വിജയൻ തോമസ് തൽക്കാലം ബിജെപിയിലേക്കില്ല; 'ചാനലുകൾ ആയ ചാനലുകളും പത്രങ്ങളും എല്ലാം ഞാൻ ബിജെപിയിലേക്ക് എന്ന രീതിയിലാണ് വാർത്തകൾ നൽകുന്നത്; ബിജെപിയിലേക്ക് ചേക്കേറാൻ ഒരു നീക്കമുണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ എന്തുബുദ്ധിമുട്ട്? കോൺഗ്രസ് പുനഃസംഘടനയെ ആകാംക്ഷയോടെ കാണുന്നില്ല; പുനഃസംഘടനാ വരുമ്പോൾ വരട്ടെ എന്നാണ് എന്റെ നിലപാട്'; കോൺഗ്രസ് നേതാവും മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് മറുനാടനോട്
December 04, 2018 | 06:19 PM IST | Permalink

എം മനോജ് കുമാർ
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിലേക്കില്ല. മറിച്ചുള്ള വാർത്തകൾ മുഴുവൻ തള്ളിയാണ് താൻ ബിജെപിയിലേക്ക് ഇല്ലെന്നു വിജയൻ തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. 'ബിജെപിയിലേക്ക് എന്ന ഒരു തീരുമാനം ഞാൻ ഇതുവരെ എടുത്തിട്ടില്ല. ചാനലുകൾ ആയ ചാനലുകളും പത്രങ്ങളൂം ഓൺലൈൻ മാധ്യമങ്ങളും എല്ലാം ഞാൻ ബിജെപിയിലേക്ക് എന്ന രീതിയിലാണ് വാർത്തകൾ നൽകുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപിയിലേക്ക് പോവുകയാണ് എന്ന രീതിയിലുള്ള പ്രചാരമാണ് എന്റെ ബിജെപി പ്രവേശനം എന്ന വാർത്തക്ക് നൽകുന്നത്. മുല്ലപ്പള്ളി പോയാൽ പോലും ഇത്ര പ്രാധാന്യം കിട്ടുമോ എന്ന് പോലും സംശയം തോന്നിയിട്ടുണ്ട്.
ബിജെപിയിൽ പോകാനൊന്നും താൻ തീരുമാനിച്ചിട്ടില്ല. ഈയിടെ അമിത് ഷാ കേരളത്തിൽ വന്നപ്പോൾ താൻ കണ്ടിട്ടില്ല. എന്നാൽ അമിത് ഷായെ കണ്ടു എന്ന് പറഞ്ഞു വാർത്തകൾ വന്നിരുന്നു. പക്ഷെ കേരളത്തിൽ വെച്ച് അമിത്ഷായെ കണ്ടിട്ടില്ല. ബിജെപിയിലേക്ക് ഒരു നീക്കമുണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ എനിക്ക് ബുദ്ധിമുട്ടില്ല. ഇനി വരാനിരിക്കുന്ന കോൺഗ്രസ് പുനഃസംഘടനയെ താൻ ആകാംക്ഷയോടെ കാണുന്നില്ല. കോൺഗ്രസിൽ സ്ഥാനങ്ങളിൽ താൻ ഇരുന്നിട്ടുണ്ട്. പുനഃസംഘടനാ വരുമ്പോൾ വരട്ടെ എന്നാണ് എന്റെ നിലപാട്്'- വിജയൻ തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ അവഗണയിൽ വിജയൻ തോമസ് കടുത്ത അതൃപ്തിയിലായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ടുകണ്ടു അദ്ദേഹം ഈയിടെ തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ബിജെപിയിലേക്ക് പോകാനുള്ള ആലോചനകൾ അദ്ദേഹം മുല്ലപ്പള്ളിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ വിജയൻ തോമസുമായി ഉറ്റ അടുപ്പം പുലർത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിജയൻ തോമസിന്റെ അടുത്തുവിട്ട് പ്രശ്നങ്ങൾ സംസാരിച്ചു. തുടർന്നാണ് ബിജെപി നീക്കം ഉപേക്ഷിച്ചത് എന്നാണ് ലഭിക്കുന്ന വാർത്തകൾ.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയർമാൻ ആയിരിക്കുമ്പോൾ ടൂറിസം മന്ത്രി എ.പി.അനിൽകുമാറുമായി നിരന്തര കലഹത്തിലായിരുന്നു വിജയൻ തോമസ്. തന്നെ അവഗണിച്ചു കൊണ്ട് മന്ത്രിയെന്ന രീതിയിൽ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് വിജയൻ തോമസും അനിൽകുമാറും തമ്മിൽ അകലാൻ ഇടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കോൺഗസ് നേതൃത്വം സീറ്റ് വാഗ്ദാനം നടത്തിയെങ്കിലും നിയമസഭാ സീറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല. പാർലമെന്റ് സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നൽകിയില്ല. ജയ്ഹിന്ദ് ചാനലിന് വേണ്ടി വന്ന മുടക്കുമുതലിന്റെ വലിയ പങ്ക് വിജയൻ തോമസിന്റെ വകയായിരുന്നു. ജയ്ഹിന്ദ് ചാനൽ യാഥാർഥ്യമായെങ്കിലും അതിനു പിന്നിൽ സാമ്പത്തിക പിൻബലമായി നിന്ന വിജയൻ തോമസിന് അവഗണന മാത്രമായിരുന്നു കോൺഗ്രസിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്നാണ് വിജയൻ തോമസ് ബിജെപിയിലേക്ക് പോകുന്ന എന്ന രീതിയിൽ വാർത്തകൾ വന്നത്.
കെപിസിസി നിർവാഹക സമിതി അംഗം ജി രാമൻ നായർ ബിജെപിയിലേക്ക് പോയതിനുപിന്നാലെ വിജയൻ തോമസും അതേപാർട്ടിയിലേക്ക് പോവുകയാണെന്ന റിപ്പോർട്ടുകൾ കോൺഗ്രസ് നേത്വത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ബിജെപി പത്തനംതിട്ടയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ കോൺഗ്രസ് രാമൻ നായരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.