Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കൗ ബൽറ്റ്' പാർട്ടി എന്ന ഇമേജ് മറികടക്കാൻ ബംഗാളിൽ ദീദിയുടെ മടയിലേക്ക് പട നയിച്ച ബിജെപിക്ക് പൊള്ളിയത് ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ തൊട്ടപ്പോൾ; ബംഗാളി ജനതയുടെ വികാരം വായിച്ചെടുക്കാൻ അമിത് ഷാ പരാജയപ്പെട്ടപ്പോൾ തിരിച്ചടി തിരിച്ചറിഞ്ഞ് പ്രതിമ പുനർനിർമ്മിക്കാമെന്ന് മോദിയുടെ വാഗ്ദാനം; ഉശിരൻ പ്രചാരണായുധം കിട്ടിയ സന്തോഷത്തിൽ ആഞ്ഞടിച്ച് മമത; വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവത്തോടെ ബിജെപിക്ക് കൊടുക്കേണ്ടി വരുന്നത് വലിയ വില

'കൗ ബൽറ്റ്' പാർട്ടി എന്ന ഇമേജ് മറികടക്കാൻ ബംഗാളിൽ ദീദിയുടെ മടയിലേക്ക് പട നയിച്ച ബിജെപിക്ക് പൊള്ളിയത് ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ തൊട്ടപ്പോൾ; ബംഗാളി ജനതയുടെ വികാരം വായിച്ചെടുക്കാൻ അമിത് ഷാ പരാജയപ്പെട്ടപ്പോൾ തിരിച്ചടി തിരിച്ചറിഞ്ഞ് പ്രതിമ പുനർനിർമ്മിക്കാമെന്ന് മോദിയുടെ വാഗ്ദാനം; ഉശിരൻ പ്രചാരണായുധം കിട്ടിയ സന്തോഷത്തിൽ ആഞ്ഞടിച്ച് മമത; വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവത്തോടെ ബിജെപിക്ക് കൊടുക്കേണ്ടി വരുന്നത് വലിയ വില

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 59 സീറ്റുകളിൽ ബംഗാളിൽ നിന്ന് ഒമ്പതെണ്ണം മാത്രം. എന്നിട്ടും കോലാഹലങ്ങൾക്ക് കുറവില്ല. അക്രമവും കൊള്ളിവയ്പും, ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും എല്ലാമായി ആകെ സംഭവബഹുലം. മമതയ്ക്കും കൂട്ടർക്കും ഒരുഉശിരൻ പ്രചാരണായുധവും.ഈശ്വർ ചന്ദ്ര വിദ്യാസാഗറിനെ തൊട്ടാൽ ബംഗാളി മനസിന് പൊള്ളുമെന്ന് അറിയാൻ ബിജെപി വൈകി. ട്വിറ്ററിലും മറ്റും ബിജെപിക്കാർ വിദ്യാസാഗറിനെ പുലഭ്യം പറയുന്നത് ഇതിന്റെ തെളിവാണ്. ബംഗാളി ജനതയുടെ മനസ് വായിക്കാൻ ബിജെപി പരാജയപ്പെട്ടുവെന്ന് ചുരുക്കം. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവർത്തകർ പ്രതിമ തകർത്തത് തിരിച്ചടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ വേഗം തിരിച്ചറിഞ്ഞു. ടിഎംസി ഗൂണ്ടകൾ തകർത്ത വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന മോദിയുടെ വാഗ്ദാനം മമത അതേ വേഗത്തിൽ തള്ളി. പ്രതിമ നിർമ്മിക്കാൻ ബിജെപിയുടെ പണം വേണ്ടെന്ന് ദീദി തിരിച്ചടിച്ചു.

ബംഗാൾ പിടിച്ചടക്കാൻ സകല അടവും പയറ്റുന്ന ബിജെപിക്ക് കോളേജ് സ്ട്രീറ്റിലെ സംഭവം വൻ തിരിച്ചടിയായി. സംഭവത്തിന് ശേഷവും അന്തരീക്ഷം മെച്ചപ്പെടുത്താൻ ബിജെപിക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, അത് വഷളാക്കുകയാണ് പാർട്ടി ചെയ്തത്. അമിത് ഷാ അടക്കമുള്ള നേതാക്കൾക്ക് ബംഗാളിനെ വേണ്ട വിധം മനസ്സിലാക്കാനായിട്ടില്ല എന്നുവേണം കരുതാൻ. ഹിന്ദി സംസാരിക്കുന്നവരുടെ കൗബൽറ്റ് പാർട്ടി എന്ന പ്രതിച്ഛായ മറികടക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി ഈ സംഭവം. അതേസമയം, മമത സംഭവത്തിന്റെ രാഷ്ട്രീയമാനം വളരെ വേഗം വായിച്ചെടുത്തു. വിദ്യാസാഗർ കോളേജിലേക്ക് ഓടിയെത്തി അക്രമികളെ തുരത്തുമെന്ന് പ്രഖ്യാപിച്ചു.

സിപിഎമ്മും രാവിലെ റാലി നടത്തി പരോക്ഷമായി മമതയ്ക്ക് പിന്തുണ നൽകി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിനൊപ്പം സ്വതന്ത്ര അന്വേഷണവും വേണമെന്ന് മുറവിളി ഉയരുന്നുണ്ട്. അതിർത്തി കടന്നെത്തിയവരോ യുപിയിൽ നിന്നുള്ള ബിജെപി കേഡറിൽ പെട്ടവരോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംസാരം. രാഷ്ട്രീയമായി ബിജെപിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നോർത്തുകൊൽക്കത്ത, ജാദവ്പൂർ, സൗത്തുകൊൽക്കത്ത എന്നിവ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായി. പുറത്തുനിന്ന് കടന്നുവന്ന പാർട്ടി എന്ന ഇമേജ് ഉടൻ ബംഗാളിൽ ബിജെപിയെ വിട്ടുപോകുകയില്ല.

വിദ്യാസാഗർ ബംഗാളി വികാരം

അക്ഷരാർഥത്തിൽ നവോത്ഥാന നായകനാണ് ഈശ്വര ചന്ദ്ര വിദ്യാസാഗർ. സ്വാമി വിവേകാനന്ദനൊപ്പം ബംഗാളികൾ ആദരിക്കുന്ന പ്രതിഭാശാലി.
വിദ്യാഭ്യാസ വിചക്ഷണൻ, സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ നായകൻ, സഹിഷ്ണുതയ്ക്ക് വേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വം , അങ്ങനെ ബംഗാളി മനസിൽ ഇഴ ചേർന്ന 19 ാം നൂറ്റാണ്ടിലെ ചിന്തകനും എഴുത്തുകാരനും. ബംഗാളി സ്വത്വത്തിന്റെ അവിഭാജ്യ ഘടകം. ഈശ്വര ചന്ദ്ര വിദ്യാസാഗർ. ഹിന്ദുവാണെങ്കിലും ഹിന്ദുത്വയുടെ പ്രചാരകനല്ല.

വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനായി അദ്ദേഹം ബംഗാളിൽ അനേകം സ്‌കൂളുകൾ സ്ഥാപിച്ചു. പ്രത്യേകിച്ചും, പെൺകുട്ടികളുടെ പഠനകാര്യത്തിന് അദ്ദേഹം ഏറെ പ്രാധാന്യം നൽകി. പെൺകുട്ടികളെ സ്‌കൂളിലയയ്ക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം ബംഗാളിലെ വീടുകൾ തോറും കയറിയിറങ്ങി. അവരുടെ പഠനച്ചെലവിനായി 'നാരിശിക്ഷാ ബാന്തർ' എന്ന കർമപദ്ധതിക്കും അദ്ദേഹം രൂപംകൊടുത്തു. വിധവാ പുനർവിവാഹം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ, അദ്ദേഹത്തെ ഒരു മികച്ച സാമൂഹ്യ പരിഷ്‌കർത്താവാക്കിത്മതീർത്തു. അങ്ങനെ രാജ്യ ചരിത്രത്തിൽ തന്നെ സുപ്രധാനിയായ ഒരു മഹാത്മാവിന്റെ പ്രതിമ തകർത്തത് ബംഗാളികൾ എങ്ങനെ പൊറുക്കാൻ?

അക്രമത്തിൽ കലാശിച്ച വടംവലി

ഇനി ആകെ മത്സരം ബംഗാളിലെ 9 സീറ്റിൽ മാത്രം. അക്രമവും കൊള്ളിവയ്പും ഏറിയതോടെ, പ്രചാരണ സമയം വ്യാഴാഴ്ച രാത്രി 10 വരെയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചുരുക്കി. ഭയവും വിദ്വേഷവും നിറഞ്ഞ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയത്.

ഡംഡം, ബരാസാത്ത്, ജയ്‌നഗർ, മധുരപൂർ, ഡയമണ്ട് ഹാർബർ, ജാദവ് പൂർ, കൊൽക്കത്ത സൗത്ത്, കൊൽക്കത്ത നോർത്ത് - എല്ലാം തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകൾ. മമത രാഷ്ട്രീയ ജീവിതം തുടങ്ങിയ സ്ഥലങ്ങളാണ് ജാദവ് പൂരും സൗത്തുകൊൽക്കത്തയും. മമതയുടെ അനന്തരവൻ മത്സരിക്കുന്ന ഡയമണ്ട് ഹാർബറാണ് മറ്റൊരു പ്രധാന മണ്ഡലം. കൊൽക്കത്ത നോർത്തിലും കൊൽക്കത്ത സൊത്തിലും 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സൗത്തുകൊൽക്കത്തയിൽ ടിഎംസിക്ക് 20.24 ശതമാനം വോട്ടാണ് ചോർന്ന് പോയത്. ബിജെപിയുടെ വോട്ട് വിഹിതം 25.28 ശതമാനമായി ഉയരുകയും ചെയ്തു. നോർത്തുകൊൽക്കത്തയിലും ടിഎംസി ജയിച്ചുകയറിയെങ്കിലും വോട്ട് വിഹിതം 35.94 ശതമാനമായി കുറഞ്ഞു. ബിജെപിയുടേത് 25.88 ശതമാനമായി കൂടുകയും ചെയ്തു. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ ബാസിർഹട്ടിൽ പശുകടത്ത്, അനധികൃത കുടിയേറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ ബിജെപിയെ സഹായിച്ചേക്കും.

തൃണമൂലിന്റെ കോട്ടകൾ പിടിക്കാൻ പ്രമുഖരായ എല്ലാ നേതാക്കളെയും അവസാനഘട്ടത്തിൽ ബിജെപി ഇറക്കി. മോദി നാലുറാലികളിൽ പങ്കെടുത്തു. യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി എന്നിവരും രണ്ടുമൂന്നു റാലികളിൽ പങ്കെടുക്കുന്നുണ്ട്. ഇതോടെ ചെറുത്തുനിൽപ്പുമായി തൃണമൂലും രംഗത്തിറങ്ങി. ഇതാണ് അക്രമത്തിൽ കലാശിച്ചത്. ഇതിന്റെ പേരിൽ പര്‌സപരം പഴിചാരി കൊണ്ടിരുന്ന പാർട്ടികൾ ഏറ്റവുമൊടുവിൽ വിദ്യാസാഗറിന്റെ പ്രതിമ തകർന്നപ്പോഴും അത് തുടർന്നു.

ദീദി -മോദി വാക്‌പോര് തുടരുന്നു

തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷം കലശലായിരിക്കുന്ന വേളയിൽ മോദി-മമത വാക്പോരും ശക്തമാവുകയാണ്. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീണ്ടും തെമ്മാടിത്തരം കാണിക്കുന്നത് കണ്ടുവെന്നും അവർ തന്നെയാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതെന്നും മോദി ആരോപിച്ചു.

അതേ സ്ഥലത്ത് തന്നെ ഞങ്ങൾ പ്രതിമ നിർമ്മിക്കുമെന്നും വിദ്യാസാഗറിന്റെ വീക്ഷണത്തോട് ഏറെ പ്രതിബദ്ധതയുള്ളവരാണ് തങ്ങളെന്നും മോദി കൂട്ടിച്ചേർത്തു. യുപിയിലെ മൗവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വിദ്യാസാഗർ കോളേജിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അർധകായപ്രതിമ സംഘർഷത്തിൽ തകർപ്പെടുകയും ചെയ്തു. ബി ജെപി പ്രവർത്തകരാണ് പ്രതിമ തകർത്തതെന്ന ആരോപണവുമായി തൃണമൂൽ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഏതാനും മാസങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ മേദ്‌നിപുറിൽവെച്ച് തന്റെ റാലിയിൽ കടന്ന് തൃണമൂൽ പ്രവർത്തകർ തെമ്മാടിത്തരം കാണിച്ചു. ഇതിനു ശേഷം താക്കൂർനഗറിൽ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നുവെന്നും മോദി പറഞ്ഞു. വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കുമെന്ന മോദിയുടെ വാഗ്ദാനം മമത ബാനർജിതള്ളി. പ്രതിമ നിർമ്മിക്കാനുള്ള പണം ബംഗാളിനുണ്ട്. 200 വർഷത്തെ പാരമ്പര്യം അദ്ദേഹത്തിന് തിരിച്ചുനൽകാനാകുമോ? ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങൾ പറയുന്നു തൃണമൂലാണ് പ്രതിമ തകർത്തതെന്ന്. ഇത്രയധികം കള്ളം പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ മതിയാകൂ. ആരോപണങ്ങൾ തെളിയിക്കൂ. അല്ലാത്തപക്ഷം ജയിലിൽ പോകേണ്ടിവരും'- മമത മുന്നറിയിപ്പ് നൽകി.

ഷായുടെ വാഹനത്തിന് നേരേ കൊൽക്കത്ത സർവകലാശാലയിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് രംഗം കലുഷിതമായത്. റാലിയിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അക്രമാസക്തരായതിന് പിന്നാലെയാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തതെന്നും ഈ ഭാഗത്തത് കോൺഗ്രസ് -ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

കൊൽക്കത്ത നഗരത്തിൽ നിന്നും ആരംഭിച്ച റാലി നോർത്തുകൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. റാലി കൊൽക്കത്ത സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. ഷായ്ക്കെതിരെ ക്യാമ്പസിൽ നിന്നും മുദ്രാവാക്യം വിളികൾ ആരംഭിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം.

അമിത് ഷാ ഗോ ബാക്ക് എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യമാണ് ബിജെപി അണികൾ മുഴക്കിയത്. ഇതിനിടെയാണ് സർവകലാശാല ക്യാമ്പസിൽനിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് ബിജെപി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP