട്ടമായി ഒരു കോടി രൂപ നൽകി. രണ്ടുവട്ടവും സെക്രട്ടറിയേറ്റിൽ നേരിട്ടു കൊണ്ടുപോയി പണം നൽകുകയായിരുന്നു. പത്തു കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ബാറുടമകൾ 23.5 കോടി രൂപ പിരിച്ചു. ബാബുവിനെതിരായ തന്റെ മൊഴി വിജിലൻസ് എഴുതിയെടുത്തില്ല. കൂടുതൽ തെളിവെടുക്കാതിരിക്കാൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ നിർദ്ദേശം നൽകിയെന്നും ബിജു ആരോപിക്കുകയുണ്ടായി. തന്റെ ആരോപണം ശരിയെന്നു തെളിയിക്കാൻ നാർക്കോ അനാലിസിസ് നടത്തണം. അതിനു താൻ തയാറാണ്, കെ. ബാബു തയാറുണ്ടോയെന്നും ബിജു രമേശ് വെല്ലുവിളിച്ചിരുന്നു.

അതേസമയം മാണി രാജിവച്ച സാഹചര്യത്തിൽ കേരളാ കോൺഗ്രസിൽ നിന്നും മാണി രക്ഷപെട്ടു എന്ന പൊതുവികാരം ഉയരുന്നുണ്ട്. കെ എം മാണിയെ മാത്രം ഒതുക്കി ബാബുവിനെ രക്ഷിച്ച് കേസ് ഒതുക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രം വിലപ്പോവില്ലെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കൾ തുറന്നടിക്കുന്നുണ്. കോഴവാങ്ങിയെന്ന് ബിജു രമേശ് ആരോപിക്കുന്ന മന്ത്രി കെ ബാബുവിനെതിരായ അന്വേഷണമില്ലാത്തതും മാണിയെ കുരുക്കിയതും ഒരു പന്തിയിലെ രണ്ടു വിളമ്പാണെന്നു കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം കെ ജെ ദേവസ്യ പറഞ്ഞു.

ബാബു കോഴ വാങ്ങിയെന്ന് ഇന്നും ബിജു രമേശ് ആവർത്തിച്ചതായും ദേവസ്യ ചൂണ്ടിക്കാട്ടി. കെ എം മാണിക്കെതിരായ ആരോപണം പോലെ തന്നെയാണ് ബാബുവിനെതിരയും വന്നത്. എന്നാൽ ബാബുവിനെതിരായ കേസ് വിജിലൻസ് തള്ളി. മാണിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോയി. ഇത് ഇരട്ടനീതിയാണ്. രണ്ട് തവണയായി അമ്പതു ലക്ഷം രൂപ വീതം ബാബുവിന് നേരിട്ടു നൽകിയതായാണ് ബിജു രമേശ് പറയുന്നത്. ഒരു മന്ത്രിക്ക് ഒരു നീതിയും മറ്റൊരു മന്ത്രിക്ക് മറ്റൊരു നീതി എന്നെവിടെയും പറഞ്ഞിട്ടില്ലെന്നും ദേവസ്യ പറഞ്ഞു.അതുകൊണ്ടു ബാബുവിനെതിരെയും അന്വേഷണം വേണം.

അതോടൊപ്പം ചെന്നിത്തലയ്ക്കും ശിവകുമാറിനും എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും മാണി വിഭാഗം നേതാക്കൾ ആവശ്യപ്പെടും. മാണിയോട് ഇരട്ട നീതി കാണിക്കരുതെന്ന് ആന്റണി ജോർജും നേരത്തെ പറഞ്ഞിരുന്നു. കെ എം മാണി തെറ്റു ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അതിനാലാണ് അദ്ദേഹത്തോടൊപ്പം നിൽക്കുന്നതെന്നും ചീഫ് വിപ്പ് സ്ഥാനം രാജിവച്ച തോമസ് ഉണ്ണിയാടൻ പറഞ്ഞു. അതേസമയം ഒരേ ആരോപണം നേരിടുന്നവരോട് രണ്ട് തരം അന്വേഷണം ശരിയല്ലെന്നും ഉണ്ണിയാടൻ പറഞ്ഞു.

ബാർകോഴ കേസിന്റെ തുടക്കം മുതൽ തന്നെ വിഷയത്തിൽ രണ്ട് നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആരോപണം കേരളാ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്. ഇതിനിടെയാണ് വി എസ് വിഷയം ഏറ്റുപിടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നതും. കെ എം മാണിക്കെതിരെ ആരോപണം ഉയർന്ന വേളയിൽ സിപിഐ(എം) നേതാക്കൾ തുടക്കത്തിൽ മൃദുസമീപനം സ്വീകരിച്ചപ്പോൾ മാണിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത് വി എസ് ആയിരുന്നു. നിയമ നടപടികളുമായി നീങ്ങി മാണിയെ കുരുക്കിലാക്കുന്നതിലും വിഎസിന് പങ്കുണ്ട്. ഇപ്പോൾ കെ ബാബുവിനെതിരെയും നിയമനടപടിക്ക് വി എസ് ഒരുങ്ങുമ്പോൾ ബാർകോഴ വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP