Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉരുക്കു കോട്ടപോലെ ഇടതിനൊപ്പം ഉറച്ചുനിൽക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോൾ നിലപാട് മാറ്റും; വടകരയും കോഴിക്കോടും ആലപ്പുഴയും എന്തുകൊണ്ടാണ് ഇങ്ങനെ? കൊല്ലം തൂത്തുവാരിയിട്ടും പ്രേമചന്ദ്രപ്പേടിയിൽ നഷ്ടബോധം തുടരുന്നു; സിപിഎം കോട്ടയായ കണ്ണൂരിലെ വിജയവും ഉറച്ചതല്ല; വിചിത്ര പ്രതിഭാസത്തിന് പരിഹാരമുണ്ടാക്കാൻ പ്രത്യേക പദ്ധതിയുമായി സിപിഎം

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉരുക്കു കോട്ടപോലെ ഇടതിനൊപ്പം ഉറച്ചുനിൽക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോൾ നിലപാട് മാറ്റും; വടകരയും കോഴിക്കോടും ആലപ്പുഴയും എന്തുകൊണ്ടാണ് ഇങ്ങനെ? കൊല്ലം തൂത്തുവാരിയിട്ടും പ്രേമചന്ദ്രപ്പേടിയിൽ നഷ്ടബോധം തുടരുന്നു; സിപിഎം കോട്ടയായ കണ്ണൂരിലെ വിജയവും ഉറച്ചതല്ല; വിചിത്ര പ്രതിഭാസത്തിന് പരിഹാരമുണ്ടാക്കാൻ പ്രത്യേക പദ്ധതിയുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരുന്ന ജില്ലകളിൽ പോലും ലോക്‌സഭാ സീറ്റുകളിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് അടിപതറുന്നത് എന്തുകൊണ്ടാണ്. പാർട്ടി ഇക്കാര്യം കാര്യമായെടുത്ത് ഇത്തവണ ഹോംവർക്ക് തുടങ്ങിക്കഴിഞ്ഞു. ഉരുക്കുകോട്ടയായി പാർട്ടിക്കൊപ്പം നിൽക്കുന്ന ജില്ലകളിൽ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതുപക്ഷം വിയർക്കും. വടകര മണ്ഡലത്തിലും കോഴിക്കോട്ടും ആലപ്പുഴയിലുമൊക്കെ ഇതാണ് സ്ഥിതി. എന്തുകൊണ്ടാണ് ഇങ്ങനെയെന്നും അതി മറികടക്കുന്നത് എങ്ങനെയെന്നും മനസ്സിലാക്കി വേണ്ട മാറ്റങ്ങൾ വരുത്താൻ സിപിഎം തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി.

കഴിഞ്ഞതവണ സിപിഎം ഞെട്ടിപ്പോയ മണ്ഡലങ്ങളാണ് ആലപ്പുഴയും വടകരയും കൊല്ലവും. ഇടതുപക്ഷം വിട്ടുപോയ ആർഎസ്‌പിയുടെ പ്രേമചന്ദ്രനെ തകർക്കാമെന്ന ആത്മവിശ്വാസമായിരുന്നു സിപിഎമ്മിന്. എന്നാൽ കൊല്ലത്ത് സിപിഎം പിബി അംഗംകൂടിയായ എംഎ ബേബിയെ തകർത്ത് പ്രേമചന്ദ്രൻ ജയിച്ചുകയറിയത് സിപിഎമ്മിന് കനത്ത ആഘാതമായിരുന്നു കഴിഞ്ഞതവണ.

ഇക്കുറി ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് പാർട്ടി. അതേസമയം അതിന് ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം സീറ്റുകൾ തൂത്തുവാരിയ ജില്ലയാണ് കൊല്ലം എന്നതും ശ്രദ്ധേയമാണ്. അതിന് ഒരു കാരണം ജില്ലയിലെ കോൺഗ്രസിലെ പടലപ്പിണക്കവും പരസ്പരമുള്ള കാലുവാരലുമായിരുന്നു. എന്നാലും ആർഎസ്‌പിയിലെ ഒരു വിഭാഗം പിന്നീട് ഇടതുപക്ഷത്തോടൊപ്പം ചേർന്നതും കേരള കോൺഗ്രസ് ബി ഇപ്പോൾ ഇടതുപക്ഷ കക്ഷിയായതുമെല്ലാം പുതിയ സാധ്യതകൾ സിപിഎമ്മിന് മുന്നിൽ തുറന്നിടുന്നുണ്ട്. എന്നാൽ കഴിഞ്ഞതവണ അനായാസ ജയം പ്രതീക്ഷിച്ച സിപിഎമ്മിന്റെ ബേബിയെ പ്രേമചന്ദ്രൻ തകർത്തത് 38000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

നിയമസഭയിൽ ഇടത്തോട്ടും ലോക്‌സഭയാകുമ്പോൾ വലത്തോട്ടും ചായുന്ന നിരവധി മണ്ഡലങ്ങളുണ്ട്. അത്തരം മണ്ഡലങ്ങളെ കണ്ടുപിടിക്കാനും പോരായ്മകൾ തീർക്കാനും ചോർച്ചയടയ്ക്കാനും സിപിഎം നേരത്തെ തന്നെ ഇക്കുറി ശ്രമം തുടങ്ങി. പ്രത്യേക ശ്രദ്ധ നൽകുന്ന മണ്ഡലങ്ങളാണ് വടകരയും കൊല്ലവും ആലപ്പുഴയും പിന്നെ കോഴിക്കോടും. ഇത്തരം മണ്ഡലങ്ങളിൽ അടിയൊഴുക്കിന്റെ വഴിയടയ്ക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടുതവണ ശില്പശാല നടത്തി തിരഞ്ഞെടുപ്പിന് കർമപദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഇതിനൊപ്പം ഗൃഹസന്ദർശനവും സജീവമാക്കും.

വടകരയും കോഴിക്കോടും ആലപ്പുഴയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയ സാധ്യതയുണ്ടായിട്ടും അവസാന ഘട്ടത്തിൽ ഇടതിന് അടിപതറുന്ന പ്രധാന മണ്ഡലങ്ങൾ. ആർ.എസ്‌പി. മുന്നണി വിട്ടതോടെയാണ് കൊല്ലവും കൈവിടുന്നതെങ്കിലും ഇക്കുറി പ്രതീക്ഷയുണ്ട്. പിള്ളയും ആർഎസ്‌പിയിലെ ഒരു വിഭാഗവും ഇടതിനൊപ്പം വന്നതുകൊണ്ട് പ്രത്യേകിച്ചും. കോൺഗ്രസിൽ ജില്ലയിലെ പടലപ്പിണക്കം തീർന്നിട്ടുമില്ല.

എന്നാൽ ശബരിമല, തിരഞ്ഞെടുപ്പ് വിഷയമായി മാറിയതിനാൽ ഇക്കുറി പല സ്ഥലത്തും തിരിച്ചടിയുണ്ടായേക്കാമെന്ന് പാർട്ടി ഭയക്കുന്നുണ്ട്. അതിനാൽ പത്തനംതിട്ടയിലുൾ്‌പ്പെടെ അഭിമാനപ്പോരാട്ടമാണ്. നിയമസഭാമണ്ഡലങ്ങളിൽ നേടിയ മുന്നേറ്റം ഈ അഞ്ച് ലോക്സഭാസീറ്റിലും നിലനിർത്താനുള്ള പ്രവർത്തനമാണ് പ്രാദേശികതലത്തിൽ നടക്കുന്നത്. എന്നാൽ ശബരിമല വിഷയം നെഗറ്റീവ് ഫാക്ടറാകുമോ അതോ സ്ത്രീകളുടെ പിന്തുണ കൂടുമോ എന്നുള്ള കാര്യത്തിൽ പാർട്ടിക്ക് തന്നെ തീർച്ചയില്ല. എന്തായാലും ശക്തമായ പ്രചരണത്തിലൂടെ എതിർപ്പുകൾ മറികടക്കാമെന്നാണ് പ്രതീക്ഷ.

വടകര മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലത്തിലും ഇടതുമുന്നണി പ്രതിനിധികളാണ്. യു.ഡി.എഫിനൊപ്പമുള്ള കുറ്റ്യാടിയിലും ഇടതുമുന്നണിയുടെ ശക്തി ഒട്ടും ദുർബലമല്ല. ഒരുകാലത്ത് ഇടതുകോട്ടയായാണ് വടകര അറിയപ്പെട്ടിരുന്നത്. എന്നാൽ ലോക്‌സഭയിലേക്ക് വരുമ്പോൾ കാര്യങ്ങൾ മാറുന്നു. കഴിഞ്ഞ രണ്ടുതവണയായി മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലത്തിന്റെ പ്രതിനിധിയായി.

ഇക്കുറി മുല്ലപ്പള്ളി മത്സരിക്കുമെന്ന കാര്യത്തിൽ തീർച്ചയില്ല. എന്നാലും വടകര ഒരു കടമ്പതന്നെയാണ് ഇടതുപക്ഷത്തിന് മുന്നിൽ. ഇക്കുറി മണ്ഡലം പിടിക്കുകയെന്നത് പ്രസ്റ്റീജ് വിഷയമായിതന്നെ എടുത്തിരിക്കുകയാണ് സിപിഎം. വടകരയിൽ മുല്ലപ്പള്ളി കഴിഞ്ഞകുറി തോൽപിച്ചത് ഇപ്പോൾ തലശ്ശേരി എംഎൽഎ ആയ എ എൻ ഷംസീറിനെയാണ്. 3306 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ. സിപിഎം കോട്ടയായ കണ്ണൂരിലും സ്ഥിതി മെച്ചമല്ല. പാർട്ടിക്ക് വേരോട്ടമുള്ള മണ്ണിലും ചില മണ്ഡലങ്ങളിലെ നേരിയ മുൻതൂക്കത്തിൽ കോൺഗ്രസ് ജയിച്ചുകയറുന്ന നിലയാണുള്ളത്.

കോഴിക്കോട്ടും അവസ്ഥയ്ക്ക് മാറ്റമില്ല. മണ്ഡലത്തിലെ ഏഴ് എംഎ‍ൽഎ.മാരിൽ ഒന്നൊഴികെ എല്ലാവരും ഇടതുപക്ഷക്കാർ. പക്ഷേ, ലോക്സഭയിലേക്ക് കഴിഞ്ഞ രണ്ടുതവണയുമെത്തിയത് എം.കെ. രാഘവൻ. അങ്ങനെ കോൺഗ്രസിന്റെ ഉറച്ച സീറ്റായി കോഴിക്കോട്. ഇക്കുറി വീരേന്ദ്രകുമാർ പക്ഷം കൂടെയുള്ളത് പ്രയോജനം ചെയ്യുമെന്നാണ് ഇടതു ചിന്ത. എന്നാൽ എന്തുകൊണ്ട് ലോക്‌സഭയിൽ കോൺഗ്രസ് ജയിക്കുന്നതെന്ന് സിപിഎമ്മിനും ധാരണയില്ല.

ഇപ്പോഴത്തെ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെ കഴിഞ്ഞതവണരംഗത്തിറക്കിയിട്ടും ഇടതുകോട്ടയായ ബാലുശ്ശേരിയും കോഴിക്കോട് നോർത്തും യു.ഡി.എഫിനൊപ്പം നിന്നു. 17000ത്തോളം വോട്ടിനാണ് വിജയരാഘവൻ തോറ്റത്. ഇക്കുറി അതുണ്ടാകാതിരിക്കാൻ കാര്യമായി തന്നെ സിപിഎം രംഗത്തിറങ്ങും. വീരൻ കനിഞ്ഞാൽ കുറേ വോട്ടുകൾ കൂടെപ്പോരുമെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന് മുൻതൂക്കം നൽകാനാണ് തീരുമാനം.

ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ 6-1 എന്ന നിലയിൽ ഇടതുമുന്നണിയോടൊപ്പമാണ്. കടുത്ത മത്സരമാണ് പല സ്ഥലത്തും നടന്നത്. പ്രളയത്തിൽ ജനങ്ങൾക്കൊപ്പം നിന്നത് ആരെന്ന ചോദ്യം ഈ മേഖലയിൽ ഇക്കുറി ഉയരും. പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളുമെല്ലാം നിർണായകമാണ്. ചെങ്ങന്നൂരിൽ ഉൾപ്പെടെ എംഎൽഎ സജി ചെറിയാൻ പോലും സർക്കാരിനെതിരെ തിരിയുന്ന സ്ഥിതിയുണ്ടായി. ഈ മേഖലയിൽ വലിയ തിരിച്ചടി സർക്കാർ നടപടികൾക്ക് എതിരെ നടക്കുന്ന പ്രചരണം ത്‌ന്നെയാകും. ഇത് ഒഴിവാക്കാൻ സർക്കാർ തന്നെ കൂടുതൽ സഹായങ്ങളുമായി എത്താനാണ് തീരുമാനം.

ആലപ്പുഴയിൽ സിപിഎമ്മിന് ഒപ്പമാണ് കൂടുതൽ മണ്ഡലങ്ങൾ എങ്കിലും പാർലമെന്റിൽ പോകുന്നത് കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ തന്നെയാണ്. ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം . കഴിഞ്ഞതവണ കായംകുളം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം വേണുഗോപാലിനായിരുന്നു ഭൂരിപക്ഷം എന്നതും ശ്രദ്ധേയമാണ്.

ഇത്തവണ ഇതിന് മാറ്റമുണ്ടാക്കേണ്ടത് സിപിഎമ്മിന് നിർണായകമാണ്. പ്രത്യേകിച്ചും രണ്ടു സംസ്ഥാന മന്ത്രിമാരുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്നു എന്നതും ഇടതുമുന്നണിയുടെ മേധാവിത്വം തെളിയിക്കപ്പെട്ട ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു കയറി എന്നതുമെല്ലാമാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങൾ.

പത്തനംതിട്ടയിലും സ്ഥിതി ഏറെക്കുറി സമാനം. യു.ഡി.എഫ്. എംപി.യായ ആന്റോ ആന്റണി മണ്ഡലം ഉറപ്പിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന് എങ്ങനെയെങ്കിലും തടയിടാനാണ് സിപിഎം ശ്രമം. പി.സി. ജോർജിനെ വേണ്ടെന്നുതീരുമാനിച്ചതിനാൽ യുഡിഎഫിന് കാര്യങ്ങൾ എളുപ്പമാകില്ല. അസംബ്‌ളിയിൽ നാലുമണ്ഡലം ഇടതിനും രണ്ടെണ്ണം യു.ഡി.എഫിനുമാണ്. സ്വതന്ത്രനായി ഒരിടത്ത് പി.സി. ജോർജും. ഇതാണ് നിയമസഭാ കക്ഷിനില. കഴിഞ്ഞതവണ കോൺഗ്രസ് പാരമ്പര്യമുള്ള സ്വതന്ത്രനെ പരീക്ഷിച്ച സിപിഎം.

ഇത്തവണ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ അസംബ്‌ളിയിലേക്ക് കൂടുതൽ സീറ്റുകൾ നേടിയാലും ലോക്‌സഭയിലെ കാര്യം വരുമ്പോൾ മുട്ടുവിറയ്ക്കുന്ന സ്ഥിതിക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിയിരിക്കുകയാണ് സിപിഎം. കഴിഞ്ഞതവണ ആന്റോ ആന്റണി ഇടതു സ്വതന്ത്രനായ പീലിപ്പോസ് തോമസിനെ തോൽപിച്ചത് 56,191 വോട്ടിനാണ്. ഈ മാർജിൻ മറികടക്കുക സിപിഎമ്മിന് വലിയ കടമ്പ തന്നെയാകും. പ്രത്യേകിച്ച് ശബരിമല വിഷയത്തിൽ സർക്കാർ നിലപാടുകളിൽ വലിയ എതിർപ്പ് പ്രദേശത്ത് ഉയർന്നുവന്ന സാഹചര്യത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP