Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എകെജി സെന്റർ ബഹിഷ്‌കരിക്കുന്ന അച്യുതാനന്ദൻ നിയമസഭയിൽ എത്തുമോ? എല്ലാ സാധ്യതയും തുറന്നിട്ട് മുതിർന്ന സഖാവ്; സ്ഥാപക നേതാവില്ലാത്ത സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സമിതി തുടങ്ങി; വിഎസിനെ കടന്നാക്രമിക്കരുതെന്ന് കേന്ദ്ര നേതൃത്വം

എകെജി സെന്റർ ബഹിഷ്‌കരിക്കുന്ന അച്യുതാനന്ദൻ നിയമസഭയിൽ എത്തുമോ? എല്ലാ സാധ്യതയും തുറന്നിട്ട് മുതിർന്ന സഖാവ്; സ്ഥാപക നേതാവില്ലാത്ത സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സമിതി തുടങ്ങി; വിഎസിനെ കടന്നാക്രമിക്കരുതെന്ന് കേന്ദ്ര നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തിൽ തെരഞ്ഞെടുടുത്ത സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് തുടങ്ങി. വി എസ് അച്യുതാനന്ദന്റെ ബഹിഷ്‌കരണമാണ് സംസ്ഥാന സമിതിയെ ശ്രദ്ധേയമാക്കുന്നത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിപിഐ(എം). സംസ്ഥാനസമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കണമെന്ന്, പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദനോട് സിപിഐ(എം). സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അതിനിടെ സംസ്ഥാന സമിതിയിൽ വിഎസിനെ രൂക്ഷമായി വിമർശിക്കുന്ന ശൈലി സ്വീകരിക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ വി എസ് എത്തുമോ എന്ന് സംശയം ബലപ്പെട്ടു. തന്റെ കാര്യത്തിൽ പാർട്ടി കേന്ദ്ര കമ്മറ്റിയുടെ തീരുമാനം വരുവരെ നിയമസഭയിൽ നിന്ന് വിട്ടു നിൽക്കുന്നത് വിഎസിന്റെ പരിഗണനയിലുണ്ട്. അടുപ്പക്കാരുമായി വി എസ് ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന വിഎസിനെ നിയമസഭയിൽ എങ്ങനെ സഹകരിപ്പിക്കുമെന്ന ആശയക്കുഴപ്പം സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനും ഉണ്ട്. സംസ്ഥാന സമിതിയിൽ നിന്ന് വി എസ് വിട്ടു നിൽക്കുക കൂടി ചെയ്തതിനാൽ ഈ പ്രശ്‌നം കൂടുതൽ രൂക്ഷമായി. എന്നാൽ നിയമസഭയിൽ നിന്ന് വിട്ടുനിൽക്കാൻ വിഎസിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെടില്ല.

പാർട്ടിവിരുദ്ധനെന്ന് വി എസ്സിനെ വിശേഷിപ്പിക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനിൽക്കുന്നതിനാലാണ് തീരുമാനം. ആലപ്പുഴ സമ്മേളനത്തിൽ വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. 1964ൽ സിപിഐ(എം). രൂപവത്കരിക്കപ്പെട്ടതിനുശേഷം ആദ്യമായാണ് വി എസ്.അച്യുതാനന്ദൻ അംഗമല്ലാത്ത സിപിഐ(എം). സംസ്ഥാനസമിതി നിലവിൽവരുന്നത്. കേന്ദ്രകമ്മിറ്റി അംഗമായ വി എസ്. സംസ്ഥാനസമിതി യോഗത്തിൽ പങ്കെടുക്കണമെന്ന അഭിപ്രായത്തിലായിരുന്നു സംസ്ഥാനനേതൃത്വം. പാർട്ടികോൺഗ്രസ്സിൽ ചർച്ചചെയ്യുന്ന കരട് രാഷ്ട്രീയപ്രമേയത്തിനും അടവുനയരേഖയ്ക്കുമുള്ള ഭേദഗതികൾ ചർച്ചചെയ്യലാണ് ഇന്ന് തുടങ്ങിയ രണ്ട് ദിവസത്തെ യോഗത്തിന്റെ അജണ്ട.

സംസ്ഥാനസമിതി അംഗമല്ലെങ്കിലും വി എസ്. കേന്ദ്രകമ്മിറ്റി അംഗമാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാനസമിതിസംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. സംസ്ഥാനസമിതി അംഗങ്ങളല്ലാത്ത, കേരളത്തിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളും സാധാരണ സംസ്ഥാനസമിതി യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. ആ നിലയ്ക്കാണ് യോഗത്തിൽ പങ്കെടുക്കാൻ വി എസ്സിനോട് സംസ്ഥാനനേതൃത്വം നിർദ്ദേശിച്ചത്. ഇത് തള്ളിയതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് വി എസ് നൽകുന്നത്.

തന്നെ പാർട്ടിവിരുദ്ധനായി ചിത്രീകരിക്കുന്ന സെക്രട്ടേറിയറ്റിന്റെ പ്രമേയം മരവിപ്പിക്കുക, ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പാർട്ടി അംഗങ്ങളുടെയെല്ലാം പേരിൽ നടപടി സ്വീകരിക്കുക തുടങ്ങി വി എസ്. ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ ഇപ്പോൾ സിപിഐ(എം). െപാളിറ്റ് ബ്യൂറോയുടെ പരിഗണനയിലാണ്. വി എസ്സിന്റെ ഈ ആവശ്യങ്ങൾ സംബന്ധിച്ച് മാർച്ച് 20, 21 തീയതികളിൽ ചേരുന്ന പൊളിറ്റ്ബ്യൂറോ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ആ തീരുമാനം വരെ പാർട്ടിയുമായി സഹകരിക്കാൻ കഴിയില്ലെന്നാണ് വിഎസിന്റെ നിലപാട്.

നിലവിലുള്ള സംസ്ഥാനസമിതിയിൽ വി എസ്സിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. ഇത് വി എസ്സിനെ ഉദ്ദേശിച്ചാണെന്ന് സിപിഐ(എം). സംസ്ഥാന നേതൃത്വം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP