Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീരേന്ദ്രകുമാറിന് വേണ്ടി ഇടതു മുന്നണി വാതിൽ തുറക്കും; ജനതാദൾ യുണൈറ്റഡിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സെക്രട്ടറിയേറ്റ് യോഗം; കെ എം മാണിയെ കൂടെ കൂട്ടാൻ പോളിറ്റ് ബ്യൂറോ അനിമതി വേണമെന്നതിനാൽ തീരുമാനം വൈകും; സിപിഐയുടെ എതിർപ്പ് മറികടക്കാൻ തന്ത്രങ്ങളുമായി പിണറായിയും കോടിയേരിയും; അധികാരത്തിലെത്താൻ ആരുമായും സഖ്യത്തിന് തയ്യറെന്ന് പറഞ്ഞ് അവസരം കാത്ത് തുഷാർ വെള്ളാപ്പള്ളിയും: എൽഡിഎഫ് കണ്ട് പനിക്കുന്ന രാഷ്ട്രീയകക്ഷികൾ ഏറെ

വീരേന്ദ്രകുമാറിന് വേണ്ടി ഇടതു മുന്നണി വാതിൽ തുറക്കും; ജനതാദൾ യുണൈറ്റഡിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സെക്രട്ടറിയേറ്റ് യോഗം; കെ എം മാണിയെ കൂടെ കൂട്ടാൻ പോളിറ്റ് ബ്യൂറോ അനിമതി വേണമെന്നതിനാൽ തീരുമാനം വൈകും; സിപിഐയുടെ എതിർപ്പ് മറികടക്കാൻ തന്ത്രങ്ങളുമായി പിണറായിയും കോടിയേരിയും; അധികാരത്തിലെത്താൻ ആരുമായും സഖ്യത്തിന് തയ്യറെന്ന് പറഞ്ഞ് അവസരം കാത്ത് തുഷാർ വെള്ളാപ്പള്ളിയും: എൽഡിഎഫ് കണ്ട് പനിക്കുന്ന രാഷ്ട്രീയകക്ഷികൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപി കൂടുതൽ ശക്തിപ്രാപിക്കുമ്പോഴും കേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടതു മുന്നണി കണ്ട് 'പനിക്കുന്ന' നേതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടെയും എണ്ണം കൂടുന്നു. ഇടതുമുന്നണി ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നത് മൂന്ന് രാഷ്ട്രീയ കക്ഷികളാണ്. ഇതിൽ സജീവ ഇടപെടൽ നടത്തുന്നത് എം പി വീരേന്ദ്രകുമാറിന്റെ ജനതാദൾ യുണൈറ്റഡും(ജെഡിയു), മുന്നണിവിട്ട് സ്വതന്ത്രമായി നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗവുമാണ് എൽഡിഎഫ് പ്രവേശന സാധ്യതയിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം ബിജെപി നൽകാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനെ തുടർന്ന പിണങ്ങിയ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസും ഇടതുമുന്നണിയെ ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നുണ്ട്. വെള്ളാപ്പള്ളി ഇടതുമുന്നണിക്കൊപ്പം ചേരാൻ പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നു.

അതേസമയം എംപി വീരേന്ദ്രകുമാറിന്റെ ജനതാദൾ യുണൈറ്റഡിനെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം രംഗത്തുണ്ട്. ഇന്ന് ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് വീരേന്ദ്രകുമാറിന്റെ പാർട്ടിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പതിറ്റാണ്ടുകൾ ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന വീരേന്ദ്രകുമാറിനെ വീണ്ടും കൂടെക്കൂട്ടാൻ മുന്നണിയിലെ മറ്റ് പാർട്ടികൾക്ക് എതിർപ്പില്ലെന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഐഎം സെക്രട്ടറിയേറ്റ് യോഗം, ജെഡിയുവിനെ ഒപ്പം കൂട്ടുന്ന കാര്യത്തിൽ പച്ചക്കൊടി കാട്ടിയത്.

അതേസമയം, ഇക്കാര്യത്തിൽ വീരേന്ദ്രകുമാറിന്റെ പാർട്ടി തന്നെ തീരുമാനമെടുക്കട്ടെയെന്നും ഇതിനുശേഷം വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാമെന്നുമാണ് സിപിഐഎം സെക്രട്ടറിയേറ്റിൽ തീരുമാനിച്ചത്. ഞായറാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം പച്ചക്കൊടി കാട്ടിയാൽ വീരേന്ദ്രകുമാറിന്റെ മുന്നണി പ്രവേശനം അനായാസം നടക്കാനാണ് സാധ്യത. മുന്നണി വിപുലീകരണവും ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന വിഷയവുമായിരുന്നു രണ്ട് ദിവസമായി ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന അജണ്ട.

അതേസമയം, യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചു നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം പിന്നീട് സ്വീകരിക്കാമെന്നാണ് ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിൽ ധാരണയായത്. ഇക്കാര്യത്തിൽ വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ സിപിഎം ഭയക്കുന്നുണ്ട്. സിപിഎമ്മിൽ തന്നെ ഒരു വിഭാഗത്തിന് മാണിയെ ഒപ്പം കൂട്ടുന്നതിൽ താൽപ്പര്യമില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

മാണിയെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ കൂടി അഭിപ്രായം പരിഗണിച്ചശേഷമാകും തീരുമാനം. ഇടതുമുന്നണിയിലേക്ക് വന്നാൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ക്രൈസ്തവസമുദായത്തിന്റെ പിന്തുണയുണ്ടാകുമോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ എൽഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐഎ ശക്തമായ എതിർപ്പ് തുടരുകയാണ്. ഇക്കാര്യത്തിൽ സിപിഎം പോളിറ്റ്ബ്യൂറോയുടെ തീരുമാനവും നിർണായകമാകും.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിസർക്കാരിന്റെ സമയംവരെ വീരേന്ദ്രകുമാർ പക്ഷം ഇടത് മുന്നണിക്കൊപ്പമായിരുന്നു. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് വീരേന്ദ്രകുമാറിന്റെ ജനതാദൾ -എസ് വിഭാഗം എൽഡിഎഫ് വിട്ടത്. ഇതേതുടർന്ന് അന്ന് പാർട്ടിയിൽ നിന്നുള്ള മന്ത്രിയായിരുന്ന മാത്യു ടി തോമസ് പാർട്ടിയുടെ നിർദ്ദേശപ്രകാരം മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന നേതൃത്വവുമായി മാത്യു ടി തോമസും മറ്റൊരു എംഎൽഎയായ ജോസ് തെറ്റയിലും ഭിന്നതയിലായി.

പാർട്ടിയുടെ ദേശീയ അധ്യക്ഷനായ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പാർട്ടി സംസ്ഥാന ഘടകമായി മാത്യു ടി തോമസ് വിഭാഗത്തിനെയാണ് അംഗീകരിച്ചത്. ഇതേതുടർന്ന് പാർട്ടിയുടെ പ്രതിനിധിയായി ജോസ് തെറ്റയിൽ ഇടതുസർക്കാരിൽ മന്ത്രിയാകുകയും മാത്യു ടി തോമസ് പാർട്ടി സംസ്ഥാന അധ്യക്ഷനാകുകയുമായിരുന്നു. തുടർന്ന് ഈ പക്ഷം എൽഡിഎഫിൽ തുടരുകയാണ്. വീരേന്ദ്രകുമാർ പക്ഷം യുഡിഎഫിൽ എത്തുകയും ഉമ്മൻ ചാണ്ടി സർക്കാരിൽ പാർട്ടി എംഎൽഎയായ കെപി മോഹനൻ കൃഷിമന്ത്രിയാകുകയുമായിരുന്നു.

അതേസമയം ബിജെപി ഇനി സ്ഥാനമാനങ്ങൾ നൽകിയാനും അത് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തിയത്. അധികാരത്തിലെത്താൻ ആരുമായും സഖ്യത്തിന് തയ്യാറെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് രണ്ട് മുന്നണികളെയും ലക്ഷ്യമിട്ടാണ്. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് ഇടതു മുന്നണി ചിന്തിച്ചിട്ടു പോലുമില്ലെന്നതാണ് വാസ്തവം. ബിജെപിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. മുന്നണിമാറ്റം വേണമെന്നത് പാർട്ടിക്കുള്ളിലെ ആവശ്യമാണ്. ഒരു മുന്നണിയോടും അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP