Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയരാഘവന്റെ ഓർമയിൽ തെളിഞ്ഞത് പഴയ കുറ്റിപ്പുറം അട്ടിമറി; കെ.ടി.ജലീൽ കുഞ്ഞാലിക്കുട്ടിയെ തകിടം മറിച്ചത് എൽഡിഎഫിന്റെ ഐസ്‌ക്രീം കേസ് പ്രചാരണം ഉയർത്തി വിട്ട കൊടുങ്കാറ്റിൽ; രമ്യാ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനറുടെ വിവാദപരാമർശം ഐസ്‌ക്രീം കേസ് വീണ്ടും സജീവ ചർച്ചയാക്കാൻ ലക്ഷ്യമിട്ടുതന്നെ; ആലത്തൂരിലെ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയെ കണ്ടത് മാർച്ച് 28 ന്

വിജയരാഘവന്റെ ഓർമയിൽ തെളിഞ്ഞത് പഴയ കുറ്റിപ്പുറം അട്ടിമറി; കെ.ടി.ജലീൽ കുഞ്ഞാലിക്കുട്ടിയെ തകിടം മറിച്ചത് എൽഡിഎഫിന്റെ ഐസ്‌ക്രീം കേസ് പ്രചാരണം ഉയർത്തി വിട്ട കൊടുങ്കാറ്റിൽ; രമ്യാ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനറുടെ വിവാദപരാമർശം ഐസ്‌ക്രീം കേസ് വീണ്ടും സജീവ ചർച്ചയാക്കാൻ ലക്ഷ്യമിട്ടുതന്നെ; ആലത്തൂരിലെ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയെ കണ്ടത് മാർച്ച് 28 ന്

ജംഷാദ് മലപ്പുറം

മലപ്പുറം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ലക്ഷ്യംവെച്ചത് കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീംകേസ് വീണ്ടും ചർച്ചയാക്കൽ. രമ്യ ഹരിദാസിന്റെ പേരുപോലും പറയാതെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പെൺകുട്ടി എന്ന പറഞ്ഞ വിജയരാഘവൻ മലപ്പുറത്തുവെച്ച് കുഞ്ഞാലിക്കുട്ടിയെ അവഹേളിക്കാനും, ഇതുവഴി നേട്ടംകൊയ്യാനുമാണ് ലക്ഷ്യംവെച്ചതെന്നാണ് സൂചന. കാരണം ഐസ്‌ക്രീംകേസ് ചർച്ചയായപ്പോൾ മാത്രമാണ് പച്ചക്കോട്ടകളിൽ എൽ.ഡി.എഫ് കാര്യമായ അട്ടിമറികൾ നടത്തിയത്.

വിജയരാഘവന്റെ വിവാദ പ്രസ്താവന ഇങ്ങിനെ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ ആലത്തൂരിലെ സ്ഥാനാർത്ഥി പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ എന്താവുമെന്ന് തനിക്കറിയില്ലെന്ന പരാമർശമാണ് പൊന്നാനിയിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗത്തിനിടെ എ. വിജയരാഘവൻ നടത്തിയത്. സ്ഥാനാർത്ഥിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് പറഞ്ഞായിരുന്നു പരാമർശം. മുസ്ലിംലീഗിനെ വിമർശിക്കുന്നതിനിടയിലാണ് പരാമർശമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ അദ്ദേഹമെത്തും മുമ്പായിരുന്നു വിജയരാഘവന്റെ പ്രസംഗം.

രമ്യാഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കണ്ടത് മാർച്ച് 28ന്

രമ്യാഹരിദാസ് പാണക്കാട് ഹൈദരലി തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും സന്ദർശിച്ചത് കഴിഞ്ഞ മാർച്ച് 28നാണ്, കുഞ്ഞാലിക്കുട്ടിയുടേയും രമ്യാഹരിദാസിന്റേയും കൂടിക്കാഴ്‌ച്ചയുടെ ഫോട്ടോ മറുനാടന് മലയാളിക്ക് ലഭിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭൂരിഭാഗം യു.ഡി.എഫ് നേതാക്കളും, പാണക്കാട് എത്തിയ ഹൈദരലി തങ്ങളുമായും, കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്‌ച്ച നടത്താറുണ്ട്, ഇത്തരത്തിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനാണ് രമ്യഹരിദാസ് ഇരുവരുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

ഐസ്‌ക്രീംകേസും കുറ്റിപ്പുറത്തെ അട്ടിമറിയും

പെണ്ണുകേസ് വിവാദമായാൽ മലപ്പുറത്തെ ജനത അവർ ആരായാലും എതിരായി തിരിയുമെന്നതിന്റെ ഉദാഹരണമാണ് ഐസ്‌ക്രീംകേസ് ചർച്ചയായപ്പോൾ ലീഗ് തട്ടമായ കുറ്റിപ്പുറത്ത്വെച്ച് കുഞ്ഞാലിക്കുട്ടിയുടെ തോൽവി. 2006ലാണ് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തി കെ.ടി ജലീൽ നിയമസഭയിലെത്തിയത്. അന്നത്തെ എൻ.ഡി.എഫിന്റെ മുഖ്യപ്രചരണ വിഷയം ഐസ്‌ക്രീം കേസായിരുന്നു. അന്ന് കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽനിന്നും സ്ത്രീകൾ അടക്കമുള്ളവർ വിട്ടുനിൽക്കുന്ന അവസ്ഥയുമുണ്ടായി. ഇത്തരം കാര്യങ്ങൾ മുന്നിൽ കണ്ടാകാം മലപ്പുറത്തുകാരൻ കൂടിയയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഇത്തരത്തിലൊരു വിവാദ പ്രസ്താന ഇറക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അന്ന് യൂത്ത് ലീഗ് വിട്ട് എൽഡിഎഫിലെത്തിയ കെടി ജലീൽ എന്ന യുവനേതാവിനോട് 8781 വോട്ടുകൾക്കാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത്. മലപ്പുറത്തെ പന്ത്രണ്ട് സീറ്റുകളിൽ അഞ്ചും അന്ന് എൽഡിഎഫ് പിടിച്ചടക്കി. 99 സീറ്റുകൾ നേടി ഇടതുപക്ഷജനാധിപത്യമുന്നണി തന്നെ അന്ന് അധികാരത്തിലെത്തി. തുടർന്ന് യു.ഡി.എഫിന്റെ കടുത്ത പരാജയത്തിന് കാരണക്കാരനായി ഐസ്‌ക്രീ പാർലർ കേസും പി.കെ. കുഞ്ഞാലിക്കുട്ടിയും ചിത്രീകരിക്കപ്പെടുകയുംചെയ്തു. തുടർന്ന് 2006നുശേഷം കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയനേതാവിനും വ്യക്തിക്കും സംഭവിച്ച മാറ്റങ്ങൾ അത്ഭുതകരമായിരുന്നു.

സാധാരണഗതിയിൽ ഒരു രാഷ്ട്രീയനേതാവിന് എളുപ്പം മറികടക്കാൻ സാധിക്കാത്ത തിരിച്ചടികളായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നതെങ്കിലും അസാമാന്യമായ മെയ്‌ വഴക്കത്തോടെ അദ്ദേഹം ആ പ്രതിസന്ധിയെ മറികടന്നു. പാർട്ടിയിൽ കൂടുതൽ സജീവമായും അണികളോട് കൂടുതൽ അടുത്ത് പെരുമാറിയും കുഞ്ഞാലിക്കുട്ടി സ്വയം പരിവർത്തനം നടത്തി.2011-ൽ മണ്ഡല പുനർനിർണയത്തിന് ശേഷം രൂപം കൊണ്ട വേങ്ങര എന്ന മുസ്ലിംലീഗിന്റെ ഏറ്റവും ശക്തമായ മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി ജനവിധി തേടി. 38237 എന്ന മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ജയിച്ചു കയറിയത്.

നഗരസഭാ ചെയർമാനായി തുടക്കം; ഐസ്‌ക്രീം വിവാദം കരുത്തനാക്കി

1980ൽ മലപ്പുറം നഗരസഭാ ചെയർമാനായാണ് കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. തുടർന്ന് 1982ൽ മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. 1987 ൽ വീണ്ടും മലപ്പുറത്തു നിന്ന് വിജയിച്ചു. 1991ൽ കുറ്റിപ്പുറത്തു നിന്നാണ് മത്സരിച്ചത്. അന്ന് കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. 2001 ൽ കുറ്റിപ്പുറത്തു നിന്ന് വീണ്ടും വിജയിച്ച കുഞ്ഞാലിക്കുട്ടി എ.കെ ആന്റണി മന്ത്രിസഭയിൽ വ്യവസായ, ഐടി വകുപ്പ് മന്ത്രിയായി. കേരളത്തിൽ ഇൻഫർമേഷൻ ടെക്നോളജി സജീവ ചർച്ചയായി മാറുന്നത് അക്കാലത്താണ്. തൊട്ടുപിന്നാലെ വന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു വ്യവസായ-ഐടി വകുപ്പ് മന്ത്രി.

തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കുന്ന ഐസ്‌ക്രീം പാർലർ കേസ് വിവാദങ്ങളിൽ നിറയുന്നത്. തന്നെ പണം നൽകി സ്വാധീനിക്കുവാൻ ശ്രമിച്ചെന്ന ഐസ്‌ക്രീം പാർലർ കേസിലെ സാക്ഷി റജീനയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കായി പ്രതിപക്ഷസംഘടനകൾ തെരുവിലിറങ്ങിയ അവസ്ഥയുമുണ്ടായി. എന്നാൽ ഐസ്‌ക്രീംകേസ് തെളിവുകളുടെ അഭാവത്തിൽ കുഞ്ഞാലിക്കുട്ടി കുറ്റവിമുക്തനായതോടൊപ്പം ശകതനായ ഒരു രാഷ്ട്രീയനേതാവുമായി കുഞ്ഞാലിക്കുട്ടി വളർന്നു. ഐസ്‌ക്രീംകേസിലെ അനുഭവങ്ങളാണ് എന്തിനേയും നേരിടാൻ തന്നെ പ്രാപ്തനാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി തന്റെ അടുപ്പക്കാരോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP