Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞാലിക്കുട്ടിയുടെ സമവായ നീക്കങ്ങൾ പാളി; യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം പിടിക്കാൻ അണിയറ നീക്കം സജീവം; നിലവിലുള്ള രണ്ടു സഹഭാരവാഹികൾ ഒഴികെ മുഴുവൻ ഭാരവാഹികളും മാറും; പ്രായപരിധി മറികടന്നു സംഘടനയ്ക്കു പുറത്തു പോകുന്നവരെ കുടിയിരുത്താൻ പുതിയ ദേശീയ നേതൃത്വത്തെ അവരോധിക്കും

കുഞ്ഞാലിക്കുട്ടിയുടെ സമവായ നീക്കങ്ങൾ പാളി; യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം പിടിക്കാൻ അണിയറ നീക്കം സജീവം; നിലവിലുള്ള രണ്ടു സഹഭാരവാഹികൾ ഒഴികെ മുഴുവൻ ഭാരവാഹികളും മാറും; പ്രായപരിധി മറികടന്നു സംഘടനയ്ക്കു പുറത്തു പോകുന്നവരെ കുടിയിരുത്താൻ പുതിയ ദേശീയ നേതൃത്വത്തെ അവരോധിക്കും

കെ സി റിയാസ്

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ഇന്നലെ കോഴിക്കോട്ട് തുടക്കമായതോടെ സംസ്ഥാന നേതൃത്വം പിടിക്കാൻ ചരടുവലികൾ ശക്തമായി. പുതിയ ഭാരവാഹികൾ ആരാകണമെന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുസ്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ പല ഘട്ടങ്ങളിലായി അനുനയ ചർച്ചകൾ നടന്നെങ്കിലും സമവായമുണ്ടാക്കാൻ സാധിച്ചില്ല. പാണക്കാട് ചേർന്ന കൂടിയാലോചനയിലും ഹരിത യൗവനത്തിന്റെ പുതിയ നേതൃത്വത്തെ കുറിച്ച് അനുനയനമുണ്ടാക്കാനായില്ല.

പി എം സാദിഖലി പ്രസിഡന്റും, സി കെ സുബൈർ ജനറൽസെക്രട്ടറിയും, കെ എം അബ്ദുൽഗഫൂർ ട്രഷററുമായുള്ള നിലവിലുള്ള സംസ്ഥാന കമ്മിറ്റിയിൽ നിന്ന് സെക്രട്ടറിമാരായ പി കെ ഫിറോസും(കോഴിക്കോട്), എം എ സമദും(പാലക്കാട്) മാത്രമാണ് പുതിയ കമ്മിറ്റിയിൽ ഇടം പിടിക്കുക. പ്രായപരിധി 40 വയസ്സ് പിന്നിട്ടതിനാലാണ് ബഹുഭൂരിപക്ഷം ഭാരവാഹികളും മാറുക. എന്നാൽ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പുറത്തുപോകുന്നവരെ ദേശീയ നേതൃത്വത്തിലേക്കു ഉയർത്തി പദവികൾ സംരക്ഷിക്കുമെന്നാണ് വിവരം. സംസ്ഥാന സമ്മേളനത്തിൽ ഭാരവാഹികളെ പ്രഖ്യാപിക്കാതെ അതിനു ശേഷം മറ്റൊരു തിയ്യതിയിലാണ് സംസ്ഥാന കൗൺസിൽ ചേരുക. അതിനു മുമ്പായി ഭാരവാഹി പട്ടികയിൽ സമവായമുണ്ടാക്കി കൗൺസിലിൽ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനാണ് പദ്ധതി. സംസ്ഥാന കമ്മിറ്റി രൂപീകരണത്തിനു ശേഷം ബാംഗ്ലൂരിൽ ചേരുന്ന യോഗത്തിലാണ് ദേശീയ നേതൃത്വത്തെ പ്രഖ്യാപിക്കുക.

പാർട്ടി ഭരണഘടനയനുസരിച്ച് യൂത്ത് ലീഗ് കമ്മിറ്റികളുടെ കാലാവധി മൂന്നുവർഷമാണ്. എന്നാൽ, നിലവിലെ കമ്മിറ്റി അഞ്ചര വർഷമായി തുടരുകയാണ്. പുനഃസംഘടന വഴിമുട്ടിയ സാഹചര്യത്തിൽ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം പലതവണ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ഇതാദ്യമല്ല. സംഘടനയിലെ ജനാധിപത്യ പ്രക്രിയ ഇപ്രകാരം അനന്തമായി നീളുന്നത് ആശാസ്യമല്ലെന്നു സമ്മതിക്കുമ്പോഴും മുൻ മാതൃകകൾ ചൂണ്ടിക്കാട്ടിയാണ് നേതൃത്വം പ്രതിരോധിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ്, മുസ്‌ലിം ലീഗ് സംസ്ഥാന ക്യാമ്പയ്ൻ തുടങ്ങിയ കാരണങ്ങളും യൂത്ത് ലീഗ് കമ്മിറ്റിയുടെ കാലാവധി നീളാൻ പ്രധാന നിമിത്തങ്ങളായി.

യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ കൺവീനറുമായ പി കെ ഫിറോസ്, യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരം എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്. കോഴിക്കോട് ജില്ലക്കാരായ ഇരുവരും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരാണ്. മികച്ച സംഘാടകരും ഉജ്വല വാഗ്മികളുമായ രണ്ടുപേരെയും കയ്യൊഴിയാൻ സാധിക്കാത്തതിനാൽ കുഞ്ഞാലിക്കുട്ടി ആരെയാണ് മുഖ്യ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ താൽപ്പര്യപ്പെടുക എന്നറിയില്ല. ഒരാളെ പ്രസിഡന്റും മറ്റൊരാളെ വൈസ് പ്രസിഡന്റുമാക്കാൻ കുഞ്ഞാലിക്കുട്ടി നിർദേശിച്ചുവെങ്കിലും വൈസ് പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഇരുവർക്കും താൽപ്പര്യമില്ല.

അങ്ങനെയെങ്കിൽ സംഘടനയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നാണ് പി കെ ഫിറോസിനെ തുണയ്ക്കുന്നവരുടെ ഇംഗിതം. എന്നാൽ തെരഞ്ഞെടുപ്പിലേക്കു പോയാൽ പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമായില്ല, മറ്റുള്ള എല്ലാ പദവികളിലേക്കും പാനൽ അടിസ്ഥാനത്തിൽ രണ്ടും മൂന്നും ചേരികളായി തിരിഞ്ഞുള്ള കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അത് വഴി വെക്കുമെന്നതിനാൽ സമവായ സാധ്യതകളിലാണ് ഊന്നൽ നൽകുന്നത്. നജീബിന് ഈ ടേമിൽ കൂടി മാത്രമെ അവസരമുള്ളൂ എന്നതിനാലും ഫിറോസിന് നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥിത്വം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായതിനാലും പുതിയ സ്ഥാനാരോഹണം അനിവാര്യമാണെന്നാണ് ഇരുവരുടെയും പക്ഷം. സംസ്ഥാന സമ്മേളനത്തിനു ശേഷം വീണ്ടും ഇക്കാര്യം ചർച്ച ചെയ്ത് പ്രശ്‌നത്തിൽ രമ്യമായ പരിഹാരം ഉണ്ടാക്കാമെന്നാണ് നേതൃത്വം കരുതുന്നത്.

നിലവിലുള്ള യൂത്ത് ലീഗ് നേതൃത്വത്തിലുള്ളവർക്ക് ഫിറോസിനോടും നജീബിനോടും വേണ്ടത്ര താൽപ്പര്യമില്ലെങ്കിലും ഇരുവരും സംസ്ഥാന നേതൃരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്. പാർട്ടിയിലും അണികളിലും ഒരുപോലെ സ്വീകാര്യരാണ് ഇരുവരും എന്നതിനാൽ ഇവരെ മാറ്റിനിർത്തിയുള്ള ഒരു തെരഞ്ഞെടുപ്പിന് ഒട്ടും സാധ്യതയില്ല. എന്നാൽ ഒരാളെ കേന്ദ്രത്തിലേക്കും മറ്റൊരാളെ സംസ്ഥാന നേതൃത്വത്തിലേക്കും പരിഗണിക്കാനുള്ള നിർദ്ദേശം ഉണ്ടായെങ്കിലും ധാരണയിലെത്താനായില്ല. കീഴ്ഘടകങ്ങളിൽ നിന്ന് ജില്ലാ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെയും നജീബും ഫിറോസും ഒരുമിച്ച് ഒരു മെയ്യായാണ് ഔദ്യോഗിക പാനലിനെതിരെ കരുക്കൾ നീക്കിയത്. ഫിറോസിന് നിയമസഭയിലേക്ക് മത്സരിക്കാൻ (കുന്ദമംഗലം) സീറ്റും നജീബിന് യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി/ജനറൽ സെക്രട്ടറി സ്ഥാനവുമായിരുന്നു പരസ്പര ധാരണ.

ഇതിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരിപൂർണ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും ഫിറോസിനെതിരെ സമസ്തയുടെ ചില യുവജന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കർശനമായ ഇടപെടൽ മൂലം സീറ്റ് നിഷേധിക്കുകയായിരുന്നു. സമസ്തയും ഫിറോസുമായുള്ള പ്രശ്‌നപരിഹാരത്തിന് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പല വിധ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫിറോസ് ഖേദ പ്രകടനം നടത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ശീതസമരത്തിന് ശമനമുണ്ടാവുകയും സമസ്ത പരസ്യ എതിർപ്പിൽ നിന്ന് പിൻവാങ്ങുകയുമായിരുന്നു.

നജീബ് കാന്തപുരവും പി കെ ഫിറോസും പ്രസിഡന്റ്, ജനറൽസെക്രട്ടറി സ്ഥാനങ്ങളിലേക്കു യോഗ്യരാണെങ്കിലും ഇരുവരും ഒരേ ജില്ലക്കാരായതിനാൽ സുപ്രധാന റോളിൽ ഇരുവരെയും ഒരു പോലെ കുടിയിരത്തേണ്ടെന്ന വികാരവും സംഘടനയിലുണ്ട്. എന്നാൽ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും പതിറ്റാണ്ടുകളായി ഒരേ ജില്ലക്കാരാണ് (മലപ്പുറം) എന്നിരിക്കെ യുവ ഘടകത്തിൽ മാത്രം അത് പറ്റില്ലെന്നു ശഠിക്കുന്നതിലെ അനൗചിത്യവും വിമർശന വിധേയമാകുന്നുണ്ട്. എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ ടി പി അശ്‌റഫലി, മലപ്പുറത്ത് നിന്നു തന്നെയുള്ള ഫൈസൽ ബാബു, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളും വിദ്യാർത്ഥി വിഭാഗത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം എ സമദ് (പാലക്കാട്) എന്നീ പേരുകളും മുഖ്യസ്ഥാനങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലക്കാരായ എം എസ് എഫ് മുൻ സംസ്ഥാന ജനറൽസെക്രട്ടറി പി ജി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ നേതാവ് ആശിഖ് ചെലവൂർ തുടങ്ങിയവരുടെ പേരുകളും സഹഭാരവാഹി സ്ഥാനത്തേക്കു പരിഗണനയിലുണ്ടെന്നാണ് വിവരം.

അതിനിടെ, കുഞ്ഞാലിക്കുട്ടിയുടെ നോമിനികളായ ഫിറോസിനും നജീബിനുമെതിരെ പുതിയ ഒരു നിരയെ കണ്ടെത്താനും ഇക്കാലമത്രയും ഒരു മെയ്യായി പട നയിച്ച ഇരുവർക്കമിടയിലെ അനൈക്യം ആയുധമാക്കി തന്ത്രങ്ങൾ മെനയാനും യൂത്ത് ലീഗ് ഔദ്യോഗിക നേതൃത്വത്തിന്റെയും കെ എം ഷാജി എം എൽ എയുടെയും ഭാഗത്ത് നിന്ന് ചില നീക്കങ്ങൾ നടക്കുന്നതായും ആരോപണങ്ങളുണ്ട്.

അധികാര വടംവലിയും സംഘടനാപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും സമസ്ത ഇ കെ വിഭാഗത്തിന്റെ വിദ്യാർത്ഥി നേതാവുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഈയിടെ രംഗത്തുവന്നതും നേതൃത്വത്തിൽ ചർച്ചയായിട്ടുണ്ട്. നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അസ്‌ലം കൊലക്കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് മാർച്ച് നടത്താൻ പോലും യൂത്ത്‌ലീഗ് നേതൃത്വത്തിനായില്ലെന്നാണ് മുഈനലി തങ്ങളുടെ വിമർശം. പി കെ ഫിറോസിനും നജീബ് കാന്തപുരത്തിനും യുത്ത്‌ലീഗ് നേതൃത്വത്തിലെത്താൻ എന്ത് അർഹതയാണുള്ളതെന്നും ഇവർ സമുദായത്തിനും പാർട്ടിക്കും വേണ്ടി എന്താണ് ചെയ്തതെന്നും എസ് കെ എസ് എസ് എഫിന്റെ മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റും യൂത്ത് ലീഗ് ജില്ലാ നേതാവുമായ മുഈനലി തങ്ങൾ നേതൃത്വത്തെ കടന്നാക്രമിച്ച് ചോദിച്ചതും ചില ഇടപെടലുകളുടെ തുടർച്ചയാണെന്നു സൂചനയുണ്ട്.

ലീഗ് കേന്ദ്രമായ നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അസ്‌ലം കൊല്ലപ്പെട്ടത് യൂത്ത് ലീഗിന്റെ ജില്ലാസംസ്ഥാന കമ്മിറ്റികൾ നിസ്സാരമായാണ് കണ്ടത്. യൂത്ത്‌ലീഗിൽ ഇപ്പോൾ നേതൃത്വത്തിനായി ഗ്രൂപ്പ് യുദ്ധമാണ് നടക്കുന്നതെന്നും ഫിറോസും നജീബും പാണക്കാട് വസതിയിലേക്കു വരുന്നത് സ്വന്തം കാര്യം പറയാൻ മാത്രമാണെന്നും മുഈനലി തങ്ങൾ പറഞ്ഞിരുന്നു. നാട്ടിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനോ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഭരണസ്തംഭനമുണ്ടാക്കാനോ ശ്രമം നടത്താതെ മാദ്ധ്യമങ്ങളിലും മൈക്കിന് മുന്നിലും മാത്രം സംസാരിച്ചതുകൊണ്ട് ജനാഭിപ്രായമുണ്ടാകില്ലെന്നും തങ്ങൾ കുറ്റപ്പെടുത്തിയിരുന്നു.

പത്തര ലക്ഷം അംഗങ്ങൾ യൂത്ത് ലീഗിലുണ്ടെന്നാണ് നേതൃത്വം പറയുന്നത്. അതനുസരിച്ച് നാന്നൂറോളം അംഗങ്ങളാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സംസ്ഥാന കൗൺസിലിലുണ്ടാവുക. 12ന് ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് കൊടിയിറങ്ങുക. റാലിയിൽ രണ്ടു ലക്ഷം യുവരക്തങ്ങൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP