Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത് മുഖ്യമന്ത്രി തന്നെ; ഒഴിവാക്കിയത് അവസാന നിമിഷം; പ്രതിഷേധിച്ച് എംഎൽഎമാരും എംപിയും വിട്ടു നിന്നേക്കും; വെള്ളാപ്പള്ളിയുടെ അതിരു കടന്ന ആത്മവിശ്വാസം വിനയാകുമോ? ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയത് ശിവഗിരിയിലെ പ്രതികാരം തീർക്കാനോ?

പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത് മുഖ്യമന്ത്രി തന്നെ; ഒഴിവാക്കിയത് അവസാന നിമിഷം; പ്രതിഷേധിച്ച് എംഎൽഎമാരും എംപിയും വിട്ടു നിന്നേക്കും; വെള്ളാപ്പള്ളിയുടെ അതിരു കടന്ന ആത്മവിശ്വാസം വിനയാകുമോ? ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയത് ശിവഗിരിയിലെ പ്രതികാരം തീർക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശിവഗിരി മഠവും എസ്എൻഡിപി യോഗവും കുറച്ചു നാളായി രണ്ട് വഴിക്കാണ് യാത്ര. നരേന്ദ്ര മോദിയായിരുന്നു അടുത്തകാലം വരെ ശിവഗിരി മഠത്തിന് താൽപ്പര്യമുള്ള നേതാവ്. എന്നാൽ വെള്ളാപ്പള്ളി നടേശനും ബിജെപിയും അടുത്തതോടെ ഈ കാലം മാറി. ശിവഗിരി മഠം കോൺഗ്രസ്-സിപിഐ(എം) പക്ഷത്തായി. ഇത്തവണത്തെ തീർത്ഥാടന സമ്മേളനത്തിലും അത് പ്രതിഫലിപ്പിച്ചു. വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്താൻ ശിവഗിരി മഠത്തിലെ സ്വാമിമാരെ കോൺഗ്രസ് നേതൃത്വം ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമാണ് എസ്എൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആർ ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് സൂചന.

അതിനിടെ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു വ്യക്തമായി. ക്ഷണക്കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. പ്രധാനമന്ത്രിക്കു ക്ഷണക്കത്ത് അയച്ചത് വെള്ളാപ്പള്ളിയുടെ നിർദ്ദേശപ്രകാരമാണ്. ക്ഷണം സർക്കാരിന്റെയും താൽപര്യപ്രകാരമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അത്തരമൊരു ചടങ്ങിൽ നിന്നാണ് അവസാന നിമിഷം ഉമ്മൻ ചാണ്ടിയെ വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കിയത്. ഈ നിലപാട് സർക്കാരിനെയും ഉദ്യോഗസ്ഥരെയും അസസ്വസ്ഥരാക്കിയിട്ടുണ്ട്. കടുത്ത പ്രോട്ടൊക്കോൾ ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതിനാലാണു പരിപാടിയിൽ പങ്കെടുക്കണമെന്നു കാണിച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയക്കുകയും ചെയ്തു.

ഇതേക്കുറിച്ച് എസ്എൻ ട്രസ്റ്റിലും ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രിയെ അപമാനിച്ചത് ശരിയായില്ല. താൽപ്പര്യക്കുറവുണ്ടായിരുന്നതിനാൽ സ്വകാര്യ ചടങ്ങായതു കൊണ്ട് തന്നെ ക്ഷണിക്കാതിരിക്കാമായിരുന്നു. ക്ഷണിച്ച ശേഷം വരരുതെന്ന് പറയുന്നത് എസ് എൻ ട്രസ്റ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. എന്നാൽ യോഗം ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത സർക്കാരിലെ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുണ്ടെന്നു ബിജെപി അനുകൂല തീവ്ര നിലപാടുള്ള നേതാക്കൾ വിശദീകരിക്കുന്നു. യുഡിഎഫിനും എൽഡിഎഫിനും ബദലായി എസ്എൻഡിപി യോഗം മുൻകയ്യെടുത്തു പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിക്കു പുറമേ എൻ.കെ. പ്രേമചന്ദ്രൻ എംപി, പി.കെ. ഗുരുദാസൻ എംഎൽഎ, മേയർ വി. രാജേന്ദ്രബാബു എന്നിവരാണു യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾ. ഇവർ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ആർഎസ്‌പിയും സിപിഎമ്മും നിലപാടെടുത്തിട്ടില്ല. ലഭിക്കുന്ന സൂചനയനുസരിച്ച് ഇവരാരും ചടങ്ങിൽ എത്തുകയില്ല.

അതിനിടെ ഈ വിവാദം കോൺഗ്രസ് അനുകൂലമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സോളാറിൽ നഷ്ടപ്പെട്ട പ്രതിച്ഛായ മാറ്റിയെടുക്കാനാണ് ശ്രമം. പ്രതിപക്ഷം അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് അനുകൂലമായി രംഗത്ത് വന്നു. ഈ ചർച്ച ഈഴവർക്കിടയിൽ വെള്ളാപ്പള്ളിക്ക് ദോഷം ചെയ്തുവെന്നാണ് വിലയിരുത്തൽ. വെറും രാഷ്ട്രീയം കളിക്കുന്ന ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളിയെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. ഇതിലൂടെ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും തിരിച്ചടിയായെന്നും കരുതുന്നു. ജനപ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതോടെ ആർ ശങ്കറിന്റെ പ്രതിമാഅനാച്ഛാദനം വെറുമൊരു രാഷ്ട്രീയ പരിപാടിയായി മാറുമെന്നാണ് വിലയിരുത്തൽ.

അഥിനിടെ ശിവഗിരിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നു ശിവഗിരി മഠം വ്യക്തമാക്കുന്നു; ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളിൽ മുഖ്യാതിഥികളായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഐ(എം)-സിപിഐ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്നുമുണ്ട്. ഇത് ബിജെപിയെ ചൊടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ഒഴിവാക്കുന്നുവെന്നാണ് ആക്ഷേപം. എസ്എൻഡിപി യോഗം മുൻകയ്യെടുത്തു ഭാരത് ധർമജന സേന രൂപീകരിച്ചതിനുശേഷം യോഗം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇത്. ഇതിനെ രാഷ്ട്രീയ യോഗം പോലെയാക്കാനാണ് നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഴിവാക്കൽ. വിവാദത്തോടെ വെള്ളാപ്പള്ളി പ്രതികരിക്കാത്തും ശ്രദ്ധേയമായി.

മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ ചില കേന്ദ്രങ്ങൾക്ക് അസംതൃപ്തിയുണ്ടെന്നു യോഗം നേതൃത്വം അറിയിച്ചതു മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള ഒരു മന്ത്രിയെ ആണ്. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഈ സമയം 'യോഗം നേതൃത്വത്തിലെ ആരും തന്നോട് ഇക്കാര്യം പറഞ്ഞില്ലല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് വെള്ളാപ്പള്ളി തന്നെയാണ് മുഖ്യമന്ത്രിയെ വിളിച്ചത്, ശങ്കർ പ്രതിമ അനാവരണം ചെയ്തശേഷം പ്രധാനമന്ത്രി ശിവഗിരിയിലേക്കു വരുന്നതു തങ്ങളുടെ ക്ഷണം സ്വീകരിച്ചിട്ടല്ലെന്നു മഠം അധികൃതർ പറഞ്ഞത് തന്നെയാണ് എല്ലാത്തിനും കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്താൽ എസ്എൻഡിപി അണികൾ പ്രശ്‌നമുണ്ടാക്കുമെന്ന് ഐബി റിപ്പോർട്ട് നൽകുകയായിരുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഓഫിസിന്റെ വിശദീകരണം. എന്നാൽ, ഇത്തരത്തിൽ ഒരു റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പറയുന്നത്.

അതിനിടെ ആർ. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് അപേക്ഷിച്ചതു നേരാണെന്നും അതിനു കാരണം ഇപ്പറയുന്നതൊന്നുമല്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിട്ടുണ്ട്. കാര്യകാരണങ്ങൾ 16നു പറയാം. മുഖ്യമന്ത്രിയോട് ഒന്നും കൽപിച്ചിട്ടില്ല. അപേക്ഷിച്ചിട്ടേയുള്ളൂ. വെള്ളാപ്പള്ളിക്കു വിഷമം ഉണ്ടാകുന്നതൊന്നും ചെയ്യാൻ തനിക്കു താൽപര്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതോടെ ആ സംസാരം അവസാനിച്ചു. ഓരോരുത്തർ അവരവരുടെ ഭാവനയ്‌ക്കൊത്ത് ഓരോന്നു പറയുകയാണ്. ഉമ്മൻ ചാണ്ടി ഭാഗ്യമുള്ളയാളാണ്. സോളറും സരിതയുമൊക്കെ വിട്ട് എല്ലാവരും ഇപ്പോൾ ഉമ്മൻ ചാണ്ടിക്കു പിന്നിൽ അണിനിരന്നിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്നു - വെള്ളാപ്പള്ളി പറഞ്ഞു.

നാളെ വൈകിട്ട് നാലിന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് മോദി വന്നിറങ്ങുന്നത്. തുടർന്ന് ഹെലികോപ്ടർ മാർഗം തൃശൂരിലേക്ക് പോകും. കാലാവസ്ഥ മോശമാണെങ്കിൽ റോഡ് മാഗം പോകുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.അഞ്ചുമണിയോടെ തൃശൂരിലെത്തുന്ന മോദി തേക്കിൻകാട് മൈതാനത്ത് ബിജെപി യുടെ രാഷ്ട്രീയ പൊതുയോഗത്തിൽ പങ്കെടുക്കും. എസ് എൻ ഡി പി അടക്കമുള്ളവരുമായി അടുത്തകാലത്ത് സ്ഥാപിച്ച ബന്ധത്തെക്കുറിച്ചും ബി ജെപിയുടെ കേരളത്തിലെ ഭാവി സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും മോദി പരാമർശിക്കുമെന്നാണ് പ്രതീക്ഷ. ആറ് മണിയോടെ തൃശൂരിൽ നിന്ന് റോഡ് മാഗം തിരിക്കുന്ന മോദി ഏഴരയോടെ കൊച്ചിയിലെത്തും.

പതിനഞ്ചിന് രാവിലെ 8.50ന് ദക്ഷിണ നാവിക കമാൻഡിലെ ഐ എൻ എസ് ഗരുഡയിലെത്തുന്ന മോദി 9.30മുതൽ കര , വ്യോമ, നാവിക തലവന്മാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. കൊച്ചിയുടെ പുറങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഐ എൻ എസ് വിക്രമാദിത്യയിലാണ് വാർ റൂം കോൺഫറൻസ് നടക്കുക. രണ്ടുമണിയോടെ ആർ ശങ്കർ പ്രതിമാ അനച്ഛാദനത്തിനായി കൊല്ലം ആശ്രാമം മൈതാനത്തേക്ക് പുറപ്പെടും. ഇത് ഔദ്യോഗിക പരിപാടിയല്ല സ്വകാര്യപരിപാടിയെന്നാണ് ഔദ്യോഗിക വിശദീകരണം. നാലേകാലോടെ വർക്കല ശിവഗിരി മഠം പ്രധാനമന്ത്രി സന്ദർശിക്കും.

ശിവഗിരി മഠത്തിലേക്ക് മോദി ഔദ്യോഗികമായി ക്ഷണിച്ചോ ഇല്ലയോയെന്ന തർക്കത്തിനിടെയാണ് സന്ദർശനം. അരണിക്കൂർ ഇവിടെ ചെലവഴിച്ചശേഷം മോദി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മടങ്ങും. ഇവിടെവച്ച് സംസ്ഥാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഔദ്യോഗിക വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP