Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി; ഇൻകാസ് ഖത്തർ

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി; ഇൻകാസ് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ഇരുണ്ട ദിനമാണു ഡിസംബർ 12 എന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല. വർഷങ്ങളായി നമ്മൾ കൊട്ടിഘോഷിച്ചു കൊണ്ടിരുന്ന മതേതര സങ്കൽപ്പങ്ങൾ ശീട്ട് കൊട്ടാരം പോലെ തകർന്നു വീണ ദിവസം. മതാധിഷ്ഠിതമായി നിലവിൽ വന്ന പാക്കിസ്ഥാന് സമാനമായി ഇന്ത്യയും മാറിയ ദിവസം. മഹാത്മാ ഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിച്ചു ഇല്ലാതാക്കിയിട്ടും സാധ്യമാകാതിരുന്ന ഗോഡ്സെയുടെ രാജ്യം എന്ന സങ്കല്പമാണ് പൂവണിഞ്ഞു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമാക്കി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്ന വർഗ്ഗീയ അജണ്ടയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി ബില്ല്. 2015 ഡിസംബർ മുതൽ ഇന്ത്യയിൽ സ്ഥിരതാമസക്കാരായവരിൽ നിന്ന് എൻ ആർ സി യിലൂടെ രാജ്യമില്ലാതായി ദുരിതക്കയത്തിലേക്ക് എറിയപ്പെടുന്നവരിൽ നിന്ന് ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തി മറ്റു സമുദായങ്ങൾക്ക് മുഴുവൻ ഇന്ത്യൻ പൗരത്വം കൊടുക്കുന്ന കൊടിയ അനീതിയാണ് പൗരത്വ ഭേദഗതി ബില്ലു രാജ്യസഭയിൽ പാസാകുന്നതോടെ നടപ്പായത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചതുകൊണ്ടാണ് മറ്റു മതക്കാരെ സാങ്കേതികമായി ഉൾപ്പെടുത്തിയതെന്നും, മറ്റു രാജ്യങ്ങളിൽ ഇതേ രീതിയിൽ പീഡനമനുഭവിക്കുന്ന പരിഗണിച്ചിട്ടില്ലെന്നും, കൂടാതെ, ഈ മതവിഭാഗത്തിന്റെ ഉള്ളിൽ തന്നെയുള്ള വംശീയ അതിക്രമങ്ങൾക്ക് പാത്രമാകുന്ന വിഭാഗങ്ങളെയും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിൽ സമാന സാഹചര്യം നേരിടുന്ന ഈ മത വിഭാഗത്തെ മാറ്റി നിർത്തിയതിലൂടെ പരസ്യമായ വർഗ്ഗീയ അജണ്ടയാണ് അനാവരണം ചെയ്യപ്പെട്ടത്. പരസ്യമായി ഒരു സമുദായത്തെ പാർശ്വവൽക്കരിച്ചു ദുരിതക്കയത്തിലേക്ക് വലിച്ചു എറിയുന്ന സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിഷ്‌കൃത സമൂഹത്തിലെ ഹിറ്റ്‌ലർ ആണ് അമിത് ഷാ എന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. കോൺഗ്രസിന് ബദലായി മതേതര ചേരി എന്ന നിലയിൽ സീതാറാം യെച്ചൂരി നേതൃത്വം നൽകി രൂപീകരിക്കാൻ ശ്രമിച്ച മൂന്നാം മുന്നണിയിലെ പല ഘടകകക്ഷികളും ബിജെപിയേക്കാൾ താല്പര്യത്തോടെ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന പ്രത്യേക സാഹചര്യമാണ് സംജാതമായത്. മതേതര ചേരിയെന്നവകാശപ്പെട്ടു ന്യൂനപക്ഷത്തിന്റെ വോട്ടുകൾ ഒക്കെ വിഘടിപ്പിച്ച ബിജു ജനതാദൾ, ടി ഡി പി, വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെയൊക്കെ പിന്തുണയോടെയാണ് ബില് പാസായത് എന്നത് പ്രത്യേകം പരാമർശിക്കേണ്ട കാര്യമാണ്.

കോൺഗ്രസ് വിമുക്ത ഭാരതം യാഥാർഥ്യമാകുന്നതിൽ മുന്നിൽ നിൽക്കുന്ന പിണറായിയുടെ ശക്തമായ പ്രതികരണം പോലും ഈ വിഷയത്തിൽ വരാത്തത് ഫാസിസ്റ്റു ശക്തികളുമായി സി പി എമ്മിനുള്ള രഹസ്യ ബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ അമർഷവും, പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പോരാട്ടത്തിൽ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും, അതിനുള്ള പൂർണ പിന്തുണ ഖത്തർ ഇന്കാസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP