Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്ന് യൂത്ത് ഫോറം റമദാൻ സംഗമം

സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്ന് യൂത്ത് ഫോറം റമദാൻ സംഗമം

ദോഹ : ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് പ്രവാസി യുവാക്കൾക്ക് വേണ്ടി യൂത്ത് ഫോറം സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ് മതസാമുദായിക സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം വേദിയായി. സി. എം .ഐ സഭാംഗവും ചേതന സംഗീത കോളേജ് പ്രിൻസിപ്പലുമായ ഫാദർ ഡോക്ടർ പോൾ പൂവത്തിങ്കൽ മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറിയും യുവ പണ്ഡിതനുമായ ശിഹാബ് പൂക്കോട്ടൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ദൈവത്തോടും മനുഷ്യരോടും ഉള്ള സ്‌നേഹബന്ധമാണ് മതങ്ങളുടെ അടിസ്ഥാനമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച ഫാദർ ഡോക്ടർ പോൾ പൂവത്തിങ്കൽ പറഞ്ഞു. മതാതീതമായ ഒരുമിച്ച് ചേരലുകൾ പ്രസക്തമായ ഈ കാലത്ത് ഇത്തരം സംഗമങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന ഡി. ഐ.സിഐ.ഡി യുടെയും യൂത്ത് ഫോറത്തിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മത വംശ വർണ്ണ ഭാഷാ ഭേദമന്യേ തൊഴിൽ തേടിയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷങ്ങളെ സ്വാഗതം ചെയ്യുന്ന ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുന്നത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണെന്നും അറബ് ലോകത്തെ സഹിഷ്ണുതയിലും ആതിഥ്യമര്യാദയിലും പ്രവാചകൻ മുഹമ്മദ് നബിയുടെ അദൃശ്യസാന്നിധ്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യരെ തമ്മിൽ അകറ്റാനും വർഗീയത പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ദുശ്ശക്തികൾക്ക് യുവാക്കൾ ചെവി കൊടുക്കരുതെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പ് ഫലത്തെ മുന്നിൽ വെച്ചുകൊണ്ട് ഇന്ത്യ ജയിച്ചു എന്നാണ് ചിലർ അവകാശപ്പെടുന്നത് എന്നും എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യ ജയിക്കുന്നത് അതിന്റെ സഹിഷ്ണുതയുടെ പാരമ്പര്യം തിരിച്ചു പിടിക്കുമ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന റമദാൻ സംഗമം ഡി. ഐ.സിഐ.ഡി ചെയർമാൻ ഡോക്ടർ ഇബ്രാഹിം സ്വാലിഹ് അൽ നഈമി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഖത്തർ ചാരിറ്റി ചീഫ് ഗവേണൻസ് ഓഫീസർ ഡോക്ടർ മുഹമ്മദ് ബിൻ അലി അൽ ഗാമിദി, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ സി അബ്ദുല്ലത്തീഫ് തുടങ്ങിയവർ റമദാൻ സംഗമത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രണ്ടായിരത്തോളം യുവാക്കൾ പങ്കെടുത്ത ഇഫ്താർ വിരുന്ന് പരിപാടിയുടെ ഭാഗമായി നടന്നു. ദോഹ റമദാൻ സംഗമം ജനറൽ കൺവീനർ അഫ്‌സൽ അബ്ദുട്ടി സ്വാഗതവും യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൽ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP