Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാവി നമ്മുടേതും ജനങ്ങളുടേതും; അതിനായി സുധീരമായ തീരുമാനം വേണം; ചർച്ചകളും തീരുമാനങ്ങളും ആ വഴിക്ക് വേണം; ആലുപ്പുഴ പാർട്ടി സമ്മേളന വേദിയിൽ ഒന്നും പറയാതെ എല്ലാം പറഞ്ഞ് വി എസ്; സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

ഭാവി നമ്മുടേതും ജനങ്ങളുടേതും; അതിനായി സുധീരമായ തീരുമാനം വേണം; ചർച്ചകളും തീരുമാനങ്ങളും ആ വഴിക്ക് വേണം; ആലുപ്പുഴ പാർട്ടി സമ്മേളന വേദിയിൽ ഒന്നും പറയാതെ എല്ലാം പറഞ്ഞ് വി എസ്; സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

ആലപ്പുഴ: സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. ആലപ്പുഴയിലും വയനാട്ടിലുമാണ് ആദ്യ ജില്ലാ സമ്മേളനങ്ങൾ. ആലപ്പുഴ ജില്ലാ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ പിബി അംഗം കോടിയേരി ബാലകൃഷ്ണനാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി രണ്ട് ദിവസമായി മാദ്ധ്യമങ്ങളിൽ സജീവമായ വി എസ്, വിവാദ വിഷയങ്ങളൊന്നും ആലപ്പുഴയിലെ സമ്മേളന വേദിയിൽ പറഞ്ഞില്ല. എന്നാൽ ഭാവിയെ മുന്നിൽ കണ്ടുള്ള തീരുമാനവും ചർച്ചകളും വേണം നടക്കാനെന്ന് സമ്മേളന പ്രതിനിധികളെ വി എസ് അച്യുതാനന്ദൻ ഓർമിപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു വിഎസിന്റെ പ്രസംഗം.

അന്തർദേശീയ തലത്തിൽ ചൈനയ്ക്കുണ്ടായ പ്രസക്തിയും രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ ഉയർത്തുന്ന വെല്ലുവിളിയുമാണ് ഇരുപത് മിനിറ്റ് നീണ്ട പ്രസംഗത്തിൽ വി എസ് ഉയർത്തിയത്. ഘർ വാപ്പസി എന്ന മതപരിവർത്തനവും വി എസ് ഉന്നയിച്ചു. മോദിയുടെ നയങ്ങളെ പിന്തുണയ്ക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്യുന്നത്. അതിനെതിരെ ജന മുന്നേറ്റം അനിവാര്യമാണ്. ഭാവി നമ്മുടേതും ജനങ്ങളുടേതുമാണ്. അതിനായി ജനകീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണം. കഷ്ടനഷ്ടങ്ങൾ സഹിച്ചാണ് പഴയകാല സഖാക്കൾ സുധീരം മുന്നോട്ട് പോയത്. അതിന് വീണ്ടും വഴിയൊരുക്കുന്ന ചർച്ചകളും തീരുമാനങ്ങളും വേണം സമ്മേളന പ്രതിനിധികൾ എടുക്കാനെന്നും വി എസ് ഓർമിപ്പിച്ചു. പി കൃഷ്ണ പിള്ള സ്മാരകം തകർത്ത വിഷയം വി എസ് പരമാർശിച്ചേക്കുമെന്ന വിലയിരുത്തലിൽ വലിയ മാദ്ധ്യമ സംഘം തന്നെ ആലപ്പുഴയിൽ എത്തിയിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ പാർട്ടി വിരുദ്ധമായതൊന്നും വി എസ് സമ്മേളന പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചില്ല.

അതിനിടെ കൃഷ്ണപിള്ള സ്മാരകം ആക്രമണ കേസിനെ പറ്റി പാർട്ടി തലത്തിൽ, സിപിഐ(എം) അന്വേഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയ പ്രവർത്തന റിപ്പോർട്ടെന്ന് വ്യക്തമായി. പാർട്ടി ഗ്രാമത്തിൽ പാർട്ടി സ്മാരകത്തിനു നേരെയുണ്ടായ ആക്രമണം പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ സിപിഐ(എം) ജില്ലാ നേതൃത്വം സമ്മതിക്കുന്നു. ആക്രമണത്തിനു പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ സിപിഐ(എം) തള്ളിക്കളയുന്നുമില്ല.

ഇതെ പറ്റി പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അന്വേഷിക്കണമെന്ന റിപ്പോർട്ടിലെ ആവശ്യം വി എസ്്. അച്യുതാനന്ദന്റെ നിലപാടുകളെ പരോക്ഷമായി സാധൂകരിക്കുന്നതുമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റതിനു പിന്നിൽ ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അരൂർ , മാരാരിക്കുളം ,ആലപ്പുഴ ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയ പ്രവണതയുണ്ടായെന്നും ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജില്ലാ സെക്രട്ടറി സ്ഥാനം സ്വന്തമാക്കാൻ സുധാകരൻ അനുകൂലികൾ ശക്തമായ അണിയറ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സി.ബി.ചന്ദ്രബാബു തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത. എന്നാൽ സുധാകര വിഭാഗത്തിന് കടുത്ത മേധാവിത്വമുള്ള ജില്ലാ കമ്മിറ്റിയാകും നിലവിൽ വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP