Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐക്യ രാഷ്ട്ര സംഘടന ദിനാചരണത്തിന്റെ ഭാഗമായി ടാലന്റ് പബ്ളിക് സ്‌ക്കൂളിൽ പരിപാടി സംഘടിപ്പിച്ചു

ഐക്യ രാഷ്ട്ര സംഘടന ദിനാചരണത്തിന്റെ ഭാഗമായി ടാലന്റ് പബ്ളിക് സ്‌ക്കൂളിൽ പരിപാടി സംഘടിപ്പിച്ചു

ദോഹ. രാജ്യങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും എന്നല്ല കുടുംബങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും സമാധാനപരമായ സഹവർത്തിത്വവും സഹകരണവും നിലനിക്കുമ്പോഴേ അവിരതമായ പുരോഗതി സാക്ഷാൽക്കരിക്കാനാവുകയുള്ളൂവെന്നും വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം ഓരോരുത്തരും സമാധാനത്തിനായിനിലകൊള്ളണമെന്നും ടാലന്റ് പബ്ളിക് സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനാ ദിനത്തോടനുബന്ധിച്ച് സ്‌ക്കൂൾ സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അവർ.

ലോകത്ത് നടക്കുന്ന യുദ്ധങ്ങളും കലഹങ്ങളും പുരോഗതിയിൽ നിന്നും മനുഷ്യകുലത്തെ പിറകോട്ട് വലിക്കുക മാത്രമല്ല നാം നേടിയെടുക്കുന്ന പലതും നഷ്ടപ്പെടുത്തുകയും ചെയ്യും. മാനവ രാശിക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കുന്ന ചെറുതും വലുതുമായ എല്ലാ കുഴപ്പങ്ങളും കലാപങ്ങളും അവസാനിപ്പിച്ച് ക്രിയാത്മകമായ പാതയിൽ മുന്നോട്ട് സഞ്ചരിക്കുവാനുള്ള വഴിയൊരുക്കുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സംഘടന ദിനം പ്രസക്തമാകുന്നത്.

ഒന്നാം ലോക മഹായുദ്ധാനന്തരം രൂപീകരിക്കപ്പെട്ട ലീഗ് ഓഫ് നാഷൺസും രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനത്തോടെ പിറവിയെടുത്ത ഐക്യരാഷ്ട്ര സംഘടനയും ആത്യന്തികമായി മാനവരാശി സമാധനമാണ് ആഗ്രഹിക്കുന്നത് എന്ന ചിന്തയുടെ പ്രതിഫലനമാണ്. ആരോഗ്യകരമായ സംവാദങ്ങളാണ് ലോകത്ത് വളർന്ന് വരേണ്ടത്.

മനുഷ്യൻ അടിസ്ഥാനപരമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. സമാധാനാന്തരീക്ഷത്തിൽ മാത്രമേ ക്രിയാത്മകമായ ആശയങ്ങളും രചനാത്മകമായ ഭാവനകളും ജീവിതത്തെ ധന്യമാക്കുകയുള്ളൂ. എന്നാൽ സ്വാർഥതയും സാമ്രാജ്യത്വ മോഹവും മനുഷ്യ സമൂഹത്തിൽ അസൂയയുടേയും വൈരത്തിന്റേയും വിഷവിത്തുകൾ പാകുമ്പോഴാണ് സംഘട്ടനങ്ങളുണ്ടാകുന്നത്. ആശയപരവും ആദർശപരവുമായ സംവാദങ്ങളും സമാധാന പൂർണമായ പങ്കുവെക്കലുകളുമാണ് സമകാലിക സമൂഹത്തിന്റെ പുരോഗതിക്കാവശ്യം. വ്യക്തി തലത്തിലും കുടുംബതലത്തിലും രാജ്യ തലത്തിലും രാജ്യാന്തര തലത്തിലുമെല്ലാം സമാധാനപരമായ കൊടുക്കലും വാങ്ങലും വളരുമ്പോൾ ലോകത്തിന്റെ വളർച്ചാവേഗം കൂടും. ലോകത്തിന്റെ ശ്രദ്ധയും ചിന്തയും പുരോഗതിയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചുമാകുന്ന മനോഹാരമായ സാമൂഹ്യ പരിസരമാണ് ഇതുവഴി സംജാതമാവുക.

സ്വന്തത്തേയും സഹജീവികളേയും പ്രകൃതിയേയുമൊക്കെ ശരിയായി മനസിലാക്കുകയാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കേണ്ടത്. മനുഷ്യനെ സംസ്‌കൃതനും നല്ലവനുമാക്കാൻ അറിവിന് കഴിയണം. തിരിച്ചറിവ് നൽകാത്ത അറിവ് അജ്ഞതപോലെ അർഥ ശൂന്യമാണ്. അതവനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കെത്തിക്കുകയില്ല. മനുഷ്യനെ മൂല്യവൽക്കരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. മനുഷ്യ മനസിന് സത്യലോകത്ത് സ്വാതന്ത്ര്യവും ഭാവനയുടേയും കലാവാസനകളുടേയും ലോകത്ത് സഹാനുഭൂതിയും സ്നേഹവും വളർത്തുന്ന രീതിയിൽ വിദ്യാഭ്യാസ ക്രമം മാറുമ്പോഴാണ് സമൂഹത്തിൽ ആശാവഹമായ മാറ്റങ്ങളുണ്ടാകുന്നത്.

സാമ്രാജ്യത്വ ശക്തികളും യുദ്ധക്കൊതിയരും ആയുധകച്ചവടത്തിലൂടെ മനുഷ്യരാശിയുടെ പുരോഗതിക്ക് ഇടങ്കോലിടുന്നത് തിരിച്ചറിയുവാൻ സമാധാനമാഗ്രഹിക്കുന്നവർക്ക് കഴിയണം. ലോക രാഷ്ട്രങ്ങളെ തമ്മിലകറ്റാനും തമ്മിലടിക്കാനുമുള്ള തൽപര കക്ഷികളുടെ കുതന്ത്രങ്ങളെ വിവേകപൂർവം പ്രതിരോധിക്കുകയും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ നിർഭയത്തോടെ പറന്നുയരുന്ന അരുണോദയം സ്വപ്നം കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ലോകം മാറുമെങ്കിൽ ശാസ്ത്ര പുരോഗതിയുടെ ഗുണഫലങ്ങളാസ്വദിച്ച് പുരോഗതിയും സമാധാനവും അനുഭവിക്കുവാനാകും.

പരിസ്ഥി മലിനീകരണം, കാലാവസ്്ഥാ വ്യതിയാനം, സംഘർഷങ്ങൾ, ന്യൂക്ളിയർ മാലിന്യങ്ങൾ, കാർബിൺ വികിരണം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മനുഷ്യന്റെ സമാധാനപരമായ ജീവിതത്തിന് ഭീഷണി ഉയർത്തുന്നതെന്നും ലോകർക്കാകമാനം സമാധാനമെന്ന മഹത്തായ ആശയമാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുഖമുദ്രയെന്നും പരിപാടിയിൽ സംസാരിച്ച പ്രസംഗകർ ചൂണ്ടിക്കാട്ടി. സാമൂഹ്യ ശാസ്ത്രാധ്യാപകനായ രജീഷ്, വിദ്യാർത്ഥികളായ റിദ ഹനാൻ, സഫ, ശഹിന്ദ, ആഷില, ശഹാന, റസീൻ അഹ്മദ്, റിദ ടി. മുസ്തഫ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP