Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുകച്ചുപുറത്തുചാടിക്കാൻ ഗ്രൂപ്പ് വൈരം മറന്ന് നേതാക്കൾ ഒരുമിച്ചു; രാജിവച്ചിറങ്ങിയാൽ ഹൈക്കമാൻഡും പിണങ്ങും; മദ്യനയത്തിൽ കലഹിക്കാനിറങ്ങിയ സുധീരൻ ആകെ ധർമസങ്കടത്തിൽ

പുകച്ചുപുറത്തുചാടിക്കാൻ ഗ്രൂപ്പ് വൈരം മറന്ന് നേതാക്കൾ ഒരുമിച്ചു; രാജിവച്ചിറങ്ങിയാൽ ഹൈക്കമാൻഡും പിണങ്ങും; മദ്യനയത്തിൽ കലഹിക്കാനിറങ്ങിയ സുധീരൻ ആകെ ധർമസങ്കടത്തിൽ

സംസ്ഥാനത്ത് മദ്യനിരോധനം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വി എം.സുധീരൻ തുടങ്ങിവച്ച നടപടികൾ ഇപ്പോൾ ഇടിത്തീ പോലെ അദ്ദേഹത്തിന്റെ തലയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മദ്യനയത്തിന് പിന്തുണ തേടി കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ജനപക്ഷ യാത്ര നടത്തിയ കെപിസിസി. പ്രസിഡന്റിനെ കാത്തിരുന്നത് ഇത്രയും ശക്തമായ തിരിച്ചടിയാകുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. മദ്യനയത്തിൽനിന്ന് സർക്കാർ പിന്നാക്കം പോയതോടെ, സുധീരൻ പാർട്ടിയിലും ഒറ്റപ്പെട്ടു.

മദ്യലോബിയുടെ സമ്മർദത്തിന് വഴങ്ങി മദ്യനയം അട്ടിമറിച്ചുവെന്ന പ്രഖ്യാപനവുമായി രംഗത്തുവന്ന കെപിസിസി. പ്രസിഡന്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വൈരം മറന്ന് ഒന്നിച്ചിരിക്കുന്നതാണ് അവസാന കാഴ്ച. മദ്യനയത്തിലെ മാറ്റത്തിന് പിന്തുണ തേടി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ തിരുവനന്തപുരത്ത് ചേരുകയാണ്. സുധീരനല്ല, സർക്കാരാണ് പാർട്ടിക്ക് വേണ്ടപ്പെട്ടത് എന്ന് തെളിയിക്കുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യം.

സുധീരനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു കഴിഞ്ഞു. സർക്കാരിനെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമാണ് സുധീരൻ ശ്രമിക്കുന്നതെന്ന് ഇരുഗ്രൂപ്പുകളും ഉറപ്പിച്ചുകഴിഞ്ഞു. സുധീരൻ പ്രസിഡന്റായി തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെ സമീപിക്കാനും അവർ തീരുമാനിച്ചു.

സമ്മർദം ചെലുത്തി സുധീരനെ താഴെയിറക്കാനാണ് കോൺഗ്രസ് ഗ്രൂപ്പുകളുടെ ഈ യോജിച്ച പ്രവർത്തനം. കെപിസിസി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധീരനെ പുകച്ചുചാടിക്കാൻ നടത്തുന്ന ശ്രമങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രകടമാകുമെന്നുറപ്പാണ്. രാജിവെക്കില്ലെന്ന് സുധീരൻ ഇന്നലെ പ്രഖ്യാപിച്ചതും ഈ സാഹചര്യത്തിലാണ്. ഹൈക്കമാൻഡിന്റെ പ്രത്യേക താത്പര്യത്തിൽ കെപിസിസി. പ്രസിഡന്റായ ആളാണ് സുധീരൻ. രാജിവച്ചാൽ, ഹൈക്കമാൻഡും തനിക്കെതിരാകുമെന്ന ആശങ്കയും സുധീരനുണ്ട്.

കെപിസിസി. യോഗം വിളിച്ച് പ്രശ്‌നം ചർച്ച ചെയ്യാനാണ് ഗ്രൂപ്പ് നേതാക്കൾക്ക് താത്പര്യം. എന്നാൽ, ആ യോഗം വിളിക്കേണ്ടത് സുധീരനാണ്. അതുകൊണ്ടാണ് സുധീരന് നിയന്ത്രണമില്ലാത്ത പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്. ഒരു എംഎ‍ൽഎ ഒഴികെ എല്ലാവരും മദ്യനയത്തിലെ മാറ്റത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് നേതാക്കൾ. ഫലത്തിൽ പാർലമെന്ററി പാർട്ടി യോഗം സുധീരനെതിരെ മുഖ്യമന്ത്രിയുടെ ശക്തിപ്രകടനമാകും. ജനുവരി ഏഴിന് ചേരാനിരുന്ന യോഗമാണ് അടിയന്തിര സാഹചര്യം മുൻനിർത്തി നേരത്തെ വിളിച്ചുചേർത്തിരിക്കുന്നത്.

മദ്യനയം മുന്നണിയിൽത്തന്നെ ധ്രുവീകരണത്തിന് സാഹചര്യമുണ്ടാക്കുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്. മദ്യനയത്തിൽനിന്നുള്ള മാറ്റത്തിൽ ഇടഞ്ഞുനിൽക്കുന്ന മുസ്ലിം ലീഗും സുധീരനും ചേർന്ന് വേറിട്ടൊരു അച്ചുതണ്ട് മുന്നണിയിൽ പിറവിയെടുക്കുമോ എന്നാണ് ഉമ്മൻ ചാണ്ടിയുടെ ആശങ്ക. അതിനെ തടയിടാനാണ് നിയമസഭാ കക്ഷിയിൽ തനിക്കുള്ള സ്വാധീനം ഉറപ്പിക്കാൻ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കുന്നത്.

സർക്കാർ മദ്യലോബിക്ക് അടിപ്പെട്ടു എന്ന സുധീരന്റെ വിമർശനമാണ് ഇരു ഗ്രൂപ്പുകളെയും ചൊടിപ്പിച്ചത്. സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മദ്യലോബിയുടെ ഏജന്റുമാരായെന്നല്ലേ സുധീരൻ പറഞ്ഞതിന്റെ അർത്ഥമെന്ന് ഒരു ഉന്നത നേതാവ് ചോദിച്ചു. സുധീരനെതിരെ എ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തിയെങ്കിലും ഐ ഗ്രൂപ്പ് മൗനം പാലിച്ചു. സുധീരന്റെ വിമർശനം സർക്കാരിനെ ദുർബലപ്പെടുത്തും എന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എ ഗ്രൂപ്പ് നേതാവ് എം.എം. ഹസൻ തൃശൂരിൽ പറഞ്ഞത്.

എ.കെ. ആന്റണിയുടെ വിലക്ക് മറികടന്നാണ് സുധീരൻ സർക്കാരിനെതിരെ ആഞ്ഞടിച്ചതെന്നും സൂചനയുണ്ട്. ജനപക്ഷയാത്രയുടെ സമാപനത്തിന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് വന്നപ്പോൾ രണ്ടു ഗ്രൂപ്പുകളും സുധീരനെതിരെ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് രാഹുൽഗാന്ധി പ്രശ്‌നത്തിൽ എ.കെ.ആന്റണിയുടെ മധ്യസ്ഥത തേടിയിരുന്നു. പരസ്യ കുറ്റപ്പെടുത്തൽ പാടില്ലെന്ന് ഇരുവിഭാഗത്തോടും ആന്റണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മദ്യനയം അപ്പാടെ അട്ടിമറിക്കുന്നതുകണ്ടപ്പോൾ, സുധീരൻ ആന്റണിയുടെ നിർദ്ദേശം ലംഘിച്ച് സർക്കാരിനെതിരെ രംഗത്തുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP