Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂത്ത്‌ഫോറം സംഘടിപ്പിച്ച 'യൂത്ത് ലൈവ് സമാപിച്ചു

യൂത്ത്‌ഫോറം സംഘടിപ്പിച്ച 'യൂത്ത് ലൈവ് സമാപിച്ചു

ഇന്ത്യയെന്നത് സാംസ്‌കാരിക വൈവിധ്യങ്ങളുടെ അദ്ഭുത ഭൂമിയാണ്. വ്യത്യസ്തതകൾ ഇല്ലാതാക്കി ഏകാഭിപ്രായ വ്യവസ്ഥിതിയിലേക്ക് ചുരുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ പതിറ്റാണ്ടുകളായി രാജ്യം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ തകർക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് പ്രസിഡണ്ട് ടി.ശാക്കിർ പറഞ്ഞു. യൂത്ത്‌ഫോറം സംഘടിപ്പിച്ച 'യൂത്ത് ലൈവ് ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെയും ഖിലാഫത്ത് പ്രസ്ഥാനത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ട്‌പോയ ചരിത്രവും സാമൂതിരി രാജാവിനൊപ്പം അണിനിരക്കൽ ഒരാളുടെ നിർബന്ധ ബാധ്യതയാണെന്ന് തുഫ്ഫത്തുൽ മുജാഹിദീനിലൂടെയുള്ള മതപണ്ഠിതൻ സൈനുദ്ദീൻ മഖ്തൂമിന്റെ അഹ്വാനവുമെല്ലാം ഈ വൈവിദ്ധ്യങ്ങളുടെ ഉദാഹരണങ്ങളാണ്. ഇന്ന് സ്‌നേഹത്തെ കുറിച്ചും സൗഹാർദ്ദത്തെ കുറിച്ചും പറയുന്നത് തന്നെ വലിയ രാഷ്ട്രീയവും സാമൂഹിക സാഹോദര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് വലിയ സമരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന് അവന്റെ എല്ലാ വ്യത്യസ്ഥതകളെയും മുന്നോട്ട് വെക്കാൻ കഴിയുന്ന ഉപാധികളില്ലാത്ത സ്വാതത്ര്യത്തെ കുറിച്ചാണ് നമുക്ക് സംസാരിക്കേണ്ടതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ യുവ സിനിമാ സംവിധായകൻ മുഹ്‌സിൻ പരാരി പറഞ്ഞു. സ്വത്വങ്ങൾ നിരാകരിക്കാതെ ഉൾക്കൊണ്ടുകൊണ്ടും, പരിമിതികളും പരിധികളും മറ്റുള്ളവർ നിശ്ചയിച്ച് അടിച്ചേൽപ്പിക്കാത്ത ആവിഷ്‌കാരങ്ങളും ആഘോഷങ്ങളും കൊണ്ട് സാമൂഹിക സൗഹാർദ്ധം ഊട്ടിയുറപ്പിക്കാൻ കഴിയും. സമൂഹത്തെ കുറിച്ച ആധികളും വലിയ സ്വപ്നങ്ങളുമാണ് യൂത്ത് ലൈവിലൂടെ കാണാൻ കഴിഞ്ഞതെന്നും അത് തന്നെയാണ് യുവാക്കൾക്ക് ഇത് പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാവുമ്പോൾ യോജിപ്പ് ഉത്തരവാദിത്തമാണെന്നും അതിനാൽ പൊതുനന്മകളിൽ യോജിക്കാൻ കഴിയുന്നവരുടെ വേദിയൊരുക്കൽ ഒരു യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തിൽ നിന്നാണ് സ്‌നേഹത്തിനും സൗഹാർദ്ദത്തിനും വേണ്ടി യൂത്ത് ലൈവ് സംഘടിപ്പിച്ചതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു. വിഭാഗിയതകളെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കാൻ കലാകാരന്മാർക്ക് കഴിയും. അത്തരം പ്രവർത്തനങ്ങൾക്ക് യൂത്ത്‌ഫോറം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ഫോറം ഉപദേശക സമിതിയംഗം കെ.സി. അബ്ദുല്ലത്തീഫ്, യൂത്ത്‌ഫോറം ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വൈസ് പ്രസിഡണ്ടുമാരായ സലീൽ ഇബ്രാഹീം, ഷാനവാസ് ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

ഖത്തർ നാഷണൽ തിയേറ്ററിലെ യൂത്ത് ലൈവിന്റെ ഒന്നാം ദിനത്തിൽ വിവിധ കലാവിഷ്‌കാരങ്ങൾ അരങ്ങേറി. 'അഭിനയ സംസ്‌കൃതി'യുടെ കലാകാരന്മാർ അരങ്ങിലെത്തിച്ച, നിധിൻ, ചനു എന്നിവർ സംയുക്ത സംവിധാനം നിർവ്വഹിച്ച 'കനൽചൂളകൾ' എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ശിഹാബുദീൻ പൊയ്ത്തും കടവിന്റെ ''മത ഭ്രാന്തൻ എന്ന കഥയെ ആസ്പതമാക്കി 'സലാം കോട്ടക്കൽ സംവിധാനം ചെയ്ത് 'ദോഹ ഡ്രാമ ക്ലബ്ബ്' അവതരിപ്പിച്ച നാടകം 'പേരിന്റെ പേരിൽ', കമൽ കുമാർ, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ''സ്‌നേഹ ജ്വാല'', ജമീൽ അഹമ്മദ് രചിച്ച് റിയാസ് കുറ്റ്യാടി വേഷം പകർന്ന ഏകാങ്ക നടകം തീമണ്ണ്, ആനുകാലിക സംഭവ വികാസങ്ങളുടെ നേർ സാക്ഷ്യമായ യൂത്ത്‌ഫോറം കലാവേദിയുടെ മൈമിങ്ങ്, തസ്‌നീം അസ്ഹർ അണിയിയിച്ചൊരുക്കിയ അധിനിവേശത്തിന്റെ കെടുതികൾ പ്രേക്ഷകർക്ക് പകർന്നു നൽകിയ റിഥം ഓഫ് ലൗ, തനത്' കലാ വേദിയുടെ നാടൻ പാട്ട്, സ്മൃതി ഹരിദാസ് അവതരിപ്പിച്ച കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിച്ച മോണോആക്റ്റ്, മലർവാടിയുടെ കുരുന്നുകൾ അവതരിപ്പിച്ച വൺ വേൾഡ് വൺ ലൗ ഷോ, തീം സോങ്ങ്, പഞ്ചാബിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച ഫോക്ക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് ഖത്തർ നാഷണൽ തിയേറ്റർ വേദിയായി.

ജേണലിസം അദ്ധ്യാപകനും ഫ്രീലാൻസ് ഡിസൈനറുമായ പ്രഭുല്ലാസ് സംവിധാനം ചെയ്ത് സിനിമാ താരം നിർമ്മൽ പാലാഴി മുഖ്യവേഷം ചെയ്ത, അഖില കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാമതെത്തിയ ഹ്രസ്വ ചിത്രം ബുഹാരി സലൂണിന്റെ പ്രദർശനവും നടന്നു. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്ര പ്രദർശനവും ഇന്തോ-പാക്-നേപ്പാളി ഗസൽ ഗായകർ അണി നിരന്ന ഗസൽ സന്ധ്യയും വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും അരങ്ങേറി. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 'സ്നേഹത്തിന്, സൗഹാർദത്തിന്, യുവതയുടെ കർമസാക്ഷ്യം' എന്ന തലക്കെട്ടിൽ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP