Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലയനത്തെ ചൊല്ലി സോഷ്യലിസ്റ്റുകൾ തമ്മിൽ തർക്കം; ഐക്യ ജനതാദള്ളെന്ന ബാനറിൽ ഇടതുപക്ഷത്തേക്ക് എത്താനുറച്ച് വീരേന്ദ്ര കുമാർ; ഒറ്റപ്പാർട്ടിയാകാനുള്ള നീക്കം തകർത്ത് മാത്യു ടി തോമസ്; കരുതൽ നീക്കവുമായി മുഖ്യമന്ത്രിയും

ലയനത്തെ ചൊല്ലി സോഷ്യലിസ്റ്റുകൾ തമ്മിൽ തർക്കം; ഐക്യ ജനതാദള്ളെന്ന ബാനറിൽ ഇടതുപക്ഷത്തേക്ക് എത്താനുറച്ച് വീരേന്ദ്ര കുമാർ; ഒറ്റപ്പാർട്ടിയാകാനുള്ള നീക്കം തകർത്ത് മാത്യു ടി തോമസ്; കരുതൽ നീക്കവുമായി മുഖ്യമന്ത്രിയും

കോഴിക്കോട്: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ വരാൻ വീരേന്ദ്രകുമാറിന്റെ ഐക്യ ജനതാദള്ളിന് പൂർണ്ണ സമ്മതം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടതു മുന്നണിയുമായി വീരേന്ദ്രകുമാർ പൂർത്തിയാക്കി. ജനതാദൾ എസുമായി ലയിച്ച് മുന്നണിയിൽ എത്താനും വീരേന്ദ്രകുമാറിന് സമ്മതമാണ്. പാർട്ടി നേതൃസ്ഥാനം വേണമെന്നാണ് ആവശ്യം. ഇതോടെ ജനതാദൾ എസിന്റെ നിലവിലെ നേതൃത്വം വീരേന്ദ്രകുമാറിന്റെ ലയനത്തെ എതിർക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാനാവില്ലെന്നാണ് മാത്യു ടി തോമസിന്റെ അഭിപ്രായം. ഇതിനിടെ വീരേന്ദ്ര കുമാറിന് അനുകൂലമായി ജനതാദൾ എസിലെ എംകെ പ്രേംനാഥ് രംഗത്ത് വരികയും ചെയ്തു.

അതിനിടെ യുഡിഎഫ് വിട്ടുവന്നാൽ മാത്രമേ ലയനത്തെ കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്നാണ് ജനതാദൾ എസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതും ലയന ചർച്ചകളെ ബാധിക്കും. ജനതാദൾ എസിലേക്ക് ലയിക്കാൻ വീരേന്ദ്രകുമാർ തയ്യാറാകില്ല. ദേശീയ തലത്തിൽ നിതീഷ് കുമാറിന്റെ ഐക്യ ജനതാദള്ളിനാണ് ശക്തി. ബീഹാറിൽ ജയിച്ചതോടെ നിതീഷ് ദേശീയ നേതാവായി മാറിക്കഴിഞ്ഞു. അതിനാൽ മാത്യു ടി തോമസും കൂട്ടരും ഐക്യ ജനതാദള്ളിനൊപ്പം വരണമെന്നാണ് വീരേന്ദ്ര കുമാറിന്റെ നിർദ്ദേശം. ഇതാണ് മാത്യു ടി തോമസിന്റെ എതിർപ്പിന് കാരണമെന്നും സൂചനയുണ്ട്. എന്നാൽ ജനതാദൾ എസിലെ ഒരു വിഭാഗം വീരന്റെ പാർട്ടിയിൽ ലയിക്കാൻ തയ്യാറുമാണ്. എന്നാൽ ഇടതു പക്ഷത്തേക്ക് വരണമെന്ന് മാത്രം. ഈ സാഹചര്യത്തിൽ ലയനമില്ലാതെ തന്നെ ഇടതുപക്ഷത്ത് എത്താനുള്ള ചർച്ചകൾ വീരൻ സജീവമാക്കി.

ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറുതന്ത്രങ്ങൾ ഒരുക്കുന്നുണ്ട്. ജനതാദള്ളിനൊപ്പം ആർഎസ്‌പിയും ഇടതുപക്ഷത്തേക്ക പോകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇത്. ഇടതുപക്ഷത്തെ ജനതാദള്ളിനെ ഭിന്നിപ്പിക്കാനും വീരേന്ദ്രകുമാറിനൊപ്പമുള്ള കെപി മോഹനനെ യുഡിഎഫിൽ ഉറപ്പിക്കാനുമാണ് നീക്കം. എന്നാൽ തദ്ദേശത്തിൽ ഇടതു പക്ഷം ജയിച്ചു കയറിയതോടെ കെപി മോഹനനും യുഡിഎഫിനോടുള്ള താൽപ്പര്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാത്യു ടി തോമിസന്റെ പാർട്ടിയിലേക്കാണ് മുഖ്യമന്ത്രിയുടെ കണ്ണ്. ഇതും സോഷ്യലിസ്റ്റുകളുടെ ഒന്നാകൽ ചർച്ചയെ ബാധിച്ചിട്ടുണ്ട്. അതിനിടെ ലയനത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നിലപാട് തള്ളി ദേശീയ നിർവ്വാഹക സമിതി അഗം എം.കെ പ്രേംനാഥ് എംപി വീരേന്ദ്രകുമാറുമായി ചർച്ച നടത്തി.

വീരേന്ദ്രകുമാറിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇരുപാർട്ടികളും ലയിക്കണമന്ന് ചർച്ച്ക്ക് ശേഷം എം.കെ പ്രേംനാഥ് പറഞ്ഞു. ഭിന്നിച്ച് നിൽക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കുകയും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡും ജനതാദൾ സെക്കുലറും ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് വേണ്ടതെന്നും പ്രേംനാഥ് പറഞ്ഞു. ഇതോടെ ചർച്ചകൾ സജീവമാവുകയാണ്. ഏതായാലും യുഡിഎഫ് വിടാൻ വീരേന്ദ്ര കുമാർ തീരുമാനിച്ചതിന്റെ സൂചനയാണ് ഈ നീക്കങ്ങൾ. വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതു പക്ഷത്ത് എത്തിയാൽ ഒപ്പമുണ്ടാകുമെന്നാണ് പ്രേംനാഥ് വ്യക്തമാക്കുന്നത്.

ജനതാദൾ യുണൈറ്റഡുമായി ഇപ്പോൾ ലയനമില്ലെന്നായിരുന്നു ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് ഇന്നലെ പറഞ്ഞത്. ഓരോ തെരഞ്ഞെടുപ്പിലും വിലപേശൽ രാഷ്ട്രീയമാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു ഇപ്പോൾ പയറ്റുന്നതെന്നും. എൽ.ഡി.എഫിലേക്ക് പോകുന്നുവെന്ന പുകമറ സൃഷ്ടിച്ച് യു.ഡി.എഫിൽ നിന്നും കൂടുതൽ സീറ്റ് സ്വന്തമാക്കുകയാണ് ജെ.ഡി.യുവിന്റെ ലക്ഷ്യമെന്നും മാത്യു.ടി തോമസ് പറഞ്ഞിരുന്നു. ജെ.ഡി.യുവിന് രാഷ്ട്രീയ ആത്മാർഥതതയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ ജെ.ഡി.യുവിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നാണ് പ്രേംനാഥിന്റെ നിലപാട്.

ഇന്നലത്തെ പ്രതികരണം പാർട്ടിയിലെ മാത്യു.ടി തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ മാത്രമാണെന്നും പ്രേംനാഥ് വീരേന്ദ്രകുമാറിനെ അറിയിച്ചിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു ഇടതുപക്ഷത്തേക്ക് വന്നാൽ മുന്നണിയിൽ ഇപ്പോൾ ജെ.ഡി.എസിന് ലഭിക്കുന്ന സ്ഥാനം ഇല്ലാതാകുമെന്ന് ഭയന്നാണ് മാത്യു.ടി തോമസ് ലയന സാധ്യത തള്ളുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം. അതിനിടെ വീരേന്ദ്രകുമാർ പക്ഷം ഇടതിലെത്തിയാൽ യുഡിഎഫിലേക്ക് മാത്യു ടി തോമസ് കൂടുമാറുമെന്നും സൂചനയുണ്ട്. വീരേന്ദ്രകുമാറും നീല ലോഹിത ദാസൻ നാടാരും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല. എന്നാൽ അങ്കമാലി എംഎൽഎയായ ജോസ് തെറ്റയിലും മനസ്സുകൊണ്ട് വീരേന്ദ്രകുമാറിന് ഒപ്പമാണ്.

വീരേന്ദ്ര കുമാറിന് ഏത് സമയത്തേക്കും ഇടതു പക്ഷത്തേക്ക് വരാമെന്ന് സിപിഐ(എം) നിലപാട് എടുത്തിട്ടുണ്ട്. വി എസ് അച്യൂതാനന്ദനും പൂർണ്ണ അനുകൂലമാണ്. ഇതോടെ മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റേയും നിലപാടുകൾ കൂടി ഇടതിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വീരനെ മുന്നണിയിൽ എടുക്കാൻ സിപിഐ(എം) തയ്യാറാണ്. എന്നാൽ മത്സരിക്കാൻ അനുവദിക്കേണ്ട സീറ്റുകളെ കുറിച്ചാണ് തർക്കം. വടകര പോലുള്ള സീറ്റുകളിൽ മാത്യു ടി തോമസിന്റെ പാർട്ടിയാണ് മത്സരിച്ച് ജയിച്ചത്. ഈ സീറ്റൊക്കെ വേണമെന്ന വീരേന്ദ്രകുമാർ അവകാശ വാദം ഉന്നയിക്കും. ഈ സാഹചര്യം ഒഴിവക്കാനാണ് സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനമെന്ന ആശയം കേരളത്തിൽ ഇടത് നേതാക്കൾ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP