Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ വെൽഫയർ പാർട്ടി; ന്യൂനപക്ഷ, പിന്നോക്ക, ദളിത് രാഷ്ട്രീയത്തിലൂടെ കരുത്ത് കാട്ടാൻ തന്ത്രങ്ങൾ; ഭൂപ്രശ്‌നങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കാൻ ഹമീദ് വാണിയമ്പലം

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ വെൽഫയർ പാർട്ടി; ന്യൂനപക്ഷ, പിന്നോക്ക, ദളിത് രാഷ്ട്രീയത്തിലൂടെ കരുത്ത് കാട്ടാൻ തന്ത്രങ്ങൾ; ഭൂപ്രശ്‌നങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കാൻ ഹമീദ് വാണിയമ്പലം

എം പി റാഫി

മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയെ കൂടുതൽ ജനകീയമാക്കാനുള്ള തിരക്കിലാണ് വെൽഫയർ പാർട്ടി ഓഫ് ഇന്ത്യയുടെ കേരളാ ഘടകം. പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇതിനാൽ ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കുക എന്നത് അഭിമാന പ്രശ്‌നം കൂടിയാണ്. ജനങ്ങളെ കൂടുതൽ പാർട്ടിയിലേക്കടുപ്പിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ അബ്ദുൽ ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര നടന്നുകൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ പാർട്ടികൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ പുതിയ പാർട്ടിക്കായി ഒരു പൊതു ഇടം കണ്ടെത്താനുള്ള ഞെട്ടോട്ടത്തിലാണ് വെൽഫെയർ പാർട്ടിയുടെ നേതാക്കളും അണികളും. പല പാർട്ടികളും പഴറ്റി പരീക്ഷിച്ച ന്യൂനപക്ഷം, പിന്നോക്കം, ദളിതർ തുടങ്ങിയവയുമായിട്ടാണ് വെൽഫെയർ പാർട്ടിയും രംഗത്ത് വന്നിട്ടുള്ളത്. ജമാഅത്തേ ഇസ്ലാമിയുടെ തലമുതിർന്ന നേതാക്കളുൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ രണ്ടര വർഷം മുമ്പായിരുന്നു വെൽഫയർ പാർട്ടി ഓഫ് ഇന്ത്യക്ക് രൂപം നൽകിയത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പല ജമാഅത്തേ ഇസ്ലാമി നേതാക്കളും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് ജനങ്ങൾക്കിടയിൽ പരീക്ഷണം നടത്തിയിരുന്നു. അന്ന് വിരലിലെണ്ണാവുന്ന വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില ചെറുകിട സംഘടനകളുടെയും സമര സമിതികളുടെയും പിന്തുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തിയെങ്കിലും കെട്ടിവച്ച തുക നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. എന്നാൽ പഴയ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ജനകീയമാക്കാനുള്ള തന്ത്രവുമായാണ് ഇപ്പോഴത്തെ രംഗപ്രവേശം. പരമാവതി ജനകീയ മുഖം കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി പാർട്ടിയുടെ നേതൃ പദവിയിലേക്ക് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ മാത്രമല്ല, മറ്റു മത വിഭാഗത്തിൽപ്പെട്ടവർക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.

പിന്നോക്ക വിഭാഗങ്ങളിൽ പെട്ടെന്ന് പാർട്ടിയുടെ വേരുറപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഇതിനാൽ ഭൂരഹിതർക്ക് ഭൂമിയേറ്റെടുത്തുകൊടുക്കാനുള്ള സമരവുമായിട്ടാണ് വെൽഫയർ പാർട്ടി രംഗത്ത് വന്നിട്ടുള്ളത്. പ്രാദേശികാടിസ്ഥാനത്തിൽ ആദ്യം ഭൂരഹിതരായ പിന്നോക്ക വിഭാഗക്കാരുടെ യോഗങ്ങൾ ചേരും. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച വീടുകളിൽ ക്ഷണകത്തുകൾ തയ്യാറാക്കി നൽകും. സർക്കാർ ഓഫീസുകളിൽ നിന്നും നൽകുന്ന മാതൃകയിലാണ് ഓരോ വീടുകളിലും സമർപ്പിക്കുന്ന കത്തുകളും. തുടർന്ന് ഇവർക്ക് ഭൂമി നേടി തരാമെന്ന വാക്ക് നൽകി കൂടെ നിർത്തും. ഇത്തരത്തിൽ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയിൽ വിവിധ മത വിഭാഗത്തിൽപ്പെട്ടവരായ അനേകം പേർ വെൽഫെയർ പാർട്ടിയുടെ യോഗങ്ങളിൽ എത്തുന്നുണ്ട്.

സംസ്ഥാന അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലം നടത്തുന്ന ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രയുടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രധാന ചടങ്ങ് ഭൂരഹിതരായവരുടെ നിവേദനം സ്വീകരിക്കലാണ്. സ്വീകരണ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ സദസ്സിന്റെ മുൻ നിരയിൽ വിവിധ മതസ്ഥരായ സ്ത്രീകളെ വാഹനത്തിൽ കൊണ്ടുവന്ന് ഇരുത്തും. ഇതോടെ സ്വീകരണ സമ്മേളനം സമാപിക്കും വരെ സദസിൽ നിറസാനിദ്യമായിരിക്കും. തുടർന്ന് പിന്നോക്ക വിഭാഗക്കാരായ സ്ത്രീകളെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സംസ്ഥാന പ്രസിഡന്റ് എത്തുമ്പോൾ സ്റ്റേജിൽ കയറി നിവേദനം നേരിൽ സമർപ്പിക്കാനുള്ള അവസരവും നൽകും. ആവശ്യം നേരിൽ അറിയിച്ച ശേഷം തൊഴുത കൈകളോടെ അവർ പ്രതീക്ഷയോടെ സ്റ്റേജ് വിട്ടിറങ്ങും.

എന്നാൽ ഭൂരഹിതരായവർക്ക് അപേക്ഷിക്കാനുള്ള വിവിധ സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായിരിക്കെയാണ് സാധാരണക്കാരെ ഭൂമിയുടെ പേരിൽ സംഘടിപ്പിച്ച് പാർട്ടിയുടെ വലിപ്പം കൂട്ടാൻ വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്. മലപ്പുറത്ത് നടന്ന ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സാധാരണക്കാർ തെറ്റിദ്ധരിച്ച് സംസ്ഥാന പ്രസിഡന്റിന് നിവേദനം നൽകിയവരായിരുന്നു അധികപേരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പല തവണകളായി നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ഭൂരഹിതരായവരിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് അപേക്ഷകൾ ഇന്നും തീർപ്പാക്കാതെ വിവിധ കളക്‌ട്രേറ്റുകളിലായി കെട്ടിക്കിടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഭൂമി വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ച്, കോർപ്പറേറ്റ് വർഗ്ഗീയ വൽക്കരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ജനപക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായി വെൽഫെയർപാർട്ടി സംസ്ഥാനത്തുടനീളം ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര നടത്തികൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP