Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമാരസ്വാമി സർക്കാരിനെ തള്ളിയിടാൻ നോക്കുമ്പോഴും നിയമസഭയിൽ ഫ്‌ളോർ ടെസ്റ്റിന് മടിച്ച് ബിജെപി; തമിഴ്‌നാട് മോഡലിൽ അയോഗ്യത ഭയന്ന് വിമത എംഎൽഎമാരും; ആകെ ആശ്വാസം വിമതരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം; ബിജെപിയുടെ ജാഗ്രതയ്ക്ക് കാരണം ഇങ്ങനെ

കുമാരസ്വാമി സർക്കാരിനെ തള്ളിയിടാൻ നോക്കുമ്പോഴും നിയമസഭയിൽ ഫ്‌ളോർ ടെസ്റ്റിന് മടിച്ച് ബിജെപി; തമിഴ്‌നാട് മോഡലിൽ അയോഗ്യത ഭയന്ന് വിമത എംഎൽഎമാരും; ആകെ ആശ്വാസം വിമതരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം; ബിജെപിയുടെ ജാഗ്രതയ്ക്ക് കാരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാർ വീഴാതിരിക്കാൻ കുമാരസ്വാമിയും കൂട്ടരും കിണഞ്ഞുപരിശ്രമിക്കുമ്പോൾ, വലിച്ചുതാഴെയിടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. എന്നാൽ, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ, വിശ്വാസവോട്ടിനോ, അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനോ ബിജെപി അത്ര ഉത്സാഹം കാട്ടുന്നില്ല. വളരെ ജാഗ്രതയോടെയാണ് നീക്കം. എന്താണ് കാരണം?

കോൺഗ്രസിന്റെയും ജെഡിഎസിന്റെയും 16 എംഎൽഎമാർ രാജി വച്ചെങ്കിലും സ്പീക്കർ കെ.ആർ.രമേഷ് കുമാർ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. രാജി അംഗീകരിക്കും വരെ നിയമസഭയുടെ അംഗബലം 224 ആയി തുടരും. വിശ്വാസ വോട്ടോ, അവിശ്വാസ പ്രമേയമോ വന്നാൽ, സഖ്യം പുഷ്പം പോലെ പരീക്ഷ പാസാകും. എംഎൽഎമാർക്കെല്ലാം വിപ്പ് കൊടുത്താൽ മതിയാവും. എന്നാൽ, വിമത എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്താൽ, ഭാവി പരിപാടികൾ ബിജെപിക്ക് സുഗമമായി ആസൂത്രണം ചെയ്യാം. വിമത എംഎൽഎമാരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. വൈകിട്ട് ആറിന് സ്പീക്കർ രമേശ് കുമാറിനു മുന്നിൽ ഹാജരാകാൻ എംഎൽമാരോടും കോടതി നിർദ്ദേശിച്ചു. അതിനുശേഷം ഇന്നുതന്നെ സ്പീക്കർ തീരുമാനം വ്യക്തമാക്കണം. എംഎൽഎമാർക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി കർണാടക പൊലീസിന് നിർദ്ദേശം നൽകി.

സ്പീക്കറുടെ ഹർജി അടിയന്തരമായി കേൾക്കാനും, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനത്തിന് കൂടുതൽ സമയം തേടാനും കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം വെള്ളിയാഴ്ച കോടതിയെ അറിയിക്കണം. ഭൂരിപക്ഷം തെളിയിക്കാൻ മുന്നോട്ട് വയ്ക്കുന്നതാണ് വിശ്വാസ പ്രമേയം. ഈ പ്രമേയത്തെ എത്ര പേർ പിന്തുണയ്ക്കുന്നു, പിന്തുണയ്ക്കുന്നില്ല എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാരിന്റെ നിലനിൽപ് തന്നെ. വിശ്വാസവോട്ടിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി രാജിവച്ചൊഴിയേണ്ടി വരും. അവിശ്വാസ പ്രമേയം പ്രതിപക്ഷമാണ് അവതരിപ്പിക്കുന്നത്. ഭരണകക്ഷിക്കോ, പാർട്ടികൾക്കോ സഭയിൽ ഭൂരിപക്ഷമില്ലെന്ന് വിലയിരുത്തുമ്പോഴാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നീക്കുന്നത്.

കൂറുമാറ്റ നിയമപ്രകാരം, എംഎൽഎ വിപ്പ് ലംഘിച്ചാൽ, സ്വാഭാവികമായി സഭയിൽ നിന്ന് പുറത്താകും. തമിഴ്‌നാട് മോഡലിൽ വിമത എംഎൽഎമാരെ ഒരുപാഠം പഠിപ്പിക്കാനാണ് ജെഡിഎസ്-കോൺ്ഗ്രസ് സർക്കാരിന്റെ ആലോചന. 2017 ൽ ടിടിവി ദിനകരനോട് കൂറുള്ള 18 എഐഎഡിഎംകെ എംഎൽഎമാർ രാജി വച്ചപ്പോൾ, സർക്കാർ ന്യൂനപക്ഷമായി മാറി. എന്നാൽ, തമിഴ്‌നാട് സ്പീക്കർ പി.ധനപാൽ കൂറുമാറ്റനിയമപ്രകാരം അവരെ അയോഗ്യരാക്കി. എംഎൽഎമാർ മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്തു. സ്പീക്കറുടെ ഉത്തരവ് ശരിവയ്ക്കുകയാണ് കോടതികൾ ചെയ്തത്. ഇതോടെ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP