Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്ഷേപിക്കാൻ വേണ്ടി കുശിനിക്കാർ, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം നിന്ദ്യം; വിടുവായത്തവും തമ്മിലടിയും നിർത്തി നേതാക്കൾ രാഷ്ട്രീയം പറയണം; കാലത്തിനൊത്തു മാറാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കളമൊഴിഞ്ഞു വഴിമാറണം: കോൺഗ്രസ് പോരിൽ നേതാക്കളെ വിമർശിച്ചു വി ടി ബൽറാം

ആക്ഷേപിക്കാൻ വേണ്ടി കുശിനിക്കാർ, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം നിന്ദ്യം; വിടുവായത്തവും തമ്മിലടിയും നിർത്തി നേതാക്കൾ രാഷ്ട്രീയം പറയണം; കാലത്തിനൊത്തു മാറാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കളമൊഴിഞ്ഞു വഴിമാറണം: കോൺഗ്രസ് പോരിൽ നേതാക്കളെ വിമർശിച്ചു വി ടി ബൽറാം

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസിലെ രണ്ടു പ്രമുഖ നേതാക്കൾ വാക്‌പോരിലാണ്. ഇന്നതു തെരുവിലേക്കും എത്തി. കെ മുരളീധരൻ എംഎൽഎയും രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിലുള്ള പോരു തെരുവിലേക്കു വരെ എത്തിയതോടെ കോൺഗ്രസിലെ യുവനേതാക്കളും വിമർശനവുമായി രംഗത്തെത്തി.

വി ടി ബൽറാം എംഎൽഎ ഇരു നേതാക്കളെയും വിമർശിച്ചു കടുത്ത ഭാഷയിലാണു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ആക്ഷേപിക്കാൻ വേണ്ടി കുശിനിക്കാർ, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം നിന്ദ്യമാണെന്നും ബൽറാം ചൂണ്ടിക്കാട്ടുന്നു. വിടുവായത്തവും തമ്മിലടിയും നിർത്തി നേതാക്കൾ രാഷ്ട്രീയം പറയണമെന്നും ബൽറാം ആവശ്യപ്പെടുന്നു.

കാലത്തിനൊത്തു മാറാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കളമൊഴിഞ്ഞു വഴിമാറണം. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ പാർട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്‌ത്തുന്നുവെന്നും ഫാസിസ്റ്റ് തേരോട്ടത്തിനെതിരെ കോൺഗ്രസിന്റെ തിരിച്ചു വരവ് പലരും പ്രതീക്ഷിക്കുമ്പോഴാണ് ഇത്തരം നടപടികളെന്നും ബൽറാം വിമർശിക്കുന്നു. ഓരോ നേതാക്കളും സ്വന്തം ഉത്തരവാദബോധത്തിൽ നിന്ന് ആർജ്ജിക്കുന്ന സ്വാഭാവികമായ അച്ചടക്കമാണ് കോൺഗ്രസിന്റെ രീതിക്ക് നല്ലത്. എന്നാൽ നേതാക്കൾ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കൽ കറക്റ്റ്നെസ് പാലിച്ചുകൊണ്ടായിരിക്കണം എന്നതാണ് ഈ പുതിയ കാലത്ത് പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്നും ബൽറാം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കുമ്പോൾ, ഫാഷിസ്റ്റ് തേരോട്ടത്തിനെതിരെയുള്ള പ്രതിരോധത്തിനായി കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പാർട്ടിക്കകത്തും പുറത്തുമുള്ളവർ ഒരുപോലെ ആഗ്രഹിക്കുമ്പോൾ, ഉത്തരവാദിത്തമില്ലായ്മയും സ്വാർത്ഥ താത്പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കൾ പാർട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്‌ത്തുകയാണ്.
കേരളത്തിൽ പാർട്ടി പ്രവർത്തനവും പ്രതിപക്ഷ പ്രവർത്തനവും കൂടുതൽ ശക്തമായി മുന്നോട്ടുപോകണമെന്നത് ഓരോ പ്രവർത്തകരുടേയും മനോവികാരമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുടെ പരമ്പര തീർക്കുമ്പോൾ അതിനൊക്കെയെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച്, മടിശീലയിൽ കനമില്ലാതെ നിർഭയമായി മുന്നോട്ടുപോകണമെന്നാണ് ഈ പാർട്ടിയേക്കുറിച്ച് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഈയിടെ നടന്ന ഡിസിസി പ്രസിഡണ്ട് നിയമനത്തോടെ ഒരു തലമുറമാറ്റത്തിന്റെ തുടക്കം കുറിച്ച നിശ്ശബ്ദ വിപ്ലവം കോൺഗ്രസിൽ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിച്ചുകൂടാ.

കോൺഗ്രസിൽ അഭിപ്രായ പ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യം പൊതുവിൽ ഉണ്ടാവാറില്ല. അതിന്റെ ആവശ്യവുമില്ല. ഓരോ നേതാക്കളും സ്വന്തം ഉത്തരവാദബോധത്തിൽ നിന്ന് ആർജ്ജിക്കുന്ന സ്വാഭാവികമായ അച്ചടക്കമാണ് കോൺഗ്രസിന്റെ രീതിക്ക് നല്ലത്. എന്നാൽ നേതാക്കൾ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കൽ കറക്റ്റ്നെസ് പാലിച്ചുകൊണ്ടായിരിക്കണം എന്നതാണ് ഈ പുതിയ കാലത്ത് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. സമീപദിവസങ്ങളിൽ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാർ, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം നിന്ദ്യമാണ് എന്ന് പറയാതെ വയ്യ. ഇത് ചില മനോഭാവങ്ങളെക്കൂടിയാണ് വെളിപ്പെടുത്തുന്നതെന്ന് അവർ സ്വയം മനസ്സിലാക്കണം. ഒരു ആധുനിക ജനാധിപത്യ സംഘടനയിൽ വീട്ടുകാരും കുശിനിക്കാരും തമ്മിൽ വ്യത്യാസമില്ല. ചുമതലകൾ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാവർക്കും ഒരേ അംഗീകാരവും മാന്യതയും ആണ് ഉണ്ടാവേണ്ടത്. സമൂഹത്തിലും അങ്ങനെത്തന്നെയാണ്. 'വേശ്യന്മാർ' ഉണ്ടാവുന്നിടത്തോളം വേശ്യകളും ഉണ്ടാവുമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അത് മനസ്സിലാക്കാതെയുള്ള ഏകപക്ഷീയ അധിക്ഷേപം സ്ത്രീവിരുദ്ധവും രാഷ്ട്രീയവിരുദ്ധവുമാണ്. ട്രാൻസ്ജൻഡർ വിഭാഗങ്ങളെ ഉദ്ദേശിച്ചാണ് ശിഖണ്ഡി എന്ന് ആക്ഷേപസൂചകമായി ഉപയോഗിക്കുന്നതെങ്കിൽ അതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

നിലവാരമില്ലാത്ത വാക്പ്പോരിന് ശേഷം ഇപ്പോൾ യഥാർത്ഥ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങൾ അധ:പതിക്കുമ്പോൾ മുറിവേൽക്കപ്പെടുന്നത് ആയിരക്കണക്കിന് പ്രവർത്തകരുടെ മനോവീര്യമാണ്. അതിനാൽ വിടുവായത്തവും തമ്മിലടിയും നിർത്തി കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും തയ്യാറാവണം. ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരായ ജനമുന്നേറ്റത്തിന്റെ ചാലകശക്തികളാകണം. നിങ്ങളുടെ ഗ്രൂപ്പ് പോരിന്റെ നേർച്ചക്കോഴികളായി നിന്ന് തരാൻ ഈ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് മനസ്സില്ല. കാലത്തിനൊത്ത് മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ കളമൊഴിഞ്ഞ് അതിന് കഴിയുന്നവർക്ക് വഴിമാറിക്കൊടുക്കണം എന്ന് പറയേണ്ടിവരുന്നതിൽ ക്ഷമിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP