Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`കോൺഗ്രസിലെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ'; പലതവണ ജൂബിലികൾ ആഘോഷിച്ച നേതാക്കൾ ഇനിയെങ്കിലും മതിയാക്കി പോണം; എല്ലാവരും നേതാക്കളാകാൻ മത്സരിക്കുന്ന പാർട്ടിയെ ചലിപ്പിക്കാൻ താഴേതട്ടിൽ ആളില്ല; ചെങ്ങന്നൂർ തോൽവിക്ക് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

`കോൺഗ്രസിലെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ'; പലതവണ ജൂബിലികൾ ആഘോഷിച്ച നേതാക്കൾ ഇനിയെങ്കിലും മതിയാക്കി പോണം; എല്ലാവരും നേതാക്കളാകാൻ മത്സരിക്കുന്ന പാർട്ടിയെ ചലിപ്പിക്കാൻ താഴേതട്ടിൽ ആളില്ല; ചെങ്ങന്നൂർ തോൽവിക്ക് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയുള്ള കോൺഗ്രസിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നതിനിടയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാർട്ടി മുഖപത്രം വീക്ഷണം. ഇപ്പോഴത്തെ നേതൃത്വം കാര്യക്ഷമമല്ലെന്നും നേതൃമാറ്റം അനിവാര്യമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.രാമേശ്വരത്തെ ക്ഷൗരം പോലെയായി പാർട്ടിയിലെ പുനഃസംഘടന എന്നും പൊതുവിഷയങ്ങളിലെ സാക്ഷരതയുള്ള പുതുതലമുറയിലേക്ക് നേതൃത്വം മാറണമെന്നും വീക്ഷണം അഭിപ്രായപ്പെടുന്നു

കോൺഗ്രസിന് രണോന്മുഖ നേതൃത്വം എന്ന തലക്കെട്ടിലാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ചെങ്ങന്നൂർ തോൽവിയിൽ പാർട്ടിയെയും മുന്നണിയും വിമർശിക്കുന്ന വീക്ഷണം പാർട്ടി സംവിധാനത്തിന് ദൗർബല്യത്തെയാണ് പ്രധാനമായും വിരൽചൂണ്ടുന്നത്. കെപിസിസിയും ഡിസിസിയും സംഘടിപ്പിക്കാനാണ് നേതാക്കളുടെ താല്പര്യം. പാർട്ടിയുടെ നട്ടെല്ലും നാഡീവ്യൂഹങ്ങളും ആയ മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിൽ ആണെന്നും വിമർശനമുണ്ട്. പുനഃസംഘടന ഇപ്പോൾ എത്തിനിൽക്കുന്നത് രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. ആളും ആരവവുമായി ഡൽഹിയിലേക്ക് കയറുകയും കരിയില പോലെ തിരികെ വരികയുമാണ് നേതാക്കൾ ചെയ്യുന്നത്.

പെട്ടി പിടുത്തക്കാരെ മാറ്റി കർമ്മശേഷിയുള്ള യുവാക്കളെ ബൂത്ത് തലം മുതൽ കണ്ടെത്തണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു. പാർട്ടി മുന്നണി നേതൃത്വങ്ങളെയും വീക്ഷണം വിമർശിക്കുന്നുണ്ട്. ശക്തരായ പ്രതികളുമായി ഏറ്റുമുട്ടാൻ ആവണക്കണ്ണ കഴിച്ച് വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് പാർട്ടി മുഖപത്രം പറയുന്നു. നേതൃത്വത്തിൽ ജൂബിലി പലകുറി ആഘോഷിച്ച നേതാക്കൾ പുതുതലമുറയുടെ ഉപദേശികളും മാർഗ്ഗ നിർദ്ദേശകരുമായി മാറണം. അല്ലാതെ ഇനിയും സ്ഥാനമാനങ്ങൾ മോഹിച്ച് കടിച്ച് തൂങ്ങുന്നത് ശരിയല്ലെന്നും വീക്ഷണം ചീണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ പ്രതിബദ്ധതയും കാലികമായ സാക്ഷരതയുള്ള തലമുറയിലേക്ക് കോൺഗ്രസ് നേരത്തെ മാറണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു. മത-സാമുദായിക നേതാക്കളുടെ പിറകെ പോകാതെ ദളിത് ആദിവാസി ഊരുകളിലേക്കും കടലോരങ്ങളിലെ കൂരകളിലേക്കും നേതാക്കൾ പോകണം. പാർട്ടിക്കും മുന്നണിക്കും അടിയന്തരചികിത്സ നടത്താൻ എഐസിസി നേരിട്ട് ഇടപെടണമെന്നും വീക്ഷണം മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.

കുത്തക മണ്ഡലമായ ചെങ്ങന്നൂരിൽ കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പരോക്ഷമായി നേതൃത്വത്തെ വിമർശിച്ച് നിരവധി നേതാക്കൾ തന്നെ രംഗതെത്തിയിരുന്നു.ഗ്രൂപ്പ് വഴക്കും സ്ഥാനമോഹവും ആണ് കോൺഗ്രസിൽ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും പലരുടേയും ഇപ്പോഴത്തെ ആലോചന 2021ൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെക്കുറിച്ച് വരെയാണെന്നും നേരത്തെ പല നേതാക്കളും വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP