Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമത്വ മുന്നേറ്റയാത്ര ആറ്റിങ്ങലിൽ എത്തുമ്പോൾ നടേശന്റെ രൂപം നിക്കറും വെള്ള ബനിയനും ആകുമെന്ന് വി എസ്; വി എസ് പ്രതികരിക്കുന്നത് കാലുപൊള്ളിയ കുരങ്ങനെ പോലെ, ശവമായി കിടന്ന വി എസിനെ ഉയർത്തെഴുന്നേൽപ്പിച്ചത് താനെന്നും വെള്ളാപ്പള്ളി: നേതാക്കൾ തമ്മിൽ വീണ്ടും വാക്‌പോര്

സമത്വ മുന്നേറ്റയാത്ര ആറ്റിങ്ങലിൽ എത്തുമ്പോൾ നടേശന്റെ രൂപം നിക്കറും വെള്ള ബനിയനും ആകുമെന്ന് വി എസ്; വി എസ് പ്രതികരിക്കുന്നത് കാലുപൊള്ളിയ കുരങ്ങനെ പോലെ, ശവമായി കിടന്ന വി എസിനെ ഉയർത്തെഴുന്നേൽപ്പിച്ചത് താനെന്നും വെള്ളാപ്പള്ളി: നേതാക്കൾ തമ്മിൽ വീണ്ടും വാക്‌പോര്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/കാസർകോട്: രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് കാസർകോഡ് തുടക്കമായി. ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ യാത്രയുടെ ഉദ്ഘാടനം നടന്നത്. യാത്രയുടെ പേരിൽ തന്നെ സിപിഐ(എം) ആക്രമിക്കുകായാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 51 വെട്ടു വെട്ടുന്നതല്ല എസ്എൻഡിപിയുടെ ശൈലിയെന്നും സമാധാനത്തിന്റേതാണെന്നും വെള്ളാപ്പള്ളി ഉദ്ഘാടന വേദിയിൽ പറഞ്ഞു.

സമത്വ മുന്നേറ്റയാത്ര തുടങ്ങാന് തീരുമാനം എടുത്തത് മുതൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ട് പല ആരോപണങ്ങളുമുണ്ടായി. ഇതിന്റെ പിന്നിലെ ശക്തികളെ തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട്. അവർ അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തോടുമുള്ള വെല്ലുവിളിയല്ല തന്റെ യാത്രയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ലീഗാണെന്നും, ലീഗിനെയും കേരള കോൺഗ്രസിനെയും കണ്ടാണ് പഠിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിക്കാനുള്ള അവസരം ഇവിടെ നിഷേധിക്കപ്പെടുകയാണെന്നും എല്ലാവരും തങ്ങൾക്കെതിരെ അണിനിരക്കുകയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി അതിഥികൾ ഇപ്പോൾ വീട്ടുകാരും, വീട്ടുകാരായ ഹിന്ദുക്കൾ വേലക്കാരായെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഹിന്ദുക്കളുടെ അംഗസംഖ്യ കൂട്ടണമെന്നും ജനാധിപത്യമല്ല ഇവിടെ നടക്കുന്നത് മതാധിപത്യമാണെന്നും പറഞ്ഞു.

കേരളത്തിൽ പള്ളി പണിയാൻ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണെന്ന് സൂചിപ്പിച്ച വെള്ളാപ്പള്ളി, സിഎച്ച് മുഹമ്മദ് കോയ ലീഗിനെ ഉറങ്ങുന്ന സിംഹം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും പറഞ്ഞു. സമത്വമുന്നേറ്റ യാത്ര തുടങ്ങാൻ തീരുമാനിച്ച സമയം മുതൽ ഇതിനെ തകർക്കുവാൻ പല ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് വെള്ളാപ്പള്ളിയും വി എസ് അച്യുതാനന്ദനും തമ്മിൽ വാക്‌പോര് നടന്നു. വെള്ളാപ്പള്ളിയെ ആക്രമിച്ച് വി എസ് അച്യുതാനന്ദൻ രംഗത്തുവന്നപ്പോൾ ഇത് വെള്ളാപ്പള്ളി മറുപടിയും നൽകി.

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ ജാഥ അവസാനിക്കുമ്പോൾ മുഖ്യമന്ത്രിക്ക് കൈയിലുള്ള 11 കോടിയുടെ കോഴപ്പണം കൈമാറുവാൻ വെള്ളാപ്പള്ളി തയ്യാറാകണമെന്ന് വി എസ്. അച്യുതാനന്ദൻ വ്യക്തമാക്കി. ഇന്നാരംഭിച്ച ജാഥയിൽ വെള്ളാപ്പള്ളിയുടെ വേഷം മുണ്ടും, ഷർട്ടും ആർഎസ്എസിന്റെ ഷാളുമാണെന്നും, ഇത് ആറ്റിങ്ങലിൽ എത്തുമ്പോൾ നിക്കറും വെള്ള ബനിയനും ആകുമെന്നും, സമത്വ മുന്നേറ്റ യാത്ര ജലസമാധിയടയുമെന്നും വി എസ് പറഞ്ഞു.

അതേസമയം താൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ജലസമാധിയാവുമെന്നത് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ മോഹം മാത്രമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടിയായി പറഞ്ഞു. വി എസ് ഇപ്പോൾ കാലു പൊള്ളിയ കുരങ്ങനെ പോലെയാണ് പ്രതികരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാസർകോഡ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ ഒന്നുമല്ലാതെ ശവമായി കിടന്ന വി.എസിനെ ഉയർത്തെഴുന്നേൽപ്പിച്ചത് താനാണ്. ആ തന്നെയാണ് വി എസ് അടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുന്നത്. സമത്വ മുന്നേറ്റ യാത്ര ആറ്റിങ്ങൽ എത്തുമ്പോൾ തന്റെ വേഷം നിക്കറും ബനിയനും ആയിരിക്കുമെന്ന വി.എസിന്റെ പ്രസ്താവന കാര്യമാക്കുന്നില്ല. തനിക്ക് ഒരിക്കലും ആർ.എസ്.എസുകാരനാവാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ യാത്ര വൻ വിജയമാകുമെന്നതിനു തെളിവാണ് എല്ലാവരുടെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സമത്വ മുന്നേറ്റ യാത്രയെ എന്തിനാണ് എല്ലാവരും ഭയപ്പെടുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

അതേസമയം വെള്ളാപ്പള്ളിയുടെ യാത്ര വിഭാഗീയതകൾ കൂട്ടിക്കെട്ടാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. സംഘപരിവാർ സംഘടനകൾക്കു മുമ്പിൽ ഗുരുദേവആദർശങ്ങളെ അടിയറവ് വെയ്ക്കുന്ന സമീപനമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരനും പറഞ്ഞു. ഗുരുവിന്റെ ദർശനങ്ങളെ സംഘപരിവാർ സംഘടനകൾ വിഭാഗീയതയ്ക്കായി ഉപയോഗിക്കുന്നതിനെ ശക്തിപ്പെടുത്തുവാൻ മാത്രമെ സമത്വമുന്നേറ്റ യാത്ര സഹായിക്കുകയുള്ളുവെന്നാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പ്രതികരിച്ചത്.

സംഘപരിവാറിന്റെ ആശയങ്ങളെ പിന്തുടരുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും, എസ്എൻഡിപിയെ ആർഎസ്എസ് ആലയത്തിൽ കൊണ്ടുപോയി കെട്ടുവാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പ്രബുദ്ധരായ എസ്എൻഡിപി പ്രവർത്തകർ ഇതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കണമെന്നും സുധീരൻ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളിയുടെ യാത്രയെ പരിഹസിച്ച് രംഗത്തുവന്നു. വെള്ളാപ്പള്ളിയുടെ യാത്ര നനഞ്ഞ പടക്കമായി മാറുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ കാസർകോട് നിന്നും ഇന്നാരംഭിച്ച സമത്വമുന്നേറ്റ യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി ഡിസംബർ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. കാസർകോട് മധൂർ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP