Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പിങ് തുടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ? കോൺട്രാക്ടർമാർക്ക് മുൻകൂർ പണം നൽകിയത് ധനവകുപ്പിന്റെ വിവരക്കേട്; കുട്ടനാട്ടിലെ പുനരധിവാസത്തിൽ പഴിചാരി സിപിഎം മന്ത്രിമാർ; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് പിന്നാലെ തമ്മിലടിച്ച് ജി സുധാകരനും തോമസ് ഐസക്കും; ആലപ്പുഴയുടെ ചുമതലക്കാരനായിട്ടും പലതും തന്നെ അറിയിച്ചില്ലെന്ന് സുധാകരൻ

പമ്പിങ് തുടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ? കോൺട്രാക്ടർമാർക്ക് മുൻകൂർ പണം നൽകിയത് ധനവകുപ്പിന്റെ വിവരക്കേട്; കുട്ടനാട്ടിലെ പുനരധിവാസത്തിൽ പഴിചാരി സിപിഎം മന്ത്രിമാർ; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് പിന്നാലെ തമ്മിലടിച്ച് ജി സുധാകരനും തോമസ് ഐസക്കും; ആലപ്പുഴയുടെ ചുമതലക്കാരനായിട്ടും പലതും തന്നെ അറിയിച്ചില്ലെന്ന് സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മുഖ്യമന്ത്രി വിദേശത്തേക്ക് പോയതോടെ കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനത്തിൽ പരസ്പരം പഴിചാരി ജില്ലയിലെ സിപിഎം മന്ത്രിമാർ. പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാത്ത വിഷയത്തിലാണ് മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വ്യത്യസ്ഥ നിലപാടുകൾ എടുത്തത്. പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങാവാൻ ലോട്ടറിവകുപ്പിന്റെ നവകേരള ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങിന്റെ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരൻ തോമസ്ഐസക്കിന് വേദിയിലിരുത്തി വിമർശനത്തിന് തുടക്കമിട്ടു.

തുടർന്ന് പ്രസംഗിച്ച് തോമസ് ഐസക്ക് ജി സുധാകരന് മറുപടിയായെത്തി. പുറത്തിറങ്ങിയ ശേഷം ഐസക് കൂടുതൽ വിശദീകരിച്ചു. പിന്നാലെ ജി സുധാകരൻ വെള്ളം വറ്റിക്കാത്ത നടപടിയെയും കുടിവെള്ള വിതരണത്തിന് പാളിച്ചയെയും രൂക്ഷമായി വിമർശിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പല കാര്യങ്ങളും തന്നോട് അലോചിച്ചിട്ടില്ലെന്നും അതിൽ തനിക്ക് വിമർശനമുണ്ടെന്നും കൂടി പറഞ്ഞതോടെ ജില്ലയിലെ ജി സുധാകരൻ- തോമസ്ഐസക് ഭിന്നത മറനീക്കി പുറത്തുവരികയാണ്. നേരത്തേയും പല വിഷയത്തിലും തോമസ് ഐസക്കും സുധാകരനും നേർക്ക് നേർ പോരടിച്ചിരുന്നു. പ്രളയ ദുരിതാശ്വാസത്തിൽ ആരും ഒരു വകുപ്പിനെതിരേയും നിലപാട് എടുക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

പമ്പിങ് തുടങ്ങാൻ കുട്ടനാട്ടുകാർ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ? കരാറുകാർക്ക് പണം കൊടുക്കുന്ന അധികൃതർ ഇക്കാര്യം ചിന്തിക്കേണ്ടതാണെന്നും സുധാകരൻ പറഞ്ഞു. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാത്തതിൽ ഗൂഢാലോചനയുണ്ട്. കോൺട്രാക്റ്റർമാർക്ക് മുൻകൂർ പണം നൽകിയത് തെറ്റെന്നും മന്ത്രി സുധാകരൻ പറഞ്ഞു. സാഹചര്യം മുതലെടുത്ത് ചിലർ സർക്കാരിനോട് വിലപേശുകയാണ്. ഇത്തരത്തിൽ മുൻകൂർ പണം കൊടുത്തത് ചരിത്രത്തിലുണ്ടായിട്ടില്ല. പമ്പിങ് കോൺട്രാക്റ്റർമാർക്ക് അത്യാഗ്രഹമാണെന്നും ഇവരെ ജയിലിലടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപടികളിൽ വീഴ്ചയുണ്ടായത് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

അതേസമയം, പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് തോമസ് ഐസക് മറുപടിയായി പറഞ്ഞു. പമ്പിങ്ങിലെ തടസങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടായിരത്തോളം പമ്പുകൾ വെള്ളത്തിലാണ്. ഇവ ഉണക്കി റിവൈൻഡ് ചെയ്യണം. ഇത്തരത്തിൽ കേടായ മോട്ടോറുകൾ നന്നാക്കിയാലെ പമ്പിങ് പൂർണ തോതിൽ തുടങ്ങാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടനാട്ടിൽ കുടിവെള്ളം കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടിവരുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയമാണ് ഇവിടെ സർക്കാരിന് വിനയാകുന്നത്. അതിനിടെ കുട്ടനാട്ടിൽ നിരവധി പ്രതിസന്ധികളുണ്ടെന്നായിരുന്നു കൃഷിമന്ത്രി വി എസ്. സുനിൽകുമാറിന്റെ പ്രതികരണം. ഒരാഴ്ച വേണമെന്നാണ് കലക്ടറുടെ യോഗത്തിലെ വിലയിരുത്തൽ. മടവീഴ്ച, വൈദ്യുതിയില്ല തുടങ്ങിയ പ്രശ്നങ്ങളുണ്ട്. പാടശേഖരസമിതികൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നുണ്ട്. ഇതിനോട് യോജിക്കാനാവില്ല. ജി.സുധാകരൻ പറയുന്നത് ശരിയാണെന്നും സുനിൽ കുമാർ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിൽ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ മന്ത്രിമാരെ ഉൾപ്പെടുത്താതെ ഒഴിവാക്കിയിരുന്നു. ഇത് തോമസ് ഐസകിനെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു. സാധാരണ മന്ത്രിസഭയിൽ മുഖ്യമന്ത്രിയില്ലെങ്കിൽ ധനമന്ത്രിക്കാണ് അടുത്ത ചുമതല. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനവിനിയോഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെങ്കിലും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഇനി നടത്തേണ്ടത് ധനവകുപ്പാണ്. തോമസ് ഐസക്കിനെ ഉൾപ്പെടുത്തിയാൽ സമിതിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകില്ല എന്ന തിരിച്ചറിവ് ബോധപൂർവമായ ഒഴിവാക്കലിനു പിന്നിലുണ്ട്. സമിതിയിലെ മറ്റ് മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെയോ ഇ.പി. ജയരാജന്റെയോ തീരുമാനത്തിന് എതിരഭിപ്രായം പറയുന്നവരല്ല. ഇതിനിടെയാണ് തോമസ് ഐസകിനെ വിമർശിച്ച് സുധാകരൻ ചർച്ചകളിലെത്തുന്നത്.

കേന്ദ്രസഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഐസക്ക് അനഭിമതനാണ്. മുഖ്യമന്ത്രി നിരവധി തവണ കേന്ദ്രത്തെ അഭിനന്ദിച്ചപ്പോൾ തോമസ് ഐസക്ക് പ്രധാനമന്ത്രിയുടൾപ്പെടെയുള്ളവരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഐസക്കിനെ മാറ്റി നിർത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP