Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയെ വാഴിച്ചത് രാജാവല്ല; അതേപോലെ രാജാവ് വാഴിച്ച ദിവാനല്ല ചീഫ് സെക്രട്ടറി; മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനാണെങ്കിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകും; ജിജി തോംസണെ വിമർശിച്ച് വീക്ഷണം

തിരുവനന്തപുരം: പാമോലിൻകേസിൽ സർക്കാരിന് പ്രതിക്കൂട്ടിൽ നിറുത്തിയ പ്രസ്താവന ഇറക്കിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം.

ജിജി തോമസൺ നടത്തിയ കുമ്പസാരത്തിൽ സത്യസന്ധതയില്ലെന്നും കാപട്യമാണെന്നുമാണ് വിമർശനം. ലൈറ്റ് മെട്രോ ഡി എം ആർ സിയെ ഏൽപ്പിക്കുന്നതിൽ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും എതിർത്തിട്ടില്ല. പക്ഷെ; ശ്രീധരനെന്താ കൊമ്പുണ്ടോ എന്ന തരത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാമർശങ്ങൾ. ലൈറ്റ് മെട്രോ ഇ ശ്രീധരനെ ഏൽപ്പിക്കുന്നതിനെതിരെ വിഘ്‌നം വലിച്ചിടാനിറങ്ങിയവർക്ക് ഊർജ്ജം പകർന്നത് ജിജി തോംസണിന്റെ ശുപാർശയായിരുന്നു. ഇത് സർക്കാർ അംഗീകരിക്കാത്തതിന്റെ പ്രശ്‌നമാണ് ജിജി തോംസൺ തീർക്കുന്നതെന്നാണ് വീക്ഷണത്തിന്റെ വിലയിരുത്തൽ.

ഉമ്മൻ ചാണ്ടിയെ വാഴിച്ചത് രാജാവല്ല; ജനങ്ങളാണ്. അതേപോലെ രാജാവ് വാഴിച്ച ദിവാനല്ല; മന്ത്രിസഭ നിയമിച്ച ചീഫ് സെക്രട്ടറിയാണ് താനെന്ന് ജിജി തോംസൺ ഓർക്കണം. മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനാണെങ്കിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകും, തീർച്ചയെന്ന് കുറിച്ചാണ് മുഖപ്രസംഗം അവസാനിക്കുന്നത്. കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾക്കിടയിൽ ചീഫ് സെക്രട്ടറിക്ക് എതിരെ വികാരം ശക്തമാണ്. ദേശീയ ഗെയിംസിലും ഗെയിൽ വിവാദത്തിലും ഓപ്പറേഷൻ അനന്തയിലും പാമോലിനിലുമെല്ലാം ചീഫ് സെക്രട്ടറി അതിരുവിട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെഅടുപ്പക്കാരനെന്ന നിലയിലാണ് പോക്ക്. ഇത് അംഗീകരിക്കില്ലെന്ന് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് വീക്ഷണത്തിന്റെ വിമർശനം

വീക്ഷണത്തിലെ മുഖപ്രസംഗത്തിന്റെ പൂർണ്ണ രൂപം

പാമോലിൻ കേസിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ പരാമർശം അനുചിതവും അനവസരത്തിലുള്ളതുമാണ്. കെ കരുണാകരന്റെ ഭരണകാലത്ത് ടെൻഡർ ക്ഷണിക്കാതെ പാമോലിൻ ഇറക്കുമതി ചെയ്ത സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല, മറിച്ചു കാപട്യമാണ് അനാവൃതമാകുന്നത്.

ടെൻഡർ വിളിക്കാതെയുള്ള ഇറക്കുമതിയെ അന്നു സിവിൽ സപ്ലൈസ് എംഡിയായിരുന്ന താൻ എതിർത്തിരുന്നുവെന്ന പുതിയ വെളിപാടും വെളിപ്പെടുത്തലും വഴി സ്വയം വിശുദ്ധനും വാഴ്‌ത്തപ്പെട്ടവനുമാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാമോലിൻ അല്ല ജിജി തോംസൺന്റെ നാവിലൂടെ പുളിച്ചു തികട്ടുന്നത്. നടക്കാതെ പോയ ലൈറ്റ് മെട്രോയെ സംബന്ധിച്ച മനക്കോട്ടകളായിരുന്നു.

ലൈറ്റ് മെട്രോ നിർമ്മാണത്തിൽ നിന്നും ഡി എം ആർ സിയെയും ഉപദേഷ്ടാവ് ഇ ശ്രീധരനെയും മാറ്റി നിർത്താൻ ആഗോള ടെൻഡറിന് ശുപാർശ ചെയ്തത് മന്ത്രിസഭാ യോഗം അംഗീകരിക്കാത്തതാണ് പുതിയ കൊതിക്കെറുവിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാവില്ല. 36 മാസത്തെ റെക്കോഡ് സമയത്തിനുള്ളിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടിക്കുമെന്ന ഇ ശ്രീധരന്റെ ഉറപ്പും ഡി എം ആർ സിയുടെ വിശ്വാസ്യതയുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ലൈറ്റ് മെട്രോ ഡി എം ആർ സിയെ ഏൽപ്പിക്കുന്നതിൽ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും എതിർത്തിട്ടില്ല. പക്ഷെ; ശ്രീധരനെന്താ കൊമ്പുണ്ടോ എന്ന തരത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാമർശങ്ങൾ. ലൈറ്റ് മെട്രോ ഇ ശ്രീധരനെ ഏൽപ്പിക്കുന്നതിനെതിരെ വിഘ്‌നം വലിച്ചിടാനിറങ്ങിയവർക്ക് ഊർജ്ജം പകർന്നത് ജിജി തോംസണിന്റെ ശുപാർശയായിരുന്നു.

ഡി എം ആർ സിയുടെ കൺസൾട്ടൻസി ഫീസ് കൂടുതലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹം തടസ്സവാദം ഉന്നയിച്ചത്. ഒടുവിൽ ലൈറ്റ് മെട്രോ ശ്രീധരനെ തന്നെ ഏൽപ്പിച്ചപ്പോൾ ജിജിയുടെ മനസ്സിൽ വൈരം മൂത്തു. അതാണ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ പൊട്ടിത്തെറിച്ചത്. കാൽനൂറ്റാണ്ടുകാലമായി താൻ കേസിന്റെ കുരിശ് ചുമക്കുകയായിരുന്നുവെന്ന ജിജി തോംസണിന്റെ വാക്കുകൾ സഹതാപം ആർജ്ജിക്കാനുള്ള വ്യാജ വിലാപം മാത്രമാണ്.

പാമോലിൻ കരാർ സംബന്ധിച്ച കാര്യങ്ങൾക്കായി രണ്ടുതവണ മലേഷ്യയിൽ പോവുകയും നിരവധി ഫയലുകളിൽ ഒപ്പുചാർത്തുകയും ചെയ്ത ജിജി തോംസൺ ഇപ്പോൾ സ്വന്തം കർമങ്ങളുടെ ഘാതകനായാണ് പ്രത്യക്ഷപ്പെടുന്നത്. സർക്കാർ തീരുമാനങ്ങളുടെ നിർവാഹകനായ ചീഫ് സെക്രട്ടറി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് വേലി തന്നെ വിള തിന്നുന്നതിന് തുല്യമാണ്.

ദേശീയ ഗെയിംസിൽ പരക്കെ അഴിമതിയും വീഴ്ചയുമാണെന്ന് ആരോപിച്ചുകൊണ്ട് കായിക മന്ത്രിയെയും ദേശീയ ഗെയിംസ് സംഘാടക സമിതിയെയും അപഹസിച്ച ജിജി തോംസണിന്റെ നടപടി അന്ന് സർക്കാരിന് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു. സർക്കാരിന്റെ ശാസനയെ തുടർന്ന് പത്തിമടക്കിയ ഇദ്ദേഹം തരംകിട്ടുമ്പോഴൊക്കെ സർക്കാർ വിമർശകനായി മാറാറുണ്ട്.

ഐ എ എസ്, ഐ പി എസ് ഉൾപ്പോരുകളിൽ വിഭാഗീയതയുടെ വക്താവായും ചീഫ് സെക്രട്ടറി പക്ഷം പിടിക്കാറുണ്ടെന്നും പരാതിയുണ്ട്. ഇതൊരു ജനകീയ മന്ത്രിസഭയാണ്; അതിന് കീഴിലാണ് ചീഫ് സെക്രട്ടറിയുടെ സ്ഥാനം. ഉമ്മൻ ചാണ്ടിയെ വാഴിച്ചത് രാജാവല്ല; ജനങ്ങളാണ്. അതേപോലെ രാജാവ് വാഴിച്ച ദിവാനല്ല; മന്ത്രിസഭ നിയമിച്ച ചീഫ് സെക്രട്ടറിയാണ് താനെന്ന് ജിജി തോംസൺ ഓർക്കണം. മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനാണെങ്കിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകും, തീർച്ച.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP