Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി വിട്ടു വി എസ് ആംആദ്മി വിപ്ലവത്തിന് തുടക്കമിടുമോ? അപ്രതീക്ഷിത നീക്കങ്ങളുടെ ഉള്ളറ തേടി കേരളം

പാർട്ടി വിട്ടു വി എസ് ആംആദ്മി വിപ്ലവത്തിന് തുടക്കമിടുമോ? അപ്രതീക്ഷിത നീക്കങ്ങളുടെ ഉള്ളറ തേടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തനിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചു സിപിഐ(എം). സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കുറ്റപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ വി എസ്. അച്യുതാനന്ദൻ കടുത്ത നടപടികൾക്ക് ഒരുങ്ങുമെന്ന് സൂചന. സിപിഐ(എം) വിട്ട് പുറത്ത് വരുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ നേതാവിന്റെ പരിഗണനയിലുണ്ട്. പാർട്ടി ദേശീയ നേതൃത്വം കൈവിട്ടാൽ കടുത്ത നിലപാടിന് വി എസ് തയ്യാറാകും. എന്നാൽ വി എസ് പുറത്തേക്ക് പോയാലും അണികളുടെ കൊഴിഞ്ഞ് പോക്ക് സിപിഎമ്മിൽ ഉണ്ടാകില്ലെന്നാണ് പിണറായി വിജയന്റെ വിലയിരുത്തൽ.

തനിക്കെതിരായ ആരോപണങ്ങൾ ഇന്നു തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിൽ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് വി എസ്. നേരത്തേ കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയിരുന്നു. അതു മുഖവിലയ്‌ക്കെടുക്കാതെ പിണറായി ആഞ്ഞടിച്ചത് രണ്ടു കൽപ്പിച്ചാണെന്ന് വി.എസിനു ബോധ്യമുണ്ട്. തനിക്കു പാർട്ടിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നിടുകയാണ് പിണറായി ചെയ്തതെന്ന് വി എസ്. കരുതുന്നു. ഈ സാഹചര്യത്തിൽ കടുത്ത നടിപടി എടുത്തില്ലെങ്കിൽ ജനപിന്തുണ തനിക്ക് കുറയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ.

ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ തുടക്കമിട്ട ആംആദ്മി വിപ്ലവത്തിന് കേരളത്തിൽ വി എസ് നേതൃത്വം നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ടിപി ചന്ദ്രശേഖരൻ രൂപം നൽകിയ ആർഎംപി അടക്കമുള്ള പാർട്ടികൾ വിഎസിനെ ഒപ്പം കൂട്ടാൻ മുന്നിലുണ്ട്. എന്നാൽ ആംആദ്മി മാതൃകയോടാണ് വിഎസിന് താൽപ്പര്യം. പാർട്ടി വിടേണ്ട സാഹചര്യമുണ്ടായാൽ സംസ്ഥാനത്തുടനീളം പ്രചരണം നടത്തി ജനസമ്മിതി തെളിയിക്കാനാണ് നീക്കം. അതിന് ശേഷമാകും രാഷ്ട്രീയ നിലപാട് വ്യക്തമാക്കുക. അതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും വിഎസിനെ ഒപ്പം കൂട്ടിയാൽ നല്ലാതാണെന്ന അഭിപ്രായമുണ്ട്. ചർച്ചകൾ ശരിയായ ദിശയിലേക്ക് പോയാൽ ആംആദ്മിയുടെ കേരളത്തിലെ മുഖമായി വി എസ് മാറും. ആംആദ്മി നേതാവ് പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് വിഎസിനുള്ളത്.

വിഎസിനെ നേരത്തെ തന്നെ കെജ്രിവാൾ ആംആദ്മിയിലേക്ക് ക്ഷണിച്ചിരുന്നു. ആംആദ്മിയുടെ കേരളത്തിലെ നേതൃത്വവും വിഎസിനെ അനുകൂലിക്കുന്നവരാണ്. ഈ സാധ്യതയെല്ലാം ഉപയോഗിച്ച് വിഎസിനെ ആംആദ്മിയിലെത്തിക്കാനും നീക്കമുണ്ട്. എന്നാൽ വി എസ് ഇതിനോടൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല. സിപിഐ(എം) നിലപാട് പുറത്ത് വന്നാൽ ഉടൻ തീരുമാനമെന്നാണ് വിഎസിന്റെ അഭിപ്രായം. തന്റെ പ്രതിശ്ചായയ്ക്ക് ആംആദ്മിയാണ് നല്ലതെന്ന അഭിപ്രായം ഏതായാലും വിഎസിനുണ്ട്. അഴിമതിക്കെതിരായ മുദ്രാവാക്യവുമായി ആപ്പിനൊപ്പം നീങ്ങാമെന്നതാണ് ഇതിന് കാരണം.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനു ശേഷം എല്ലാ പാർട്ടി സമിതികളിൽനിന്നും വി.എസിനെ ഒഴിവാക്കാനുള്ള നീക്കമാണ് സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത്. സെക്രട്ടറിപദത്തിൽ മൂന്നു ടേം പൂർത്തീകരിച്ചതോടെ ഈ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനമൊഴിയും. തുടർന്ന് പാർലമെന്ററി രംഗേത്തേക്കു കടന്ന് മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ് പിണറായി നടത്തുന്നത്. അതിനിടെ, പാർലമെന്ററി രംഗത്തുനിന്നു മാറിനിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വി എസ്. അടുത്തിടെ നടത്തിയ പ്രസ്താവനയെ ആശങ്കയോടെയാണ് ഔദ്യോഗികപക്ഷം വീക്ഷിച്ചത്. വോട്ട് കിട്ടാൻ തെരഞ്ഞെടുപ്പിൽ വി.എസിനെ രംഗത്തിറക്കുന്ന പതിവ് ഇനി വേണ്ടെന്നും ഔദ്യോഗിക പക്ഷം തീരുമാനിച്ചിട്ടുണ്ട്.

ഇതെല്ലാം വിഎസും തിരിച്ചറിയുന്നു. അതുകൊണ്ടാണ് ആംആദ്മി പാർട്ടിയുടെ സാധ്യതകൾ വി എസ് സജീവമാക്കുന്നത്. ഏതായാലും ആലപ്പുഴയിലെ സമ്മേളനം തീരും വരെ കാത്തിരിക്കാനാണ് വിഎസിന്റെ തീരുമാനം. അതിന് ശേഷമാകും ആംആദ്മി പാർട്ടിയുൾപ്പെടെയുള്ളവയുടെ സാധ്യതകളിലേക്ക് വി എസ് കടക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP