ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ കൾചറൽ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവയ്ക്ക് ആദരമൊരുക്കി
July 04, 2018 | 02:59 PM IST | Permalink

സ്വന്തം ലേഖകൻ
ദോഹ. വിദ്യാഭ്യാസമെന്നത് ഒരു തുടർ പ്രക്രിയയാണെന്നും ജീവിത കാലം മുഴുവൻ വിദ്യാർത്ഥിയാകുവാൻ സാധിക്കുക എന്നത് മഹാഭാഗ്യമാണെന്നും കൾചറൽ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു. മദ്രാസ് സർവകലാശശാലയിൽ നിന്നും പി.എച്ച്.ഡി. നേടിയ അദ്ദേഹത്തെ ആദരിക്കുന്നതിനായി ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ സംഘടിപ്പിച്ച സ്വീകരണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ വായിക്കുന്നതും പഠിക്കുന്നതും മനസിനെ ഉത്തേജിപ്പിക്കുകയും സമൂഹത്തെ ഊർജസ്വലമാക്കുകയും ചെയ്യും. പഠനത്തിന് പ്രായപരിധി നിശ്ചയിക്കാതെ ലഭ്യമാകുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിജ്ഞാനത്തിന്റെ വിശാലമായ ലോകത്തേക്ക് വഴി നടത്തുന്ന സാങ്കേതിക വിദ്യയുടൈ എല്ലാ നല്ല വശങ്ങളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തിന്റെ വിസ്മയലോകം വിരൽതുമ്പിലുണ്ടായിട്ടും പ്രയോജനപ്പെടുത്താതിരിക്കുന്നത് ശരിയല്ല. പാസീവ് വിനോദങ്ങളുടെ തടവറയിൽ തളക്കപ്പെടാതെ ക്രിയാത്മകവും രചനാത്മകവുമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെൻർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ്, മദ്രസ പ്രധാനധ്യാപകൻ സഫീർ മമ്പാട്, പി.ടി.എ. കമ്മറ്റി പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു. മദ്രസയുടെ ഉപഹാരം സെൻർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ സലാം ബിൻ ഹസ്സൻ താജ് ആലുവക്ക് സമ്മാനിച്ചു.
